പറയാനുള്ളത് തലയുയര്‍ത്തി പറയണം: പ്രതീക്ഷകളും നിലപാടും വ്യക്തമാക്കി ടോവിനോ

സ്വപ്നം കാണുന്നവരുടേതാണ് സിനിമ എന്ന് പറയാറുണ്ട്. കണ്ട സ്വപ്നത്തിന്റെ പിറകെയുള്ള നിരന്തരയാത്രയാണ് ടൊവീനോ തോമസ് എന്ന ഇരിഞ്ഞാലക്കുടക്കാരന്‍ യുവാവിനെ വളരെ കുറഞ്ഞ കാലം കൊണ്ട് മലയാളികളുടെ ഹൃദയം കവര്‍ന്ന നടനാക്കി മാറ്റിയത്. ഒരുപാട് അലച്ചിലുകളുടെയും കഠിന പ്രയത്നത്തിന്റെയും രാപ്പകലുകളായിരുന്നു ടൊവീനോയ്ക്ക് ഈ യാത്ര. ടെലിഫിലിമുകളിലും ആല്‍ബങ്ങളിലും അഭിനയിച്ചും മോഡലായും കുറേക്കാലം. സോഫ്റ്റ്വെയര്‍ എന്‍ജിനിയര്‍ ജോലി ഉപേക്ഷിച്ച് സിനിമയില്‍ ഭാഗ്യപരീക്ഷണം. ഇപ്പോള്‍ മലയാള സിനിമയിലെ ഒഴിച്ചുകൂടാന്‍ പറ്റാത്ത മുഖമായി മാറി ടൊവീനോ. തമിഴ് സനിമയിലും സാന്നിധ്യമറിയിച്ചു. സ്വന്തം നിലപാട് തുറന്നുപറയുന്നതില്‍ അഭിമാനിക്കുന്ന ഈ യുവനടന്‍ അതുകൊണ്ടുതന്നെ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ശക്തമായി വിമര്‍ശിക്കപ്പെട്ടു. പറയാനുള്ളത് തലയുയര്‍ത്തി പറയുക തന്നെ വേണം എന്നാണ് ടൊവീനോയുടെ പക്ഷം. വര്‍ഗീയത, ജാതിചിന്ത, വിദ്വേഷരാഷ്ട്രീയം ഇവയെല്ലാം മനുഷ്യമനസ്സിനെ വേര്‍തിരിക്കുന്നതില്‍ കലകാരന്‍ എന്ന നിലയിലും സാമൂഹ്യജീവി എന്ന നിലയിലും സങ്കടപ്പെടുന്നു. ചുറ്റും നടക്കുന്ന സാമൂഹിക സാംസ്കാരിക ചലനങ്ങളെ സൂഷ്മമായി നിരീക്ഷിക്കുന്ന ഈ കലാകാരന്‍ സ്വന്തം അഭിപ്രായം തുറന്നുപറയാറുമുണ്ട്.
പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയിലാണ് ടൊവീനോ ആദ്യം അഭിനയിച്ചത്. തുടര്‍ന്ന് എബിസിഡി, ഓഗസ്റ്റ് ക്ളബ്ബ്, സെവന്ത് ഡേ, കൂതറ, എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി, ഗപ്പി, എസ്ര, ഒരു മെക്സിക്കന്‍ അപാരത, ഗോദ, തരംഗം, മായാനദി ഉള്‍പ്പെടെ ശ്രദ്ധേയങ്ങളായ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. മറഡോണ, തീവണ്ടി, ആമി, മാരി (തമിഴ്) തുടങ്ങിയ ചിത്രങ്ങളാണ് പുറത്തിറങ്ങാനുള്ളത്.

ഫോര്‍ട്ട് കൊച്ചിയില്‍ ആമിയുടെ സെറ്റിലിരുന്ന് ടൊവീനോ സംസാരിക്കുന്നു. രാഷ്ട്രീയം, മതം, സാഹിത്യം, സിനിമതുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ച്...
? 'ആമി' എന്ന സിനിമയുടെ സെറ്റിലിരുന്നാണ് നമ്മള്‍ സംസാരിക്കുന്നത്. മാധവിക്കുട്ടിയുടെ ജീവിതം അടയാളപ്പെടുത്തുന്ന സിനിമ... കമലിനെപ്പോലെ സീനിയറായ സംവിധായകന്‍. ഒപ്പം മഞ്ജുവാര്യര്‍... എന്തുതോന്നുന്നു.
= അഭിനേതാവ് എന്ന നിലയില്‍ എനിക്ക് കിട്ടിയ മഹാഭാഗ്യമായിട്ടാണ് ഈ അവസരത്തെ കാണുന്നത്. എന്റെ കരിയറില്‍ കമല്‍ സാറിനെപ്പോലെ എക്സ്പീരിയന്‍സ്ഡ് ആയ സീനിയര്‍ ഡയറക്ടറുടെ കൂടെ വര്‍ക്ക് ചെയ്യുന്നത് ആദ്യമായിട്ടാണ്. രണ്ടില്‍കൂടുതല്‍ സിനിമ ചെയ്തിട്ടുള്ള ഡയറക്ടറുടെ കൂടെ വര്‍ക്ക് ചെയ്തത് ആഷിക് അബുവിന്റെ കൂടെയാണ്. മാത്രമല്ല 'എന്ന് നിന്റെ മൊയ്തീന്‍' എന്ന സിനിമയ്ക്കുശേഷം ചെയ്യുന്ന ബയോപിക് കൂടിയാണ് ആമി. ഒരുപക്ഷേ, ഈ സിനിമയിലേക്ക് അവസാനം വന്നയാള്‍ ഞാനായിരിക്കും. എന്റെ നാട്ടുകാരനാണ് ഈ സിനിമയുടെ നിര്‍മാതാവ്. സിനിമ അനൌണ്‍സ് ചെയ്തപ്പോള്‍ത്തന്നെ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ ആമിയെ കാത്തിരിക്കുന്നവരുടെ കൂട്ടത്തിലാണ് ഞാനും. മാധവിക്കുട്ടിയുടെ പുസ്തകങ്ങള്‍ നേരത്തെ വായിച്ചിട്ടുണ്ട്. ഇംഗ്ളീഷ് മീഡിയത്തിലാണ് പഠിച്ചതെങ്കിലും മലയാളം വായന എപ്പോഴും ഉണ്ട്. ഞാന്‍ വാങ്ങിയതും ഗിഫ്റ്റ് കിട്ടിയതുമൊക്കെയായി മാധവിക്കുട്ടിയുടെ എല്ലാ പുസ്തകങ്ങളും കൈയിലുണ്ട്. നാലപ്പാട്ടെ ബാലാമണിയമ്മയുടെ മകളാണ് മാധവിക്കുട്ടി എന്ന് സ്കൂള്‍ മുതലേ കാണാപ്പാഠം പഠിച്ചിട്ടുണ്ട്. തുടക്കത്തില്‍ 'എന്റെ കഥ' വായിച്ചതോടെ മറ്റു പുസ്തകങ്ങള്‍ കൂടി വായിക്കാന്‍ താല്‍പ്പര്യം തോന്നി. അങ്ങനെ ഇഷ്ടത്തോടെ വായിച്ച എഴുത്തുകാരിയാണ് മാധവിക്കുട്ടി. ഉദാരമായ ഒരു സമൂഹത്തെയും അതിന്റെ സ്വാതന്ത്യ്രവും സ്വപ്നം കണ്ട എഴുത്തുകാരിയായിട്ടാണ് അവരെ എനിക്ക് മനസ്സിലായത്. പൊള്ളയായ സദാചാര ബോധങ്ങളൊന്നുമില്ലാതെ സംസാരിക്കാനാണ് അവരെന്നും ശ്രമിച്ചത്. എല്ലാവരും സങ്കുചിതമായ ചിന്തകള്‍ കൊണ്ട് അടച്ചിട്ട വഴികള്‍ തുറന്നു പുറത്തേക്ക് പോകാന്‍ അവര്‍ ആഗ്രഹിച്ചു. ആ ചിന്ത എനിക്ക് ഏറെ ഇഷ്ടമായി. അങ്ങനെ കാലങ്ങള്‍ക്കുമുന്നേ മാധവിക്കുട്ടിയായും കമലാ സുരയ്യയായും എന്നിലെ വായനക്കാരനെ അവര്‍ സ്വാധീനിച്ചു. നുണകള്‍ പോലും കഥകളാക്കിയ സാഹിത്യകാരിയാണ് മാധവിക്കുട്ടി. അത് കലാകാരന്റെയോ കലാകാരിയുടേയോ ആവിഷ്ക്കാര സ്വാതന്ത്യ്രമായാണ് ഞാന്‍ കാണുന്നത്. നമ്മുടെ ജീവിതത്തില്‍ നടന്നതുപോലെ ഒരുകാര്യം വെറുതെ എഴുതുന്നത് ബുദ്ധിമുട്ടുള്ള, ഏറെ ബുദ്ധി ആവശ്യമുള്ള കാര്യമാണ്. ജീവിതത്തില്‍ നടന്ന ഒരു സംഭവം സുഹൃത്തുക്കളുമായി പങ്കുവയ്ക്കുമ്പോള്‍ ഒരു ഭംഗിക്കുവേണ്ടി ചിലപ്പോള്‍ അഡീഷണലായി ചിലപ്പോള്‍ നമ്മളൊക്കെ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കും. അതുപോലെയേ അവരുടെ എഴുത്തിലെ നുണയെ എനിക്ക് തോന്നിയിട്ടുള്ളൂ. അവരുടെ ക്രിയേറ്റിവിറ്റിയെയും ആവിഷ്കാരസ്വാതന്ത്യ്രത്തെയും ഞാന്‍ ബഹുമാനിക്കുന്നു.
.jpg)
? പുതിയ സംവിധായകരോടൊപ്പം മാത്രം ജോലി ചെയ്തശേഷം കമലിനെപ്പോലെ ഒരു സീനിയര്‍ സംവിധായകനൊപ്പം വര്‍ക്കുചെയ്യുമ്പോഴുള്ള അനുഭവം.
= കൂടുതലും പുതുമുഖ സംവിധായകരോടൊത്ത് വര്‍ക്ക് ചെയ്തതുകൊണ്ടുതന്നെ എനിക്കിതില്‍ വര്‍ക്ക് ചെയ്യേണ്ട രീതികളെക്കുറിച്ച് അറിയില്ലായിരുന്നു. ഒട്ടും സമ്മര്‍ദം തരാതെ നമ്മളില്‍ നിന്ന് വേണ്ടത് വേര്‍തിരിച്ചെടുക്കാനുള്ള സ്കില്‍ കമല്‍ സാറിനുണ്ട്. അദ്ദേഹത്തിനെ അന്ധമായി വിശ്വസിച്ചാല്‍ മാത്രം മതി. അതുകൊണ്ടുതന്നെ ഷൂട്ടിങ് വളരെ റിലാക്സ്ഡ് ആയിരുന്നു. മഞ്ജുവാര്യരെ നേരത്തെ പരിചയപ്പെട്ടിട്ടുണ്ടെങ്കിലും ഒന്നിച്ച് അഭിനയിക്കുന്നത് ആദ്യമായിട്ടാണ്. എനിക്ക് വളരെ ഇഷ്ടമുള്ള നടിയാണ് അവര്‍. ഹ്യൂമണ്‍ ബീയിങ് എന്ന നിലയിലും ഏറെ ഇഷ്ടപ്പെട്ട വ്യക്തിയാണ്.
? മാധവിക്കുട്ടിയുടേത് പോലെയുള്ള ഒരാളുടെ ജീവിതം സിനിമയാക്കുമ്പോള്‍ ഒരുപാടു റിസ്കുകളുണ്ട്. ഏറെ വിവാദങ്ങള്‍ നിറഞ്ഞുനിന്നിരുന്ന ജീവിതമായിരുന്നു അവരുടേത്. തിരക്കഥ വായിച്ചപ്പോള്‍ അത്തരം കാര്യങ്ങളൊക്കെ ശ്രദ്ധിച്ചിരുന്നോ.
ആമിയുടെ തിരക്കഥയിലെ ഓരോ ഡയലോഗും പോയറ്റിക് ആണ്. ഒരുപാട് റിസര്‍ച്ച് ചെയ്താണ് അതിലെ ഓരോ വരിയും എഴുതിയിട്ടുള്ളത്. അപകടം പിടിച്ച വിഷയമായിട്ടുപോലും അതിമനോഹരമായാണ് കൈകാര്യം ചെയ്തിട്ടുള്ളത്. ആരെയും കോര്‍ണര്‍ ചെയ്തുള്ള ഒരു കാര്യമല്ല ഈ സിനിമയിലുള്ളത്. അതേസമയം കാര്യങ്ങളെല്ലാം ലോജിക്കലി എക്സ്പ്ളെയിന്‍ ചെയ്തിട്ടുമുണ്ട്. ഫാന്റസിയും ഫിക്ഷനും അങ്ങനെ ഒരു സിനിമയ്ക്കുവേണ്ടിയുള്ളതെല്ലാമുണ്ട്. തിരക്കഥയുടെ മാജിക്ക് എന്താണെന്ന് മനസ്സിലാക്കാന്‍ ആമിയുടെ തിരക്കഥ വായിച്ചാല്‍ മതി.
? മാധവിക്കുട്ടി എഴുതിയിരുന്ന കാലത്തെക്കാള്‍, അല്ലെ ങ്കില്‍ ജീവിച്ചിരുന്ന കാലത്തെ ക്കാള്‍ ഏറെ മാറിയ കാലമാണിത്. കുറച്ചുകൂടി വ്യക്തമാക്കി പറഞ്ഞാല്‍ കുറെക്കൂടി സങ്കീര്‍ണമായ ഒരു കാലത്താണ് ആമി എന്ന സിനിമ വരുന്നത്. എങ്ങനെ നോക്കികാണുന്നു ഈ വ്യത്യാസം.
= ശരിയാണ്. ചില സംഭവങ്ങള്‍ കാണുമ്പോള്‍ നിരാശ തോന്നാറുണ്ട്. അത്യാവശ്യം ലിബറലും ഫോര്‍വേഡും ആയിരുന്ന ഒരു സമൂഹത്തില്‍ നിന്ന് നമ്മളിപ്പോള്‍ പുരാതനകാലത്തേക്ക് പോയ്ക്കൊണ്ടിരിക്കുകയാണെന്ന് തോന്നാറുണ്ട്. ചുറ്റും നടക്കുന്ന പല കാര്യങ്ങളിലും അനിഷ്ടവും അസംതൃപ്തിയുമൊക്കെയുണ്ട്. കലാകാരന്‍ എന്ന നിലയില്‍ മാത്രമല്ല വ്യക്തി എന്ന നിലയിലും ചുറ്റുപാടും നടക്കുന്ന അരുതായ്മകള്‍ എല്ലാവരെയും പോലെ എന്നെയും ബാധിക്കുന്നുണ്ട്. ഈ കാലത്ത് എനിക്കിത്രക്ക് അനിഷ്ടവും ആശങ്കയും തോന്നുന്നുണ്ടെങ്കില്‍ എഴുത്തുകാരിയായ, വ്യത്യസ്ത രീതിയില്‍ ചിന്തിക്കുന്ന മാധവിക്കുട്ടി ഇന്ന് ജീവിച്ചിരുന്നെങ്കില്‍ എത്രമാത്രം അനിഷ്ടവും വിഷമവുമുണ്ടാകും? കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഒരിക്കലും ഞാന്‍ ഫ്രസ്ട്രേറ്റഡ് അല്ല. അങ്ങനെ ആയിട്ട് കാര്യമില്ല എന്നാണെന്റെ വിശ്വാസം. യാഥാര്‍ഥ്യത്തെ അംഗീകരിച്ച് ജീവിക്കുക എന്നതാണ് ശരി. നമ്മളാല്‍ കഴിയുന്ന തരത്തില്‍ ചുറ്റുപാടുമുള്ള സംഭവങ്ങളോട് പ്രതികരിക്കുക. നല്ലതിനെ അംഗീകരിച്ചും കെട്ടതിനെ തിരിച്ചറിഞ്ഞും ജീവിക്കുക. ജീവിതത്തെ ഞാന്‍ ഇഷ്ടപ്പെടുന്നു. എനിക്ക് ചുറ്റുമുള്ള പലരും ഇങ്ങനെ ചിന്തിക്കുന്നവരാണ്. എന്റെ കുടുംബവും സുഹൃത്തുക്കളുമൊക്കെ അങ്ങനെയാണ്.
? മാധവിക്കുട്ടി ഇന്നു ജീവിച്ചിരുന്നെങ്കില്‍ പലതരത്തില്‍ ആക്രമിക്കപ്പെട്ടേ നെ. പറയാനുള്ള കാര്യങ്ങള്‍ എന്നും തുറന്നുപറയാന്‍ അവര്‍ ധൈര്യംകാ ണിച്ചിട്ടുണ്ട്. ഇന്നായിരു ന്നെങ്കില്‍ ഒരുപക്ഷേ, അവരെ നിശ്ശബ്ദയാക്കിയേക്കാനും സാധ്യതയില്ലേ.
= അഭിപ്രായം പറയുമ്പോള്‍ വെടിവച്ചുകൊല്ലുന്ന കാലഘട്ടമാണിത്. എന്തെങ്കിലും ഒരു നല്ല കാര്യം നമ്മള്‍ ചെയ്യാനിറങ്ങുമ്പോള്‍ ആദ്യം നമുക്ക് നേരിടേണ്ടിവരുന്നത് വളരെ മോശപ്പെട്ട അനുഭവമായിരിക്കും. പക്ഷേ, നമ്മുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുക എന്നതാണ് നമുക്ക് ചെയ്യാന്‍ പറ്റുന്നത്. മാധവിക്കുട്ടി ഇന്നുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും ധീരമായി അവരുടെ നിലപാടുകള്‍ വിളിച്ചുപറയുകതന്നെ ചെയ്യുമായിരുന്നു എന്നാണ് എന്റെ വിശ്വാസം. അസഹിഷ്ണുത വല്ലാതെ ചുറ്റും പത്തിപൊക്കുന്നുണ്ട്.
.jpg)
? സോഷ്യല്‍ മീഡിയ യില്‍ അഭിപ്രായം തുറന്നു പറഞ്ഞതിന് പലപ്പോഴും ക്രൂരമായി ആക്രമിക്കപ്പെട്ട ആളാണ് ടൊവീനോ. ഇത്തരം സന്ദര്‍ഭങ്ങളെ എങ്ങിനെയാണ് നേരിടുന്നത്.
= ഞാന്‍ പൊതുസമൂഹത്തെ ബാധിക്കുന്ന തര ത്തില്‍ എന്തെങ്കിലും സംസാരിക്കുന്നുണ്ടെങ്കില്‍ അതെനിക്ക് ഗുണമുണ്ടാകാന്‍ വേണ്ടിയല്ല. അത് കോമണ്‍സെന്‍സുള്ള ആര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുന്നതേയുള്ളൂ. ഇപ്പോള്‍ ഞാന്‍ സംസാരിച്ചിട്ടുള്ള ഒരു കാര്യവും എന്നെ മാത്രം ബാധിക്കുന്നതല്ല. അങ്ങനെ എന്തെങ്കിലും ഞാന്‍ സംസാരിച്ചിട്ടുണ്ടെങ്കില്‍ത്തന്നെ മറ്റു പലരെയും കൂടി ബാധിക്കുന്നതായിരിക്കും അത്. സിനിമ മാത്രമല്ല പൊതുജീവിതവുമായി ബന്ധപ്പെടുന്ന കാര്യങ്ങള്‍ വരെ ഇതില്‍പെടും. അല്ലാതെ ദിവസവും രാവിലെ എഴുന്നേറ്റ് ഒരു അഭിപ്രായപ്രകടനം നടത്തിക്കളയാം എന്നു തീരുമാനിച്ച് സംസാരിക്കുന്ന ആളല്ല ഞാന്‍. എനിക്ക് അഭിപ്രായങ്ങളില്ലാത്തതോ സംസാരിക്കാന്‍ താല്‍പ്പര്യമില്ലാത്തതോ ആയ ഒരുപാട് കാര്യങ്ങളുണ്ട്. എല്ലാ കാര്യങ്ങളിലും അഭിപ്രായം വേണമെന്നൊന്നും എനിക്കില്ല. പക്ഷേ, എന്നെ ചുറ്റിപ്പറ്റിയുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും എനിക്ക് അറിവും നിലപാടുമുണ്ട്. എനിക്ക് ശരിയെന്ന് ബോധ്യമുള്ള കാര്യങ്ങളെക്കുറിച്ചല്ലാതെ ഞാന്‍ ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല. അതിനിയും പറയും. നടന്‍ എന്ന നിലയിലൊന്നുമല്ല, ഈ സമൂഹത്തില്‍ ജീവിക്കുന്ന ആള്‍ എന്ന നിലയില്‍ മിണ്ടണം എന്നുതോന്നുന്ന കാര്യങ്ങളെക്കുറിച്ച് മിണ്ടാതിരിക്കാന്‍ എനിക്കാവില്ല. അതൊരുപക്ഷേ, സോഷ്യല്‍ മീഡിയയില്‍ മാത്രമായിരിക്കില്ല. എല്ലാത്തിനും നെഗറ്റിവിറ്റി പുലര്‍ത്തുന്നവര്‍ക്കിടയില്‍ ഒരു കാര്യം പറയുന്നതിനെക്കാള്‍ സംഗതി ഉള്‍ക്കൊള്ളുന്നവര്‍ക്കിടയില്‍ പറയുക എന്നതാണ് ഞാനിപ്പോള്‍ ചെയ്യുന്നത്. അതിനെല്ലാമപ്പുറം പറയുന്നതിനെക്കാള്‍ ജീവിച്ചുകാണിച്ചുകൊടുക്കുക എന്നുള്ളതാണ്്. ഞാനെന്റെ ജീവിതം ജീവിച്ചു കാണിക്കാനാഗ്രഹിക്കുന്നു. ആരെയും ഉപദ്രവിക്കാതെ ഞാനെന്റെ ജീവിതം ജീവിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് അതില്‍ അസഹിഷ്ണുതയുണ്ടാവേണ്ട കാര്യമെന്താണ്? സാധാരണ മനുഷ്യന്റെ വികാരങ്ങളും വിചാരങ്ങളും ഉള്ള ആളാണ് ഞാന്‍. സോഷ്യല്‍ മീഡിയയുടെ ഇരയായൊക്കെ ചിലര്‍ എന്നെക്കുറിച്ച് പറയാറുണ്ട്. ഇരയായൊന്നും ഞാനെന്നെ കാണുന്നില്ല.
? സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും കാര്യങ്ങള്‍ വ്യക്ത തയില്ലാതെയും എഡിറ്റിങ് നട ത്താതെയും അവതരിപ്പിക്കുന്ന തായി കാണാറുണ്ട്. തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ തിരു ത്താന്‍ പോലും പലരും തയ്യാറാകാറില്ല. മൊബൈല്‍ ഫോണ്‍ കൈയിലുണ്ടെങ്കില്‍ ആര്‍ക്കും എന്തും പോസ്റ്റ് ചെയ്യാം എന്ന അവസ്ഥയാണ്.
= ശരിയാണ്. സോഷ്യല്‍ മീഡിയയില്‍ പലരും ഇടപെടുന്നതും പോസ്റ്റിടുന്നതുമെല്ലാം പൂര്‍ണ അറിവോടെയാവണം എന്നില്ല. അവിടെ ആര്‍ക്കും എന്തും പറയാം. അടിസ്ഥാനരഹിതമായ കാര്യങ്ങള്‍വരെ ഇതില്‍ പെടും. അത് കേള്‍ക്കാനും വിശ്വസിക്കാനും കുറെ ആളുകളുണ്ട്. ഒരുപരിചയവുമില്ലാത്ത ഒരാളെക്കുറിച്ചുവരെ ഒരാള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ എന്തുവേണമെങ്കിലും പറയാം. പിന്നെ വേണമെങ്കില്‍ അത് വെറുതെയാണെന്ന് മാറ്റിപ്പറയാം. പിന്നീടത് ശരിയല്ലെന്ന് പറഞ്ഞാല്‍ മാറ്റിപ്പറയാന്‍ അയാളെത്ര പൈസ തന്നു എന്നൊക്കെ ചോദിക്കുന്നവരുണ്ട്. ഒരു കാര്യത്തിന്റെ വസ്തുത കൃത്യമായി അറിയാതെ ഇങ്ങനെയൊക്കെ ചെയ്യുമ്പോള്‍ ഒരുപാട് ജീവിതങ്ങളെ ചിലപ്പോള്‍ അത് അപകടകരമായി ബാധിച്ചെന്നു വരാം. എന്തുകൊണ്ടാണ് മനുഷ്യര്‍ ഇങ്ങനെയൊക്കെ എന്ന് ഞാന്‍ ഇടയ്ക്ക് ചിന്തിക്കാറുണ്ട്. ചിലപ്പോള്‍ ബേസിക് ഹ്യൂമണ്‍ ഇന്‍സ്റ്റിന്‍ക്ട് ആയിരിക്കാം അല്ലെങ്കില്‍ അവരുടെ ഫ്രസ്ട്രേഷന്‍. പലര്‍ക്കും നമ്മുടെ സ്വകാര്യതയിലേക്ക് ഇടിച്ചുകയറാന്‍ വലിയ ഉത്സാഹമാണ്. ഞാന്‍ ചെയ്യുന്ന വര്‍ക്ക് നോക്കിയാല്‍ പോരേ. അത് ഇഷ്ടമാണെങ്കില്‍ അംഗീകരിക്കുക. സ്വഭാവവും ജീവിതവുമൊക്കെ എന്റെ പേഴ്സണല്‍ കാര്യമാണ്.
? പൊതുവെ എല്ലാ കാര്യത്തിലും വ്യക്തമായ അഭിപ്രായവും നിലപാടുമുള്ള ആളാണ് ടൊവീനോ എന്ന് തോന്നിയിട്ടുണ്ട്. ടിവി ചര്‍ച്ചകളിലും എഫ്ബി പോസ്റ്റുകളിലുമെല്ലാം ഇത് കണ്ടിട്ടുണ്ട്. സമകാലികരായ നടന്മാര്‍ പലരും പലതിനോടും നിശ്ശബ്ദത പുലര്‍ത്തുമ്പോള്‍ ഇങ്ങനെ കാര്യങ്ങള്‍ തുറന്നുപറയുന്നതി ല്‍ ആശങ്ക തോന്നിയിട്ടുണ്ടോ.
= എല്ലാവര്‍ക്കും അവരവരുടേതായ നിലപാടുകള്‍ ഉണ്ടാകണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍. ലോകത്തിലുള്ള എല്ലാവരും നല്ലവരാണ് എന്നാണ് എന്റെ വിശ്വാസം. ജനിക്കുമ്പോള്‍ നമ്മളെല്ലാവരും നല്ലവരാണ്. ജീവിച്ചുവരവെ ഇടപെടുന്ന ആള്‍ക്കാരില്‍ നിന്നാണ് നമ്മള്‍ നല്ലകാര്യങ്ങളും മോശം കാര്യങ്ങളും അറിയുകയും ശീലിക്കുകയുമൊക്കെ ചെയ്യുന്നത്. വളര്‍ന്ന ചുറ്റുപാടും അവസ്ഥകളുമൊക്കെ ഓരോരുത്തരുടെയും ജീവിതത്തെ ബാധിക്കും. അതൊരു വ്യക്തിയുടെ കുറ്റമൊന്നുമല്ല. നമ്മുടെ നാട്ടിലെ എല്ലാ സംഘടനയും തുടങ്ങുന്നത് നല്ല ഉദ്ദേശത്തോടെ തന്നെയാണ്. അതിന്റെ തലപ്പത്തിരിക്കുന്നവരാണ് പിന്നെയതിനെ ദുരുപയോഗംചെയ്യുന്നത്. മതമാണെങ്കിലും പൊളിറ്റിക്സ് ആണെങ്കിലും സമൂഹമാണെങ്കിലുമെല്ലാം ഇങ്ങനെത്തന്നെ. പക്ഷേ, ഒരുഘട്ടം കഴിയുമ്പോള്‍ അതുണ്ടാക്കിയ ആളുകള്‍തന്നെ തമ്മില്‍ തല്ലുകൂടുന്നു എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. ഈ കാണുന്നതെല്ലാം ഒരു സിസ്റ്റമാണ്. പക്ഷേ, ഈ സിസ്റ്റം ഒരുദിവസം കൊണ്ടുണ്ടായതല്ല. കാലാകാലങ്ങള്‍ കൊണ്ടുണ്ടായതാണ്. അങ്ങനെ ഒറ്റദിവസംകൊണ്ട് വിപ്ളവമുണ്ടാക്കി മാറ്റം കൊണ്ടുവരാനൊന്നുമാകില്ല. നമ്മുടെ നിലപാടുകളാണ് അവിടെ വേണ്ടത്. നിലപാടുകള്‍ക്കേ നല്ല സമൂഹത്തിന് ഊര്‍ജമാകാന്‍ കഴിയൂ എന്നാണ് എന്റെ വിശ്വാസം. ഞാന്‍ ജീവിക്കുന്ന രീതി തെറ്റാണെന്നുതോന്നിയാല്‍ അത് തിരുത്തണം. ഒരിക്കല്‍ അങ്ങനെ പറഞ്ഞുപോയി അല്ലെങ്കില്‍ ചെയ്തുപോയി എന്നതുകൊണ്ട് എല്ലാകാലവും അങ്ങനെ ജീവിക്കണമെന്നില്ല. അത് തെറ്റാണെന്നുതോന്നിയാല്‍ തിരുത്തിയാണ് ജീവിക്കേണ്ടത്. അതിനുള്ള സ്വാതന്ത്യ്രം നമുക്കുണ്ട്.
? ആമി സിനിമയുടെ ചിത്രീകരണം തുടങ്ങും മുമ്പുതന്നെ വിവാദവും തുടങ്ങി. സംവിധായകന്‍ കമലിനുനേരെ ചിലര്‍ പ്രതിഷേധങ്ങളുമായി രംഗ ത്തെത്തി. കമല്‍ എന്ന പേരു പോലും അസഹിഷ്ണുതയ്ക്ക് കാരണമായി. ഈ വിവാദങ്ങ ളെല്ലാം ശ്രദ്ധിച്ചിരുന്നോ.
= സിനിമയുടെ തുടക്കം മുതല്‍തന്നെയുണ്ടായ വിവാദങ്ങള്‍ ഞാനും ശ്രദ്ധിച്ചിരുന്നു. ഞാന്‍ ഈ സിനിമയില്‍ വന്നതിനുശേഷമാണ് കമല്‍ സാര്‍ മുസ്ളിമാണ് എന്ന് ഞാനറിഞ്ഞത്. അദ്ദേഹത്തിന്റെ മുഴുവന്‍ പേര് കമാലുദ്ദീന്‍ ആണെന്നും. പല രാജ്യക്കാരും മതക്കാരും ഭാഷക്കാരുമായ ഒരുപാട് സുഹൃത്തുക്കള്‍ എനിക്കുണ്ട്. ഇവര്‍ക്കൊക്കെ ഏതെങ്കിലും തരത്തിലുള്ള വ്യത്യാസം എനിക്ക് തോന്നിയിട്ടില്ല. നമ്മള്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ അടുത്തിരിക്കുന്നവര്‍ ഹിന്ദുവാണോ ക്രിസ്ത്യാനിയാണോ മുസ്ളിമാണോ എന്നൊന്നും ചിന്തിച്ചിട്ടില്ലല്ലോ. എന്റെ കൂടെ പഠിച്ചവരുടെ പേര് മാത്രമേ എനിക്കറിയൂ. അവരുടെ പേരുവച്ച് ഇത്തരം ക്ളാസിഫിക്കേഷന്‍ ഒന്നും നടത്തിയിട്ടില്ല. മതം ഒരിക്കലും ഒരു ക്രൈട്ടീരിയയേ ആയിട്ടില്ല. എല്ലാ മതക്കാരും അടങ്ങിയ എന്റെ സുഹൃദ്വലയത്തില്‍ എന്തിനെങ്കിലും അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ആരും എന്നെ ചോദ്യംചെയ്തിട്ടില്ല. തെറ്റിദ്ധരിക്കപ്പെട്ടിട്ടില്ലാത്ത തലമുറയില്‍പ്പെട്ട ആളായി സ്വയം കാണാനാണ് എനിക്കിഷ്ടം. അതുകൊണ്ടുതന്നെ ആരെങ്കിലും മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ തിരുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.
.jpg)
? ആദ്യം വിദ്യാബാലന്‍ ആമിയില്‍ നിന്നും പിന്മാറിയത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ പൃഥ്വിരാജ് ആര്‍എസ്എസിനെ ഭയന്ന് പിന്മാറിയതായും പകരക്കാരനായാണ് ടൊവീനോ വന്നത് എന്നും ചില വാര്‍ത്തകള്‍ കേള്‍ക്കുന്നുണ്ട്. എന്താണ് യാഥാര്‍ഥ്യം.
= വിദ്യാബാലന്‍, പൃഥ്വിരാജ് ഇവരൊക്കെ ആര്‍എസ്എസിനെ പേടിച്ച് പിന്മാറിയതാണെന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. ഞാന്‍ നല്ല ബന്ധം പുലര്‍ത്തുന്ന ഒരാളാണ് പൃഥ്വിരാജ്. എന്റെ കരിയറിലെ എന്ത് പ്രശ്നങ്ങളും കൃത്യമായി ശ്രദ്ധിച്ച് മറുപടി തരുന്ന ഒരാളാണ് അദ്ദേഹം. ആരെങ്കിലും പറഞ്ഞുപേടിപ്പിച്ചതിന്റെ പേരില്‍ പിന്മാറുന്ന ഒരു ഭീരുവല്ല പൃഥ്വിരാജ് എന്ന് അദ്ദേഹത്തിനെ അടുത്തറിയുന്നവര്‍ക്കറിയാം. കമല്‍ സാര്‍ എന്നെ ഈ പ്രൊജക്ടിന് വിളിച്ചപ്പോള്‍ ഞാനാദ്യം വിളിച്ചതും 'ചെയ്തോട്ടേ' എന്ന് ചോദിച്ചതും പൃഥ്വിരാജിനോടാണ്. വളരെ തിരക്കുപിടിച്ച ഷെഡ്യൂളിലാണ് അദ്ദേഹം. ഞാന്‍ സിനിമയിലെത്തിയിട്ട് അഞ്ചുവര്‍ഷം മാത്രമേ ആയിട്ടുള്ളൂ. മാത്രമല്ല 2015ല്‍ മൊയ്തീന്‍ കഴിഞ്ഞതിനുശേഷം മാത്രം സിനിമയില്‍ തിരക്കുള്ള നടനായ ആളുമാണ്. ആ എനിക്ക് ഇപ്പോഴത്തെ ഈ തിരക്ക് ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റുന്നില്ല. ഡേറ്റിന്റെയും മറ്റും കാര്യത്തില്‍ ഞാന്‍ ശരിക്കും ബുദ്ധിമുട്ടുകയാണ്. എനിക്കിത്ര തിരക്കുണ്ടെങ്കില്‍ പൃഥ്വിരാജിന് എത്ര തിരക്കുണ്ടാകും എന്ന് നമുക്കൂഹിക്കാവുന്നതേയുള്ളൂ. പുറത്തുള്ളവര്‍ക്കതെത്ര അറിയുമെന്നെനിക്കറിയില്ല. പക്ഷേ, എനിക്കത് കൃത്യമായി മനസ്സിലാകും. ഞാനിത് ചെയ്തോട്ടെ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ പുള്ളി എനിക്കയച്ച മെസേജ് 'പ്ളീസ് പ്ളീസ് പ്ളീസ് ഡൂ ഇറ്റ്' എന്നാണ്. അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ആര്‍ക്കും പറയാം. അത്തരക്കാര്‍ അത് പറഞ്ഞും എഴുതിയും കൊണ്ടേയിരിക്കും. നമുക്കെന്തുചെയ്യാന്‍ പറ്റും. അതുകൊണ്ട് ചിലപ്പോള്‍ അവര്‍ക്ക് മനസ്സുഖം കിട്ടുമായിരിക്കും. അതുകൊണ്ട് അവരെയും ഞാന്‍ മോശക്കാരായി കാണുന്നില്ല. അത്തരം ഗോസിപ്പുകള്‍ വായിക്കാന്‍ ഇവിടെയാളുകളുള്ളതുകൊണ്ടാണല്ലോ അവര്‍ എഴുതുന്നത്. അവരുടെ സംസ്കാരം അവര്‍ കാണിക്കുന്നു. വേറെ ചിലരുണ്ട് 'ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം' എന്നു പറയുന്നതുപോലെ.
? നേരത്തെ മാധവിക്കുട്ടിയുടെ പുസ്തകങ്ങള്‍ വായിച്ച കാര്യം പറഞ്ഞു. നമ്മുടെ കാലത്ത് വായന പൊതുവെ കുറ ഞ്ഞുവരുന്നതായി പലരും പരിഭവിക്കുന്നുണ്ട്. ടൊവീനോയുടെ വായന എങ്ങനെയാണ്. നടന്‍ എന്ന നിലയില്‍ വായന എത്ര ത്തോളം സഹായിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്.
= ഇംഗ്ളീഷ് മീഡിയത്തിലാണ് ഞാന്‍ പഠിച്ചത്. ക്ളാസില്‍ പഠിപ്പിച്ച പാഠഭാഗങ്ങള്‍ തന്നെയായിരുന്നു ആദ്യത്തെ വായന. മലയാളം സെക്കന്റ്, ഇംഗ്ളീഷ് സെക്കന്റ് എന്നീ പുസ്തകങ്ങളൊക്കെ കഥകളായിരുന്നല്ലോ. എന്റെ ചേട്ടന്‍ എന്നെക്കാള്‍ ഒരു വയസ്സുമൂത്തതാണ്. ഒരു വെക്കേഷന്‍ സമയത്ത് പുള്ളിയുടെ ഇംഗ്ളീഷും മലയാളവും പുസ്തകങ്ങള്‍ നല്ല ഇന്ററസ്റ്റിങ് ആയതുകൊണ്ട് ഒറ്റിയിരുപ്പില്‍ ഞാന്‍ വായിച്ചു. 'കൌണ്ട് മോണ്ടിക്രിസ്റ്റോ' ഒക്കെ അങ്ങനെയാണ് ഞാന്‍ വായിച്ചിട്ടുള്ളത്്. പിന്നീട് സ്കൂളില്‍ ഞാനത് പഠിക്കുമ്പോള്‍ നേരത്തെ വായിച്ചതിനാല്‍ എനിക്ക് നന്നായി അറിയാവുന്നൊരു കഥയാണല്ലോ എന്ന് തോന്നി. അത് നല്ല അനുഭവമായിരുന്നു. ക്ളാസ്സില്‍ നല്ല കോണ്‍ഫിഡന്‍സൊക്കെ കിട്ടി. പിന്നീട് എന്‍ജിനീയറിങ്ങിന് ജോയിന്‍ ചെയ്ത ശേഷമാണ് ഞാന്‍ ശരിക്കുമുള്ള വായന തുടങ്ങിയത്. കളഞ്ഞുകിട്ടിയ ഒരു പുസ്തകമാണ് ഞാന്‍ ആദ്യമായി വായിച്ചത്. 'ഖസാക്കിന്റെ ഇതിഹാസം' എന്ന നോവലായിരുന്നു ആ പുസ്തകം. എന്റെ ഇരുപതാമത്തെ വയസ്സിലാണ് ഞാനത് വായിച്ചത്. 1989ലാണ് ഞാന്‍ ജനിച്ചത്. 1969ലാണ് ആ നോവല്‍ എഴുതിയത്. ഞാന്‍ ജനിക്കുന്നതിന് 20 വര്‍ഷം മുമ്പുള്ള നോവല്‍ എനിക്ക് കണക്ട് ചെയ്യാന്‍ പറ്റി. ഒ വി വിജയന്‍ എന്ന എഴുത്തുകാരന്റെ എഴുത്തിന്റെ ഗുണമാണ് അത്. ഇപ്പോഴും ഓരോ തവണ ആ നോവല്‍ വായിക്കുമ്പോഴും ഓരോ പുതിയ കാര്യം അതില്‍ നിന്നും കിട്ടാറുണ്ട്.
ഒരു നടനെന്ന നിലയില്‍ വായന ഏറെ ഗുണംചെയ്യുന്നതായാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരുപക്ഷേ, നമ്മുടെ ക്രിയേറ്റിവിറ്റിയെ അതൊരുപാട് സ്വാധീനിക്കുന്നു എന്നതുകൊണ്ടാവാം. നമ്മളെ സ്വയം ട്രെയിന്‍ ചെയ്യിക്കുന്നതും ഈ വായനയില്‍ക്കൂടിയാണ്. സിനിമയില്‍ നമ്മള്‍ കാണുന്നത് സംവിധായകന്റെ ക്രിയേറ്റിവിറ്റിയാണ്. എന്നാല്‍ ഒരു കഥ ഞാന്‍ വായിക്കുമ്പോള്‍ എനിക്ക് കിട്ടുന്നത് എന്റെയൊരു ഇമാജിനേഷന്‍ കൂടിയാണ്. 'കൈറ്റ് റണ്ണര്‍' എന്ന പുസ്തകം ഞാന്‍ വായിച്ചിട്ടുണ്ട്. ആ സിനിമയും കണ്ടിട്ടുണ്ട്. പക്ഷേ, പുസ്തകം വായിച്ചപ്പോള്‍ കിട്ടിയ തൃപ്തി സിനിമ കണ്ടപ്പോള്‍ എനിക്കുണ്ടായിട്ടില്ല. പുസ്തകം വായിക്കുമ്പോള്‍ ഞാനെന്റെ ഇമാജിനേഷനിലൂടെയാണ് അതിലെ കഥയെയും കഥാപാത്രങ്ങളെയുമൊക്കെ കാണുന്നത്. കൈറ്റ് റണ്ണര്‍ നല്ല സിനിമയാണെങ്കിലും അതിന്റെ സംവിധായകനെ എക്സൈറ്റ് ചെയ്ത കാര്യങ്ങള്‍ മാത്രമേ ആ സിനിമയിലുള്ളൂ. പക്ഷേ, എന്നെ എക്സൈറ്റ് ചെയ്തത് ആ പുസ്തകത്തിലെ വേറെ ചില കാര്യങ്ങളാണ്.

പുസ്തകങ്ങള്‍ വാങ്ങി വായിക്കുകയാണ് എന്റെ പതിവ്. വായനശാലകളിലൊന്നും പോകാന്‍ പറ്റാറില്ല. ഒരു പുസ്തകത്തിന് കൂടിപ്പോയാല്‍ 1000 രൂപയാണ് ചെലവാകുന്നത്. അതിലും കൂടുതല്‍ നമ്മളെത്രയോ കാര്യത്തിന് ചെലവാക്കുന്നുണ്ട്. അതുപോലെ എല്ലാ ദിവസവും രാവിലെ എണീറ്റ് നമ്മള്‍ പുസ്തകം വാങ്ങുകയോ വായിക്കുകയോ ചെയ്യുന്നുമില്ല. എനിക്ക് ഇമോഷണലും നോണ്‍ ഫിക്ഷനുമായ പുസ്തകങ്ങളാണ് ഇഷ്ടം. മോട്ടിവേഷണല്‍ പുസ്തകങ്ങളോ ലേഖനങ്ങളോ കവിതകളോ വായിക്കാറില്ല. വായിച്ചാല്‍ മനസ്സിലാവാത്തതുകൊണ്ടാണ്. വായിച്ചുതുടങ്ങിയിട്ട് ഫോളോ ചെയ്യാന്‍ പറ്റാതെ നിര്‍ത്തിയിട്ടുള്ള പുസ്തകങ്ങളുണ്ട്. ആരെങ്കിലും വായിച്ച് സജസ്റ്റ് ചെയ്യുന്ന പുസ്തകങ്ങളാണ് കൂടുതലും വാങ്ങിക്കാറുള്ളത്. ആടുജീവിതമൊക്കെ എന്നെ ഒരുപാട് വേട്ടയാടിയ പുസ്തകമാണ്. ഇപ്പോള്‍ കാര്യമായി വായിക്കാന്‍ സമയം കിട്ടാറില്ല. കൂടുതലും വായിക്കുന്നത് സ്ക്രിപ്റ്റുകളാണ്. യാത്രകളിലൊക്കെ ഒറ്റയിരിപ്പിന് വായിച്ചുതീര്‍ക്കുന്നത് അവയാണ്. പക്ഷേ, ഭയങ്കര രസമുള്ള സ്ക്രിപ്റ്റുകളൊക്കെ വായിക്കുമ്പോള്‍ മികച്ച ഒരു പുസ്തകം വായിച്ച ഫീലിങ് കിട്ടാറുണ്ട്.
? യാത്രകള്‍ എത്രത്തോളം പ്രിയപ്പെട്ടതാണ്.
= പുസ്തകങ്ങള്‍ വായിച്ചിട്ട് ഞാന്‍ യാത്രകള്‍ പോയിട്ടുണ്ട്. അമീഷിന്റെ 'സീക്രട്ട്സ് ഓഫ് നാഗ' വായിച്ച ശേഷമാണ് ഹിമാലയം കാണാന്‍ പോയത്. എബിസിഡിയുടെ ഷൂട്ടിങ് സമയത്താണ് ആ സീരീസിലെ ആദ്യത്തെ രണ്ട് പുസ്തകങ്ങളും ഞാന്‍ വായിച്ചത്. സിനിമ റിലീസ് ചെയ്യുംമുമ്പ് ഡല്‍ഹിയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടയില്‍ അവസാനത്തെ പുസ്തകവും വായിച്ചു. ഞാന്‍ വളരെ മടിയനായിട്ടുള്ള ഒരാളാണ്. എങ്കിലും ഒരുപാട് യാത്രകള്‍ ചെയ്യുക എന്നത് സ്വപ്നമാണ്. യാത്രകള്‍ ഒറ്റയ്ക്കും എനിക്ക് കണക്ട് ചെയ്യാവുന്ന എന്റെ അതേ ചിന്താരീതിയുള്ള സുഹൃത്തുക്കളുമായും പോകാറുണ്ട്. അല്ലാത്ത യാത്രകള്‍ ബോറായിപ്പോകും. യാത്ര പോകുമ്പോള്‍ ഒരിക്കലും പോഷ് ഹോട്ടലില്‍ താമസിക്കാറില്ല. കാരണം എല്ലാം ഒരുപോലിരിക്കും. ഓരോ നാട്ടിലും അവിടെന്താണുള്ളത് എന്ന് നോക്കി ഹോംസ്റ്റേസ്, യൂത്ത് ഹോസ്റ്റല്‍ എന്നിവയാണ് ഓപ്റ്റ് ചെയ്യുന്നത്. ചിലപ്പോള്‍ ഞാന്‍ അതിനു പുറത്തിറങ്ങണമെന്നുപോലുമില്ല. പക്ഷേ, കിലോമീറ്ററുകള്‍ അപ്പുറത്തുനിന്നുള്ള ഒരു സ്ഥലത്ത് എനിക്ക് വീട്ടിലിരിക്കുന്ന പോലൊരു ഫീലിങ് ഉണ്ടാകും. 24 മണിക്കൂറും ജോലിചെയ്യാനൊക്കെ നല്ല മടിയുണ്ടെനിക്ക്. സിനിമ ഏറെയിഷ്ടമുള്ളതുകൊണ്ടാണ് അതൊക്കെ ഞാന്‍ ചെയ്യുന്നത്. പൊതുവെ എന്നെ എന്തെങ്കിലും ജോലി ഏല്‍പ്പിച്ചാല്‍ ഞാന്‍ മടിച്ചിരിക്കുകയേയുള്ളൂ. ദേഹമനങ്ങാന്‍ മടിയുള്ളതുകൊണ്ട് ജിമ്മില്‍ പോകാനും മടിതന്നെ. പക്ഷേ, സിനിമയ്ക്കത് ആവശ്യമുണ്ട് എന്നുള്ളതാണ് എന്റെ മോട്ടിവേഷന്‍. അല്ലാത്ത സമയത്ത് ഞാന്‍ ജിമ്മിന്റെ വഴിക്കേ പോകാറില്ല. നമ്മുടെ ശരീരമാണല്ലോ നമ്മുടെ ഇന്‍വെസ്റ്റ്മെന്റ്. അതിന് പ്രത്യേക കടമുറിയൊന്നും വേണ്ടല്ലോ.
? സിനിമ സ്വപ്നംകാണുന്നവരുടേതാണെന്ന് പറയാറുണ്ട്. ടൊവീനോയുടെ സ്വപ്നത്തില്‍ സിനിമയുണ്ടായിരുന്നോ.
= അഭിനയമോഹം ഉണ്ടായിരുന്നു. ചില സിനിമകളുടെ കാസ്റ്റിങ് കോള്‍ കണ്ടിട്ട് ഫോട്ടോ അയച്ചിട്ടുണ്ട്. എന്നാല്‍ പലരും ഓഡിഷനുപോലും വിളിച്ചിരുന്നില്ല. പിന്നീട് ഒരുപാടു പേരുടെ പിന്തുണ ഇന്നത്തെ നിലയിലെത്തുന്നതിന് ഉണ്ടായിട്ടുണ്ട്.
? ചെറിയ വേഷങ്ങള്‍ ചെയ്ത് ഇപ്പോള്‍ നായകന്‍ വരെയായി നില്‍ക്കുന്നു ടൊവീനോയുടെ കരിയറിലെ വളര്‍ച്ച. ഇപ്പോള്‍ ആരാധകരും ടൊവീനോയെ ഇഷ്ടപ്പെടുന്നവരും ഒരുപാടുണ്ട്. സിനിമയുടെ മായികലോകത്ത് പെട്ടു പോകാതെ ജീവിക്കാന്‍ ശ്രമിക്കാറുണ്ടോ? ഒഴിവു സമയങ്ങളൊക്കെ എങ്ങനെയാണ് ചിലവിടുന്നത്.
= നാട്ടിലെ ആളുകളായിട്ടൊക്കെ നല്ല സൌഹൃദം സൂക്ഷിക്കാറുണ്ട്. വലിയ താരമായിട്ടൊന്നും സ്വയം തോന്നിയിട്ടില്ല. ഇപ്പോഴും ഞാന്‍ നാട്ടില്‍പ്പോയാല്‍ ഒരു സിനിമാനടനായിട്ട് അല്ലെങ്കില്‍ വേറൊരു ആളായിട്ട് അവിടുള്ളവര്‍ കാണാറേയില്ല. പണ്ടത്തെപ്പോലെ എല്ലാവരുമായും നല്ല അടുപ്പം സൂക്ഷിക്കുന്നു. റോഡില്‍ നടക്കാറുണ്ട്. സമപ്രായക്കാരും എന്നെക്കാള്‍ മുതിര്‍ന്നവരും എന്നെയും അങ്ങനെയാണ് ട്രീറ്റ് ചെയുുന്നത്. നേരത്തെ എന്നെ പരിചയമില്ലാത്തവര്‍ക്ക് മാത്രമാണ് ഞാന്‍ സിനിമാനടന്‍. ഞാന്‍ വീട്ടില്‍ നിന്നൊക്കെ മാറിനിന്ന് പഠിച്ചിട്ടുള്ളയാളാണ്. എങ്കിലും നല്ല ഹോം സിക്കാണ്. പോരാത്തതിന് വീട്ടിലെ ഇളയകുട്ടിയും. പുതിയ സ്ഥലങ്ങള്‍ കാണണം, പുതിയ ഭക്ഷണം കഴിക്കണം, ആള്‍ക്കാരെ പരിചയപ്പെടണം, പാട്ടുകള്‍ കേള്‍ക്കണം, സിനിമകള്‍ കാണണം ഇതൊക്കെയാണ് പണ്ടും ഇന്നുമുള്ള ആഗ്രഹങ്ങള്‍. സാധാരണ എല്ലാവരെയും പോലെ ജീവിക്കാനാണ് എനിക്കിഷ്ടം. എല്ലാവരും ആഴ്ചയില്‍ ഒരുദിവസമെങ്കിലും ലേസി ഡേ ആയി വയ്ക്കണമെന്നാണ് എന്റെയൊരു ആഗ്രഹം. ഞാനങ്ങനെ ചെയ്യാറുണ്ട്്. സ്ട്രെസ് ലെവല്‍ കുറയ്ക്കാന്‍ അത് വളരെ സഹായിക്കും. ആ ദിവസം വീട്ടിലിരുന്ന് സിനിമകാണും, പാട്ടുകള്‍ കേള്‍ക്കും, കൊച്ചിനെ കളിപ്പിക്കും, വീട്ടിലുള്ള മത്സ്യങ്ങളെയും ലവ് ബേര്‍ഡസിനെയും നോക്കിയിരിക്കും, നല്ല സ്ഥലങ്ങളില്‍ പോയി വെറുതെയിരിക്കും. അതുപോലെ എനിക്ക് ഏറെയിഷ്ടമുള്ള കാപ്പി കുടിക്കും. മഴയൊക്കെയുണ്ടെങ്കില്‍ വെറുതെ മഴയൊക്കെ കണ്ടിരിക്കും.
? എഴുതാറുണ്ടോ.
= എഴുതാനൊക്കെ നല്ല മടിയാണ്. പക്ഷേ, ആശയങ്ങളൊക്കെ വരാറുണ്ട്. അത് സുഹൃത്തുക്കളുമായി പങ്കുവയ്ക്കും. അങ്ങനെ എത്രയോ വര്‍ഷങ്ങള്‍ക്കുമുമ്പ് ചിന്തിച്ച കാര്യങ്ങള്‍ പോലും എന്റെ മനസ്സിലുണ്ട്. നല്ല കാര്യങ്ങളാണെങ്കിലും മോശമാണെങ്കിലും എളുപ്പത്തില്‍ മറക്കുന്ന ഒരാളല്ല ഞാന്‍. എന്റെയൊരു ശീലം അങ്ങനെയാണ്. എന്നെങ്കിലും എഴുതിക്കൂടെന്നില്ല.

? സോഷ്യല്‍മീഡിയയില്‍ ആദ്യകാലത്ത് ഏറെ ആക്രമിക്കപ്പെട്ട ആളാണ് ടൊവീനോ. ചിലരുടെ പോസ്റ്റിനോട് ടൊവീനോ പ്രതികരിച്ചത് ഒരു 'ചൂടന്‍' ആളാണ് താങ്കള്‍ എന്ന പരിവേ ഷവും ഉണ്ടാക്കി. സ്വയം എങ്ങിനെ വിലയിരുത്തുന്നു.
= ഞാനൊരിക്കലും ആരോടും മോശമായി ഇടപെട്ടിട്ടില്ല. അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞിട്ടുണ്ടാകാം. അത് നമ്മുടെ വ്യക്തിത്വത്തിന്റെ ഭാഗമായി കണ്ടാല്‍മതി. ഞാനൊരിക്കലും ഒരു സെയിന്റ് അല്ല. സ്നേഹിക്കുന്നവരെ സ്നേഹിക്കാനും വെറുക്കുന്നവരെ വെറുക്കാനും ഞാന്‍ മറക്കില്ല. പക്ഷേ, ഭയങ്കരമായി പ്രതികാരം ചെയ്യണമെന്നൊന്നും കരുതുന്ന ആളല്ല. ഭയങ്കര മാനസിക സംഘര്‍ഷമുണ്ടാക്കുന്ന കാര്യങ്ങളാണ് അതൊക്കെ. എന്നെ ഉപദ്രവിച്ചവരൊക്കെ പിന്നീട് എന്തെങ്കിലും കാര്യത്തിന് എന്റെ അടുത്ത് തന്നെ എത്താറുണ്ട്. അവരോട് സ്നേഹത്തോടെ പെരുമാറുക എന്നതാണ് എന്റെ രീതി. അതുതന്നെയാവും അവര്‍ക്ക് നല്‍കാവുന്ന ഏറ്റവും വലിയ മറുപടി. നമ്മളെ ഒരിക്കല്‍ വെറുപ്പിച്ചിട്ടുള്ളതകൊണ്ടുതന്നെ അവരുടെ മനസ്സിലും അതുണ്ടാവും. പക്ഷേ, അപ്പോള്‍ വീണുകിടക്കുന്നവരെ ചവിട്ടാനൊന്നും പറ്റില്ല. അതിനുള്ള താല്‍പ്പര്യവുമില്ല. ചെയ്യാന്‍ ഒരുപാട് കാര്യങ്ങളുണ്ട്.
? ഗപ്പി എന്ന സിനിമ കണ്ട് പണം നഷ്ടപ്പെട്ടതായി ഒരു പ്രേക്ഷകന്‍ എഫ്ബിയില്‍ ഇട്ട പോസ്റ്റിന് നല്‍കിയ മറുപടിയാണ് ടൊവീനോക്കെതിരെയുള്ള സൈബര്‍ ആക്രമണത്തിന് തുടക്കമിട്ടതെന്ന് തോന്നുന്നു. ടിവിയില്‍ വന്നപ്പോള്‍ ഗപ്പി ഏറ്റവും ആഘോഷിക്കപ്പെടുകയും ചെയ്തു. ആ സംഭവ ങ്ങളെ ഇപ്പോള്‍ എങ്ങനെ ഓര്‍ക്കുന്നു.
= എനിക്കേറെ ഇഷ്ടപെട്ട ചിത്രമാണ് ഗപ്പി. ജോണ്‍ പോള്‍ എന്ന സംവിധായകന്റെ ആദ്യ ചിത്രവും. സിനിമ ഇറങ്ങിയിട്ട് ഒരു മോശം റിവ്യു പോലും എങ്ങും വന്നിരുന്നില്ല. എന്നിട്ടും സിനിമ പരാജയപ്പെട്ടു. ഡിവിഡി ഇറങ്ങിയപ്പോള്‍ വാഴ്ത്തിയവരൊക്കെ തിയേറ്ററില്‍ പോയി സിനിമ കണ്ടിരുന്നെങ്കില്‍ വന്‍വിജയമാകുമായിരുന്നു ആ സിനിമ. 'ചിത്രം കണ്ടിട്ട് പൈസ പോയി' എന്ന പോസ്റ്റ് കണ്ടിട്ട് സത്യത്തില്‍ സങ്കടം തോന്നി. ആ മനുഷ്യന്‍ ചിലവാക്കിയ 200 രൂപയെക്കാള്‍ എത്രയോ മുകളിലാണ് ഗപ്പി എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കോസ്റ്റ്. മാത്രമല്ല ഒരുപാടുപേരുടെ വിയര്‍പ്പും സ്വപ്നങ്ങളുമെല്ലാം ആ സിനിമക്കുപിന്നിലുണ്ട്. അയാള്‍ക്കാ സിനിമ ഇഷ്ടപ്പെട്ടില്ലെന്ന് പറയാം. പക്ഷേ, ആ സിനിമ മോശമാണെന്ന് പൊതുവായി പറയണമെങ്കില്‍ ഒരാള്‍ക്കും ഇഷ്ടപ്പെടാത്ത സിനിമയായിരിക്കണം. ഒരാള്‍ക്കെങ്കിലും ഇഷ്ടപ്പെട്ട സിനിമ എങ്ങനെ മോശമാകും. അങ്ങനെ ജഡ്ജ് ചെയ്യാന്‍ പാടില്ലല്ലോ. ഓരോരുത്തര്‍ക്കും ഓരോ മൈന്‍ഡ് സെറ്റ് ആണ്. എനിക്കിഷ്ടപ്പെട്ടില്ല എന്നുപറയാം 'അത് മോശമാണ്' എന്ന് പറയുന്നത് എടുത്തുചാട്ടമാണ്. 'എത്ര പൈസപോയി പറഞ്ഞോളൂ, ബാങ്ക് അക്കൌണ്ട് പറയൂ, ഞാന്‍ ട്രാന്‍സ്ഫര്‍ ചെയ്യാം' എന്നാണ് ഞാനിട്ട കമന്റ്. അതില്‍ എന്റെ അഹങ്കാരമോ മോശം പെരുമാറ്റമോ ഒന്നുമല്ല. സങ്കടമാണ്. ഇത്രയും പരിശ്രമിച്ചിട്ടും അതിനെ വളരെ വിലകുറച്ചു കണ്ടല്ലോ എന്ന വിഷമമാണ്. ഒരു സിനിമയെയും ഇങ്ങനെ അന്ധമായി ജഡ്ജ് ചെയ്യരുത് എന്നാണ് എന്റെ പക്ഷം. ഇന്ന് ഒരുപാട് പേര്‍ പറയുന്നുണ്ട് ഗപ്പി തിയേറ്ററില്‍ പോയികാണാത്തതില്‍ വിഷമം തോന്നുന്നു എന്ന്. മലയാളത്തില്‍ ഇറങ്ങിയ നല്ല സിനിമകളില്‍ ഒന്നായി അതിനെ ഒരുപാടുപേര്‍ കാണുന്നുണ്ട്.
ബഹുഭൂരിപക്ഷത്തിനും ഇഷ്ടപ്പെടുന്നതാണ് നല്ല സിനിമ എന്നെനിക്ക് അഭിപ്രായമില്ല. തിയേറ്ററില്‍ പരാജയപ്പെട്ട പല സിനിമകളും എനിക്കിഷ്ടമാണ്. അതിലെന്തെങ്കിലും കാര്യങ്ങള്‍ എന്നെ അട്രാക്ട് ചെയ്തിട്ടുണ്ടാകും. കൊട്ടിഘോഷിക്കപ്പെട്ട കള്‍ട്ട് ക്ളാസിക്കുകള്‍ കണ്ടിട്ട് മനസ്സിലാവാത്തത് ഞാനങ്ങനെ തന്നെ പറയാറുണ്ട്. ബോക്സ് ഓഫീസിലെ റിസല്‍ട്ട് എന്നെ ബാധിക്കാറില്ല.
ജെ സി ഡാനിയേല്‍ എന്ന സംവിധായന്‍ ഇല്ലായിരുന്നെങ്കില്‍ മലയാളസിനിമ ഇന്നീ രൂപത്തില്‍ ഉണ്ടാകുമായിരുന്നില്ല. ഞാനടക്കം പലരും ഇന്ന് ജീവിക്കുന്നത് ജെ സി ഡാനിയേല്‍ കൊണ്ടുവന്ന സിനിമയില്‍ കൂടിയാണ്. പക്ഷേ എത്രപേര്‍ അദ്ദേഹത്തോട് അതിന് നന്ദി പറയുന്നുണ്ട്? അദ്ദേഹം മരിക്കുമ്പോള്‍ എത് രൂപത്തിലായിരുന്നു? സിനിമയ്ക്ക് അങ്ങനെ ആരോടും പ്രത്യേക വാത്സല്യമൊന്നുമില്ല. നമ്മുടെ സമയം നല്ലതാണെങ്കില്‍ നല്ല ഹാപ്പിയായിട്ട് ജീവിക്കാം. മോശമാണെങ്കില്‍ തോല്‍വികളും ഉണ്ടാകും. എപ്പോഴും നല്ല ഹ്യൂമണ്‍ ബീയിങ് ആയിരിക്കുക എന്നതാണ് പ്രധാനം.
? അടുത്തിടെ ഇറങ്ങിയ തരംഗം എന്ന സിനിമയും പരീക്ഷ ണഗണത്തില്‍ പെട്ട സിനിമക ളില്‍ ഉള്‍പ്പെടുത്താം. ഏറെ വിമര്‍ശനത്തിനും ഇരയായ സിനിമയാണത്. ഇത്തരം ചിത്രങ്ങ ളില്‍ ഭാഗമാകുന്നത് റിസ്ക്കല്ലേ.
= തരംഗം പോലെ തികച്ചും വ്യത്യസ്തമായ അവതരണ ശൈലിയിലുള്ള സിനിമ ഇവിടെ അധികം വന്നിട്ടില്ല. അതിന്റെ ഒരു ഭാഗമായതില്‍ എനിക്ക് അഭിമാനമേയുള്ളൂ. മേക്കിങ്ങിലും എഡിറ്റിങ്ങിലും സ്ക്രിപ്റ്റിങ്ങിലുമൊക്കെ ഏറെ പുതുമയുള്ള ചിത്രമാണ് തരംഗം. കുറെപ്പേര്‍ക്ക് ഇഷ്ടപ്പെട്ടു. ചിലര്‍ക്ക് വേണ്ടത്ര ദഹിച്ചില്ല. ഇത്തരം പരീക്ഷണങ്ങളോട് സഹകരിക്കാന്‍ ഇനിയും ഞാന്‍ തയ്യാറാണ്. ആ ടാര്‍ഗറ്റ് ഓഫ് ഓഡിയന്‍സിനെ അത് പ്ളീസ് ചെയ്തു. എനിക്കത് സന്തോഷമാണ്. ഇനിയും പരീക്ഷണസിനിമകളുടെ ഭാഗമാകും. സിനിമയ്ക്കുവേണ്ടി അതേ എനിക്ക് ചെയ്യാനാവൂ. സിനിമ ഒരേസമയം എന്റര്‍ടെയിനറും ആര്‍ട്ടുമാണ്. രണ്ടും ബാലന്‍സ് ചെയ്തുള്ള സിനിമ ചെയ്യണമെന്നാണ് ആഗ്രഹം. ആരോ എന്നോ കാണിച്ച ചങ്കൂറ്റത്തിന്റെ പേരിലാണ് ഇവിടെ സിനിമതന്നെയുണ്ടായത്. എനിക്ക് സംതൃപ്തി തരുന്നുണ്ടെങ്കില്‍ ആ സിനിമ ഞാന്‍ ചെയ്യും. എല്ലാതരം സിനിമയും ഞാന്‍ കാണും. ഐഎഫ്എഫ്കെക്ക് സമയം കിട്ടുമ്പോഴൊക്കെ പോകാറുണ്ട്. കുഴപ്പമില്ലാത്ത സിനിമാകളക്ഷന്‍ ഉണ്ട്. കൂടാതെ തിയേറ്ററില്‍ പോയി സിനിമ കാണും. ഇതിലൂടെയൊക്കെ വ്യത്യസ്തമായ സിനിമകളെ ഞാന്‍ കണ്ടെത്താറുണ്ട്.
? നടന്‍ എന്നതിനപ്പുറം എന്തെങ്കിലും സ്വപ്നമുണ്ടോ.
= അഭിനയിക്കുക എന്നതുതന്നെയാണ് ഇഷ്ടം. പ്രകൃതിയുമൊക്കെയായി അടുത്തിടപഴകിയുള്ള ജീവിതം സ്വപ്നം കാണാറുണ്ട്. ജിം കാരി എന്ന നടന്‍ സകലതിരക്കുകളും മാറ്റി ഇപ്പോള്‍ പ്രകൃതിയുമായി ഏറെ ഇണങ്ങി ജീവിക്കുകയാണ്. ഇപ്പോഴുള്ള അദ്ദേഹത്തിന്റെ എല്ലാ ഫോട്ടോകളിലും ആ ചൈതന്യം നമുക്ക് കാണാന്‍ സാധിക്കും. പണ്ടുണ്ടായിരുന്ന സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ എന്ന ഭാവമേയില്ല ആ മുഖത്തിപ്പോള്‍. എന്റെയൊരു റിട്ടയേര്‍ഡ് ലൈഫ് എന്നൊക്കെ പറഞ്ഞാല്‍ അങ്ങനെയൊക്കെ ആയിരിക്കണമെന്നുണ്ട്.
? റോള്‍ മോഡലുകള്‍ ഉണ്ടോ.
= ഒരാളെ മാത്രമായി റോള്‍മോഡലാക്കി വച്ചിട്ട് അതുമാത്രം ഫോളോ ചെയ്യുന്നതില്‍ കാര്യമില്ല. എല്ലാവരില്‍ നിന്നുമുള്ള നല്ല ഗുണങ്ങളും നമുക്ക് അനുകരിക്കാവുന്നതാണ്. അങ്ങനെയാണ് ഞാന്‍ ചിന്തിക്കുന്നത്. ഒരു കഴിവുമില്ലാതെ ഇന്നേവരെ ആരും ജനിച്ചിട്ടില്ല. എല്ലാ കഴിവുകളോടുകൂടിയും ആരും ജനിച്ചിട്ടില്ല. നമ്മുടെ ഉള്ളിലെ കഴിവിനെ അറിയാന്‍ ശ്രമിക്കുക. അതു കൊണ്ടുതന്നെ പലരില്‍ നിന്നും സ്വാംശീകരിക്കാവുന്ന ഒന്നാകണം മാതൃക എന്നു തോന്നുന്നു.
? നമുക്ക് ചുറ്റുപാടും നട ക്കുന്ന പല കാര്യങ്ങളെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുള്ളയാളാണ് ടൊവീനോ എന്ന് പല സന്ദര്‍ഭങ്ങളിലായി തോന്നിയിട്ടുണ്ട്. യുവനടന്മാരില്‍ പലരും സിനിമയുടെ ലോകത്ത് മാത്രമായി ഒതുങ്ങിപ്പോകുന്നവരാണ്. എവിടന്നാണ് ഇത്തരം ചിന്തകള്‍ കിട്ടിയത്.
= ഞാന്‍ വളര്‍ന്നുവന്ന സാഹചര്യങ്ങളും സുഹൃദ്വലയങ്ങളുമൊക്കെയാകാം എന്റെ അഭിപ്രായങ്ങള്‍ക്ക് ക്ളാരിറ്റിയും പക്വതയും നല്‍കുന്നത്. ഞാന്‍ പലപ്പോഴായി ചിന്തിച്ചുവച്ച കാര്യങ്ങളാണ് ഇപ്പാള്‍ പറഞ്ഞതുമുഴുവനും. കുട്ടിക്കാലത്ത് ഞാനൊരു ഇന്‍ട്രോവേര്‍ട്ട് ആയിരുന്നു. അതുകൊണ്ടുതന്നെ എനിക്ക് ചിന്തിക്കാനും ഏറെ സമയമുണ്ടായിരുന്നു. ഏഴാംക്ളാസില്‍ പഠിക്കുമ്പോള്‍ത്തന്നെ എന്റെ പ്രായത്തിനുമപ്പുറമുള്ള ചില കാര്യങ്ങളും സത്യങ്ങളുമൊക്കെ മനസ്സിലാക്കിയിട്ടുണ്ട്. പണ്ടുമുതലേ ഹൈ യൂറിക്കാസിഡും ഗൌട്ട് പ്രശ്നങ്ങളുമൊക്കെ നേരിടുന്ന ഒരാളാണ് ഞാന്‍. 12 വയസ്സുള്ളപ്പോഴാണ് എനിക്ക് കിഡ്നി സ്റ്റോണ്‍ വരുന്നത്. തുടര്‍ന്ന് ഹോസ്പിറ്റലില്‍ അഡ്മിറ്റായി. മൂന്നുമാസം അടുപ്പിച്ചും പലഘട്ടങ്ങളിലുമായും ഞാന്‍ ആശുപത്രിയിലായിരുന്നു. എട്ടാംക്ളാസ്സില്‍ ഓണപ്പരീക്ഷ കഴിഞ്ഞിട്ടാണ് ഞാന്‍ ക്ളാസ്സില്‍ കയറുന്നതുപോലും. പക്ഷേ, ഓണപ്പരീക്ഷ ഞാനെഴുതിയിട്ടുണ്ട്. ജയിക്കുകയുംചെയ്തു. അത്യാവശ്യം നന്നായി പഠിക്കുന്ന ഒരാളായിരുന്നു. മൂന്നുമാസവും നാലുമാസവും ആശുപത്രി ബെഡ്ഡില്‍ കിടക്കുമായിരുന്നു. അന്നൊക്കെ പലതും ചിന്തിക്കും. എന്റെ പക്വതക്കുമപ്പുറമുള്ള കാര്യങ്ങള്‍ വരെ ഇതില്‍പ്പെടും. വേദന സഹിച്ച് ആശുപത്രിയില്‍ കിടക്കുമ്പോള്‍ എല്ലാവരും എന്നോട് പ്രാര്‍ഥിക്കാന്‍ പറയുമായിരുന്നു. പക്ഷേ, പ്രാര്‍ഥിച്ചതുകൊണ്ട് എന്റെ വേദന മാറിയതൊന്നുമില്ല. അതനുഭവിച്ചേ തീരൂ എന്ന് അന്നെനിക്ക് മനസ്സിലായി. അതി ല്‍ നിന്നൊക്കെ ഞാന്‍ ചില കാര്യങ്ങള്‍ മനസ്സിലാക്കി. നമ്മള്‍ അനുഭവിക്കേണ്ടത് നമ്മള്‍തന്നെ അനുഭവിക്കണം. അതില്‍ ദൈവത്തിനൊന്നും പങ്കില്ല.
നമുക്കൊരു മോശം അവസ്ഥ വരുമ്പോഴാണ് യഥാര്‍ഥ സുഹൃത്തുക്കളെയൊക്കെ അറിയുന്നത്. എനിക്കും അത്തരം ഒരുപാട് അവസ്ഥകള്‍ ഉണ്ടായിട്ടുണ്ട്. നല്ല സുഹൃത്തുക്കളെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. അവരെയൊക്കെ ഇപ്പോഴും ഒപ്പം ചേര്‍ത്തുപിടിച്ചിട്ടുമുണ്ട്. ഇത്തരം അറിവും തിരിച്ചറിവുമൊക്കെ അനുഭവത്തില്‍ നിന്നും പഠിച്ചതാണ്. കോയമ്പത്തൂരായിരുന്നു എന്‍ജിനിയറിങ്ങിന് പഠിച്ചത്. അവിടെ ഇന്‍ഡിപെന്‍ഡന്റ് ലൈഫായിരുന്നു. ഭക്ഷണം പാകംചെയ്യുക, തുണിയലക്കുക അങ്ങനെ. താമസിക്കുന്ന റൂമിന്റെ വാടക നല്‍കുന്ന കാര്യങ്ങളും നോക്കിയത് ഞാന്‍ തന്നെയായിരുന്നു. ഈ കാലത്തൊക്കെ ഒരുപാട് ജീവിതം അറിയാന്‍ കഴിഞ്ഞു. പത്തിലും പ്ളസ്ടുവിലുമൊക്കെ പഠിക്കുമ്പോള്‍ എല്ലാം വീട്ടുകാര്‍ നോക്കിക്കോളുമല്ലോ. അതില്‍ നിന്നുമുള്ള മാറ്റമാണ് എന്‍ജിനീയറിങ് പഠനകാലത്തെ വ്യത്യസ്തമാക്കുന്നത്്. ജീവിതം കുറെക്കൂടി അടുത്തറിയാന്‍ കോയമ്പത്തൂര്‍ കാലം സഹായിച്ചു. അപ്പോഴും ഞാന്‍ പാഠ്യേതര വിഷയമായ എങ്ങനെ ജീവിക്കാമെന്നുള്ളത് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു.
.jpg)
? സ്കൂളില്‍ പഠിക്കുമ്പോള്‍ കലാപരിപാടികളിലും മറ്റും സജീവമായി ഇടപെടുമായിരുന്നോ.
സ്കൂളില്‍ കലാപരിപാടികളിലൊക്കെ പങ്കെടുക്കല്‍ കുറവായിരുന്നു. കുറച്ചെങ്കിലും താല്‍പ്പര്യം ഉള്ളത് സ്പോര്‍ട്സിനാണ്. അതും ആശുപത്രി അനുഭവങ്ങള്‍ക്കുശേഷം കുറഞ്ഞു. അതിനുശേഷമാണ് ഞാന്‍ അക്ഷരാര്‍ഥത്തില്‍ ഒരു 'ഇന്‍ട്രോവേര്‍ട്ട് എക്സ്പേര്‍ട്ട്' ആയതുപോലും. പിന്നീട് സോഫ്റ്റ്വെയര്‍ ഇന്‍ഡസ്ട്രിയില്‍ ജോലിചെയ്യുമ്പോഴും എനിക്ക് ചിന്തിക്കാനൊക്കെ ഒരുപാട് സമയം ഉണ്ടായി. കാരണം എനിക്ക് ആ ജോലി അറിയില്ല. എന്റെ കൈയില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് ഉണ്ട്. കൂടുതല്‍ വായിക്കാന്‍ പറ്റുന്നു. നമുക്കറിയാത്ത കാര്യങ്ങളെക്കുറിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യും. നമ്മുടെ വായനയും കാഴ്ചകളുമൊക്കെ നമ്മുടെ ജീവിതത്തില്‍ മാറ്റം വരുത്തുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.
? നേരത്തെ ചോദിച്ച ചോദ്യത്തിന്റെ ബാക്കിയായി ചോദിക്കട്ടെ മതം, ജാതി... ഇവയൊക്കെ ദുരുപയോഗം ചെയ്യുന്ന ഒരു സംസ്കാരം നമുക്കിടയില്‍ വളര്‍ന്നുവരുന്നു. ശാസ്ത്രസാങ്കേതിക രംഗത്ത് ഏറെ മുന്നിലെത്തിയിട്ടും അതിന്റെ ഗുണങ്ങള്‍ നിര്‍ലോഭം അനുഭവിക്കുകയും ചെയ്യുന്ന യുവതലമുറതന്നെയാണ് പലപ്പോഴും ഇത്തരം പിന്തിരിപ്പന്‍ ചിന്തകള്‍ക്ക് ഒപ്പം നില്‍ക്കുന്നത്.
= ഏറെ സങ്കടകരമായ കാര്യമാണത്. മനുഷ്യരാശിയുടെ ഉത്ഭവം ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. എന്നാല്‍ ലോകത്തില്‍ ഏറ്റവും പഴക്കമുള്ള മതത്തിന് 6000 വര്‍ഷത്തിന്റെ പഴക്കമേയുള്ളൂ. 6000 വര്‍ഷങ്ങള്‍ക്ക് മുമ്പ് മനുഷ്യര്‍ നല്ലരീതിയില്‍ ജീവിക്കാനായി ഉണ്ടാക്കിയ ഒരു ഇന്‍ഫ്രാസ്ട്രക്ചര്‍ ആണ് മതമെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. എന്നാല്‍ 6000 വര്‍ഷങ്ങള്‍ക്കിപ്പുറമുള്ളവര്‍ക്ക് അത് ഉപയോഗിക്കാനറിയാതെ, പക്വതയില്ലാത്ത തരത്തില്‍ ദുരുപയോഗംചെയ്യുകയാണ്. മതങ്ങളുടെ തമ്മില്‍ത്തല്ലും രാജഭരണത്തിലെ പ്രശ്നങ്ങളും തെറ്റുകളുമൊക്കെ തിരുത്തുന്നതിനാണ് ഇവിടെ ജനാധിപത്യം ഉണ്ടായിട്ടുള്ളത്. പക്ഷേ, എഴുതിവച്ച ജനാധിപത്യമാണോ നടക്കുന്നത്? പല രാഷ്ട്രീയ പാര്‍ടികളുടെയും പ്രത്യയശാസ്ത്രങ്ങള്‍ വായിച്ചാല്‍ നമുക്ക് ശരിക്കും രോമാഞ്ചം വരും. ആ പ്രത്യയശാസ്ത്രം അറിയാവുന്ന എത്ര രാഷ്ട്രീയക്കാരുണ്ട്? അതൊക്കെ സമൂഹത്തിനെ പഠിപ്പിക്കാന്‍ കഴിഞ്ഞാല്‍ത്തന്നെ പരിഹരിക്കാന്‍ കഴിയും ഒരുപാട് പ്രശ്നങ്ങള്‍. ഇതൊക്കെയാണ് ഞാന്‍ ചിന്തിക്കുന്ന കാര്യങ്ങള്‍. മനുഷ്യനന്മക്കായി എത്ര ആഴവും അര്‍ഥവുമുള്ള ചിന്തകളും പ്രത്യയശാസ്ത്രങ്ങളുമൊക്കെയാണ് നമുക്കുള്ളത്. പക്ഷേ അതൊന്നും നേരാംവണ്ണം ഉപയോഗിക്കാതെ, സ്വയം മനസ്സിലാക്കാതെ തീരുകയാണ് ചിലര്‍.
? സിനിമയില്‍ എത്താനും നിലനില്‍ക്കാനും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടോ.
= ഒരുപാട് അലഞ്ഞിട്ടുണ്ട്. അഞ്ഞൂറുരൂപ ദിവസക്കൂലിക്ക് ആല്‍ബത്തില്‍ അഭിനയിക്കാന്‍ പോയിട്ടുണ്ട്. വീട്ടിലെ ദാരിദ്യ്രം കൊണ്ടല്ലാതെ തന്നെ ദാരിദ്യ്രം ഉണ്ടായിട്ടുണ്ട്. സ്വന്തം ഇഷ്ടത്തിന് ജോലി റിസൈന്‍ ചെയ്തുവന്ന ആളാണ്. അതുകൊണ്ടുതന്നെ എനിക്ക് വീട്ടുകാരോടുപോയി ചോദിക്കാന്‍ പറ്റില്ല. നാനാപടേക്കര്‍ ഈയിടെ കണ്ടപ്പോള്‍ എന്നോടുപറഞ്ഞു 'നല്ല നടനാവുക, അതിനേക്കാളുപരി നല്ല മനുഷ്യനാവുക. ഒരിക്കലും നിലപാടുകളില്‍ നിന്ന് മാറ്റം വരാതിരിക്കട്ടെ. നീ നിന്റെ നിലപാടുകളില്‍ നില്‍ക്കുക. പലരും നിന്നെ കുറ്റം പറയുകയും തള്ളിപ്പറയുകയുമൊക്കെ ചെയ്യും. പക്ഷേ, നിന്റെ നിലപാട് സത്യമാണെങ്കില്‍ നീയാണ് ജയിക്കാന്‍ പോകുന്നത്' എന്ന്. അതെനിക്ക് വലിയ വെളിച്ചം തന്ന വാക്കുകളാണ്. അതുപോലെ അത്യാവശ്യം വിവരമുള്ള എല്ലാവരും അങ്ങനെയാണ് പറഞ്ഞിട്ടുള്ളത്. ഗപ്പി ഇറങ്ങിയപ്പോള്‍ കുറ്റം പറഞ്ഞു. ഗോദ ഇറങ്ങിയപ്പോള്‍ വന്‍ വിജയമായി. അതാണ് സിനിമ. സിനിമയ്ക്ക് അങ്ങനെ ഒരു വല്ലാത്ത പവര്‍ ഉണ്ട്.

? ആദ്യ സിനിമയായ 'പ്രഭുവിന്റെ മക്കളി'ല്‍ കുറച്ചു സീനുകളിലാണ് ടൊവീനോയുടെ തുടക്കം. ഇപ്പോള്‍ ഫ്ളക്സ് ബോര്‍ഡുകള്‍ ഉള്‍പ്പെടെ ടൊവീനോ നായകനായി നിറഞ്ഞുനില്‍ക്കുന്നു. എന്തു തോന്നുന്നു തിരിഞ്ഞു നോക്കുമ്പോള്‍.
= 'പ്രഭുവിന്റെ മക്കള്‍'എന്ന സിനിമയിലാണ് ആദ്യമായി ഞാനഭിനയിച്ചത്. അതില്‍ കുറച്ച് സീനുകളേ ഉണ്ടായിരുന്നുള്ളൂ. പലരും തങ്ങളുടെ ആദ്യ സിനിമയുടെ പേര് അത് വിജയിക്കാത്തതിന്റെ പേരില്‍ സ്കിപ്പ് ചെയ്യാറുണ്ട്. പക്ഷേ, ഞാന്‍ എല്ലായ്പ്പോഴും ആ സിനിമയെ ഓര്‍ക്കുകയും പറയുകയും ചെയ്യാറുണ്ട്. നമ്മള്‍ ചെയ്യുന്ന എല്ലാ സിനിമകളും വിജയമാകണമെന്നില്ല, ആളുകള്‍ക്ക് ഇഷ്ടപ്പെടണമെന്നുമില്ല. വലിയ പരാജയങ്ങളും വിജയങ്ങളും നമുക്ക് ഒരുതരം നിര്‍വികാരതയാണ് തരുന്നത്. എല്ലാത്തിന്റെയും കൂടെ ഉത്തരവാദിത്തങ്ങളുടെ ബാഗേജുമുണ്ട്. എന്തെങ്കിലും നമ്മള്‍ നേടുമ്പോള്‍ എന്തെങ്കിലും നമ്മള്‍ നഷ്ടപ്പെടുത്തുന്നുമുണ്ട്. വിജയങ്ങളും പരാജയങ്ങളും ഹാന്‍ഡില്‍ ചെയ്യാനുള്ള പക്വത ഞാനിപ്പോള്‍ നേടിയിട്ടുണ്ട്. എന്നു നിന്റെ മൊയ്തീന്‍ ചെയ്യുന്നതിന് മൂന്ന് വര്‍ഷം മുമ്പ് ഞാന്‍ സിനിമയിലുണ്ടായിരുന്നു. പക്ഷേ, ആ മൂന്ന് വര്‍ഷം ചുറ്റുമുള്ളവര്‍ എന്നെ കണ്ടിട്ടില്ല. പലരും വിചാരിച്ചത് മൊയ്തീന്‍ ആണ് എന്റെ ആദ്യത്തെ പടമെന്നാണ്. വളരെ ഈസിയായി സക്സസ് കിട്ടിയിട്ടുള്ള ഒരാളാണെന്നാണ് പലരും വിചാരിച്ചിട്ടുള്ളത്. എനിക്കെന്റേതായിട്ടുള്ള തടസ്സങ്ങള്‍ ഉണ്ടായിട്ടുണ്ട്. പണ്ടത്തെ ആളുകള്‍ കോടമ്പാക്കത്തുപോയി പൈപ്പുവെള്ളം കുടിച്ചിട്ടുണ്ട് എന്ന് പറയുന്നതുപോലെ ആ മൂന്നുകൊല്ലം ഒരു വരുമാനവുമില്ലാതെ ഞാനും കഷ്ടപ്പെട്ടിട്ടുണ്ട്.
? സിനിമയിലെ തിരക്കിനിടയില്‍ പ്രശ്നങ്ങളെയൊക്കെ എങ്ങനെയാണ് നേരിടുന്നത്.
= സാധാരണ എല്ലാവരെയും പോലെ നന്നായി സങ്കടം വന്നാല്‍ കരയും. സന്തോഷം വന്നാല്‍ ചിരിക്കും. ടെന്‍ഷനടിക്കും. ഞാനൊരിക്കലും എന്‍ലൈറ്റ്മെന്റ് ലഭിച്ച ഒരാളല്ല. കിട്ടിയിരുന്നെങ്കില്‍ നന്നായിരുന്നു. ഓഷോയുടെ പുസ്തകങ്ങളൊക്കെ ഇഷ്ടമാണ്. സെന്‍സിബിള്‍ ആണെങ്കില്‍പ്പോലും അതാണ് അള്‍ട്ടിമേറ്റെന്ന് ഒരിക്കലും ഞാന്‍ പറയില്ല. നമുക്കും വ്യക്തമായ ഫിലോസഫി ഉണ്ട്. എന്തെങ്കിലും തോട്ട് പ്രൊസസില്‍ കൂടി ഞാന്‍ കടന്നുപോയി ഉത്തരംകിട്ടുമ്പോള്‍ ഇങ്ങനെയാരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് ഞാന്‍ ആലോചിക്കാറുണ്ട്. ഇതെന്റെ ഫിലോസഫിയാണെന്ന് ചിന്തിക്കാറുണ്ട്. അങ്ങനെ ഒരുപാട് ഫിലോസഫിയുണ്ട്. എന്റേതായ പ്രിന്‍സിപ്പിള്‍സ് ഉണ്ട്. അതനുസരിച്ചാണ് ഞാന്‍ ജീവിക്കുന്നത്. എല്ലാവര്‍ക്കും അവരുടേതായ ഫിലോസഫിയിലൂടെയേ മുന്നോട്ടുപോകാന്‍ കഴിയൂ. എത്ര വലിയ മാസ്റ്റേഴ്സ് ആയാലും നമ്മെ സ്വാധീനിക്കും എന്നല്ലാതെ നമുക്ക് അവരുടെ വഴിയിലൂടെ സഞ്ചരിക്കാന്‍ കഴിയില്ല. അവരുടെ ചിന്തയാണ് അവരെ നയിക്കുന്നത്. നമ്മെ നയിക്കുന്നത് നമ്മുടെ ചിന്തയും. സ്വാധീനിക്കാന്‍ കഴിയും അല്ലാതെ പൂര്‍ണമായും മറ്റുള്ളവരുടെ ഫിലോസഫിയില്‍ ആര്‍ക്കും ജീവിക്കാന്‍ കഴിയില്ല. എനിക്ക് സെന്‍സിബിള്‍ അല്ലെന്ന് തോന്നുന്ന ഒരു കാര്യത്തെക്കുറിച്ചും പിന്നെ ഞാന്‍ ചിന്തിക്കുക കൂടിയില്ല. ശരിയാണെന്ന് തോന്നിയാല്‍ അത് ജീവിതത്തില്‍ ഇംപ്ളിമെന്റ് ചെയ്യും. തെറ്റാണെങ്കില്‍ തള്ളും.
? കുടുംബം.
= ഇരിഞ്ഞാലക്കുടയിലാണ് വീട്. അച്ഛന്‍: ഇ ടി തോമസ്, അമ്മ: ഷീലാ തോമസ് ഭാര്യ ലിഡിയ. മകള്‍: ഇസ .
(ദേശാഭിമാനി വാരികയില്‍ നിന്ന് )









0 comments