' ധീരന്‍ അധികാരം ഒന്ന്'; പൊലീസ് വേഷത്തില്‍ കാര്‍ത്തി എത്തുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 15, 2017, 04:15 PM | 0 min read

വന്‍ വിജയം നേടിയ 'സിറുത്തൈ'യ്ക്കു ശേഷം കാര്‍ത്തി പൊലീസ് വേഷമണിയുന്ന ചിത്രമാണ് 'ധീരന്‍ അധികാരം ഒന്ന്'. 'ചതുരംഗ വേട്ടൈ' യിലൂടെ ശ്രദ്ധേയനായ എച്ച്. വിനോദ് രചനയും സംവിധാനവും നിര്‍വഹിച്ചിരിയ്‌ക്കുന്ന ധീരനില്‍ തിരുമാരന്‍ എന്ന പൊലീസ് ഡിവൈഎസ്‌പി കഥാപാത്രത്തെയാണ് കാര്‍ത്തി അവതരിപ്പിക്കുന്നത്. കോളിളക്കം സൃഷ്ടിച്ച ഒരു സംഭവത്തിന്റെ ചലച്ചിത്രാവിഷ്‌ക്കാരമാണ് സിനിമ എന്നത് ചിത്രത്തിന്റെ സവിശേഷതയാണ്.


ഈ സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കി ഷൂട്ടിംഗ് ലൊക്കേഷനുകള്‍ നിശ്ചയിച്ചതിനു ശേഷം കാര്‍ത്തിയോട് ഷൂട്ടിംഗ് വേളയില്‍ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളെ കുറിച്ചു പറഞ്ഞപ്പോള്‍ എന്തിനും ഒരുക്കമാണെന്നും എല്ലാം നന്നായി വരണമെന്നുമായിരുന്നു അദ്ദേഹം മറുപടി നല്‍കിയതെന്ന്‌ സംവിധായകന്‍ വിനോദ് പറഞ്ഞു. നാല്‍പ്പത്തിയഞ്ചു ദിവസം പൊരിവെയിലില്‍ ഇടവിടാതെയുള്ള ഷൂട്ടിംഗിനിടെ വെയില്‍ താങ്ങാനാവാതെ സെറ്റില്‍ പലരും ബോധം കെട്ട് വീണു. എന്നാല്‍ കാര്‍ത്തി വളരെ ലാഘവത്തോടെ തിരുമരനായി അഭിനയിയ്ക്കുകയായിരുന്നു. കഥാപാത്രത്തിനു വേണ്ടി ശാരീരികവും മാനസികവുമായി സജ്ജമായ ശേഷമാണ് കാര്‍ത്തി അഭിനയിക്കാന്‍ എത്തിയത്. അദ്ദേഹത്തിന്റെ അര്‍പ്പണബോധത്തെ പ്രശംസിച്ചാല്‍ മാത്രം പോരാ നമിച്ചേ മതിയാവുവെന്നും സംവിധായകന്‍ പറഞ്ഞു.

 
രാഹുല്‍ പ്രീതി സിങ്ങാണ് കാര്‍ത്തിയുടെ നായിക. ചിത്രത്തില്‍  തമിഴിലെ പ്രഗത്ഭരെ കൂടാതെ ഹിന്ദി, ഭോജ്പുരി ഭാഷയില്‍ നിന്നുള്ള നടീനടന്മാരുമുണ്ട്. സത്യന്‍ സൂര്യയുടെ ഛായാഗ്രഹണമാണ് ചിത്രത്തിന്റേ മറ്റൊരു പ്രത്യേകത. സംഗീത സംവിധാനം ജിബ്രാന്‍. ദുരൂഹതകളും ഉദ്വേഗതയും നിറഞ്ഞ റിയാലിറ്റിയോടു കൂടിയ ഒരു ആക്ഷന്‍ എന്റര്‍ടെയിനറായിരിക്കും 'ധീരന്‍ അധികാരം ഒന്ന്.' എന്നും വിനോദ് പറഞ്ഞു. ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ്.ആര്‍.പ്രഭു,എസ്. ആര്‍. പ്രകാഷ്ബാബു എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.







 



deshabhimani section

Related News

View More
0 comments
Sort by

Home