വാക്കുകൾ തന്ന സ്‌നേഹം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 30, 2024, 09:13 PM | 0 min read

മലയാളി മൂളുന്ന പല പാട്ടുകൾക്കും അക്ഷരം ഒരുക്കിയത്‌ അജീഷ്‌ ദാസനാണ്‌. പൂമരത്തിലെ ‘കടവത്തൊരു തോണി’യിൽ തുടങ്ങി ധ്യാൻ ശ്രീനിവാസന്റെ തിയറ്ററിലെത്താൻ ഒരുങ്ങുന്ന  ‘ഐഡി: ദി ഫേക്കി’ൽ എത്തി നിൽക്കുന്ന സിനിമാ ജീവിതം. കവിയായി ജീവിക്കണമെന്നാഗ്രഹിച്ച ഒരാൾ. നെരുദയുടെയും ചുള്ളിക്കാടിന്റെയുമെല്ലാം ആരാധകൻ. സിനിമാ പാട്ടെഴുത്തിൽ സൃഷ്ടിച്ച പുതിയ വാക്കുകൾ, പുതിയ കാല പാട്ട്‌ രീതികളോട്‌ നടത്തുന്ന അതിജീവന ശ്രമങ്ങൾ, പാട്ടെഴുത്തിന്റെ വഴിയാത്രയെക്കുറിച്ച്‌ അജീഷ്‌ ദാസൻ സംസാരിക്കുന്നു.

പാട്ട്‌ സങ്കൽപ്പം

വയലാർ, ഭാസ്‌കരൻ മാഷ്‌ തുടങ്ങിയവരുടെ പാട്ടുകൾ, അതാണ്‌ എന്നെ ത്രസിപ്പിക്കുന്ന പാട്ട്‌ സങ്കൽപ്പം. അത്‌ പിൻതുടരാനാണ്‌ ശ്രമിക്കുന്നത്‌.  അവർ എഴുതിയ പാട്ടുകളിലൂടെയാണ്‌ ഭാഷ നിലനിൽക്കുന്നത്‌. അതിനെ കൊതിച്ച്‌ അതിനു പുറകേ പോകുകയാണ്‌. പാട്ട്‌ എഴുതുമ്പോൾ അതിൽ കുറച്ച്‌ കവിതയുണ്ടാകണം. അവരോടുള്ള ഇഷ്ടം കൂടിയാണ്‌ എന്നെ ഞാനാക്കിയത്‌.  ബാലചന്ദ്രൻ ചുള്ളിക്കാട്‌, നെരുദ, വിനയചന്ദ്രൻ, സച്ചിദാനന്ദൻ തുടങ്ങിവരെയൊക്കെ വായിച്ച്‌ കവിയാകണം എന്ന്‌ വിചാരിച്ചാണ്‌ വളർന്നത്‌. മലയാള സിനിമ കുറേ മാറി, പാട്ടുകളും മാറി. എല്ലാ കാലത്തും ഈ മാറ്റം ഉണ്ടായിട്ടുണ്ട്‌. ജീവിതനൗകയിലെ പാട്ടുകൾ അല്ലല്ലോ ചെമ്മീനിലുള്ളത്‌. വിനായക്‌ ശശികുമാർ എഴുതുന്ന പാട്ടുകളല്ലല്ലോ ബിച്ചു തിരുമല എഴൂതുന്നത്‌. എപ്പോഴും ഒരുപാട്‌ പേർ വരണം. പാട്ടുകൾ നമ്മുടെ സംസ്‌കാരം ഉയർത്തുകയാണ്‌ ചെയ്യുന്നത്‌. അത്‌ സംസ്‌കാരത്തിൽ വഹിക്കുന്നത്‌ ചെറിയ പങ്കല്ല.

ലോക സംസ്‌കാരം

കുമാരനാശാൻ അക്ഷരാഭ്യാസമില്ലാത്തവർക്കിടയിലാണ്‌ സംസ്‌കൃതവും മലയാളവും ചേർത്ത്‌ എഴുതിയിരുന്നത്‌. ഇന്ന്‌ 100ശതമാനം സാക്ഷരത എന്ന്‌ നമ്മൾ അഭിമാനിക്കുന്ന ഇടത്താണ്‌ എഴുതുന്നത്‌. കുമാരനാശാൻ എഴുതിയത്‌ മുഴുവൻ നമുക്ക്‌ ഇന്ന്‌ മനസ്സിലാക്കാൻ കഴിയുമോ? പണ്ട്‌ ഒരു പാട്ടുകാരൻ ശബ്ദതാരാവലി കൈയിൽ കൊണ്ട്‌ നടക്കുമെന്ന്‌ ഞാൻ കേട്ടിട്ടുണ്ട്‌. അയാളുടെ പാണ്ഡിത്യം കുറവായതിനാലായിരിക്കും. ഇന്ന്‌ പാട്ടുണ്ടാക്കുന്നവർ കവിത വായിച്ചിട്ടുണ്ടാകില്ല. സംഗീത സംവിധായകർ ബംഗളൂരു, ചെന്നൈ എന്നിവടങ്ങളിൽ ഇരുന്നാണ്‌ പാട്ടുണ്ടാക്കുന്നത്‌. അവർ ‘സരിഗമ’ പഠിച്ചിട്ടുണ്ടാകില്ല. മലയാള സാഹിത്യം അറിയില്ല. അവർക്ക്‌ തോന്നുന്ന പോലെ എഴുതുകയാണ്‌.  ജനങ്ങൾ അത്‌ സ്വീകരിക്കുന്നുണ്ട്‌. അവർ ഉണ്ടാക്കുന്ന മാജിക്ക്‌ ജനങ്ങൾ സ്വീകരിക്കുന്നു. സുഷിൻ സംഗീതം നോക്കൂ. അവർ വേറൊരു ‘ബൂം’ സൃഷ്ടിക്കുകയാണ്‌. നമ്മുടെ സംഗീതം ലോക സംസ്‌കാരമായി വലുതാക്കുകയാണ്‌. അതിലെ പ്രശ്‌നം എന്നെപ്പോലെയുള്ള വൈലോപ്പിള്ളി, ചങ്ങമ്പുഴ, ചുള്ളിക്കാട്‌ എന്ന്‌ പറഞ്ഞ്‌ നടക്കുന്ന ആളുകൾക്ക്‌  അവസരം കിട്ടില്ല.

വാക്കുകൾ കിട്ടാത്തത്‌ കൊണ്ടാണ്‌

എല്ലാവരും ചോദിക്കും ഹുക്ക്‌ ചെയ്യുന്ന വരികൾ, വാക്കുകൾ വേണമെന്ന്‌. അത്‌ സ്വാഭാവികമായി വരുന്നതാണ്‌. ജോസഫിലെ ‘പൂമുത്തോളെ’ എന്ന വാക്ക്‌ മാറ്റാനായി കുറേ ആലോചിച്ചതാണ്‌. ഇതിനായി എറണാകുളത്ത്‌ മുറി എടുത്ത്‌ ഇരുന്നിട്ടുണ്ട്‌. നിലനിൽപ്പിനായാണ്‌ ‘വിരഹജനാലകൾ’ പോലെയുള്ളവ എഴുതുന്നത്‌. ഇനി വരാനിരിക്കുന്ന പാട്ടിൽ ‘വിഷാദ നീല ജലം’ എന്ന വാക്കുണ്ട്‌. മഴയെക്കുറിച്ചാണിത്‌.  വാക്കുകൾ അറിയാത്തതിനാലാണ്‌ പുതിയത്‌ സൃഷ്ടിക്കേണ്ടി വരുന്നത്‌. ചുള്ളിക്കാടിന്റെ കവിതകൾ,  നെരുദയെ ഒക്കെ ഒരുപാട്‌ വായിക്കും. അവരുടെ പദപ്രയോഗങ്ങൾ വിസ്‌മയമാണ്‌. അവരുടെ ആരാധകനായാൽ മതി കുറേ പാട്ടുകൾ എഴുതാം. ടാഗോറിന്റെ കവിതകളും അതുപോലെയാണ്‌.

എഴുതുന്നവർക്ക്‌ വിലയില്ല

വയലയാർ, ഭാസ്‌കരൻ മാഷ്‌ തുടങ്ങിയവർ പാട്ടൊരുക്കേണ്ടത്‌ ആരാണെന്ന്‌ തീരുമാനിക്കുമായിരുന്നു. ആ കാലം മാറി. സംഗീത സംവിധായകനാണ്‌ പാട്ട്‌ എഴുതുന്ന ആളെ തീരുമാനിക്കുന്നത്‌. ഇപ്പോൾ 2–-3 ആളുകൾക്ക്‌ ഒരേസമയം വരി എഴുതാൻ ട്യൂൺ കൊടുക്കും. എന്നിട്ട്‌ അതിൽ നിന്ന്‌ നല്ലത്‌ എടുക്കും. വീട്ടിൽ പറമ്പ്‌ കിളക്കാൻ വരുന്നവർക്ക്‌ വൈകുന്നേരമാകുമ്പോൾ കൂലി കൊടുക്കണ്ടേ? കിളക്കുന്നത്‌ ശരിയാണോയെന്ന്‌ നോക്കാൻ കിളപ്പിച്ചതാണെന്ന്‌ പറയാൻ പറ്റുമോ? തന്ത്രങ്ങളാണ്‌. പലപ്പോഴും പൈസ കിട്ടാറില്ല. പാട്ടെഴുതുന്നവർക്ക്‌ യാതൊരു വിലയുമില്ല. പാട്ട്‌ എഴുതുന്നവർക്ക്‌ ഐഡന്റിറ്റി ഇല്ല. ട്യൂൺ അനുസരിച്ച്‌ വരി കിട്ടിയാൽ മതി. എഴുതുന്നവരെ ആരും അറിയില്ല. അറിയണമെന്നില്ല. അക്ഷരങ്ങൾക്ക്‌ വിലയില്ലാതായി. ഭാഷയയ്‌ക്കും മലയാളത്തിനും വിലയില്ലാതായി.

എഴുതിയേ പറ്റു

പാട്ട്‌ എഴുതാൻ വൈകുന്നേരം തന്നാൽ പിറ്റേ ദിവസം രാവിലെ തന്നെ  എഴുതി തീർന്നോ എന്ന്‌ ചോദിച്ച്‌ വിളിക്കാൻ തുടങ്ങും. ട്യൂൺ ഒരുക്കാൻ എത്രയോ ദിവസങ്ങൾ എടുത്തിട്ടുണ്ടാകും. പക്ഷേ, പാട്ട്‌ എഴുതാൻ സമയം തരുന്നില്ല. തിടുക്കമാണ്‌. ഇങ്ങനെ വരുന്ന വിളികൾ അമ്പരപ്പിച്ചിട്ടുണ്ട്‌. പൂമരത്തിലെ പാട്ട്‌ എഴുതാൻ ഒരു വർഷത്തോളം സമയം കിട്ടി. ഒരു രാത്രി കൊണ്ട്‌ പാട്ട്‌ എഴുതണം. എന്ത്‌ ചെയ്യാൻ പറ്റും? മനുഷ്യൻ തോറ്റു പോകുമെന്ന്‌ തോന്നുമ്പോൾ നീന്തി കയറില്ലേ. അങ്ങനെ ജീവിതത്തിന്റെ നദികൾ നിലനിൽക്കാൻ വേണ്ടി നീന്തി കയറുകയാണ്‌. ഞാനൊരു വർക്ക്‌ഷോപ്പ്‌ പണിക്കാരന്റെ മകനാണ്‌. ഞാനും വർക്ക്‌ഷോപ്പിൽ പണിക്ക്‌ പോയിട്ടുണ്ട്‌.   അവിടെ പണിക്ക്‌ കൊള്ളില്ലെന്ന്‌ കാണിച്ച്‌ പറഞ്ഞ്‌ വിട്ടിട്ടുണ്ട്‌. എഴുതാനിരിക്കുമ്പോൾ ഇതെല്ലാം ഓർമ വരും. കഷ്ടപ്പെട്ട ദിനങ്ങൾ മനസ്സിൽ വരും. എഴുതിയല്ലേ മുന്നോട്ട്‌ പോകാൻ പറ്റുവെന്ന്‌ തോന്നും.

കവിത, പാട്ട്‌

സത്യത്തിൽ സിനിമയിൽ പാട്ട്‌ എഴുതുന്നത്‌ കവിത എഴുതാൻ തടസ്സമല്ല. പക്ഷേ, സിനിമാ പാട്ട്‌ ഉണ്ടാക്കുന്ന തിരക്കുകൾക്കിടയിൽ കവിത എഴുതുക വെല്ലുവിളിയാണ്‌. സിനിമാ പാട്ട്‌ ഹിറ്റാകാൻ വേണ്ടിയാണ്‌ എഴുതുന്നത്‌. അതിനായി പണിയെടുക്കണം. അതേസമയം കവിതയിൽ ഹിറ്റില്ല. സിനിമയിൽ ഹിറ്റുണ്ടായാലേ അടുത്തത്‌ കിട്ടൂ. ഇല്ലെങ്കിൽ ഫീൽഡ്‌ ഔട്ടാകും. ജീവിതത്തിൽ ഒരു കവിയും ഫീൽഡ്‌ ഔട്ടാകില്ല. സിനിമാ പാട്ട്‌ വെള്ളത്തിൽ എഴുതിയ പോലെയും കവിത പാറയിൽ എഴുതിയതു പോലെയുമാണ്‌.

വലിയ സമ്പാദ്യം

ആളുകൾ നൽകുന്ന സ്‌നേഹവും സിനിമ തന്നതാണ്‌. ആളുകൾ സ്‌നേഹിക്കുന്നത്‌ വാക്കുകളുടെ പേരിലാണ്‌. ഒരുപാട്‌ സങ്കടങ്ങളിൽ ജീവിച്ച ഒരാളാണ്‌. 6000 രൂപയ്‌ക്ക്‌ കൊച്ചിയിൽ ജോലി ചെയ്യുന്ന കാലത്താണ്‌ പൂമരത്തിനായി പാട്ട്‌ എഴുതുന്നത്‌. 3000 രൂപ താമസത്തിനായി കൊടുക്കണം.  ‘കടവത്തൊരു തോണി’ പാട്ട്‌ എഴുതിയശേഷം സംവിധായകൻ എബ്രിഡ്‌ ഷൈൻ 50,000 രൂപയാണ്‌ തന്നത്‌.  അന്ന്‌ ഫ്ലാറ്റിലേക്ക്‌ വിളിച്ചു. അവിടെ ഓഡിഷൻ നടക്കുകയാണ്‌. ഒരുപാട്‌ വലിയ ആളുകളുണ്ട്‌. ഒരു ഒറ്റമുണ്ട്‌ ഉടുത്താണ്‌ പോയത്‌. അവിടെ നിന്ന്‌ ഇറങ്ങാൻ നേരമാണ്‌ അദ്ദേഹം വന്ന്‌ പൈസ തരുന്നത്‌. അന്ന്‌ ഭാര്യയുടെ ഏറ്റവും വലിയ ആഗ്രഹം ഒരു പിസ കഴിക്കണമെന്നതായിരുന്നു. അന്ന്‌ ആ രാത്രി തൃപ്പൂണിത്തുറയിൽ ഇറങ്ങി ഒരു ഓട്ടോ പിടിച്ച്‌ ഒരു പിസ വാങ്ങി ഭാര്യക്ക്‌ കൊണ്ട്‌ കൊടുത്തു. അതാണ്‌ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം.



deshabhimani section

Related News

View More
0 comments
Sort by

Home