'മാർക്കോ'യിലൂടെ ഓവർസീസ് ഡിസ്ട്രിബ്യൂഷനിലേക്കും കടക്കാനൊരുങ്ങി ക്യൂബ്സ് ഇന്‍റർനാഷണൽ ഗ്രൂപ്പ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 28, 2024, 11:57 AM | 0 min read

കൊച്ചി > എല്ലാം കൊണ്ടും മലയാളത്തിന് പുതുമയാർന്നൊരു ദൃശ്യവിസ്മയമായി തിയേറ്ററുകളിൽ എത്താനൊരുങ്ങുകയാണ് 'മാർക്കോ'. ഉണ്ണി മുകുന്ദൻ നായകനാകുന്ന സിനിമയുടെ ടീസർ ഇതിനകം 4.3 മില്യൺ കാഴ്ചക്കാരെയാണ് യൂട്യൂബിൽ ടീസർ സ്വന്തമാക്കിയിരിക്കുന്നത്. 'മാർക്കോ' ടീസർ ഇറങ്ങിയതിന് പിന്നാലെ സിനിമയുടെ പ്രൊഡക്ഷൻ കമ്പനിയായ ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സും സോഷ്യൽമീഡിയയുടെ ശ്രദ്ധാകേന്ദ്രമാണ്. നിർമ്മിക്കുന്ന ആദ്യ സിനിമ തന്നെ വിതരണത്തിനെത്തിക്കുന്ന മലയാളത്തിലെ ആദ്യത്തെ നി‍ർമ്മാണ കമ്പനിയായതിന് പിന്നാലെ 'മാർക്കോ'യുടെ ഓവർസീസ് ഡിസ്ട്രിബ്യൂഷനും ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് ഏറ്റെടുത്തിരിക്കുകയാണ്. യുഎഇയിലെ മികച്ച ഡിസ്ട്രിബ്യൂഷൻ കമ്പനിയായ ഫാര്‍സ് ഫിലിംസുമായി ചേർന്നാണ് ഓവർസീസ് ഡിസ്ട്രിബ്യൂഷനൊരുങ്ങുന്നത്.

സിനിമാ ലോകത്തേക്കുള്ള അരങ്ങേറ്റ ചിത്രം തന്നെ വേറിട്ടൊരു മാസ്സീവ്-വയലൻസ് സിനിമയൊരുക്കിക്കൊണ്ടാണ് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ അമരക്കാരനും 'മാർക്കോ'യുടെ നിർമ്മാതാവുമായ ഷെരീഫ് മുഹമ്മദ് സിനിമാലോകത്തേക്ക് ചുവടുവയ്ക്കുന്നത്. ഓവർസീസ് ഫിലിം ഡിസ്ട്രിബ്യൂഷനുവേണ്ടി യുഎഇയിൽ ക്യൂബ്സ് മോഷൻ പിക്ചേഴ്സ് ഡിസ്ട്രിബ്യൂഷൻ കോ. എൽ.എൽ.സി എന്ന പുതിയ സംരംഭം ആരംഭിച്ചിരിക്കുകയാണ് ഇപ്പോൾ ക്യൂബ്സ് ഇന്‍റർനാഷണൽ ഗ്രൂപ്പ്. ഗള്‍ഫ് മേഖലകളിലെ ബോളിവുഡ്, തെന്നിന്ത്യന്‍ സിനിമകളെ നിയന്ത്രിക്കുന്ന ഫാര്‍സ് ഫിലിം ആന്‍ഡ് സ്റ്റാര്‍ സിനിമാസ് ചെയര്‍മാന്‍ അഹമ്മദ് ഗോല്‍ചിനാണ് ക്യൂബ്സ് മോഷൻ പിക്ചേഴ്സ് ലോഗോ പുറത്തിറക്കിയത്. ഇതിലൂടെ വിദേശ ചലച്ചിത്ര വിതരണ ലോകത്തേക്കും പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുവാൻ പദ്ധതിയിടുകയാണ് ക്യൂബ്സ് ഇന്‍റർനാഷണൽ ഗ്രൂപ്പ്.

ചിത്രം ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്നത്. സിനിമയുടേതായി പുറത്തിറങ്ങിയിരിക്കുന്ന പോസ്റ്ററുകളും മേക്കിങ് വീഡിയോകളുമൊക്കെ സിനിമയ്ക്കായുള്ള ആകാംക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.

മലയാളം ഇതുവരെ കാണാത്ത വയലൻസ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമായി 'മാർക്കോ' 5  ഭാഷകളിലാണ് റിലീസിനായി ഒരുങ്ങുന്നത്. ആക്ഷന് വലിയ പ്രാധാന്യം നല്‍കി സംവിധായകൻ ഹനീഫ് അദേനി ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ‘കെജിഎഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ സംഗീതം പകരുന്ന ആദ്യ മലയാള സിനിമ എന്ന സവിശേഷതയും ചിത്രത്തിനുണ്ട്.

ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം എന്ന ലേബലോടെ എത്തുന്ന ചിത്രം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ആദ്യ നിർമ്മാണ സംരംഭമാണ്. 'മിഖായേൽ' സിനിമയുടെ സ്പിൻഓഫായെത്തുന്ന 'മാർക്കോ'യുടെ നിർമ്മാണത്തിലൂടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസർ എന്ന പദവിയാണ് ഷെരീഫ് ഇതിനോടകം സ്വന്തമാക്കിരിക്കുന്നത്. ചിത്രം ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിലാണ്.

ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സഹ നിർമ്മാതാവ്: അബ്ദുൾ ഗദാഫ്, സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്സ്, ഓഡിയോഗ്രഫി: രാജകൃഷ്ണൻ എം ആർ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും&ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്, പിആർഒ: ആതിര ദിൽജിത്ത്



deshabhimani section

Related News

View More
0 comments
Sort by

Home