കാർത്തി - അരവിന്ദ സാമി ചിത്രം ' മെയ്യഴകൻ ' ട്രെയിലർ എത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 25, 2024, 02:55 AM | 0 min read


ചെന്നൈ : നടൻ കാർത്തിയുടെ 27- മത്തെ സിനിമയായ ' മെയ്യഴകൻ'   സെപ്റ്റംബർ - 27 നു ലോകമെമ്പാടും റിലീസ് ചെയ്യും. കാർത്തിക്കൊപ്പം അരവിന്ദസാമി മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ശ്രിദിവ്യയാണ് നായിക. '96 ' എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ സി .പ്രേംകുമാറാണ്  സംവിധായകൻ. ഫസ്റ്റ് ലുക്ക് , സെക്കൻഡ് ലുക്ക് പോസ്റ്ററുകളും ടീസറും  അണിയറക്കാർ അടുത്തിടെ പുറത്തിറക്കിയത് സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ ഇപ്പോഴിതാ ട്രെയിലറിനും വലിയ സ്വീകരണം ലഭിച്ചിരിക്കുകയാണ് . ഏറെ വൈകാരികതകൾ നിറഞ്ഞ പ്രമേയമാണെന്ന് വ്യക്തമാകുന്നതാണ് ട്രെയ്ലർ.

' 96 ' കഴിഞ്ഞ് ആറു വർഷത്തിന് ശേഷമാണ് പ്രേംകുമാർ മെയ്യഴകൻ ചെയ്യുന്നത്. ഇത്രയും കാലം ഇതിൻ്റെ തിരക്കഥ രാകി മിനുക്കയായിയുന്നു. എന്തിനാണ് ഈ സമയത്ത് ഇങ്ങനെ ഒരു സിനിമ എന്ന ചോദ്യത്തിന് , ''അടുത്ത കാലത്തായി  സോഷ്യൽ മീഡിയകളിലായാലും നമുക്കു ചുറ്റുമായാലും വെറുപ്പ് എന്ന ചിന്താഗതി വർദ്ധിച്ചു വരികയാണ്. സ്‌നേഹം കൊണ്ടു മാത്രമേ ഇതിനെ മാറ്റാനാവൂ. ഈ സിനിമ അതിനെ കുറിച്ചാണ് പറയുന്നത്. അത് എങ്ങനെ എന്നത് ചിത്രം കാണുമ്പോൾ ബോധ്യമാവും " സംവിധായകൻ പ്രേം കുമാർ പറഞ്ഞു.




മെയ്യഴകനെ കുറിച്ച് കാർത്തി...
"എല്ലാവർക്കും ഇഷ്ടപ്പെട്ട സിനിമയായിരുന്നു ' 96 '. ആ സിനിമയുടെ കഥ,തിരക്കഥ, സംഭാഷണങ്ങൾ എന്നിങ്ങനെ എല്ലാം വളരെ ശ്രദ്ധിച്ച്  എടുത്തിട്ടുണ്ടായിരുന്നു. വലിയൊരു ഹിറ്റ് നൽകിയ ആളെ ഇൻഡസ്ട്രി വെറുതെ വെക്കില്ല. പിറകെ ഓടി അടുത്ത പടം ചെയ്യിക്കും. എന്നാൽ അവസരങ്ങൾ തേടി വന്നിട്ടും പ്രേം കുമാർ ഉടനെ ഒരു സിനിമ ചെയ്തില്ല. പ്രശസ്തിക്ക് പിറകേ ഓടുന്ന ആളല്ല അദ്ദേഹം എന്ന് ഇതിൽ നിന്നു തന്നെ മനസിലാക്കാം.  അദ്ദേഹത്തിൻ്റെ പക്കൽ ഇങ്ങനെ (മെയ്യാഴകൻ) കഥയുണ്ട് എന്നറിഞ്ഞ് ഞാൻ തന്നെ അദ്ദേഹത്തെ സമീപിച്ചതാണ്.

ഈ സ്ക്രിപ്റ്റ് വായിക്കുമ്പോൾ തന്നെ എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി. മിക്കവാറും കോവിഡ് കാലത്താവണം പ്രേം ഈ കഥ എഴുതിയത്. ജീവിതത്തിൽ എല്ലാവർക്കും ഒരു തേടൽ, അന്വേഷണം ഉണ്ടാവും. ഉത്സവ കാലത്ത് എല്ലാവരും ചെന്നൈയിൽ നിന്നും സ്വന്തം നാട്ടിലേക്ക് പോകും. അപ്പോൾ നഗരം തന്നെ ഒഴിഞ്ഞു കിടക്കും. അത്ര മാത്രം എല്ലാവരും സ്വന്തം നാടിനെ സ്നേഹിക്കുന്നു. ഇതിൽ സ്വന്തം നാടു തന്നെയാണ് കേന്ദ്ര കഥാപാത്രം. ' കൈതി ' യിൽ അഭിനയിക്കുമ്പോൾ ആദ്യം മുതൽ അവസാനം വരെ രാത്രിയിലായിരുന്നു ഷൂട്ടിംഗ്. ലോകേഷ് കനകരാജ് ഫൈറ്റ് സീനുകൾ തന്ന് എൻ്റെ നടു ഒടിച്ചു. ആ സിനിമയ്ക്ക് ശേഷം മെയ്യഴകനിലാണ് അധികം ദിവസം രാത്രി ഷൂട്ടിംഗിൽ അഭിനയിച്ചത്. എന്നാൽ ഇതിൽ സ്റ്റണ്ട് സീൻ ഒന്ന് പോലും ഇല്ല എന്നതാണ് പ്രത്യേകത.

ഞാനും അരവിന്ദ സാമിയും അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ പരസ്പരം  സംസാരിക്കവേ, ഇതിലെ രംഗങ്ങളിലെ വികാരങ്ങൾ ഒട്ടും കുറയാതെ അതേ പടി സ്ക്രീനിൽ കൊണ്ടു വന്നാൽ തന്നെ പടത്തിന് വലിയ വിജയം നേടിയെടുക്കാനാവും എന്ന് പറയുമായിരുന്നു. സിനിമ മുഴുവൻ അരവിന്ദസാമിയെ ' അത്താൻ, അത്താൻ ' എന്ന് പറഞ്ഞ് പിറകെ നടന്ന് ടോർച്ചർ ചെയ്യുന്ന കഥാപാത്രമാണ് എൻ്റേത്.  

' 96 ' ലെ കാതലെ കാതലെ എന്ന പാട്ട് ഇന്നും മിക്കവരുടെയും. ഫോണിലെ റിംഗ് ടോണാണ്. അതു പോലെ മെയ്യഴകനിലെ പാട്ടുകളും കേട്ടു കൊണ്ടാണ് മിക്കവരുടെയും യാത്ര. ഈ സിനിമയിൽ കമലഹാസൻ സാർ പാടിയ ഒരു പാട്ട് വലിയ ജനപ്രീതി നേടിക്കഴിഞ്ഞു സിനിമയ്ക്കും വലിയ വാല്യു സൃഷ്ടിച്ചു. അദ്ദേഹത്തിന് പ്രത്യേകം നന്ദി അറിയിക്കുന്നു. ഇളയ രാജയുടെ പ്രണയം ഇല്ലാതെ പ്രേം കുമാർ കഥ എഴുതില്ല. മെയ്യഴകനിലും അത് സംഭവിച്ചിട്ടുണ്ട്. " എന്ന് പറഞ്ഞു.

" ഈ സിനിമയിൽ എന്നെ മനസിൽ വെച്ചു കൊണ്ട് എൻ്റെ കഥാപാത്രത്തെ സൃഷ്ടിച്ച സംവിധായകൻ പ്രേംകുമാറിന് നന്ദി. ഇതു എൻ്റെ തന്നെ ജീവിതത്തിൽ നടന്ന കഥയാണ്. അങ്ങനെ സംഭവിച്ചത് തികച്ചും യാദൃശ്ചികം.എന്നെ വളരെയധികം സ്വാധീനിച്ച , ഇപ്പോഴും ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു വിഷയം... അതിനെ കുറിച്ച് പടം റിലീസായ ശേഷം പറയാം... " അരവിന്ദ സാമി സിനിമയെ കുറിച്ചും തൻ്റെ കഥാപാത്രത്തെ കുറിച്ചും പറഞ്ഞു.

ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.  തമിഴകത്ത് വൻ വിജയം നേടിയ ' വിരുമൻ ' എന്ന ചിത്രത്തിന് ശേഷം 2ഡി എൻ്റർടെയ്ൻമെൻ്റ് കാർത്തിയെ നായകനാക്കി നിർമ്മിക്കുന്ന സിനിമയാണിത്. സൂര്യയും ജ്യോതികയുമാണ് നിർമ്മാതാക്കൾ. രാജശേഖർ കർപ്പൂര സുന്ദര പാണ്ഡ്യനാണ് സഹ നിർമ്മാതാവ്. കാർത്തി ,അരവിന്ദ സാമി,ശ്രിദിവ്യ, എന്നിവർക്കൊപ്പം രാജ് കിരൺ, ജയ പ്രകാശ്, ശരൻ എന്നിവർ ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .പി ആർ ഒ :  സി.കെ. അജയ് കുമാർ



deshabhimani section

Related News

View More
0 comments
Sort by

Home