കാൻ ഫിലിം ഫെസ്റ്റിവലിൽ ചരിത്രം രചിച്ച ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' കേരളത്തിൽ പ്രദർശനമാരംഭിക്കുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 21, 2024, 08:03 AM | 0 min read

കൊച്ചി > പായൽ കപാഡിയയുടെ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' (പ്രഭയായ് നിനച്ചതെല്ലാം)  2024 സെപ്റ്റംബർ 21 മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കുന്നു. ഇതാദ്യമായാണ് ചിത്രം ഇന്ത്യയിലെ തീയേറ്ററുകളിൽ പ്രദർശിപ്പിക്കാനൊരുങ്ങുന്നത്. ഈ വർഷം ആദ്യം നടന്ന 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ചരിത്രം രചിച്ച ഈ ചിത്രം, അവിടെ  ഗ്രാൻഡ് പ്രിക്സ് നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമായി മാറിയിരുന്നു.

റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ ആണ് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യുന്നത്. കേരളത്തിൽ വരുന്ന ആഴ്ചയിൽ റിലീസ് ചെയ്യുന്ന ചിത്രം, തുടർന്ന് ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും പ്രദർശിപ്പിക്കും. ‘പ്രഭയായ് നിനച്ചതെല്ലാം’ എന്നാണ് മലയാളത്തിൽ ചിത്രത്തിന് പേര്‌ നൽകിയിരിക്കുന്നത്‌.

മുംബൈയിൽ ജോലി ചെയ്‌ത്‌ അവരുടെ ജീവിതാഭിലാഷങ്ങൾ സാക്ഷാത്കരിക്കാൻ കേരളത്തിൽ നിന്ന് വരുന്ന രണ്ട് സ്ത്രീകളാണ് ചിത്രത്തിന്റെ ഹൃദയം എന്നും, അതിനാൽ ഈ ചിത്രം തീയേറ്റർ പ്രദർശനം നടത്തുന്ന ആദ്യ സംസ്ഥാനം കേരളമായിരിക്കണം എന്നതാണ്‌ ഏറ്റവും ഉചിതമായ കാര്യമെന്നും സംവിധായിക പായൽ കപാഡിയ പറഞ്ഞു. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും ചിത്രം കാണാൻ കഴിയുമെന്നതിൽ താൻ ആവേശഭരിതയാണെന്നും അവർ കൂട്ടിച്ചേർത്തു.

കേരളത്തിൽ നിന്ന് ആരംഭിച്ച് ഇന്ത്യയിലെ പ്രേക്ഷകർക്ക് മുന്നിലേക്ക് ഈ അവിശ്വസനീയമായ ചിത്രം എത്തിക്കാൻ സാധിച്ചതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്ന് സ്പിരിറ്റ് മീഡിയ ഉടമ റാണ ദഗ്ഗുബതി പറയുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന, ഒന്നിലധികം ഭാഷകൾ സംസാരിക്കുന്ന കഥാപാത്രങ്ങളിലൂടെ ഈ ചിത്രം ഒരു പാൻ ഇന്ത്യൻ അനുഭവമാണ് സമ്മാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ 30 വർഷത്തിനുള്ളിൽ, കാൻ ഫിലിം ഫെസ്റ്റിവലിന്റെ പ്രധാന മത്സരത്തിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമാണിത്. ഈ മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ വനിതാ ചലച്ചിത്ര സംവിധായിക കൂടിയാണ് പായൽ കപാഡിയ. ആൻഡ്രിയ ആർനോൾഡ്, ഫ്രാൻസിസ് ഫോർഡ് കൊപ്പോള, ജിയാ ഷാങ്-കെ, പൌലോ സോറന്റിനോ, സീൻ ബേക്കർ, അലി അബ്ബാസി തുടങ്ങിയ പ്രമുഖ ചലച്ചിത്ര പ്രവർത്തകർക്കൊപ്പം പാം ഡി ഓർ അവാർഡിനായി മത്സരിച്ച 22 ചിത്രങ്ങളിൽ ഒന്നാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'.

കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചതിനു ശേഷം, ടെല്ലുരൈഡ് ഫിലിം ഫെസ്റ്റിവൽ, ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവൽ, സാൻ സെബാസ്റ്റ്യൻ ഫിലിം ഫെസ്റ്റിവൽ എന്നിവയുൾപ്പെടെ നിരവധി മേളകളിൽ പ്രദർശിപ്പിക്കാൻ ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കനി കുസൃതി, ദിവ്യപ്രഭ, ഛായാ കദം, ഹൃദു ഹാറൂൺ, അസീസ് നെടുമങ്ങട് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ  മലയാളം-ഹിന്ദി ചിത്രം നഴ്സ് പ്രഭയുടെ കഥയാണ് പറയുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home