സിനിമകൾ സ്വീകരിക്കപ്പെടുന്നത് പ്രേക്ഷകരുടെകൂടി മികവ്‌- അർഫാസ്‌ അയൂബ്‌ സംസാരിക്കുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 03, 2024, 10:20 PM | 0 min read

ആസിഫ്‌ അലി, അമല പോൾ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ലെവൽ ക്രോസിലൂടെ അർഫാസ് അയൂബ്‌ എന്ന ഒരു സംവിധായകൻകൂടി വരവറിയിച്ചു. ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിർമാണം അഭിഷേക് ഫിലിംസിന്റെ  ബാനറിൽ രമേഷ് പി പിള്ളയാണ്‌. സംഗീത സംവിധായകനായ വിശാൽ ചന്ദ്രശേഖറിന്റെ ആദ്യ ചിത്രം. ഇങ്ങനെ നിരവധി പ്രത്യേകതകളോടെയാണ്‌ ലെവൽ ക്രോസ്‌ പ്രേക്ഷകരിലേക്ക്‌ എത്തിയത്‌. തന്റെ സിനിമാ യാത്രയെക്കുറിച്ച്‌ സംവിധായകൻ അർഫാസ്‌ അയൂബ്‌ സംസാരിക്കുന്നു.

സ്ലോ ബേൺ ത്രില്ലർ

ലെവൽ ക്രോസ്‌ ഒരു സ്ലോ ബേൺ ത്രില്ലറാണ്‌. മൂന്നു കഥാപാത്രങ്ങളാണ്‌. ആസിഫ്‌ അലി, അമല പോൾ എന്നിവരെ കേന്ദ്രീകരിച്ചാണ്‌ സിനിമ. സാമൂഹ്യാവസ്ഥ, സംസ്‌കാരം, സാമ്പത്തികസ്ഥിതി എന്നിങ്ങനെ വ്യത്യസ്ത തലത്തിലുള്ള രണ്ടു പേർ പ്രത്യേക സാഹചര്യത്തിൽ കണ്ടുമുട്ടുന്നു.  അവർക്കിടയിൽ ഉടലെടുക്കുന്ന വൈകാരിക ബന്ധമാണ്‌ ചിത്രം. വ്യത്യസ്തമായ ഒരു പരിശ്രമമാണ്‌. ടുണീഷ്യയിൽ ചിത്രീകരിച്ച ആദ്യ ചിത്രമാണ്‌.

ആസിഫ്‌ അലി

ആസിഫ്‌ ഒരു സുന്ദരനാണെന്ന്‌ എല്ലാവർക്കും അറിയാം. അതുപോലെ അസാധാരണ നടനുമാണ്‌. ഈ സിനിമയിൽ ഇതുവരെ കാണാത്ത ഒരു രൂപമാണ്‌. ആസിഫിന്റെ രഘു എന്ന കഥാപാത്രം ഒറ്റയ്ക്ക്‌ ജീവിക്കുന്ന ആളാണ്‌. അയാളുടെ വേഷമൊക്കെ അതുപോലെയാണ്‌. അതിനനുസരിച്ചാണ്‌ രൂപമാറ്റം കൊണ്ടുവന്നത്‌. എന്നാൽ, നല്ല അഭിനേതാവിനു മാത്രമേ രൂപമാറ്റം സിനിമയിൽ പ്രതിഫലിപ്പിക്കാൻ കഴിയൂ. അല്ലെങ്കിൽ ഫാൻസി ഡ്രസായി മാറും.

അമല പോൾ

തിരക്കഥ എഴുതിയപ്പോൾത്തന്നെ ആദ്യം ആലോചിച്ചത്‌ അമല പോളിനെയാണ്‌. വളരെ  ശക്തമായ കഥാപാത്രമാണത്‌. ‘ബോൾ ആൻഡ്‌ ബ്യൂട്ടിഫുൾ, മോഡേൺ ഗേൾ’. അമല പോൾ തന്നെയായിരുന്നു റഫറൻസ്‌ പോയിന്റ്‌. കഥ കേട്ടപ്പോൾത്തന്നെ സമ്മതിക്കുകയും ചെയ്‌തു.

അർഫാസ്‌ അയൂബ്‌

മലയാള സിനിമ

ഇന്ന്‌ എല്ലാവരും ഉറ്റുനോക്കുന്നത്‌ മലയാള സിനിമയിലേക്കാണ്‌. ചലച്ചിത്രമേളകളിലും ഒടിടിയിലുമെല്ലാം മലയാള സിനിമയ്‌ക്ക്‌ വലിയ സ്വീകാര്യതയാണ്‌. മറ്റു ഭാഷാ ചിത്രങ്ങളേക്കാളും ഒരുപടി മുന്നിലാണ്‌ മലയാള സിനിമ. എല്ലാത്തരം സിനിമകളും തിയറ്ററിൽ സ്വീകരിക്കപ്പെടുന്നുണ്ട്‌. അത്‌ പ്രേക്ഷകരുടെ മികവുകൂടിയാണ്‌. വ്യത്യസ്ത പരീക്ഷണങ്ങൾക്കും ഇടം ലഭിക്കുന്നു. ഏത്‌ ദിശയിലേക്ക്‌ സിനിമ പോകണമെന്ന്‌ തീരുമാനിക്കുന്നതിൽ പ്രേക്ഷകർക്കും പങ്കുണ്ട്‌. മറ്റു ഭാഷകളിൽ ഇത്തരം സിനിമകൾ പ്രേക്ഷകർ സ്വീകരിക്കുന്നില്ല. സംവിധായകർക്ക്‌ ഇത്തരം സിനിമയൊരുക്കാൻ ആഗ്രഹവും കഴിവുമില്ലാതെയല്ല. അതിനാൽക്കൂടിയാണ്‌ ആദ്യ സിനിമ മലയാളത്തിലാക്കിയത്‌.

ജിത്തു ജോസഫ്‌

ജിത്തുജോസഫിന്റെ ഫിലിം മേക്കിങ്‌ വളരെ വ്യത്യസ്തമാണ്‌. അത്‌ പകർത്താൻ ശ്രമിച്ചിട്ടില്ല. അതിൽനിന്ന്‌ പഠിച്ച പാഠങ്ങൾ ഉപയോഗിച്ച്‌ എനിക്ക്‌ എന്ത്‌ ചെയ്യാനാകും എന്നാണ്‌ നോക്കുന്നത്‌. ജിത്തുവിന്റെ ഹിന്ദി ചിത്രം ബോഡിയിലാണ്‌ ആദ്യമായി സംവിധാന സഹായിയാകുന്നത്‌. ദൃശ്യം–-2 മുതൽ റാം വരെയുള്ള ചിത്രങ്ങളിൽ ഒപ്പം പ്രവർത്തിച്ചു. അടുത്ത ചിത്രത്തിലും വർക്ക്‌ ചെയ്യും.

റാം ഈ വർഷം

വലിയ ക്യാൻവാസിലാണ്‌ റാം ഒരുങ്ങുന്നത്‌. ചിത്രീകരണം ഏതാണ്ട്‌ പൂർത്തിയായി. 50 ദിവസത്തെ ഷൂട്ട്‌ കൂടിയാണുള്ളത്‌. യുകെ, ടുണീഷ്യ, മണാലി, കൊച്ചി, ഡൽഹി എന്നിങ്ങനെ കുറെ ലൊക്കേഷനുണ്ട്‌. രണ്ടു ഭാഗവും ഒരുമിച്ചാണ്‌ ചിത്രീകരിക്കുന്നത്‌. രണ്ടാം ഭാഗം കഴിഞ്ഞു. ആദ്യഭാഗമാണ്‌ ചിത്രീകരിക്കാനുള്ളത്‌. ചെറിയ ഇടവേളയിൽ രണ്ട്‌ സിനിമകളും പ്രേക്ഷകരിലേക്ക്‌ എത്തുന്ന തരത്തിലായിരിക്കും റിലീസ്‌.



deshabhimani section

Related News

View More
0 comments
Sort by

Home