അൽഫോൺസ് പുത്രൻ തിരിച്ച്‌ വരുന്നു; അഭിനേതാവായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 15, 2024, 01:08 PM | 0 min read

കൊച്ചി > അരുൺ വൈഗ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ അൽഫോൺസ് പുത്രൻ തിരിച്ചെത്തുന്നു. സംവിധായകനായിട്ടല്ല അഭിനേതാവായിട്ടാണ് അൽഫോൺസ് പുത്രത്തിന്റെ തിരിച്ചുവരവ്‌. ആദ്യമായാണ് താൻ സംവിധാനം ചെയ്യാത്ത സിനിമയിൽ അൽഫോൺസ് അഭിനയിക്കുന്നത്. അരുൺ വൈഗയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ്‌ ചെയ്ത വീഡിയോ വഴിയാണ് തന്റെ സിനിമയിൽ അൽഫോൺസ്‌ അഭിനയിച്ച കാര്യം പുറത്തുവിട്ടത്‌. 

"എനിക്ക് ഏറ്റവും കൂടുതൽ പ്രേമം തോന്നിയ സിനിമയാണ് ‘പ്രേമം’. ആ സിനിമ എത്ര തവണ കണ്ടു എന്ന് അറിയില്ല, അതിൽ വർക്ക് ചെയ്ത എല്ലാവരെയും പരിചയപ്പെടണം എന്ന് ഒരുപാട് ആഗ്രഹം തോന്നി. അങ്ങനെ സിജു വിൽസൺ ഭായ് ശബരീഷ് ഭായ് എന്റെ ചങ്ക് വിഷ്ണു ഗോവിന്ദ് ഒക്കെ സുഹൃത്തുക്കൾ ആയി. ഇപ്പോ പുതിയ സിനിമയിൽ മ്യൂസിക്ക് ചെയ്യുന്നത് രാജേഷ് മുരുഗേശനും. അതും ഒരു ഭാഗ്യം. എഡിറ്റിംഗ് കൊണ്ടും ഡയറക്ഷൻ കൊണ്ടും എന്നെ വിസ്‌മയിപ്പിച്ച ആ മനുഷ്യനെ മാത്രം കുറെ ശ്രമിച്ചെങ്കിലും പരിചയപ്പെടാൻ പറ്റിയില്ല... 
അങ്ങനെ ആ ദിവസം വന്നു നിരന്തരമായ എന്റെ ശ്രമത്തിന്റെ ഫലമായി എന്റെ പുതിയ സിനിമയിൽ ഒരു കാമിയോ റോൾ അൽഫോൻസ് പുത്രൻ ഇന്നലെ ചെയ്തു... 
ആ ക്യാരക്ടർ എഴുതുമ്പോൾ തന്നെ അദ്ദേഹം ആയിരുന്നു മനസ്സിൽ. അങ്ങനെ ഞാൻ ഒരുപാട് ആരാധിക്കുന്ന ആ മാജിക് മെയ്ക്കറിനോടു ഇന്നലെ ആക്ഷൻ പറഞ്ഞു. ആഗ്രഹിച്ച കാര്യങ്ങൾ നമ്മളിലേക്ക് എത്തുമ്പോഴുള്ള സുഖം അത് വേറെ തന്നെ ആണ്. ഒരുപാട് നാൾ അറിയാവുന്ന ഒരു സുഹൃത്തിനെ പോലെ, ഒരു അനിയനെ പോലെയാണ് അദ്ദേഹം എന്നോട് പെരുമാറിയത്. സിനിമയുടെ ഒരുപാട് അനുഭവങ്ങൾ, പുതിയ പുതിയ കാര്യങ്ങൾ അങ്ങനെ കുറെ ഞങ്ങൾ സംസാരിച്ചു. ഇന്നലത്തെ ദിവസം എങ്ങനെ പോയിരുന്നു എനിക്ക് അറിയില്ല ഏറ്റവും മനോഹരമായ ഒരു ദിവസം തന്നതിന് ഒരുപാട് ഒരുപാട് നന്ദി ചേട്ട... 
നേരത്തിനും പ്രേമത്തിനും ഗോൾഡിനും അപ്പുറം ഒരു ഗംഭീര സിനിമയുമായി ചേട്ടൻ വരട്ടെ, അത് ഒരുപാട് ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു. വിളിച്ചപ്പോൾ വന്നതിന് ഹൃദയത്തിൽ നിന്നും നന്ദി. ശേഷം സ്ക്രീനിൽ.’- അരുൺ വൈഗ ഇൻസ്‌റ്റഗ്രാമിൽ എഴുതി

2017ൽ റിലീസ് ചെയ്ത 'ചെമ്പരത്തിപ്പൂ' എന്ന ചിത്രത്തിലൂടെയാണ് അരുൺ വൈഗ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. 2022ൽ പുറത്തിറങ്ങിയ 'ഉപചാരപൂര്‍വ്വം ഗുണ്ടാജയന്‌’ ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അൽഫോൺസ് പുത്രൻ കാമിയോ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത്. 'മൈക്ക്', 'ഖൽബ്', 'ഗോളം' എന്നീ ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണിത്. ജോണി ആന്റണി, ഇന്ദ്രൻസ്, മഞ്ജു പിള്ള തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. സിൻാജ്‌ പി അയ്യപ്പൻ ഛായാഗ്രഹണവും അരുൺ വൈഗ എഡിറ്റിംഗും നിർവഹിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home