ദേശീയ അവാർഡ് നേടിയ ആദ്യ തെലുങ്ക് നടൻ; അഭിമാനകരമായ ഗദ്ദർ പുരസ്കാരം; ചരിത്രം തിരുത്തി കുറിച്ച് ഐക്കൺ സ്റ്റാർ അല്ലു അർജുൻ

allu arjun
വെബ് ഡെസ്ക്

Published on May 30, 2025, 12:05 PM | 2 min read

തെലങ്കാന : ഗദ്ദർ അവാർഡ് എന്ന പേരിൽ നൽകപ്പെടുന്ന തെലങ്കാന സംസ്ഥാന അവാർഡുകൾ 14 വർഷങ്ങൾക്കു ശേഷം പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് 'പുഷ്പ 2 ദ റൂളി'ലൂടെ ഐക്കൺ സ്റ്റാർ അല്ലു അര്‍ജുൻ. ദേശീയ അവാർഡ് നേടുന്ന ആദ്യ തെലുങ്ക് നടനായി 'പുഷ്പ ദ റൈസി'ലൂടെ ചരിത്രം കുറിച്ച അല്ലു അര്‍ജുൻ ഇപ്പോള്‍ ഗദ്ദർ പുരസ്കാര നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്.


തെലുങ്ക് ചലച്ചിത്ര നിർമ്മാതാക്കളേയും കലാകാരന്മാരേയും അവരുടെ മികച്ച സിനിമകളേയും ആദരിക്കാനായി ഏർപ്പെടുത്തിയിരിക്കുന്നതാണ് ഗദ്ദർ തെലങ്കാന ചലച്ചിത്ര പുരസ്കാരം. അല്ലു അർജുനെ സംബന്ധിച്ചിടത്തോളം അപൂർവ്വവും ഏറെ അഭിമാനിക്കാവുന്നതുമായ നേട്ടമാണിത്. മികച്ച സിനിമകള്‍ക്കായുള്ള അല്ലുവിന്‍റെ പരിശ്രമങ്ങളും സിനിമയോടുള്ള അടങ്ങാത്ത സ്നേഹവും അദ്ദേഹത്തിന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരെ സമ്മാനിച്ചതോടൊപ്പം ഇപ്പോൾ അഭിമാനകരമായ പുരസ്കാര നേട്ടങ്ങളും സ്വന്തമാക്കാൻ ഇടയാക്കിയിരിക്കുകയാണ്.


'പുഷ്പ-2: ദി റൂൾ' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് അല്ലു അർജുൻ തെലുങ്കിലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 1900 കോടി ആഗോള ബോക്സോഫീസ് കളക്ഷൻ നേടിയ പുഷ്പ 2വിന് ഇത് മറ്റൊരു നാഴികക്കല്ല് കൂടിയാണ്. ഈ നേട്ടം അല്ലുവിന്‍റെ കരിയറിലെ തന്നെ മറക്കാനാവാത്ത മറ്റൊരു വിജയത്തെ അടയാളപ്പെടുത്തുകയുമാണ്.


തെലുങ്കിലും ലോകം മുഴുവനും തന്‍റെ അസാധാരണമായ അഭിനയ മികവിലൂടേയും ആകർഷണ വ്യക്തിത്വത്തിലൂടേയും ഒട്ടേറെ ആരാധകരെ അല്ലു നേടിക്കഴിഞ്ഞിട്ടുണ്ട്. 'ഗംഗോത്രി' മുതൽ 'പുഷ്പ' വരെ എത്തി നിൽക്കുന്ന അദ്ദേഹത്തിന്‍റെ അഭിനയ ജീവിതത്തിൽ ഇതിനകം അഞ്ച് ഫിലിം ഫെയർ പുരസ്കാരങ്ങളും രണ്ട് നന്തി പുരസ്കാരങ്ങളും ഒരു സ്പെഷൽ ജൂറി പുരസ്കാരവും അദ്ദേഹത്തിന് മുമ്പ് ലഭിച്ചിട്ടുണ്ട്.


ഇനിയും നിരവധി ശ്രദ്ധേയ പ്രകടനങ്ങളിലൂടെ ഏവരേയും വിസ്മയിപ്പിക്കാൻ ഒരുങ്ങുകയാണ് അല്ലു അര്‍ജ്ജുൻ. ബ്ലോക്ക്ബസ്റ്റർ സിനിമകളൊരുക്കിയ അറ്റ്ലി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമായ AA22xA6 ലൂടെ അല്ലു ഞെട്ടിക്കുമെന്നാണ് ഏവരുടേയും കണക്ക് കൂട്ടൽ. ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകനും നായകനും ഒന്നിക്കുന്ന ചിത്രം സയൻസ് ഫിക്​ഷൻ ഗണത്തിൽപെടുന്ന സിനിമയായാണ് ഒരുങ്ങുന്നത് എന്നാണ് വിവരം. ചിത്രത്തിനായി വിഎഫ്എക്സ് ചെയ്യുന്നത് ഹോളിവുഡിലെ പ്രമുഖ വിഎഫ്എക്സ് സ്റ്റുഡിയോസ് ആണ്. ലോല വിഎഫ്എക്സ്, സ്പെക്ട്രൽ മോഷൻ, ഫ്രാക്ചേർഡ് എഫ്എക്സ്, ഐഎൽഎം ടെക്നോപ്രോപ്സ്, അയണ്‍ഹെഡ് സ്റ്റുഡിയോ, ലെഗസി എഫക്റ്റ്സ് എന്നീ കമ്പനികളാണ് ഈ പ്രോജക്ടിൽ ഒന്നിക്കുന്നത്. അയൺമാൻ 2, ട്രാൻസ്ഫോർമേഴ്സ് തുടങ്ങിയ സിനിമകളുടെ വിഎഫ്എക്സ് സൂപ്പർവൈസർ ജയിംസ് മാഡിഗൻ, ആർടിസ്റ്റിക് ഡയറക്ടർ മൈക് എലിസാൽഡെ എന്നീ വമ്പൻമാരാണ് സിനിമയുടെ സാങ്കേതിക വശങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് എന്നാണ് വിവരം.


അറ്റ്ലീ ഇതുവരെ ചെയ്തിട്ടുള്ള ജോണറുകളിൽ വ്യത്യസ്തമായെത്തുന്ന ചിത്രത്തിൽ സൂപ്പർഹീറോയായാണ് അല്ലു എത്തുന്നതെന്നുമുള്ള റിപ്പോർട്ടുകളുണ്ട്. അല്ലു അർജുന്‍റെ ഇരുപത്തിരണ്ടാമത്തെ ചിത്രവും അറ്റ്ലിയുടെ ആറാമത്തെ ചിത്രവുമാണ് ഈ പാൻ-ഇന്ത്യൻ സയൻസ് ഫിക്ഷൻ ചിത്രം.



deshabhimani section

Related News

View More
0 comments
Sort by

Home