യഥാർഥ ക്ലൈമാക്സുമായി 'ഷോലെ-ദി ഫൈനൽ കട്ട്' ഡിസംബർ 12ന്; 1500 സ്‌ക്രീനുകളിൽ റിലീസ്

മുംബൈ : ബോളിവുഡ് കൾട്ട് ക്ലാസിക് ചിത്രം ഷോലെ വീണ്ടും തിയറ്ററുകളിലേക്ക്. ഷോലെ-ദി ഫൈനൽ കട്ട് എന്ന പേരിൽ ചിത്രത്തിന്റെ പൂർണമായ 4K പതിപ്പാണ് ഡിസംബർ 12 ന് ഇന്ത്യയിലുടനീളമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ഏകദേശം 1500ഓളം സ്ക്രീനുകളിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. അമ്പതാം വാർഷികാഘോഷ വേളയിലാണ് ഷോലെ വീണ്ടും റിലീസ് ചെയ്യുന്നത്. 1975 ആഗസ്ത് 15നാണ് ചിത്രം പുറത്തിറങ്ങിയ
ധർമ്മേന്ദ്ര, അമിതാഭ് ബച്ചൻ, ഹേമ മാലിനി, ജയ ബച്ചൻ, സഞ്ജീവ് കുമാർ, അംജദ് ഖാൻ എന്നിവർ അഭിനയിച്ച ചിത്രം ബോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നാണ്. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനാണ് ചിത്രത്തിന്റെ പൂർണ പതിപ്പ് റിലീസിനെത്തിക്കുന്നത്. സിനിമയുടെ യഥാർഥ ക്ലെമാക്സുമായാണ് ഷോലെ ഫൈനൽ കട്ട് എത്തുന്നത് എന്നതാണ് ശ്രദ്ധേയം. അടിയന്തരാവസ്ഥക്കാലത്ത്, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ചിത്രത്തിന്റെ ക്ലൈമാക്സ് മാറ്റാൻ നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് മാറ്റിയ ക്ലൈമാക്സോടു കൂടിയുള്ള ഷോലെയാണ് റിലീസ് ചെയ്തത്. 204 മിനിറ്റുണ്ടായിരുന്ന ഒറിജിനൽ വേർഷൻ 198 മിനിറ്റാക്കിയാണ് തിയറ്ററുകളിലെത്തിയത്. ഇതുവരെ പരസ്യമായി പ്രദർശിപ്പിച്ചിട്ടില്ലാത്ത, സെൻസർ ചെയ്യാത്ത, സിനിമയുടെ യഥാർത്ഥ ക്ലൈമാക്സോടുകൂടിയാണ് ഷോലെ വീണ്ടും എത്തുന്നത്.
റിലീസിനു പിന്നാലെ പല റെക്കോർഡുകളും കുറിച്ചാണ് ഷോലെ ഇന്ത്യൻ സിനിമയിലെ ക്ലാസിക്കുകളിലൊന്നായത്. ബോംബെയിലെ തിയറ്ററിൽ തുടർച്ചയായ 5 വർഷം ചിത്രം പ്രദർശിപ്പിച്ചു. ഇന്ത്യൻ സിനിമയിലെ അതികായരായ അമിതാബ് ബച്ചന്റെയും ധർമേന്ദ്രയുടെയും കരിയറിലെ നിർണായക ചിത്രമായിരുന്നു ഷോലെ. സലിം ഖാൻ- ജാവേദ് അക്തർ കൂട്ടുകെട്ടിലൊരുങ്ങിയ തിരക്കഥ സംവിധാനം ചെയ്തത് രമേഷ് സിപ്പിയാണ്.







0 comments