കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയുടെ 
വീട്ടിലേക്ക് തട്ടിപ്പിനിരയായവരുടെ പ്രതിഷേധമാർച്ച്

പാതിവില സ്കൂട്ടർ തട്ടിപ്പിനിരയായവർ ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി നിജേഷ് 
അരവിന്ദിനെതിരെ വട്ടോളി കോൺഗ്രസ് ഓഫീസിനുമുന്നിൽ നടത്തിയ പ്രതിഷേധം

പാതിവില സ്കൂട്ടർ തട്ടിപ്പിനിരയായവർ ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി നിജേഷ് 
അരവിന്ദിനെതിരെ വട്ടോളി കോൺഗ്രസ് ഓഫീസിനുമുന്നിൽ നടത്തിയ പ്രതിഷേധം

വെബ് ഡെസ്ക്

Published on Nov 18, 2025, 12:21 AM | 1 min read

ബാലുശേരി പാതിവിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ ഐഡിസി ചെയർമാനും കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയുമായ നിജേഷ് അരവിന്ദിന്റെ വീട്ടിലേക്ക് തട്ടിപ്പിനിരയായവർ പ്രതിഷേധവുമായെത്തി. തിങ്കൾ രാവിലെയാണ് പണം കിട്ടാനുള്ള 30ലധികംപേർ നിജേഷിന്റെ വീട്ടിലെത്തിയത്. പണം നൽകിയവരോട് മോശമായാണ് ഇയാൾ പെരുമാറിയതെന്ന് പ്രതിഷേധക്കാർ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി പിരിഞ്ഞുപോകാനാവശ്യപ്പെട്ടെങ്കിലും പണം ലഭിക്കാതെ പിന്മാറില്ലെന്ന് ഇരയായവർ പ്രഖ്യാപിച്ചു. പിന്നീട് വട്ടോളി ടൗണിൽ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. ഹസീന പന്തീരാങ്കാവ്, മുജീബ് എളേറ്റിൽ, ഇ കെ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. സ്ത്രീകൾക്ക് പകുതിവിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ 2024 ഒക്ടോബറിലാണ് പലരും ഐഡിസി താമരശേരിയുടെ അക്കൗണ്ടിലേക്ക് പണമടച്ചത്. 65,900, 61,900 രൂപയാണ് പലരും ഐഡിസിയുടെ അക്കൗണ്ടിലേക്ക് അടച്ചത്. ഒരുവർഷം കഴിഞ്ഞിട്ടും ഇവർക്കാർക്കും സ്കൂട്ടർ ലഭിച്ചില്ല. പലരും സ്വർണം പണയംവച്ചും കടം വാങ്ങിയുമാണ് പണമടച്ചത്. സ്കൂട്ടർ ലഭിക്കാതായപ്പോൾ ഐഡിസിയുടെ താമരശേരി ഓഫീസിലെത്തി ചെയർമാനായ നിജേഷ് അരവിന്ദിനെ കണ്ടെങ്കിലും പണം നൽകാൻ തയ്യാറായില്ല. പല അവധികൾ പറഞ്ഞ് പണമടച്ചവരെ കബളിപ്പിച്ചു. താമരശേരി പൊലീസിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചപ്രകാരം സെപ്തംബറിൽ പണം നൽകാമെന്ന് ധാരണയായിരുന്നു. അധ്യാപകനായ നിജേഷ് ജോലി രാജിവച്ചും മൂന്നുകോടിയുടെ ചിട്ടിയുണ്ടെന്നും അത് വിളിച്ചും പണം തരാമെന്നും പറഞ്ഞതായി താമരശേരി കന്നൂട്ടിപ്പാറ സ്വദേശിയായ അന്ന മുഹമ്മദ് പറഞ്ഞു. എന്നാൽ നിജേഷ് പറഞ്ഞ സ്ഥാപനത്തിൽ ചിട്ടിയൊന്നുമില്ലെന്ന് തട്ടിപ്പിനിരയായവർ നടത്തിയ അന്വേഷണത്തിൽ മനസ്സിലായി. തങ്ങൾ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് മനസ്സിലായതിനെ തുടർന്നാണ് തിങ്കൾ നിജേഷിന്റെ വീട്ടിലേക്ക് ഇരകൾ പ്രതിഷേധവുമായെത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Home