മൂത്തകുന്നത്തെ നയിക്കും

വി ദിലീപ്‌കുമാർ
Published on Nov 18, 2025, 02:45 AM | 1 min read
പറവൂർ
വലിയപല്ലംതുരുത്തിലേക്ക് വോട്ടുതേടിയെത്തുമ്പോൾ ലീന വിശ്വനെ വരവേറ്റത് നിറഞ്ഞപുഞ്ചിരികളാണ്. തൊട്ടടുത്ത പഞ്ചായത്തിൽ പ്രസിഡന്റായിരുന്നതിനാൽ മുഖം എല്ലാവർക്കും സുപരിചിതം. ജില്ലാപഞ്ചായത്ത് മൂത്തകുന്നം ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമ്പോൾ ആ സ്നേഹം വലിയപല്ലംതുരുത്തിലെ വോട്ടർമാർക്കുണ്ട്.
2010 മുതൽ 2020 വരെ ചേന്ദംമംഗലം പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷയും പിന്നീട് പ്രസിഡന്റുമായിരുന്ന ലീന വികസനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ആത്മവിശ്വാസത്തോടെയാണ് ജില്ലാപഞ്ചായത്തിലേക്ക് മത്സരിക്കുന്നത്. വലിയപല്ലംതുരുത്ത് സെന്റ് മേരീസ് പള്ളിയിൽ വികാരിയടക്കമുള്ളവരെ കണ്ട് വോട്ടഭ്യർഥിച്ചു. വ്യാപാരസ്ഥാപനങ്ങളിലും കയറി. തൂയിത്തറയിലെത്തിയപ്പോൾ തൊഴിലുറപ്പ് തൊഴിലാളികൾ ഒപ്പംകൂടി. തങ്ങളുടെ നേതാവ് സ്ഥാനാർഥിയായ സന്തോഷത്തിലായിരുന്നു അവർ. തൊഴിലുറപ്പ് മേഖല നേരിടുന്ന പ്രതിസന്ധി മറികടക്കാൻ എൽഡിഎഫ് വിജയിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.
തുടർന്ന്, തട്ടുകടവ് ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെത്തി ജീവനക്കാരോടും നാട്ടുകാരോടും മുനമ്പം കവലയിൽ പറവൂർ വടക്കേക്കര സഹകരണ ബാങ്കിലും സമീപത്തെ സ്ഥാപനങ്ങളിലും വോട്ടുതേടി. കുഞ്ഞിത്തൈ ചെമ്മീൻ പീലിങ് ഷെഡിലെത്തി തൊഴിലാളികളുമായി സംസാരിച്ചു. ബാല ചിത്തിര ധീവരസഭ ഓഫീസ്, കുഞ്ഞിത്തൈ സഹകരണ ബാങ്ക്, പാല്യത്തുരുത്ത് സാധുജന സഹായ സംഘം, വാവക്കാട് ഗ്രാമസേവ സംഘം, കട്ടത്തുരുത്ത്, മുറവൻതുരുത്ത് പ്രദേശങ്ങളിലെ മരണാനന്തര സഹായസംഘങ്ങൾ, പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലും സ്ഥാനാർഥിയെത്തി. വാർഡ് യോഗങ്ങളിലും പങ്കെടുത്തു.
തുരുത്തിപ്പുറം, അണ്ടിപ്പിളിക്കാവ്, കപ്പേളപ്പടി എന്നിവിടങ്ങൾ പിന്നിട്ട്, ലേബർ കവലയിൽ കൂടിയവരോടും വോട്ടുതേടി തിങ്കളാഴ്‌ചത്തെ പര്യടനം തേവുരുത്തിൽ ക്ഷേത്രത്തിനുസമീപം അവസാനിപ്പിച്ചു. വടക്കേക്കര പഞ്ചായത്ത്, ചേന്ദമംഗലം പഞ്ചായത്തിലെ രണ്ട് ബ്ലോക്ക് ഡിവിഷനുകൾ, ചിറ്റാറ്റുകര പഞ്ചായത്തിലെ രണ്ട് ബ്ലോക്ക് ഡിവിഷനുകൾ, പാറക്കടവ് പഞ്ചായത്തിലെ തുരുത്തൂർ ഡിവിഷൻ എന്നിവ ഉൾപ്പെടുന്നതാണ് മൂത്തകുന്നം ഡിവിഷൻ.









0 comments