print edition തുടർച്ചയ്ക്ക്‌ ചുവടുറപ്പിച്ച്‌ ജനകീയ സാരഥ്യം

Ldf Manifesto
വെബ് ഡെസ്ക്

Published on Nov 18, 2025, 02:49 AM | 4 min read


തിരുവനന്തപുരം

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധിയുടെ അടിസ്ഥാനം ഒന്നാംപിണറായി സർക്കാരിന്റെ വികസന, ക്ഷേമപദ്ധതികളാണെന്നും അതിനേക്കാൾ മിന്നുന്ന വിജയമായിരിക്കും ഇക്കുറിയെന്നും എൽഡിഎഫ്‌. 2016ൽ എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വരുന്പോഴുള്ള കേരളത്തിന്റെ അവസ്ഥ ദയനീയമായിരുന്നു. പൊതുവിദ്യാലയങ്ങൾ പൂട്ടുകയോ അനാഥാവസ്ഥയിലോ ആയിരുന്നു. സർക്കാർ ആശുപത്രികൾ ജീവനക്കാരും മരുന്നുമില്ലാതെ കിടന്നതിനാൽ രോഗികൾ പെരുവഴിയിലായി. തെരുവുനായയുടെ വിഹാര കേന്ദ്രമായിമാറിയ താലൂക്ക്‌ ആശുപത്രിയുടെ അവസ്ഥ മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നു.


ദേശീയപാത വീതികൂട്ടാൻ തയ്യാറല്ലെന്ന്‌ കേന്ദ്രത്തെ അറിയിക്കുക മാത്രമല്ല, റോഡിലെ കുഴിയടയ്ക്കാൻപോലും തയ്യാറായില്ല. സ്‌ത്രീകൾക്കുനേരെയുള്ള അതിക്രമം ഭീതിതമായ അവസ്ഥയിലായിരുന്നു. മിക്കകേസുകളിലും പ്രതികൾ പിടിക്കപ്പെടാറില്ല. ഇതിനെല്ലാം പരിഹാരം കാണാനാണ്‌ ഒന്നാംപിണറായി സർക്കാർ ശ്രമിച്ചത്‌. കിഫ്‌ബിവഴി സ്‌കൂളുകൾക്കും ആശുപത്രികൾക്കും റോഡുകൾക്കും പാലങ്ങൾക്കും വലിയമാറ്റമുണ്ടായി.


ക്ഷേമപദ്ധതികൾ വ്യാപിപ്പിച്ചു. 600 രൂപ പെൻഷൻ 18 മാസ കുടിശ്ശികതീർത്തു നൽകി. ആയിരമാക്കി വർധിപ്പിക്കുമെന്നുപറഞ്ഞ്‌ 1600 ആക്കി. ഇപ്പോൾ 2000 നൽകുന്നു. ആശ, അങ്കണവാടി ഉൾപ്പെടെ എല്ലാവർക്കും ഓണറേറിയം വർധിപ്പിച്ചു. ഇതിനെല്ലാം തുടർച്ച വേണമെന്നതിനാലാണ്‌ കൃത്യമായ ദിശാബോധത്തോടെ പ്രകടനപത്രിക ഇറക്കിയത്‌. എൽഡിഎഫ്‌ സർക്കാരിന്റെ മൂന്നാം തുടർഭരണത്തിലേക്കുള്ള ആദ്യചുവടുവയ്പായിരിക്കും തദ്ദേശ ഫലമെന്നും എൽഡിഎഫ്‌ നേതാക്കൾ പ്രകനപത്രിക പുറത്തിറക്കി മാധ്യമങ്ങളോട്‌ പറഞ്ഞു.


നവകേരള സൃഷ്ടിക്ക് ആക്കംകൂട്ടാനുള്ള 
കർമപദ്ധതി : മുഖ്യമന്ത്രി

‘വികസനത്തുടർച്ചയ്ക്ക്, ജനക്ഷേമത്തിന്, മതനിരപേക്ഷതയ്ക്ക് - ഇടതുപക്ഷത്തിനൊപ്പം' എന്ന മുദ്രാവാക്യം ഉയർത്തി തദ്ദേശ തെരഞ്ഞെടുപ്പിനുള്ള എൽഡിഎഫ്‌ പ്രകടനപത്രിക ജനങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നു.


ഇതുവരെയുള്ള നേട്ടങ്ങൾ കൂടുതൽ ഉയരങ്ങളിലെത്തിക്കാനും നവകേരള സൃഷ്ടിക്ക് ആക്കംകൂട്ടാനുമുള്ള വ്യക്തമായ കർമപദ്ധതിയാണ് പ്രകടനപത്രിക മുന്നോട്ടുവയ്‌ക്കുന്നത്‌. വാഗ്ദാനങ്ങളല്ല, മറിച്ച് നവകേരളത്തിലേക്കുള്ള യാത്രയ്‌ക്ക്‌ വെളിച്ചം വീശുന്ന രേഖയാണിത്‌. ആ പരിശ്രമങ്ങൾക്ക് ഊർജം പകരുന്ന ആശയപദ്ധതികളാണുള്ളത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയ ഗ്രാന്റ്‌ 30,000 കോടി രൂപയിൽ താഴെയായിരുന്നെങ്കിൽ ഈ സർക്കാർ 70,000 കോടി രൂപയായി ഉയർത്തി. തദ്ദേശ സ്വയംഭരണമേഖലയെ അഭൂതപൂർവമായ രീതിയിൽ ശക്തിപ്പെടുത്തി.


Pinarayi Vijayan


ഉയരെ കുടുംബശ്രീ

കുടുംബശ്രീക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായം വര്‍ധിപ്പിക്കും. ഓക്സിലറി ഗ്രൂപ്പുകളുടെ എണ്ണം മൂന്ന് മടങ്ങാക്കും. ഓക്സലറി ഗ്രൂപ്പുകളെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുമായി ബന്ധിപ്പിക്കും. സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം ഉയര്‍ത്താനുള്ള ദൗത്യം നടപ്പാക്കാനുള്ള മുഖ്യ ഏജന്‍സിയായി കുടുംബശ്രീയെ വളര്‍ത്തും.

2009ലെ സ്ത്രീപദവി പഠന പരിപാടിയുടെ മാതൃകയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കുറയ്ക്കാൻ തദ്ദേശസ്ഥാനങ്ങളിലെല്ലാം ക്രൈം മാപ്പിങ് നടത്തും. പീഡനങ്ങള്‍ക്ക് ഇരയാകുന്ന സ്ക്രീകള്‍ക്ക് താല്‍ക്കാലിക പുനരധിവാസം ഒരുക്കാന്‍ ‘വണ്‍ സ്റ്റോപ്പ് സെന്ററുകള്‍’ ആരംഭിക്കും. സ്ത്രീകളെ തൊഴില്‍ മേഖലയിലേക്ക് ആകര്‍ഷിക്കുന്ന പദ്ധതികള്‍ക്ക് പ്രധാന്യം നല്‍കും.


കുടുംബശ്രീ എഡിഎസ് പ്രതിമാസ ഗ്രാന്റ് പ്രഖ്യാപിച്ചതിലുള്ള  സന്തോഷം  ധനമന്ത്രി കെ എൻ ബാലഗോപാലുമായി 
പങ്കിടുന്ന കൊട്ടാരക്കര മേഖലയിലെ എഡിഎസ് ഭാരവാഹികൾ


കൃഷി, പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യം

കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യോൽപ്പാദനം തുടങ്ങിയ മേഖലകളുടെ വികസനത്തിന്‌ സമഗ്ര പരിപാടികൾ ആവിഷ്‌കരിക്കും. വിഴിഞ്ഞംപോലുള്ള വൻകിട പദ്ധതികളോട്‌ ബന്ധപ്പെടുത്തി പ്രാദേശിക സാമ്പത്തിക വികസന പദ്ധതികൾ നടപ്പാക്കും. കാർഷിക മേഖലയിൽ പഞ്ചായത്തുകളിലെ മികച്ചമാതൃകകൾ വ്യാപകമാക്കും. ‘ഹൈപ്രിസിഷൻ ഫാമിങ്‌’ പോലുള്ള ആധുനിക ശാസ്ത്രസാങ്കേതിക വിദ്യകളും യന്ത്രവൽക്കരണങ്ങളും പ്രയോജനപ്പെടുത്തും.


നീർത്തടാസൂത്രണം, ശാസ്ത്രീയ പുരയിടകൃഷി, ഫലവൃക്ഷക്കാടുകൾ, സ്വാശ്രയ പച്ചക്കറി ഗ്രാമങ്ങൾ, തനതുവിളകളുടെ പ്രോത്സാഹനം തുടങ്ങിയവയ്‌ക്ക്‌ തദ്ദേശ പദ്ധതികളെ സർക്കാർ സ്കീമുകളുമായി സംയോജിപ്പിക്കും. തരിശ് ഭൂമി കൃഷി ചെയ്യാൻ പ്രോത്സാഹനം. ഫാമിൽനിന്ന് നേരിട്ട്‌ വീടുകളിലേക്ക് ഉൽപ്പന്നമെത്തുന്ന പ്രാദേശിക വിപണനശൃംഖലകൾ. വന്യജീവി സംഘർഷം ലഘൂകരിക്കാൻ തദ്ദേശഭരണ സ്ഥാപനാടിസ്ഥാനത്തിൽ പ്രതിരോധ പദ്ധതികൾ. കൃഷി നാശത്തിൽ നഷ്ടപരിഹാരത്തിന്‌ കാലതാമസം ഒഴിവാക്കും.


new roads


റോഡുകൾ നവീകരിക്കും , കുടിവെള്ളം ഉറപ്പാക്കും

പ്രാദേശിക റോഡുകളെല്ലാം ഒറ്റത്തവണ പുനർനിർമാണ പദ്ധതിയിലൂടെ നവീകരിക്കും. ബാങ്കുകളിൽനിന്നും സഹകരണ സംഘങ്ങളിൽനിന്നും സർക്കാർ ഗ്യാരണ്ടിയിൽ വായ്‌പയെടുത്ത് റോഡുകൾ നവീകരിക്കും. രണ്ടോ മൂന്നോ വർഷംകൊണ്ട് മെയിന്റനൻസ് ഗ്രാന്റിൽനിന്ന് അടച്ചുതീർക്കാൻ അനുവാദം നൽകും.


എല്ലാവർക്കും ശുദ്ധജലം ഉറപ്പുവരുത്താൻ 5,453 ജലജീവൻ മിഷൻ പാക്കേജുകൾക്ക്‌ ഭരണാനുമതി നൽകി. ഇതിൽ 1,114 എണ്ണം പൂർത്തിയായി. ബാക്കി സമയബന്ധിതമായി പൂർത്തിയാക്കും. നീർത്തട അടിസ്ഥാനത്തിൽ മണ്ണ് –ജല സംരക്ഷണത്തിന് നടപടിയെടുക്കും. ജലം പരമാവധി പ്രാദേശികമായി സംഭരിക്കാനുള്ള നടപടികൾ ആവിഷ്‌കരിക്കും.


എല്ലാ പട്ടികവര്‍ഗക്കാര്‍ക്കും വീട്

അഞ്ച് വര്‍ഷത്തിനിടയില്‍ പട്ടികവിഭാഗങ്ങള്‍ക്കിടയില്‍ കേവല ദാരിദ്ര്യം പൂർണമായും ഇല്ലാതാക്കും. എല്ലാ പട്ടിക വര്‍ഗക്കാര്‍ക്കും വാസയോഗ്യമായ വീട് ഉറപ്പാക്കും. പട്ടിക വിഭാഗങ്ങളുടെ വികസന ഫണ്ട് ലാപ്സാകുന്നത് തടയും.


ചെലവാക്കാത്ത തുക തുടര്‍വര്‍ഷങ്ങളില്‍ പൊതുവികസന ഫണ്ടില്‍നിന്ന്‌ വകയിരുത്തന്നത് കര്‍ശനമാക്കും. വിദ്യാഭ്യാസത്തിനും നൈപുണി പരിശീലനത്തിനും തൊഴില്‍ ലഭ്യമാക്കുന്നതിനും പദ്ധതികൾ. ഊരുകൂട്ടതല ആസൂത്രണം ഫലപ്രദമാക്കാൻ സന്നദ്ധസംഘടനകളുടെയും പ്രൊമോട്ടര്‍മാരുടെയും കുടുംബശ്രീയുടെയും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കും.


ഭിന്നശേഷിക്കാർക്ക് പുനരധിവാസ കേന്ദ്രം

പ്രായപൂർത്തിയായ ഭിന്നശേഷിക്കാർക്കുവേണ്ടി പ്രത്യേക പുനരധിവാസ കേന്ദ്രങ്ങൾ എല്ലാ നഗരങ്ങളിലും ബ്ലോക്കുകളിലും ഒരുക്കും. കുടുംബങ്ങളുടെയും സന്നദ്ധസംഘടനകളുടെയും പങ്കാളിത്തത്തോടെയായിരിക്കുമിത്‌. ബഡ്‌സ് സ്‌കൂളുകളുടെ എണ്ണവും സൗകര്യങ്ങളും വർധിപ്പിക്കും. ജീവനക്കാരുടെ സേവന–വേതന വ്യവസ്ഥകൾ പരിഷ്‌കരിക്കും.


തദ്ദേശ സ്ഥാപനങ്ങൾക്കും 
പ്രോഗ്രസ് റിപ്പോര്‍ട്ട്

തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ധനസഹായം ലഭ്യമാക്കും. വരുമാനമുണ്ടാക്കുന്ന പദ്ധതികള്‍ക്കും ഭൂമി ഏറ്റെടുക്കാനും മുനിസിപ്പല്‍ ബോണ്ടുകള്‍ (കടപ്പത്രങ്ങള്‍) വഴി ധനസമാഹരണം നടത്തും. ഓഫീസ് കാര്യങ്ങള്‍ക്ക് മാത്രം നല്‍‌കിയിരുന്ന ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് തദ്ദേശസ്ഥാപനങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഏര്‍പ്പെടുത്തും. പദ്ധതി രൂപീകരണ മാര്‍ഗരേഖ ലളിതമാക്കും. എല്ലാ വര്‍ഷവും തദ്ദേശ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും.


ലഹരിക്കെതിരെ പോരാട്ടം

സാമൂഹ്യവിപത്തായി വളരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കര്‍ശന നിയന്ത്രണ നടപടികള്‍ സ്വീകരിക്കും. കൂടാതെ വിപുലമായ ബോധവല്‍ക്കരണവും നടത്തും. കേരളത്തിലെ മദ്യ ഉപയോഗം സമീപകാലത്ത് കുറയു
ന്നുണ്ട്.

മദ്യത്തിന്റെയും മറ്റു ലഹരി വസ്തുക്കളുടെയും ഉപയോഗം കുറയ്‌ക്കാനുള്ള ശക്തമായ പ്രചാരണവും നടപടികളും സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും സ്വീകരിക്കും.


വാര്‍ഡുകളിൽ 
കലാകായിക കേന്ദ്രം

തദ്ദേശ സ്ഥാപനങ്ങളിലെ എല്ലാ വാര്‍ഡുകളിലും കല, കായിക കേന്ദ്രം ഉറപ്പാക്കും. കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതും പ്രോത്സാഹിപ്പിക്കും. വാര്‍ഡുകളിലെല്ലാം ലൈബ്രറിയോ ക്ലബ്ബോ രൂപീകരിക്കും. സാംസ്കാരിക കേന്ദ്രങ്ങള്‍ വിപുലപ്പെടുത്തും. കലാകാരന്മാര്‍ക്കുള്ള ക്ഷേമ പദ്ധതികള്‍ തദ്ദേശസ്ഥാപനങ്ങളുമായി ചേര്‍ന്ന് നവീകരിക്കും. അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ മാനവമൈത്രി പ്രചാരണ പരിപാടികളും സംഘടിപ്പിക്കും.


തെരുവുനായ പ്രശ്‌നം പരിഹരിക്കും

തദ്ദേശ സ്ഥാപനത്തിൽ തെരുവുനായ്ക്കളെ പാർപ്പിക്കാൻ ആവശ്യമായ സങ്കേതങ്ങൾ സന്നദ്ധസംഘടനകളുടെ സഹായത്തോടെ സൃഷ്ടിക്കും. കേന്ദ്ര സർക്കാർ കൊണ്ടുവന്ന തെരുവുനായ സംരക്ഷണനിയമമാണ് ഇന്നത്തെ അവസ്ഥയ്‌ക്ക്‌ കാരണം. തെരുവുനായകളെ വന്ധ്യംകരിക്കണമെന്നും അതേസ്ഥലത്തുതന്നെ തുറന്നുവിടണമെന്നുമായിരുന്നു നിയമം. എന്നാൽ, സുപ്രീംകോടതി ഇവയെ തുറന്നുവിടരുതെന്ന്‌ നിർദേശിച്ച സാഹചര്യത്തിലാണ്‌ സങ്കേതങ്ങൾ ഒരുക്കുന്നത്‌.


ldf manifesto


അയ്യൻകാളി തൊഴിലുറപ്പ് പദ്ധതി വിപുലീകരിക്കും

നഗരപ്രദേശങ്ങളിലെ അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിയെ വിപുലീകരിക്കും. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ നിരുത്സാഹപ്പെടുത്താൻ കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കുകയാണ്. ഇത് ലഘൂകരിക്കാൻ ശക്തമായ സമ്മര്‍ദ്ദം ചെലുത്തും.


ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികൾക്ക് തൊഴിൽ

അഭ്യസ്തവിദ്യരായ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക്‌ തൊഴില്‍ ഉറപ്പാക്കും. ട്രാന്‍സ് വ്യക്തികളില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന്‌ പ്രത്യേക പ്രാധാന്യം നല്‍കും. കൂടാതെ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ജെന്‍ഡര്‍ അവബോധ ക്യാന്പയിനുകള്‍ സംഘടിപ്പിക്കും.


ഇനി കേവലദാരിദ്ര്യമുക്ത 
കേരളത്തിലേക്ക്‌

അതിദാരിദ്ര്യത്തിൽനിന്ന്‌ കരകയറ്റിയ 64,006 കുടുംബങ്ങൾവീണ്ടും ദാരിദ്ര്യത്തിലേക്ക് വഴുതിപ്പോകാതിരിക്കാൻ സഹായം ഉറപ്പാക്കും. ഇവർക്ക് മുകളിൽവരുന്ന കേവല ദാരിദ്ര്യ കുടുംബങ്ങളെ മൈക്രോപ്ലാനുകൾവഴി ദാരിദ്ര്യമുക്തരാക്കാൻ പദ്ധതി നടപ്പാക്കും. ഇത്തരം കുടുംബങ്ങളെ കണ്ടെത്താൻ കൂടുതൽ ഉദാരമായ മാനദണ്ഡങ്ങൾ സ്വീകരിക്കും. അതുവഴി കേവലദാരിദ്ര്യം കേരളത്തിൽനിന്ന് നിർമാർജനംചെയ്യും.










deshabhimani section

Related News

View More
0 comments
Sort by

Home