പെട്ടിയെടുപ്പുകാരെ ഇതിലേ...

കൊച്ചി പഴയ കൊച്ചിയല്ല എന്നത് ഒരു സിനിമാ ഡയലോഗ് മാത്രമല്ല. കെട്ടിലും മട്ടിലും കൊച്ചി ഒരുപാട് മാറി. മെട്രോ മോടിയിലായ മഹാനഗരത്തിൽത്തന്നെയാണ് 20 രൂപയ്‌ക്ക് സ്വാദിഷ്‌ടമായ ഉച്ചയൂണ് കിട്ടുന്ന സമൃദ്ധി ഹോട്ടലുള്ളത്. ഏറ്റവുമധികം ആഡംബര ഹോട്ടലുകളും 100 രൂപയ്‌ക്ക് സ്‌ത്രീകൾക്ക് രാപ്പാർക്കാവുന്ന ഷീ ലോഡ്‌ജുമുള്ളത്. പാർക്ക് അവന്യൂ റോഡിലെ പഴയ പഴഞ്ചൻ നീലക്കെട്ടിടത്തിലല്ല ഇപ്പോൾ കോർപറേഷന്റെ ആസ്ഥാനം. ഗോശ്രീ റോഡിൽ പുതിയതൊന്ന് തലയുയർത്തി. അങ്ങനെ പലതും. എന്നിട്ടും, ഇതൊക്കെ എന്ത് മാറ്റം എന്നാണ് ചിലരുടെ ചോദ്യം.
കുലുങ്ങാത്ത കടൽക്കിഴവന്മാർ
എന്തൊക്കെ മാറിയാലും മാറാത്ത ചിലതുണ്ടെന്ന് പറയുന്നത് മറ്റാരുമല്ല, കോൺഗ്രസിലെ യുവാക്കളാണ്. ഒരുവിധം സ്ഥാനാർഥി പട്ടികയിൽ കയറിക്കൂടിയിട്ടും ഒടുവിൽ നിർദാക്ഷിണ്യം വെട്ടിനീക്കപ്പെട്ടവർ. സീറ്റുകളെല്ലാം നേതാക്കളുടെ പെട്ടിപിടിത്തക്കാർക്ക് മാത്രം എന്ന സത്യം തിരിച്ചറിഞ്ഞവർ. സീറ്റുകൾക്കുമീതെ അടയിരിക്കുന്ന കടൽക്കിഴവന്മാർ എന്നൊക്കെ വിളിച്ചാലൊന്നും ഇൗ നേതാക്കൾ കുലുങ്ങില്ല. കൊക്കെത്ര കുളം കണ്ടതാ എന്ന സിംപിൾ ആറ്റിറ്റ്യൂഡ്.
പിണങ്ങല്ലേ, ഭാര്യക്കും സീറ്റുണ്ട്
അങ്ങനെ നോക്കിയാൽ കൊച്ചിക്ക് മാത്രമല്ല, ജില്ലയ്‌ക്കാകെ ചേരും ആ സിനിമാ ഡയലോഗിന്റെ പാരഡി. സ്ഥാനാർഥി നിർണയത്തിന് പിന്നാലെ ജില്ലയിലാകെ ആരംഭിച്ച പൊട്ടിത്തെറി വിഷു കഴിഞ്ഞാലും തീരുന്ന മട്ടില്ല. അത്രയ്‌ക്കുണ്ട് അവഗണനയുടെ മാലപ്പടക്കം. കളമശേരിയിലെ കെപിസിസി നേതാവ് പിണങ്ങാൻ തുടങ്ങിയപ്പോൾത്തന്നെ അദ്ദേഹത്തിന്റെ ഭാര്യക്കും സീറ്റ് നൽകി സന്തോഷിപ്പിച്ചതൊക്കെ വേറെ കാര്യം. മറ്റുള്ളവർ പൊട്ടിയാലും ചീറ്റിയാലും ഇവർക്ക് ഒന്നുമില്ല, വെറും അധികാരമോഹികൾ എന്നാണ് പൊട്ടിത്തെറിക്കുന്നവരക്കുറിച്ചുള്ള നേതൃത്വത്തിന്റെ വിലയിരുത്തൽ.
പെട്ടിയെടുപ്പല്ലോ സുഖപ്രദം
സീറ്റ് കിട്ടാതെ പോയ കോൺഗ്രസുകാർ പലരും പരാതിയുമായി ഓടിച്ചെന്നത് ഡിസിസിയുടെ ഉന്നതന്റെ അടുക്കലേക്ക്. പ്രതിപക്ഷനേതാവിന്റെ പെട്ടിയെടുത്ത് നേതാവായയാൾ എന്ന ചീത്തപ്പേര് ഇപ്പോഴും മാറിയില്ല. അപ്പോഴാണ് അത് മുദ്രാവാക്യമായി മുഴക്കി കൂട്ടംകൂടി വരവ്. എന്തുപറയാൻ. സമയം കളയല്ലേ, പോയി ആരുടെയങ്കിലും പെട്ടിയെടുക്ക്, അടുത്തതവണ നോക്കാം എന്നല്ലാതെ.









0 comments