മലയാളത്തിന് അഭിമാനം; സ്റ്റുട്ട്ഗാർട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ ഇടം പിടിച്ച് 'പണി'

തിരുവനന്തപുരം: ജർമനിയിലെ പ്രശസ്തമായ സ്റ്റുട്ട്ഗാർട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് ജോജു ജോർജിന്റെ 'പണി' ഔദ്യോഗികമായി തെരഞ്ഞെടുത്തു. ജൂലൈ 25ന് 22-ാമത് സ്റ്റുട്ട്ഗാർട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ വേദിയിൽ സിനിമ പ്രദർശിപ്പിക്കും. ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമായിരുന്നു 'പണി'. ഒക്ടോബർ 24നാണ് ചിത്രം തിയറ്ററുകളിലെത്തിയത്.
ഹെവി ആക്ഷൻ പാക്ക്ഡ് ഫാമിലി എന്റര്‍ടെയ്നറായാണ് ചിത്രം എത്തിയത്. ഗിരി എന്ന കഥാപാത്രത്തെയാണ് ജോജു ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിയിരുന്നു. എല്ലാ ഭാഷകളിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. അഭിനയ, സാഗർ സൂര്യ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയായിരുന്നു ചിത്രത്തിന്റേത്. കൂടാതെ അറുപതോളം പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിച്ചിരുന്നു.
ജോജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് 'പണി' നിർമിച്ചത്. വിഷ്ണു വിജയ്, സാം സി എസ് എന്നിവരാണ് സംഗീതം ഒരുക്കിയത്. 'മലയാള സിനിമ വീണ്ടും ഞെട്ടിക്കുന്നു, അത്ഭുതപ്പെടുത്തുന്നു' എന്ന് 'പണി' കണ്ടതിന് ശേഷം അനുരാഗ് കശ്യപ് പ്രശംസിച്ചിരുന്നു.







0 comments