ഒടിടി റിലീസിനൊരുങ്ങി മുഫാസയും വിടുതലൈയും

വിവിധ ഭാഷകളിലായി നിരവധി സിനിമകളും വെബ് സീരീസുകളുമാണ് ഈയാഴ്ച ഒടിടി റീലീസിനൊരുങ്ങുന്നത്. മുഫാസ: ദ ലയൺ കിങ്ങാണ് പ്രേക്ഷകർ കാത്തിരിക്കുന്ന ഒടിടി റിലീസ്. മാർച്ച് 26ന് ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പുറത്തിറങ്ങുന്നത്. കഴിഞ്ഞ ഡിസംബറിലാണ് മുഫാസ തിയറ്ററുകളിലെത്തിയത്.
1994ലെ അനിമേഷൻ ചിത്രമായ ദ ലയൺ കിങ്ങിന്റെ 2019ൽ പുറത്തിറങ്ങിയ റീമേക്കിന്റെ പ്രീക്വൽ ആണ് മുഫാസ. സിംബയുടെ അച്ഛൻ മുഫാസയുടെയും സഹോദരൻ ടാക്ക( സ്കാർ) യുടെയും കഥയാണ് മുഫാസ: ദ ലയൺ കിങ്.
1994ലാണ് ലയൺ കിങ് ആദ്യമായി ഡിസ്നി പുറത്തിറക്കുന്നത്. സിനിമ വൻ വിജയമായി. തുടർന്ന് 2019ൽ ലയൺ കിങ് എന്ന പേരിൽ തന്നെ ചിത്രം റീമേക്ക് ചെയ്തു. ചിത്രം സാമ്പത്തികമായും ഏറെ ഹിറ്റായി. ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് ലയൺ കിങ്( 1663 മില്യൺ). ആഫ്രിക്കൻ സാവന്നയിലുള്ള പ്രെഡ് ലാൻഡിലെ സിംഹ പരമ്പരകളുടെ കഥയാണ് ലയൺ കിങ് ഫ്രാഞ്ചൈസിയിലൂടെ പറയുന്നത്. ഡിസ്നിയുടെ കോമിക് കഥാപാത്രങ്ങളായ ടിമോണും പൂംബയും ലയൺ കിങ്ങിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
വിടുതലൈ പാർട് 2
പ്രശസ്ത സംവിധായകൻ വെട്രിമാരന്റെ സംവിധാനത്തിൽ വിജയ് സേതുപതിയും മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് വിടുതലൈ പാർട് 2. 2023ൽ പുറത്തിറങ്ങിയ വിടുതലൈയുടെ സീക്വലാണ് വിടുതലൈ പാർട് 2. മാർച്ച് 28ന് സീ5ൽ ചിത്രം സ്ട്രീം ചെയ്യും.
ദേവ
ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ദേവ മാർച്ച് 31 മുതൽ സ്ട്രീം ചെയ്യും. നെറ്റ്ഫ്ലിക്സിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജനുവരി 31നാണ് ചിത്രം തിയറ്ററുകളിലെത്തിയത്.
ബോഷ്: ലെഗസി സീസൺ 3
ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ബോഷിന്റെ അവസാന സീസണായ ബോഷ്: ലെഗസി പുറത്തിറങ്ങുന്നത്. മാർച്ച് 27ന് സ്ട്രീം ചെയ്യും.
ഹോളാണ്ട്
നിക്കോൾ കിഡ്മാനും മാത്യു മാക്ഫാഡിയനും പ്രധാന വേഷത്തിലെത്തിയ സസ്പെൻസ് ത്രില്ലർ മാർച്ച് 27മുതൽ ഒടിടിയിലെത്തും. പ്രൈം വീഡിയോയാണ് സ്ട്രീമിങ് പാർട്നർ.
ജ്യുവൽ തീഫ്
രത്നമോഷണത്തിന്റെ കഥ പറയുന്ന സെയ്ഫ് അലി ഖാൻ ചിത്രം ജ്യുവൽ തീഫ് മാർച്ച് 27ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും.
ഡെലുലു എക്സ്പ്രസ്
സ്റ്റാൻഡ് അപ് കൊമേഡിയൻ സഹീർ ഖാന്റെ പുതിയ കോമഡി ഷോയായ ഡെലുലു എക്സ്പ്രസ് 27 മുതൽ ഒടിടിയിൽ. പ്രൈെ വീഡിയോയിലാണ് കാണാൻ സാധിക്കുക.








0 comments