ഓസ്കർ: അക്കാദമി അം​ഗങ്ങൾ മുഴുവൻ സിനിമകളും കാണണമെന്ന് പുതിയ നിയമം, സോഷ്യൽ മീഡിയയിൽ ചർച്ച

oscAR
വെബ് ഡെസ്ക്

Published on Apr 22, 2025, 03:38 PM | 1 min read

ലോസ് ആഞ്ചലസ് : ഓസ്കർ അവാർഡ് പ്രഖ്യാപനത്തിലെ പുതിയ നിയമങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. വോട്ടിങ്ങിനു മുമ്പ് അക്കാദമി അം​ഗങ്ങൾ ഓരോ കാറ്റ​ഗറിയിലും നോമിനേഷനുകളിൽ എത്തുന്ന മുഴുവൻ ചിത്രങ്ങളും നിർബന്ധമായും കണ്ടിരിക്കണമെന്നതാണ് അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് പുതിയതായി പുറത്തിറക്കിയ നിയമം. 98ാമത് ഓസ്കർ മുതൽ ഇത് നിർബന്ധമാക്കും. വോട്ടിങ്ങിനെ കൂടുതൽ കാര്യക്ഷമവും കൃത്യതയുള്ളതുമാക്കാനാണ് പുതിയ നിയമമെന്നാണ് അക്കാദമി വ്യക്തമാക്കുന്നത്.


നിലവിൽ ബാഫ്റ്റ പുരസ്കാരങ്ങൾ ഇപ്രകാരമാണ് നൽകപ്പെടുന്നത്. അംഗങ്ങൾക്ക് മാത്രമുള്ള എക്സ്ക്ലൂസീവ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ അക്കാദമി സ്‌ക്രീനിംഗ് റൂം വഴി സിനിമകൾ കാണുന്നത് ട്രാക്ക് ചെയ്യും. പ്ലാറ്റ്‌ഫോമിന് പുറത്ത് ഫെസ്റ്റിവലുകളിലോ, സ്‌ക്രീനിംഗുകളിലോ, സ്വകാര്യ പരിപാടികളിലോ കാണുന്ന സിനിമകളാണെങ്കിൽ അംഗങ്ങൾ എപ്പോൾ, എവിടെയാണ് സിനിമ കണ്ടതെന്ന് വിശദമാക്കുന്ന രേഖ സമർപ്പിക്കേണ്ടതുണ്ട്. ഇന്റർനാഷണൽ ഫീച്ചർ, ആനിമേറ്റഡ് ഷോർട്ട് തുടങ്ങിയ തിരഞ്ഞെടുത്ത വിഭാഗങ്ങളിൽ ഈ രീതി നിലവിൽ ഉപയോ​ഗിച്ചിരുന്നു. ഇനി എല്ലാ വോട്ടിംഗ് വിഭാഗങ്ങളിലും ഇത് നടപ്പിലാക്കും. കൂടാതെ അന്തിമ ബാലറ്റുകളിൽ ഇനി സിനിമയുടെ പേര് മാത്രമല്ല, എല്ലാ വ്യക്തിഗത നോമിനികളുടെയും പേരുകൾ ഉൾപ്പെടുത്തും.


'അച്ചീവ്‌മെന്റ് ഇൻ കാസ്റ്റിംഗ്' എന്ന പുതിയ വിഭാഗവും അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ അഭയാർഥികളായ സംവിധായകരുടെ ചിത്രങ്ങൾക്ക് അവർ നിലവിൽ താമസിക്കുന്ന രാജ്യത്തിന്റെ പേരിൽ മത്സരിക്കാൻ സാധിക്കും.


പുതിയ നിയമങ്ങൾ പുറത്തുവന്നതോടെ സോഷ്യൽമീഡിയയിൽ വ്യാപക ചർച്ചയാണ് നടക്കുന്നത്. ഇതുവരെ എല്ലാ സിനിമകളും കണ്ടതിന് ശേഷമല്ലേ വോട്ടിങ് നടത്തിയിരുന്നതെന്നാണ് നെറ്റിസൺസ് ചോദിക്കുന്നത്. ഇതുകൊണ്ടാണ് അർഹതയില്ലാത്ത പല സിനിമകൾക്കും അവാർഡുകൾ ലഭിച്ചതെന്നും പലതിനും അവാർഡുകൾ കിട്ടാതെ പോയതെന്നും വിമർശനമുയരുന്നുണ്ട്. വോട്ടിങ്ങിനു മുമ്പ് അം​ഗങ്ങൾക്ക് സിനിമയെപ്പറ്റിയുള്ള ക്വിസ് നടത്തുന്നത് നല്ലതാണെന്നും പരിഹാസമുയരുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home