തെളിവുകൾ തേടി? മാലേഗാവ് ഫയൽസ് ഒരുങ്ങുന്നു

മുംബൈ: 2008 ലെ മാലേഗാവ് ബോംബ് സ്ഫോടന കേസിനെ ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു. 'മാലേഗാവ് ഫയൽസ്' എന്ന് പേരിട്ട ചിത്രം രാജീവ് എസ് റൂയയാണ് സംവിധാനം ചെയ്യുന്നത്. ചിത്രം പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിലാണ്. സിനിഡസ്റ്റ് 18 ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ സാഹിൽ സേഠാണ് ചിത്രം നിർമിക്കുന്നത്. അഭിനേതാക്കളാരൊക്കയാണെന്ന് വെളിപ്പെടുത്താൻ അണിയറപ്രവർത്തകർ തയാറായിട്ടില്ല.
രാജ്യത്തെ നടുക്കിയ മാലേഗാവ് ബോംബ് സ്ഫോടനത്തിന്റെ പിന്നിലെ സത്യങ്ങൾ വെളിച്ചത്ത് കൊണ്ടുവരിക എന്നതാണ് ചിത്രത്തിന്റെ ലക്ഷ്യമെന്ന് ഡയറക്ടർ രാജീവ് പറഞ്ഞു. ഇത് ഒരു സ്ഫോടനത്തെക്കുറിച്ചുള്ള വെറുമൊരു കഥയല്ല... അതിനെ തുടർന്നുണ്ടായ കാര്യങ്ങളെക്കുറിച്ചാണ്. അതിൽപ്പെട്ട മനുഷ്യരുടെ കഥകളാണ്...സംഭവത്തിന് പിന്നിലെ രാഷ്ട്രീയ നീക്കങ്ങളുൾപ്പെടെ ഉള്ളവയെക്കുറിച്ചുള്ള സത്യാന്വേഷണമായിരിക്കും സിനിമ- രാജീവ് പത്രക്കുറിപ്പിൽ പറഞ്ഞു.
2008 സപ്‌തംബർ 29ന് റംസാൻ മാസത്തിൽ മഹാരാഷ്‌ട്രയിലെ നാസിക് ജില്ലയിലെ മാലേഗാവിൽ മസ്‍ജിദിനുമുന്നിൽ ബൈക്കിൽ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് ആറുപേരാണ് കൊല്ലപ്പെട്ടത്. നൂറിലേറേ പേർക്ക് പരിക്കേറ്റു. ബെെക്ക് ബിജെപി മുൻ എംപി പ്രഗ്യാസിങ് ഠാക്കൂറിന്റെ ആയിരുന്നെന്ന് തീവ്രവാദ വിരുദ്ധ സ്ക്വാഡ് കണ്ടെത്തിയിരുന്നു. പുരോഹിതിന്റെ നേതൃത്വത്തിലുള്ള ഹിന്ദുതീവ്രവാദ സംഘടനയായ അഭിനവ് ഭാരതാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് കേസ്. മഹാരാഷ്‌ട്ര എടിഎസ് അന്വേഷിച്ച കേസ് പിന്നീട് എൻഐഎ ഏറ്റെടുത്തു. എടിഎസ് കുറ്റപത്രത്തിൽ പ്രഗ്യാസിങിനെതിരെ സ്ഥാപിച്ച ഗൂഢാലോചനയടക്കമുള്ള കുറ്റങ്ങൾ ഒഴിവാക്കിയാണ് എൻഐഎ കുറ്റപത്രം നൽകിയത്.
ദേശീയ അന്വേഷണ ഏജൻസി തെളിവു നൽകുന്നതിൽ പരാജയപ്പെട്ട മാലേഗാവ് സ്‍ഫോടനക്കേസിലെ ഹിന്ദുത്വതീവ്രവാദികളായ എല്ലാ പ്രതികളെയും കഴിഞ്ഞ ജൂലൈ 31ന് എൻഐഎ പ്രത്യേക കോടതി വെറുതെവിട്ടു. സ്‌ഫോടനത്തിനുപിന്നിൽ ബിജെപി മുൻ എംപി പ്രഗ്യാസിങ് ഠാക്കൂർ അടക്കമുള്ള ഏഴ് പ്രതികളാണെന്ന സംശയം ശക്തമായി സ്ഥാപിക്കപ്പെട്ടെങ്കിലും ശിക്ഷിക്കാൻ മതിയായ തെളിവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രഗ്യാസിങ്ങിനെ കൂടാതെ റിട്ട. ലെഫ്. കേണൽ പ്രസാദ് പുരോഹിത്, രമേഷ് ഉപാധ്യായ്, അജയ് രാഹിർകർ, സുധാകർ ദ്വിവേദി, സുധാകർ ചതുർവേദി, സമീർ കുൽക്കർണി എന്നിവരെയാണ് വെറുതെവിട്ടത്.
മലേഗാവ് ഫയൽസ് എന്ന സിനിമ യഥാർഥ ലൊക്കേഷനുകളിലായിരിക്കും ചിത്രീകരിക്കുക. ചിത്രത്തിനാവശ്യമായ ഗവേഷണങ്ങൾ പുരോഗമിക്കുന്നു. അന്വേഷണ റിപ്പോർട്ടുകൾ, കോടതി രേഖകൾ, സാക്ഷി മൊഴികൾ എന്നിവയെല്ലാം അടിസ്ഥാനമാക്കിയാകും തിരക്കഥയൊരുക്കുക എന്നും ഡയക്ടർ അറിയിച്ചു. 2025 അവസാനത്തോടെ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിനിമ തേടുന്ന സത്യങ്ങൾ യാഥാർഥ്യത്തോട് നീതി പുലർത്തുമോ എന്ന് കാത്തിരിക്കാം.









0 comments