ഉണ്ണിയേട്ടനെ സിനിമേലെടുത്തേ... കിലി പോളിന്റെ ജീവിത കഥയുമായി 'മാസായി വാരിയർ'

കൊച്ചി: സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് സുപരിചിതനായ കിലി പോൾ എന്ന കേരളത്തിന്റ സ്വന്തം ഉണ്ണിയേട്ടന്റെ ജീവിതകഥ സിനിമയാകുന്നു. മാസായി വാരിയർ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. സതീഷ് തൻവിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ടാൻസാനിയൻ സിനിമാറ്റിക് യാത്ര' എന്ന ടാഗ്‌ലൈനോടെയാണ് സിനിമയുടെ വിവരം അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഒക്ടോബറിലാണ് ചിത്രീകരണം ആരംഭിക്കുന്നത്.
ടാൻസാനിയയാണ് പ്രധാന ലോക്കേഷൻ. യുകെ, ഓസ്ട്രേലിയ, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലും ചിത്രീകരണം നടക്കും. പി വി ഷാജികുമാറാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. നിഖിൽ എസ് പ്രവീൺ ആണ് ഛായാഗ്രാഹകൻ. മാറ്റിനി പ്രൈം പ്രൊഡക്ഷൻസ്, തീയേറ്റർ സ്റ്റോറീസ് എന്നീ ബാനറുകളിൽ പ്രിയദർശിനി പി എം, നജുമുദീൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മലയാളം ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷകളിലും മാസായി, ഇംഗ്ലീഷ്, സ്വാഹിലി, സിംഹള, ഫ്രഞ്ച്, പോളിഷ്, സ്പാനിഷ്, ടാഗലോഗ്, ജർമ്മൻ, അറബിക് എന്നിങ്ങനെയുള്ള വിദേശ ഭാഷകളുമുൾപ്പെടെ 25ഓളം ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.
മലയാള ഗാനങ്ങളും, സംഭാഷണ ശകലങ്ങളുമുൾപ്പെടെ ഇന്ത്യൻ ഭാഷകളിലെ വീഡിയോകളിലൂടെയാണ് കിലി പോൾ മലയാളികൾക്ക് പരിചിതനായത്. ടാൻസാനിയയിലെ ഉൾനാടൻ ഗ്രാമത്തിലെ കർഷകനാണ് കിലി പോൾ. മസായ്, സ്വാഹിലി, ഇംഗ്ലീഷ് ഭാഷകൾ മാത്രമേ അറിയൂ. യൂട്യൂബ് വഴിയാണ് മലയാളം പാട്ടുകൾ കാണുന്നതും ഇഷ്ടപ്പെടുന്നതും. ഫീഡുകളിൽ മലയാളം വർധിച്ചതോടെ പാട്ടിന്റെ വരികൾക്കൊപ്പം ചുണ്ട് ചലിപ്പിക്കാൻ ശ്രമിച്ചു.
അത്ര എളുപ്പമല്ല അതെന്ന് പരിശീലനം തുടങ്ങിയപ്പോഴേ മനസ്സിലായി. ആഗ്രഹം അതുകൊണ്ടൊന്നും അവസാനിച്ചില്ല. മലയാളം പാട്ടുകൾ പാടണമെന്നായി. യുട്യൂബിലൂടെ വരികൾ പഠിച്ചു. മലയാളം വരികളുടെ അർഥം മനസിലാക്കി പാടാൻ തുടങ്ങിയതോടെ അയാൾ മലയാളികൾക്ക് പ്രിയങ്കരനായി. മലയാളികളെ കാണാൻ കഴിഞ്ഞദിവസം കിലി പോൾ കേരളത്തിലെത്തിയിരുന്നു. മാസായി വാരിയറിലെ ഉണ്ണിയേട്ടന്റെ വരവിനായി ഇനി കാത്തിരിക്കാം.









0 comments