കരിബു കേരള...മലയാളികളെ കാണാൻ ഉണ്ണിയേട്ടൻ എത്തുന്നു

പാട്ടുപാടിയും നൃത്തം ചെയ്തും മലയാള മനസുകൾ കീഴടക്കിയ സോഷ്യൽ മീഡിയ താരമാണ് കിലി പോൾ അഥവാ നമ്മുടെ സ്വന്തം ഉണ്ണിയേട്ടൻ. ഭാഷയ്ക്കും ദേശത്തിനും അതിർവരമ്പുകളില്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നതായിരുന്നു കിലി പോളിന്റെ ഒരോ സോഷ്യൽ മീഡിയാ പോസ്റ്റുകളും. മലയാള ഗാനങ്ങളും, സംഭാഷണ ശകലങ്ങളുമുൾപ്പെടെ ഇന്ത്യൻ ഭാഷകളിലാണ് താരം അധികം വീഡിയോകൾ ചെയ്തിട്ടുള്ളത്. ഉണ്ണിയേട്ടൻ കേരളത്തിലേക്ക് വരണം എന്നാണ് ഓരോ വീഡിയോയ്ക്ക് താഴെയും ഏറ്റവും കൂടുതലാളുകൾ കമന്റ് ചെയ്തിരുന്നത്. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട കേരളത്തെയും മലയാളികളെയും കാണാൻ ഉണ്ണിയേട്ടൻ എത്തുകയാണ്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിലൂടെയാണ് കിലി പോൾ ഇക്കാര്യം വ്യക്തമാക്കിയത്.
Related News
ഒരിക്കൽപ്പോലും കേരളത്തിലെത്താത്ത കിലി പോൾ നൂറുകണക്കിന് മലയാളം പാട്ടുകൾ ഇതിനകം പാടി. സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ഓരോ പാട്ടുകൾക്കും ആരാധകരേറെയാണ്. ടാൻസാനിയയിലെ ഉൾനാടൻ ഗ്രാമത്തിലെ കർഷകനാണ് കിലി പോൾ. മസായ്, സ്വാഹിലി, ഇംഗ്ലീഷ് ഭാഷകൾ മാത്രമേ അറിയൂ. യൂട്യൂബ് വഴിയാണ് മലയാളം പാട്ടുകൾ കാണുന്നതും ഇഷ്ടപ്പെടുന്നതും. ഫീഡുകളിൽ മലയാളം വർധിച്ചതോടെ പാട്ടിന്റെ വരികൾക്കൊപ്പം ചുണ്ട് ചലിപ്പിക്കാൻ ശ്രമിച്ചു. അത്ര എളുപ്പമല്ല അതെന്ന് പരിശീലനം തുടങ്ങിയപ്പോഴേ മനസ്സിലായി. ആഗ്രഹം അതുകൊണ്ടൊന്നും അവസാനിച്ചില്ല. മലയാളം പാട്ടുകൾ പാടണമെന്നായി. യുട്യൂബിലൂടെ വരികൾ പഠിച്ചു. മലയാളം വരികളുടെ അർഥം മനസിലാക്കി പാടാൻ തുടങ്ങിയതോടെ അയാൾ മലയാളികൾക്ക് പ്രിയങ്കരനായി.
നിരവധി പേർ സ്നേഹസന്ദേശങ്ങൾ അയക്കുന്നതായി കിലി പോൾ വ്യക്തമാക്കിയിരുന്നു. കമന്റുകളിൽ ‘ഉണ്ണിയേട്ടൻ’ വിളി വർധിച്ചപ്പോൾ ആ പേര് സ്വയം സ്വീകരിച്ചു. ‘ഏട്ടാ’ എന്ന വിളിയിലെ സ്നേഹവും കരുതലും എത്രത്തോളമുണ്ടെന്ന് എനിക്കും ഇപ്പോൾ അറിയാം എന്നാണ് ഒരിക്കൾ കിലി പോൾ പറഞ്ഞത്. സഹോദരി നീമ പോളുമായി ചേർന്നും മലയാള ഗാനങ്ങളിൽ റീൽസ് ചെയ്യാറുണ്ട്. നീമയും മലയാളികൾക്ക് പ്രിയങ്കരിയാണ്. ഏറെ നാളായി ഫോളോവേഴ്സ് കിലി പോളിനെ കേരളത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. മലയാളികളുടെ ഉണ്ണിയേട്ടൻ ഒടുവിലിതാ കേരളത്തിലെത്തുകയാണ്. നിങ്ങളെ പോലെ ഞങ്ങളും കാത്തിരിക്കുന്നു. ഉണ്ണിയേട്ടാ... കരിബു കേരള









0 comments