കാന്താര: ചാപ്റ്റർ 1 ഷൂട്ടിംങ് പൂർത്തിയായി; ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്

ഋഷഭ് ഷെട്ടി നായകനായ കാന്താര: ചാപ്റ്റർ 1 ന്റെ പുതിയ പോസ്റ്റർ ഹോംബാലെ ഫിലിംസ് പുറത്തിറക്കി. ഋഷഭ് ഷെട്ടിയെ ഇതുവരെ കാണാത്ത ഒരു ത്രില്ലിംഗ് ഭാവത്തിൽ അവതരിപ്പിക്കുന്ന പോസ്റ്റർ പ്രേക്ഷകർക്കിടയിൽ ഇതിവനകം തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഋഷഭ് ഷെട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറ പ്രവർത്തകർ പോസ്റ്റർ പുറത്തിറക്കിയത്. ചിത്രത്തിന്റെ ഷൂട്ടിങ്ങും പൂർത്തിയാക്കിയതായി നിർമ്മാതാക്കൾ അറിയിച്ചു. ഈ വർഷം ഒക്ടോബർ 2 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
2022 ൽ കാന്താര പുറത്തിറങ്ങിയതോടെ ഇന്ത്യൻ സിനിമയ്ക്ക് ഒരു പുതിയ ചലനം കൈവന്നിരുന്നു. ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റായി ഉയർന്ന ചിത്രം വിജയത്തിന് പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുകയും ബോക്സ് ഓഫീസിൽ ആധിപത്യം നേടുകയും ചെയ്തു. ഏറ്റവും വലിയ പാൻ-ഇന്ത്യ ചിത്രങ്ങളിലൊന്നായി കാന്താര മാറി. കെജിഎഫ്, കാന്താര, സലാർ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകൾ ചിത്രങ്ങൾ സമ്മാനിച്ച പാൻ-ഇന്ത്യ പ്രൊഡക്ഷൻ ഹൗസായ ഹോംബാലെ ഫിലിംസാണ് കാന്താര: ചാപ്റ്റർ 1 നിർമിക്കുന്നത്. കാന്താരയുടെ പ്രീക്വൽ ആയാണ് കാന്താര: ചാപ്റ്റർ 1 ഒരുങ്ങുന്നത്.
ദേശീയ, അന്തർദേശീയ തലത്തിലെ നിരവധി പ്രഗത്ഭരെ ചിത്രത്തിൽ ഉൾപ്പെടുത്തിയുട്ടുണ്ട്. അഞ്ഞൂറിലധികം സംഘട്ടനത്തിൽ വൈദഗ്ധ്യമുള്ളവരെയും 3000 ആർട്ടിസ്റ്റുകളെയും ഉൾപ്പെടുത്തിയ യുദ്ധരംഗം ചിത്രത്തിൽ ഒരുക്കിയിട്ടുണ്ട്. കർണാടകയിലെ ഒരു പട്ടണ പ്രദേശത്ത് 25 ഏക്കറിലായി 45-50 ദിവസമെടുത്താണ് യുദ്ധരംഗം ചിത്രീകരിച്ചിരിക്കുന്നത്. ഇത് ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സീക്വൻസുകളിൽ ഒന്നാകുമെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്.









0 comments