കാന്താര കാണണമെങ്കിൽ ഈ മൂന്ന് 'വിശുദ്ധ' കാര്യങ്ങൾ ചെയ്യണോ..? ഋഷഭ് ഷെട്ടി പറയുന്നു

കൊച്ചി: സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന കാന്താര 2 റിലീസിന് ഒരുങ്ങുകയാണ്. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് പ്രധാന വേഷത്തിലെത്തുന്ന 'കാന്താര ചാപ്റ്റർ 1'ന്റെ ട്രെയിലറിന് ഇതിനോടകം ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒക്ടോബർ 2 നാണ് ചിത്രത്തിന്റെ ആഗോള റിലീസ്. ട്രെയ്‌ലർ പുറത്ത് വന്നതിന് പിന്നാലെ കാന്താര കാണാണമെങ്കിൽ മൂന്ന് വിശുദ്ധ കാര്യങ്ങൾ പ്രേക്ഷകർ പാലിക്കേണ്ടതുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ ഒരു പോസ്റ്റർ പ്രചരിക്കപ്പെട്ടത്.
"കാന്താര ചാപ്റ്റർ 1 തിയേറ്ററിൽ കാണുന്നത് വരെ പ്രേക്ഷകർ മൂന്ന് വിശുദ്ധ കാര്യങ്ങൾ പാലിക്കേണ്ടതുണ്ട്, മദ്യപിക്കരുത്, പുക വലിക്കരുത്, മാംസാഹാരം കഴിക്കരുത് എന്നിവയാണ് ആ വിശുദ്ധ കാര്യങ്ങൾ. ഇതിൽ പങ്കെടുക്കുന്നതിനായി ഗൂഗിൾ ഫോം പൂരിപ്പിക്കുക." എന്നാണ് ഇന്നലെ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കപ്പെട്ട പോസ്റ്ററിൽ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോഴിതാ സംഭവത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ ഋഷഭ് ഷെട്ടി.
അത്തരമൊരു പോസ്റ്റർ കണ്ടപ്പോൾ താൻ ഞെട്ടി പോയെന്നും, അക്കാര്യം പ്രൊഡക്ഷൻസുമായി ക്രോസ്സ് ചെക്ക് ചെയ്‌തെന്നും ഋഷഭ് ഷെട്ടി പറഞ്ഞു. "പുകവലി പാടില്ല, മദ്യപിക്കരുത്, മാംസം കഴിക്കാൻ പാടില്ല എന്ന പോസ്റ്റർ കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഈ വിവരം പ്രൊഡക്ഷൻസുമായി ക്രോസ് ചെക്ക് ചെയ്തു. പ്രശസ്തി നേടാനായി ആരോ വ്യാജമായി നിർമ്മിച്ച പോസ്റ്റർ ആണത്. അതിന് പ്രതികരിക്കേണ്ടതില്ലെന്നും ഞങ്ങൾ കരുതുന്നു." ഇന്നലെ നടന്ന പ്രസ് മീറ്റിനിടെ ഋഷഭ് ഷെട്ടി പറഞ്ഞു.
ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. സൂപ്പർ ഹിറ്റായി മാറിയിരുന്ന കാന്താര ആദ്യഭാഗത്തിന്റെയും വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസായിരുന്നു. കാന്താരയുടെ ഒന്നാം ഭാഗം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. പിന്നീട് ഈ ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, തുളു പതിപ്പുകൾ അണിയറപ്രവർത്തകർ പുറത്തിറക്കുകയും, അവയെല്ലാം തന്നെ ബോക്സ്ഓഫീൽ മികച്ച കളക്ഷനുകൾ നേടുകയും ചെയ്തു.









0 comments