'കണ്ണപ്പ' സിനിമയുടെ നിർണായക രംഗങ്ങളടങ്ങിയ ഹാർഡ് ഡ്രൈവ് കാണാതായതായി പരാതി

ഹൈദരാബാദ്: തെലുങ്ക് താരം വിഷ്ണു മഞ്ചു നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം കണ്ണപ്പയുടെ നിർണായക രംഗങ്ങളടങ്ങിയ ഹാർഡ് ഡ്രൈവ്ക് കാണാതായതായി പരാതി. ചിത്രത്തിലെ വിഎഫ്എക്‌സ് ഭാഗങ്ങൾ സൂക്ഷിച്ചിരുന്ന ഹാർഡ് ഡ്രൈവാണ് കാണാതായതെന്നാണ് വിവരം. ഇതോടെ ചിത്രത്തിന്റെ തുടർ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിഷ്ണു മഞ്ചുവിന്റെ ഓഫീസിൽ തന്നെയുള്ളവരാണ് ഹാർഡ് ഡ്രൈവ് കടത്തിയതെന്നാണ് വിവരം. രണ്ട് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മുംബൈയിൽ നിന്ന് സിനിമയുടെ ഹാർഡ് ഡ്രൈവ് ഫിലിം നഗറിലെ ട്വന്റി ഫോർ ഫ്രെയിംസ് ഫാക്ടറിയിലേക്ക് കൊറിയർ വഴി അയച്ചിരുന്നു. ഈ ഹാർഡ് ഡ്രൈവ് ഓഫീസ് ബോയ് രഘു കൈപ്പറ്റിയതായും പിന്നീട് ഓഫീസിലുള്ള ചരിത എന്ന യുവതി ഇതുമായി കടന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുംബൈ ആസ്ഥാനമായുള്ള ഹൈവ് സ്റ്റുഡിയോസ് ആണ് ഹാർഡ് ഡ്രൈവ് ഡിടിഡിസി കൊറിയർ സർവീസ് വഴി ഫിലിം നഗറിൽ സ്ഥിതി ചെയ്യുന്ന പോസ്റ്റ്-പ്രൊഡക്ഷൻ ഹൗസായ ട്വന്റിഫോർ ഫ്രെയിംസിലേക്ക് അയച്ചത്.
സിനിമയുടെ നിർമ്മാതാവ് ഫിലിം നഗർ പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടിട്ടുണ്ട്. രണ്ടുപേരും ഒളിവിലാണ്. ഇതുമായി ബന്ധപ്പെട്ട് മറ്റു വിവരങ്ങൾ ഒന്നും അണിയറപ്രവർത്തകർ പുറത്തു വിട്ടിട്ടില്ല. തങ്ങളുടെ സിനിമയ്ക്കെതിരെ മനഃപൂർവമായ ആക്രമണങ്ങൾ നടക്കുന്നുവെന്നും അതിൽ ഉൾപ്പെട്ടവർക്കെതിരെ നടപടിയെടുക്കണമെന്നും നിർമാതാവ് ആവശ്യപ്പെട്ടു. മുമ്പ് സിനിമയിലെ പ്രഭാസിന്റെ ലുക്കും ഔദ്യോഗികമായി പുറത്തു വിടുന്നതിന് മുന്നേ ചോർന്നിരുന്നു. ഇതും സിനിമയുടെ അണിയറയിൽ പ്രവർത്തിക്കുന്നവരാണ് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ.
വിഷ്ണു മഞ്ചു നായകനാകുന്ന ചിത്രത്തിൽ പ്രഭാസ്, മോഹൻലാൽ, അക്ഷയ് കുമാർ എന്നിവരും അതിഥി വേഷത്തിലെത്തുന്നുണ്ട്. ചിത്രം ജൂൺ 27 ന് ലോകവ്യാപകമായി റിലീസ് ചെയ്യും. മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്ത ചിത്രം മോഹൻ ബാബുവിൻറെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്‌ടറി, എ വി എ എൻറർടൈൻമെന്റ്‌സ് എന്നീ ബാനറുകളിലാണ് നിർമിച്ചിരിക്കുന്നത്. അക്ഷയ് കുമാർ ശിവനായും മോഹൻലാൽ കിരാതനായും സിനിമയിൽ വേഷമിടുന്നു. പ്രഭാസ് രുദ്ര എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കാജൽ അഗർവാൾ, പ്രീതി മുകുന്ദൻ എന്നിവരും ചിത്രത്തിലുണ്ട്.
കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് നിർമിക്കുന്നത്. ബോളിവുഡ് സംവിധായകനും നിർമാതാവുമായ മുകേഷ് കുമാർ സിംഗിൻറെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. ചിത്രത്തിൽ ശരത് കുമാർ, മോഹൻ ബാബു, അര്പിത് രംഗ, കൗശൽ മന്ദ ദേവരാജ്, ഐശ്വര്യ, മധുബാല എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിൽ ചിത്രം ആഗോള റിലീസായെത്തും. ഹോളിവുഡ് ചായാഗ്രാഹകൻ ഷെൽഡൻ ചാവുവാണ് കാമറ.








0 comments