കത്തിക്കയറി കളങ്കാവൽ ട്രെയിലർ; മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബിൽ മില്യൺ കാഴ്ചക്കാർ

കൊച്ചി: കാത്തിരിപ്പുകൾക്കൊടുവിൽ കളങ്കാവൽ ട്രെയിലർ എത്തിയപ്പോൾ ഇരു കൈയും നീട്ടി സ്വീകരിച്ച് പ്രേക്ഷകർ. ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഡയലോഗുകളും ദൃശ്യങ്ങളും ശബ്ദങ്ങളുമാണ് ട്രെയിലറിലുണ്ടായിരുന്നത്. എന്നാൽ ട്രെയിലറിന്റെ അവസാന നിമിഷത്തിലേക്ക് ഒളിപ്പിച്ചുവച്ച പുകച്ചുരുൾ വിട്ട് മാസ് ഡയലോഗ് പറയുന്ന മമ്മൂട്ടിയുടെ വില്ലൻ അപ്പിയറൻസ് ആണ് വൻ ചർച്ചയായത്. ഏകദേശം 11 ലക്ഷം കാഴ്ചക്കാരാണ് ഇതുവരെ യൂട്യൂബിൽ മാത്രം ട്രെയിലർ കണ്ടത്.
ആവേശം ഒട്ടും ചോരാതെയാണ് ചിത്രത്തിന്റെ ട്രെയിലർ ഒരുക്കിയിരിക്കുന്നത്. വല്ലാത്തൊരുകഥ സ്റ്റൈലിലുള്ള ബാബുരാമചന്ദ്രന്റെ ആഖ്യാനത്തിലൂടെയാണ് ചിത്രം പരിചയപ്പെടുത്തുന്നത്. ശക്തമായ പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിനായകനും ട്രയിലറിലുണ്ട്. കേരളത്തിന് പുറത്തേക്കും കഥാപശ്ചാത്തലം നീളുന്ന സൂചനകളുമുണ്ട്. ഏറ്റവും കൂടുതൽ സുഖം കിട്ടുന്നത് എന്തിനെ കൊല്ലുമ്പോഴാണെന്ന് അറിയുമോ? എന്ന ഒറ്റ ഡയലോഗിൽ വില്ലനിസം പീക്കിലെത്തിക്കുന്ന മമ്മൂട്ടിയാണ് ട്രെയിലറിലുള്ളത്. ടീസറിലേതുപോലെ ഒറ്റസീനിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ സാന്നിധ്യം ഞെട്ടിച്ചുവെന്നാണ് കമന്റുകൾ.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ ജോസ് സംവിധാനം നിർവഹിച്ച കളങ്കാവൽ നവംബർ 27ന് തിയേറ്ററിലെത്തും. കളം നിറഞ്ഞ് കളിക്കാൻ മമ്മൂട്ടിയുടെ വില്ലൻ കഥാപാത്രമെത്തുന്ന ആവേശത്തിലാണ് പ്രേക്ഷകർ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമിക്കുന്ന ചിത്രം ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷൻ സംരംഭമാണിത്.
ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് കളങ്കാവലിൻ്റെ തിരക്കഥ രചിച്ചത്. നാല് മാസത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടിയെ വീണ്ടും ബിഗ് സ്ക്രീനിൽ കാണാനായതിള്ളന്റെ സന്തോഷത്തിൽ കൂടിയാണ് ആരാധകർ. കത്തിക്കാത്ത സിഗരറ്റ് ചുണ്ടിൽ വച്ച് നിൽക്കുന്ന മമ്മൂട്ടിയാണ് ടീസറിലുള്ളത്. ഒറ്റ സീനിൽ തന്നെ വളരെ നിഗൂഡമായ ആ കഥാപാത്രത്തിന്റെ നിരവധി ലയറുകൾ പ്രകടമായിരുന്നുവെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ മാസമാണ് താരം ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്തിയത്. നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയാണ് ഈ വർഷം അവസാനമിറങ്ങിയ മമ്മൂട്ടി ചിത്രം.









0 comments