സ്ത്രീപീഡനത്തിൽ ഓൺലൈനെന്നും ഓഫ്‌ലൈനെന്നുമില്ല; ഒരേ ശിക്ഷ കൊടുക്കണം; ആക്ഷേപം നിസാരമല്ല: ഹുമ ഖുറേഷി

ന്യൂഡൽഹി: സ്ത്രീകൾ നേരിടുന്ന പീഡനത്തിന് ഓൺലൈനെന്നും ഓഫ്‌ലൈനെന്നുമില്ലെന്നും ഒരേ ശിക്ഷ എല്ലാ കുറ്റവാളികൾക്കും കൊടുക്കണമെന്നും ബോളിവുഡ് താരം ഹുമ ഖുറേഷി. സ്വകാര്യ പോഡ്‌കാസ്റ്റിലാണ് നടിയുടെ പ്രതികരണം.
തെരുവിൽ ഒരു സ്ത്രീയെ ഉപദ്രവിക്കുന്നത്തിനും സോഷ്യൽ മീഡിയയിൽ അധിക്ഷേപ്പിക്കുന്നതിനും ഒരേ ശിക്ഷയായിരിക്കണം. ബിക്കിനിയിട്ട ചിത്രം പോസ്റ്റ് ചെയ്യാനാവശ്യപ്പെട്ടുകൊണ്ടുള്ള കമന്റുകൾ വരാറുണ്ട്. ഓൺലൈനിൽ നടക്കുന്ന ഇത്തരം കാര്യങ്ങളെ ലളിതമായി കാണാനാകില്ല. ട്രോളും അനാവശ്യ വീഡിയോകളും നിർമിച്ച് പ്രചരിപ്പിക്കുന്നതിൽ ഇത്തരക്കാർ യാതൊരു തെറ്റും കാണുന്നില്ല എന്നതാണ് പ്രശ്നം. വളരെ നിസാരമാണ് ഇതെല്ലാമെന്നാണ് ഇവരുടെ തോന്നൽ. അത് സ്ത്രീകളിൽ ഏൽപ്പിക്കുന്ന ബുദ്ധിമുട്ട് മനസിലാക്കാൻ ഇവർക്കാകില്ല.
സ്ത്രീകളുടെ വസ്ത്രം, ജോലി, ശരീരം, ജീവിതശൈലി പോലെയുള്ള കാര്യങ്ങളിൽ ഇടപെടുന്നത് സമൂഹം അവസാനിപ്പിക്കണം - ഹുമ ഖുറേഷി പറഞ്ഞു.
മികച്ച നിരൂപക പ്രശംസ നേടുന്ന 'ഡൽഹി ക്രൈം 3' വെബ്സീരീസിൽ ഹുമ ഖുറേഷി പ്രധാന വേഷത്തിലെത്തി. പുതിയ സീസൺ ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നുണ്ട്.









0 comments