അഫ്ഗാനിൽ പാക് ആക്രമണം; 10 പേർ കൊല്ലപ്പെട്ടു, ഒമ്പത് പേരും കുട്ടികൾ

പ്രതീകാത്മക ചിത്രം
കാബൂൾ: സമാധാന ശ്രമങ്ങൾക്കിടെ അഫ്ഗാനിസ്ഥാനിൽ വീണ്ടും പാക് ആക്രമണം. അഫ്ഗാന്റെ കിഴക്കൻ പ്രവിശ്യയിൽ നടത്തിയ വ്യോമാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. ഇതിൽ ഒമ്പത് പേരും കുട്ടികളാണ്. മൂന്ന് പ്രവിശ്യകളിലാണ് പാക് ആക്രമണമുണ്ടായത്.
ഖോസ്റ്റ് പ്രവിശ്യയിലെ ഒരു വീട്ടിൽ പാകിസ്ഥാൻ ബോംബിട്ടതായും 10 പേർ കൊല്ലപ്പെട്ടതായും താലിബാൻ സർക്കാർ വക്താവ് സബിഹുള്ള മുജാഹിദ് എക്സിൽ സ്ഥിരീകരിച്ചു. കുനാർ, പക്തിക പ്രവിശ്യകളിലും ആക്രമണങ്ങളുണ്ടായി. നാല് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.
എന്നാൽ ഡ്രോൺ ആക്രമണത്തിൽ പാകിസ്ഥാൻ സൈന്യവും സർക്കാരും പ്രതികരിച്ചിട്ടില്ല. അഫ്ഗാൻ- പാക് സംഘർഷവും അതിർത്തി കടന്നുള്ള ഏറ്റുമുട്ടലുകളും പൊട്ടിപ്പുറപ്പെട്ട് ഒരു മാസത്തിലേറെയായി. തിങ്കളാഴ്ച പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ നഗരമായ പെഷവാറിൽ നടന്ന ആക്രമണത്തിന് പിന്നാലെയാണ് പുതിയ സംഘർഷം ഉടലെടുത്തത്.
തിങ്കളാഴ്ച രാവിലെ പാക് അർധ സൈനിക ആസ്ഥാനത്ത് നടന്ന ആക്രമണത്തിൽ മൂന്ന് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പെഷവാർ ആക്രമണത്തിന്റെ ഉത്തരവാദിത്തവും ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. എന്നാൽ താലിബാൻ അധികൃതരുടെ നിർദേശപ്രകാരമാണ് ആക്രമണം നടന്നതെന്ന് പാകിസ്ഥാൻ ആരോപിച്ചു. ഇതിന് പിന്നാലെയായിരുന്നു കാബൂളിലെ ആക്രമണം.









0 comments