രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവിനെതിരെ വ്യാപക സൈബർ ആക്രമണം

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവിനെതിരെ വ്യപക സൈബർ ആക്രമണം. 'സൈക്കോപാത്തുകളെ പടിയടച്ച് പിണ്ഡം വയ്ക്കണം. പെണ്‍കുട്ടികളുടെ മാനത്തിനും വിലയുണ്ടെന്ന് നേതൃത്വം മനസ്സിലാക്കണം. രാഹുലിനെ പരിശുദ്ധനാക്കണമെന്ന് ആര്‍ക്കാണ് ധൃതി' എന്നും ചോദിച്ചായിരുന്നു സജന ബി സാജന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ നേതൃത്വത്തെ വിമർശിച്ചത്. ഇതിന് പിന്നാലെയാണ് സജനയ്ക്ക് എതിരെ സംഘടിക്കാത്ത സൈബർ ആക്രമണം തുടങ്ങിയത്.
നീ ഏതാണ്, ആദ്യമായാണ് നിന്റെ പേര് കേൾക്കുതെന്നും നിന്നെ ആരാ സെക്രട്ടറി ആക്കിയത് കണ്ണ് പൊട്ടന്മാർ ആണോ എന്നുമൊക്കെയാണ്
കോൺഗ്രസ് അണികളുടെ ചോദ്യം. പ്രതിഷേധ സൂചകമായി സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവച്ചു പുറത്തുപോ എന്നും കമന്റുകളിൽ ആഹ്വാനമുണ്ട്. 'തൽക്കാലം നിന്നെ പടിയടച്ച് പിണ്ഡം വെച്ചാലും. രാഹുൽ മാങ്കുട്ടത്തെ സംരക്ഷിക്കാനാണ് ഞങ്ങളുടെ തീരുമാനം' എന്നാണ് ചിലരുടെ വാദം.
സജന ഇട്ട പോസ്റ്റ് ഏറെ ചർച്ചയായതാണ് സൈബർ അണികളെ പ്രകോപിപ്പിച്ചത്. നീതി എന്നുള്ളത് പീഡിപ്പിക്കുന്നവനല്ല ഇരകൾക്കുള്ളതാണ്. ഗർഭശ്ചിദ്രവും പീഡനങ്ങളും എല്ലാം മാധ്യമത്തിലൂടെയും അല്ലാതെയും നേതൃത്വത്തിനും എല്ലാപേർക്കും മനസ്സിലായിട്ടും ആ കുട്ടികൾ പരാതി നൽകിയില്ല എന്ന് പറയുന്നത് അവരുടെ ആത്മാഭിമാനത്തിനോടുള്ള വെല്ലുവിളി തന്നെയാണ്. അവർ പരാതി നൽകിയാൽ പാർട്ടിയ്ക്ക് എന്ത് ചെയ്യാനാകും...? - സജന പോസ്റ്റിൽ ചോദിച്ചു.
തൻവിയും അനുശ്രീയുമൊക്കെ പണം വാങ്ങി ഏതെങ്കിലും പരിപാടികളിൽ ഗസ്റ്റ് ആയി പോകുന്നത് പോലെയല്ല പാർട്ടിയിലെ വനിതാ പ്രവർത്തകർ. സ്വല്പം ബുദ്ധിമുട്ടിയാണ് നമ്മളൊക്കെ ഇതിൽ നിൽക്കുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ നീക്കിയത് രാജിയല്ല, മറിച്ച് രാജിവെപ്പിച്ചതാണ് എന്ന് സജനയുടെ കുറിപ്പ് അടിവരയിടുന്നുണ്ട്.
അതേസമയം ലൈംഗികചൂഷണ ആരോപണം ബലപ്പെടുത്തി പുതിയ ശബ്ദരേഖകൾ പുറത്തുവന്ന പശ്ചാത്തലത്തിലും യുഡിഎഫ് സ്ഥാനാർഥികൾക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കൂടുതൽ തെളിവുകൾ പുറത്തുവന്നതോടെ മാങ്കൂട്ടത്തിൽ പ്രചാരണത്തിനിറങ്ങരുതെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. മാങ്കൂട്ടത്തിൽ വീടുകളിൽ കയറി വോട്ട് ചോദിച്ചാൽ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് ജില്ലയിലെ നേതാക്കൾ കെപിസിസി നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. എന്നാൽ ഇതൊന്നും വകവെക്കാതെയാണ് മാങ്കൂട്ടത്തിൽ ശേഖരിപുരത്ത് വീടുകൾ കയറി വോട്ട് അഭ്യർത്ഥിച്ചത്.
സ്ഥാനാർഥികൾക്കുവേണ്ടി വീട് കയറരുതെന്ന് നേതാക്കൾ ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു മാങ്കൂട്ടത്തിലിന്റെ പ്രതികരണം. തന്നോട് പ്രചാരണത്തിൽനിന്ന് വിട്ടുനിൽക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല. കോൺഗ്രസിനും യുഡിഎഫിനുംവേണ്ടി പ്രചാരണം നടത്തുമെന്നും മാധ്യമങ്ങളോട് മാങ്കൂട്ടത്തിൽ പറഞ്ഞു. എന്നാൽ പുറത്തുവന്ന ശബ്ദരേഖ നിഷേധിക്കാനോ അതേക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാനോ മാങ്കൂട്ടത്തിൽ ഇന്നും തയ്യാറായില്ല.









0 comments