മാങ്കൂട്ടത്തിൽ പരിപാടികളിൽ പങ്കെടുക്കുന്നെങ്കിൽ മറുപടി പറയേണ്ടത് പ്രാദേശിക നേതാക്കൾ: കെ സി വേണുഗോപാൽ

കെ സി വേണുഗോപാൽ
ആലപ്പുഴ: ഗുരുതര ലൈംഗികചൂഷണ പരാതികൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകുന്നതിൽ മറുപടി പറയേണ്ടത് പാലക്കാട്ടെ കോൺഗ്രസ് പ്രാദേശിക നേതൃത്വമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. തനിക്ക് കൂടുതൽ പ്രതികരിക്കേണ്ട ആവശ്യമില്ല പീഡന ആരോപണം വന്നപ്പോൾത്തന്നെതന്നെ മാങ്കൂട്ടത്തിലിനെതിരെ നടപടി എടുത്ത് മാറ്റിനിർത്തിയതാണ്. കോൺഗ്രസിൽ മാങ്കൂട്ടത്തിലിന് ഇപ്പോൾ സ്ഥാനമില്ലെന്നും വേണുഗോപാൽ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകി.
എന്നാൽ, സ്ഥാനാർഥികൾക്കുവേണ്ടി വീട് കയറരുതെന്ന് നേതാക്കൾ ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു മാങ്കൂട്ടത്തിലിന്റെ പ്രതികരണം. തന്നോട് പ്രചാരണത്തിൽനിന്ന് വിട്ടുനിൽക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല. കോൺഗ്രസിനും യുഡിഎഫിനുംവേണ്ടി പ്രചാരണം നടത്തുമെന്നും മാധ്യമങ്ങളോട് മാങ്കൂട്ടത്തിൽ പറഞ്ഞു. എന്നാൽ പുറത്തുവന്ന ശബ്ദരേഖ നിഷേധിക്കാനോ അതേക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാനോ മാങ്കൂട്ടത്തിൽ ഇന്നും തയ്യാറായില്ല.
മാങ്കൂട്ടത്തിലിനെ പാർടിയിൽനിന്ന് സസ്പെൻഡ് ചെയ്ത നടപടി അങ്ങനെതന്നെ നിൽക്കുകയാണെന്നായിരുന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രതികരണം. പാർടി നടപടി നേരിട്ടയാൾ എങ്ങനെയാണ് തെരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടുന്നതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശനോട് മാധ്യമങ്ങൾ ചോദിച്ചപ്പോൾ കെപിസിസി പ്രസിഡന്റ് മറുപടി പറയുമെന്ന് ഉത്തരംനൽകി ഒഴിഞ്ഞുമാറി. അതേസമയം, കോൺഗ്രസിന്റെ ഒരു ഔദ്യോഗിക പരിപാടികളിലും ഇനി മാങ്കൂട്ടത്തിലിനെ പങ്കെടുപ്പിക്കില്ലെന്ന് മുതിർന്ന നേതാവ് കെ മുരളീധരൻ പറഞ്ഞു.









0 comments