ഐഎഫ്എഫ്കെ: ആദ്യദിനം 5000 കടന്ന് രജിസ്ട്രേഷൻ

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബർ 12 മുതൽ 19 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 30-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് രജിസ്‌ട്രേഷന് ആദ്യ ദിനം മികച്ച പ്രതികരണം. രജിസ്ട്രേഷൻ ആദ്യദിനത്തിൽ അയ്യായിരം കടന്നു. ചൊവ്വ രാവിലെ പത്തിനാണ് രജിസ്ട്രേഷൻ തുടങ്ങിയത്. 16 തിയേറ്ററുകളിലായി നടക്കുന്ന മേളയിൽ 12000ത്തോളം ഡെലിഗേറ്റുകൾക്ക് പങ്കെടുക്കാം.
registration.iffk.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ നടത്താവുന്നതാണ്. പൊതുവിഭാഗത്തിന് ജിഎസ്ടി ഉൾപ്പെടെ 1180 രൂപയും വിദ്യാർഥികൾക്ക് ജിഎസ്ടി ഉൾപ്പെടെ 590 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. പൊതുവിഭാഗം, വിദ്യാർഥികൾ, ഫിലിം സൊസൈറ്റി, ഫിലിം ആൻഡ് ടിവി പ്രൊഫഷണൽസ് തുടങ്ങി എല്ലാ വിഭാഗങ്ങളിലേക്കും ഓൺലൈനായി രജിസ്‌ട്രേഷൻ നടത്താം.
മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്റർ പരിസരത്ത് സജ്ജീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെൽ മുഖേന നേരിട്ടും രജിസ്ട്രേഷൻ നടത്താം.
ലോകസിനിമാ വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമ ടുഡേ, കൺട്രി ഫോക്കസ് വിഭാഗത്തിലുള്ള ചിത്രങ്ങൾ, മൺമറഞ്ഞ ചലച്ചിത്രപ്രതിഭകൾക്ക് സ്മരണാഞ്ജലിയർപ്പിക്കുന്ന ഹോമേജ് വിഭാഗം തുടങ്ങിയ പാക്കേജുകൾ മേളയിലുണ്ടാകും. സംവിധായകരും സാങ്കേതിക പ്രവർത്തകരും ജൂറി അംഗങ്ങളുമുൾപ്പെടെ വിദേശരാജ്യങ്ങളിൽനിന്നുള്ള നൂറിൽപ്പരം അതിഥികൾ മേളയിൽ പങ്കെടുക്കും.









0 comments