എമ്പുരാൻ ഇനി ഏറ്റവും വലിയ ഇൻഡസ്ട്രി ഹിറ്റ്; തകർത്തത് മഞ്ഞുമ്മൽ ബോയ്സിന്റെ റെക്കോർഡ്

കൊച്ചി: കേരളത്തിൽ ഏററവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള സിനിമയായി ചരിത്രം കുറിച്ച് എമ്പുരാൻ. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇക്കാര്യം സ്ഥിരീകരിച്ചു. മഞ്ഞുമ്മൽ ബോയ്സിന്റെ റെക്കോർഡ് തകർത്താണ് എമ്പുരാൻ റെക്കോർഡ് സ്വന്തമാക്കിയത്.
റിലീസ് ചെയ്ത് പത്ത് ദിവസത്തിനുള്ളിൽ തന്നെ എമ്പുരാൻ ആഗോളതലത്തിൽ 250 കോടി രൂപയിലധികം ഗ്രോസ് നേടി. 72 ദിവസം കൊണ്ട് മഞ്ഞുമ്മല്‍ ബോയ്സ് ആഗോളതലത്തില്‍ നേടിയ 242 കോടി രൂപ വെറും പത്ത് ദിവസം കൊണ്ടാണ് എമ്പുരാൻ മറികടന്നത്. ചിത്രത്തിലെ വിവാദ ഘടകങ്ങൾ മറ്റ് ഭാഷകളിൽ എമ്പുരാന്റെ പ്രകടനത്തെ നേരിയ തോതിൽ ബാധിച്ചെങ്കിലും കേരളത്തിലെ ബോക്സ് ഓഫീസ് തരംഗമാണ് എമ്പുരാൻ.
മാർച്ച് 27നായിരുന്നു പൃത്വിരാജ്- മോഹൻലാൽ ചിത്രം പ്രദർശനത്തിനെത്തയത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് എമ്പുരാൻ എത്തിയത്. മുരളി ഗോപിയുടേതാണ് ചിത്രത്തിന്റെ രചന. ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം നിർവഹിച്ചത്.
2019 ൽ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാൻ മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ്. സംവിധായകൻ എന്ന നിലയിൽ വൻ കൈയടിയാണ് പൃഥ്വിരാജിന് ലഭിക്കുന്നത്. മോഹൻലാൽ പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു, സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരുമുണ്ട്.









0 comments