പ്രേതമല്ല, നമ്മുടെ മനസാക്ഷി തന്നെയാണ് നമ്മെ പേടിപ്പിക്കുന്നത്!

'ഡീയസ് ഈറെ' അനുഭവം ഒരു തെറാപ്പി സെഷൻ പോലെ'; ചിത്രം കണ്ട ശേഷം ഡോക്ടർ പങ്കുവെച്ച കുറിപ്പ് വൈറൽ

Dies Irae Movie
വെബ് ഡെസ്ക്

Published on Nov 11, 2025, 12:22 PM | 2 min read

കൊച്ചി: പ്രണവ് മോഹൻലാൽ നായകനായെത്തിയ രാഹുൽ സദാശിവൻ ചിത്രം 'ഡീയസ് ഈറെ' തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. പ്രായഭേദമന്യേ ഏവരും ഈ ഹൊറർ ചിത്രം ഏറ്റെടുത്തുകഴിഞ്ഞു. ചിത്രം കണ്ട ശേഷം ഒരു ഡോക്ടർ തന്‍റെ ബ്ലോഗിൽ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഡോ. പ്രമാശ സാരംഗ മനോജ് ആണ് ചിത്രത്തെ കുറിച്ചുള്ള നിരൂപണം പങ്കുവെച്ചിരിക്കുന്നത്.


ഇതൊരു സാധാരണ ഹൊറർ സിനിമയല്ല, ജംപ് സ്കെയറിട്ട് പേടിപ്പിക്കുന്ന പരിപാടിയല്ല. ഇത് നമ്മളെ അസ്വസ്ഥതപ്പെടുത്തും, നമ്മെ പേടിപ്പെടുത്താൻ നമ്മുടെ മനസാക്ഷി മാത്രം മതിയെന്ന് ഓർമ്മപ്പെടുത്തും. കുറ്റബോധത്തിന്‍റെ ഭാരം അനുഭവവേദ്യമാക്കും, സിനിമ അവസാനിക്കുമ്പോള്‍ മനസാക്ഷിയുടെ പതുക്കെയുള്ളൊരു നീറ്റലുണ്ടാകും- ഡോക്ടർ കുറിച്ചു


ഏറെ നാളുകള്‍ക്ക് ശേഷമാണ് താൻ തിയേറ്ററിലെത്തി ഒരു സിനിമ കണ്ടതെന്നും, 'ഡീയസ് ഈറെ' സ്നേഹത്തെയും അതിജീവനത്തെയും ആഘോഷിക്കുന്ന ഒരു സൈക്കോളജിക്കൽ ഹൊറർ സിനിമയായിട്ടാണ് അനുഭവപ്പെട്ടതെന്നുമാണ് ഡോക്ടറുടെ വാക്കുകള്‍. മനസിലെ ദുഃഖങ്ങൾ, ആവശ്യമില്ലാത്ത ഒട്ടേറെ പ്രശ്നങ്ങൾ തുടങ്ങിയ ചില പിശാചുക്കളെ പുറത്താക്കാൻ ഡീയസ് ഈറെ സഹായിച്ചു. ആദ്യ ഫ്രെയിം കണ്ടപ്പോഴേ ഇതൊരു സാധാരണ ഹൊറർ സിനിമയല്ല എന്ന് വ്യക്തമായിരുന്നു. അതിസങ്കീർണ്ണമായ ഭീതി ഉളവാക്കുന്നൊരു ചിത്രമാണിത്. ഒരുതരം തെറാപ്പി സെഷൻ പോലെയാണ് രാഹുൽ സദാശിവൻ ചിത്രം ഒരുക്കിയിട്ടുള്ളത്. ഇത് നമ്മെ അസ്വസ്ഥതപ്പെടുത്തുമെന്ന് തീർച്ചയാണ്.


പ്രണവ് മോഹൻലാൽ അവതരിപ്പിച്ച രോഹൻ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കൈയിൽ ഭദ്രമായിരുന്നു. അയാളുടെ വീട് ക്ലോസ്‌ട്രോഫോബിയ നൽകുന്ന കുറ്റബോധത്തിൻ്റെ അറയായി മാറുന്നതായി നമുക്ക് തോന്നും. പേടിപ്പെടുത്താൻ മനസാക്ഷി മാത്രം മതി എന്ന് പറഞ്ഞുവയ്ക്കുകയാണ് ഡീയസ് ഈറെ. സ്വന്തം മനസാക്ഷിയുടെ ശബ്‍‍ദമാണ് ചിത്രം തുറന്നുകാണിക്കുന്നത്. സത്യം പറഞ്ഞാൽ, കുറ്റബോധത്തിന് ഒരു 'സറൗണ്ട് സൗണ്ട്' ഉണ്ടെങ്കിൽ, അത് ഇതായിരിക്കും.


സിനിമയിൽ ക്രിസ്റ്റോ സേവ്യറിൻ്റെ സംഗീതം ശരിക്കും അമ്പരപ്പിച്ചു. സംഗീതം സിനിമയോടൊപ്പം ചേരുകയല്ല, അത് സിനിമയോടൊപ്പം ശ്വസിക്കുന്നതായാണ് അനുഭവപ്പെട്ടത്. അമ്മയും മകനുമായുള്ള രംഗങ്ങളൊക്കെ ഹൃദയഭേദകമാംവിധം വാത്സല്യമുള്ളതും എന്നാൽ ഭയപ്പെടുത്തുന്ന രീതിയിൽ യാഥാർത്ഥ്യബോധമുള്ളതുമായിരുന്നു. ഷെഹ്നാദ് ജലാലിൻ്റെ ക്യാമറ കാഴ്ചകളും മനോഹരമായിരുന്നു. പ്രണവ് മോഹൻലാലിൻ്റെ പ്രകടനം മിനിമലിസത്തിൻ്റെ ഏറ്റവും മികച്ച രൂപമാണ്.


അവൻ്റെ ഭയം ശബ്ദമുണ്ടാക്കുന്നില്ല, അയാൾ അലറുന്നില്ല; പകരം, പരിഭ്രാന്തി നിശ്ശബ്‍ദമായി വിഴുങ്ങുകയാണ് എന്ന് നമ്മളെ തോന്നിപ്പിക്കുകയാണ്. സിനിമ കഴിയുമ്പോള്‍ മനസാക്ഷിയുടെ പതുക്കെയുള്ള നീറ്റലുണ്ട്, നിങ്ങളുടെ പൂർത്തിയാക്കാത്ത കാര്യങ്ങളേക്കാൾ ഭയം ഉണ്ടാക്കുന്ന മറ്റൊരു പ്രേതമില്ലെന്ന് ചിത്രം പറഞ്ഞുവയ്ക്കുന്നതിനോട് ഞാനും യോജിക്കുന്നു. തീർച്ചയായും ഡീയസ് ഈറെ കാണേണ്ട ചിത്രമാണ്. ഇത് നിങ്ങളെ അസ്വസ്ഥമാക്കും, എന്നാൽ വിചിത്രമായി ആശ്വാസവും നൽകും, ഒരു സുഹൃത്തിനെപ്പോലെ- ഡോ. പ്രമാശ സാരംഗ മനോജിന്റെ കുറിപ്പിൽ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home