ധർമേന്ദ്രയുടെ 'ഇക്കിസ് ' ഡിസംബറിലെത്തും; ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകൾ

ന്യൂഡൽഹി: ബോളിവുഡ് താരം ധർമേന്ദ്രയുടെ പുതിയ ചിത്രം 'ഇക്കിസി'ലെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. 'കാലാതീതമായ ഇതിഹാസം' എന്ന ടാഗ് ലൈനോടെയാണ് അണിയറപ്രവർത്തകർ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. മാഡോക്ക് ഫിലിംസ് നിർമിക്കുന്ന ചിത്രം ശ്രീറാം രാഘവാണ് സംവിധാനം ചെയ്യുന്നത്. ചിത്രം ഡിസംബർ 25 ന് തിയേറ്ററുകളിലെത്തും.
എം എൽ ഖേതർപാലിന്റെ വേഷത്തിലാണ് നടൻ 'ഇക്കിസി'ൽ അഭിനയിക്കുന്നത്. പരം വീര ചക്രം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ അരുൺ ഖേതർപാലിന്റെ കഥയാണ് സിനിമയാകുന്നത്. 'പിതാക്കന്മാർ മക്കളെ വളർത്തുന്നു, ഇതിഹാസങ്ങൾ രാഷ്ട്രങ്ങളെ വളർത്തുന്നു' എന്നാണ് അണിയറപ്രവർത്തകർ കുറിച്ചിരിക്കുന്നത്. അമിതാഭ് ബച്ചന്റെ ചെറുമകൻ അഗസ്ത്യ നന്ദയാണ് അരുൺ ഖേതർപാലിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
1971-ലെ ഇന്ത്യ-പാക് യുദ്ധത്തിലെ ബസന്തർ യുദ്ധത്തിലാണ് സെക്കൻഡ് ലെഫ്റ്റനന്റ് അരുൺ ഖേതർപാൽ വീരമൃത്യു വരിച്ചത്. 21-ാം വയസ് മാത്രമായിരുന്നു പ്രായം. അദ്ദേഹത്തിന്റെ ധൈര്യത്തിനും ത്യാഗത്തിനും മരണാനന്തരം പരം വീര ചക്രം നൽകി രാജ്യം ആദരിച്ചു. ജയ്ദീപ് അഹ്ലാവത്, സിക്കന്ദർ ഖേർ എന്നിവരും ഇക്കിസിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
ആരോഗ്യം മോശമായതിനെ തുടർന്ന് ചികിത്സയിലായിരുന്ന നടൻ ധർമേന്ദ്ര നവംബർ 12നാണ് ആശുപത്രി വിട്ടത്. തുടർ ചികിത്സ വീട്ടിൽ നൽകാം എന്ന് കുടുംബം തീരുമാനിച്ചതിനെ തുടർന്നാണ് നടനെ ഡിസ്ചാർജ് ചെയ്തത്.
1960-ൽ പുറത്തിറങ്ങിയ ദിൽ ഭി തേരാ ഹം ഭി തേരേയിലൂടെയാണ് ധർമേന്ദ്ര തൻ്റെ അഭിനയ ജീവിതം ആരംഭിച്ചത്. 60കളിലും 70കളിലും 80കളിലും ഹിന്ദി സിനിമകളുടെ നിറസാന്നിധ്യമായിരുന്നു. ഹഖീഖത്ത്, ഫൂൽ ഔർ പത്തർ, മേരാ ഗാവ് മേരാ ദേശ്, സീത ഔർ ഗീത, ചുപ്‌കെ ചുപ്‌കെ, ഷോലെ തുടങ്ങിയ സിനിമകളിലെ തൻ്റെ വിസ്മയകരമായ പ്രകടനത്തിലൂടെ ധർമേന്ദ്ര ബിഗ് സ്‌ക്രീനുകൾ ഭരിച്ചു.









0 comments