ഉത്തരകാശി ദുരന്തം ഒരു മുന്നറിയിപ്പ്

ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ മേഘവിസ്‌ഫോടനത്തെതുടർന്നുണ്ടായ മിന്നൽപ്രളയദുരന്തത്തിന്റെ ദൃശ്യങ്ങൾ രാജ്യമനസ്സാക്ഷിയെ നടുക്കിയിരിക്കുകയാണ്. വളരെ സുരക്ഷിതമെന്ന് വിശ്വസിച്ച ബഹുനില കോൺക്രീറ്റ് സൗധങ്ങളടക്കം ഒഴുകിവന്ന വെള്ളത്തിനും മണ്ണിനും മുന്നിൽ ഈയാംപാറ്റകളെപ്പോലെയായി. ഒരു ദിവസം കഴിഞ്ഞിട്ടും എത്രപേർ ദുരന്തത്തിൽപ്പെട്ടെന്നോ എത്രപേരെ കാണാതായെന്നോ കണക്കാക്കാനായിട്ടില്ല. 11 സൈനികരടക്കം നൂറിലേറെപ്പേരെ കാണാനില്ലെന്ന് അനൗദ്യോഗിക വാർത്തകളിൽ പറയുന്നു. ധാരാലി ഗ്രാമം അപ്പാടെ ഒലിച്ചുപോയി. സൂക്കിയടക്കം മറ്റ് മൂന്ന് ഗ്രാമത്തിൽ പ്രളയം നാശംവിതച്ചു. 28 മലയാളികൾ കുടുങ്ങിക്കിടക്കുന്നതായുള്ള വാർത്തകൾ നമ്മെ കൂടുതൽ ആശങ്കപ്പെടുത്തുന്നു. അവിടെ രക്ഷാപ്രവർത്തനവും വളരെ പതിയെയാണ്.
ഉത്തരാഖണ്ഡിനു പിന്നാലെ ഹിമാചലിലും പ്രളയമുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഹിമാലയൻ ചരിവിലുള്ള ഉത്തരാഖണ്ഡ് മലനിരകളും വനങ്ങളും നിറഞ്ഞതാണ്. ഗംഗ, യമുന എന്നീ നദികളുടെ ഉത്ഭവസ്ഥാനവും ഇവിടെയാണ്. പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നായ ഗംഗോത്രിയിലേക്കുള്ള വഴിയിലെ ഇടത്താവളമായതിനാൽ ധാരാലിയിൽ എപ്പോഴും വിനോദസഞ്ചാരികൾ ഏറെയുണ്ടാകാറുണ്ട്. അവിടമാണ് തുടച്ചുമാറ്റപ്പെട്ടത്. ഉത്തരകാശിയിൽ ചൊവ്വാഴ്‌ച രണ്ടിടത്ത് മേഘവിസ്‌ഫോടനം ഉണ്ടായതായി കാലാവസ്ഥ ഏജൻസി സ്ഥിരീകരിച്ചു. ധാരാലിയിൽമാത്രം ഒരു മണിക്കൂറിനുള്ളിൽ 21 സെന്റിമീറ്റർ മഴ പെയ്‌തതായി ‘അൽജസീറ’ റിപ്പോർട്ട് ചെയ്‌തു. ഇതാണ് മിന്നൽപ്രളയമായി മാറിയത്. അതേസമയം ഹിമാനിയാണെന്നും അല്ല ഹിമാലയത്തിൽ രൂപപ്പെട്ട തടാകം പൊട്ടിയതാകാമെന്നുമുള്ള വാദവും ഉയരുന്നുണ്ട്. അത് വിദഗ്‌ധർ അന്വേഷിക്കട്ടെ.
2015ന് ശേഷം നൂറുകണക്കിന് മിന്നൽപ്രളയങ്ങളും ഉരുൾപൊട്ടലുമുണ്ടായിട്ടുണ്ടെങ്കിലും കൃത്യമായ കാലാവസ്ഥാമുന്നറിയിപ്പ് നൽകാനും ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനും ഇപ്പോഴും വേണ്ടത്ര സംവിധാനം ഒരുക്കാനായിട്ടില്ലെന്ന് ഈ ദുരന്തവും ഓർമിപ്പിക്കുന്നു. ചൊവ്വാഴ്‌ചയും ഒരു മുന്നറിയിപ്പും ഉണ്ടായിരുന്നില്ല. തിങ്കളാഴ്‌ച ‘യെല്ലോ’ അലർട്ടായിരുന്നു നൽകിയിരുന്നത്.
2013ൽ കേദാർനാഥിലും 2021ൽ ചാമോലിയിലും വൻ ദുരന്തങ്ങളുണ്ടായി. ഉത്തരാഖണ്ഡിലെതന്നെ ജോഷിമഠിൽ ഭൂമി ഇടിഞ്ഞുതാഴുന്ന പ്രവണതയും തുടർച്ചയായി സംഭവിക്കുന്നുണ്ട്. 2022 ഡിസംബറിനും 2023 ജനുവരിക്കുമിടയിൽ 12 ദിവസത്തിനകം 5.4 സെന്റിമീറ്ററാണ് ഇവിടെ ഇടിഞ്ഞത്. ഒരു വീണ്ടുവിചാരവുമില്ലാതെ, ശാസ്ത്രീയപഠനത്തിന്റെ പിൻബലമില്ലാതെ നടത്തുന്ന നിർമാണങ്ങൾ ദുരന്തത്തിന്റെ വ്യാപ്‌തി വർധിപ്പിക്കുന്നു. സമുദ്രനിരപ്പിൽനിന്ന് 6000 അടി ഉയരമുള്ള ഇവിടെ ഹോട്ടലുകൾ, ഷോപ്പുകൾ, ടൂർ ട്രക്കിങ് ഗ്രൂപ്പുകളുടെ ഓഫീസ് എന്നിവയടക്കം ഏതാണ്ട് നാനൂറോളം വാണിജ്യസ്ഥാപനങ്ങളുണ്ട്. ഇതുകൂടാതെ സൈന്യം, ഇന്തോ– ടിബറ്റൻ ബോർഡർ പൊലീസ്, നാഷണൽ തെർമൽ പവർ കോർപറേഷൻ, ജയപ്രകാശ് പവർ വെഞ്ച്വർ എന്നിവയുടെ കൂറ്റൻ നിർമാണങ്ങളുമുണ്ട്. മുമ്പുണ്ടായിട്ടുള്ള ദുരന്തങ്ങളുടെയൊന്നും പാഠമുൾക്കൊള്ളാതെയാണ് കേന്ദ്രത്തിലെ മോദി ഭരണവും ഉത്തരാഖണ്ഡിലെ പുഷ്കർ ധാമി സർക്കാരും നിർമാണങ്ങൾക്ക് പച്ചക്കൊടി കാട്ടുന്നതെന്നു കാണാൻ കഴിയും.
ഉത്തരകാശിയിലെ ഈ ദുരന്തം കേരളമടക്കമുള്ള മറ്റ് സംസ്ഥാനങ്ങൾക്കും വലിയ പാഠം നൽകുന്നുണ്ട്. വയനാട്ടിൽ 298 പേരുടെ ജീവനെടുത്ത മുണ്ടക്കൈ ദുരന്തത്തിന് ഒരു വർഷം കഴിഞ്ഞതേയുള്ളൂ. മുണ്ടക്കൈയിലും മേഘവിസ്‌ഫോടനംതന്നെയായിരുന്നു വില്ലൻ. ഉത്തരകാശിയിൽ സംഭവിച്ചപോലെ കേന്ദ്രകാലാവസ്ഥ ഏജൻസി അന്നും മുന്നറിയിപ്പ് നൽകിയിരുന്നില്ല. പക്ഷേ, രണ്ടുദിവസംകൊണ്ട് അവിടെ കോരിച്ചൊരിഞ്ഞത് 57.2 സെന്റിമീറ്റർ മഴയായിരുന്നു.
ആഗോളതാപനവും അതിന്റെ പശ്‌ചാത്തലത്തിലുള്ള കാലാവസ്ഥാ വ്യതിയാനവും മഴയുടെ സ്വഭാവത്തിൽവരുന്ന മാറ്റവും കൂടുതൽ ഗഹനമായ പഠനത്തിന് വിധേയമാക്കേണ്ടതുണ്ട്. ആഗോളതാപനത്തിന്റെ ഭാഗമായി അറബിക്കടൽ പെട്ടെന്ന് ചൂട് കൂടുന്നതാണ് പ്രധാന പ്രശ്‌നം. മറ്റ് സമുദ്രങ്ങൾ 100 വർഷംകൊണ്ട് ഒരു ഡിഗ്രി സെൽഷ്യസിൽ താഴെമാത്രം ചൂടായപ്പോൾ അറബിക്കടലിൽ 1.1 ഡിഗ്രിക്കുമുകളിൽ ചൂടുകൂടി. ഈ അന്തരീക്ഷ താപവർധനയാണ് കൂറ്റൻ മേഘങ്ങൾ രൂപംകൊള്ളാൻ കാരണമാകുന്നതെന്ന് പഠനങ്ങൾ പറയുന്നു. സാധാരണയായി കാലവർഷസമയത്ത് ഉയരംകുറഞ്ഞ മേഘങ്ങളാണ് കാണപ്പെടുക. എന്നാൽ, സമീപകാലത്ത് 12 മുതൽ 14 വരെ കിലോമീറ്റർ ഉയരംവരുന്ന കൂമ്പാരമേഘങ്ങളാണ് രൂപംകൊള്ളുന്നത്. ഇത്തരം മേഘങ്ങൾ ആ പ്രദേശത്ത് തലയ്ക്കുമുകളിൽ നിലകൊള്ളുന്ന ഒരു ‘വാട്ടർ ടാങ്ക്’ പോലെയാകുന്നു.
മൺസൂൺ സീസണിൽ ലഭിക്കുന്ന ആകെ മഴയുടെ അളവിൽ മാറ്റമുണ്ടാകില്ലെങ്കിലും അതിന്റെ വിതരണത്തിൽ സാരമായ വ്യത്യാസമുണ്ടാകുന്നുണ്ട്. ചുരുക്കം ചില ദിവസങ്ങളിൽ തീവ്രമായി മഴ പെയ്യുകയും ദീർഘനാൾ മഴയില്ലാതിരിക്കുകയും ചെയ്യും. ആഗോളതലത്തിൽത്തന്നെ കാലാവസ്ഥാവ്യതിയാനം ഒരു പ്രതിസന്ധിയാവുകയാണ്. നാം ഒരു കാലാവസ്ഥാ അടിയന്തരാവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് ഇന്റർഗവർമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇപ്പോൾ കാണുന്നവ ഒരു ‘ടെസ്റ്റ്ഡോസ്’ മാത്രമാണെന്നും കാത്തിരിക്കുന്നത് ഇതിലും തീവ്രമായ അവസ്ഥയാണെന്നും ഐപിസിസിയുടെ റിപ്പോർട്ട് പറയുന്നു.
കാലാവസ്ഥാവ്യതിയാനവും അതിനെ പിൻപറ്റിയുള്ള പ്രകൃതി പ്രതിഭാസങ്ങളും യാഥാർഥ്യമായിരിക്കെ അത് മുൻകൂട്ടി കൃത്യമായി പ്രവചിക്കാനും ജനങ്ങളെ സംരക്ഷിക്കാനും കഴിയണം. മുണ്ടക്കൈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കേരളം പുൽപ്പള്ളിയിൽ ആധുനിക റഡാർ സംവിധാനം ഒരുക്കാനും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനുള്ള കവചം സംവിധാനം വിപുലീകരിക്കാനുമുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. അവിടെ പുനരധിവാസവും വളരെ വേഗത്തിലാണ്. ഇത് മാതൃകയാക്കാനാകണം. ഒപ്പം ദുരന്തങ്ങൾക്കു നേരെ കണ്ണടയ്‌ക്കുന്ന കേന്ദ്രനിലപാട് തിരുത്തുകയും വേണം.









0 comments