യുഡിഎഫിന്റെ ഹീനമായ രാഷ്‌ട്രീയ അഭ്യാസങ്ങൾ

editorial.
വെബ് ഡെസ്ക്

Published on Jun 10, 2025, 12:01 AM | 2 min read

നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ തുടക്കംമുതൽ യുഡിഎഫ്‌ പ്രതിരോധത്തിലാണ്‌. വലതുപക്ഷ മാധ്യമങ്ങൾ കിണഞ്ഞുശ്രമിച്ചിട്ടും യുഡിഎഫ്‌ പ്രചാരണത്തെ ഉണർത്താനോ പ്രതിപക്ഷത്തിന്‌ ആവശ്യമായ വിഷയങ്ങൾ നൽകാനോ കഴിയുന്നില്ല. യുഡിഎഫ്‌ പ്രചാരണ കൺവൻഷൻ ഉദ്‌ഘാടനം ചെയ്‌ത്‌ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ നടത്തിയ പരാമർശം സെൽഫ്‌ഗോളായി മാറുകയും ചെയ്‌തു. സാമൂഹ്യക്ഷേമ പെൻഷൻ എൽഡിഎഫ്‌ സർക്കാർ വോട്ടർമാർക്ക്‌ നൽകുന്ന കൈക്കൂലിയാണെന്ന വേണുഗോപാലിന്റെ പരാമർശത്തിനെതിരെ നിലമ്പൂരിലും സംസ്ഥാനമെമ്പാടും രോഷം അലയടിക്കുകയാണ്‌.


സാമൂഹ്യക്ഷേമ പദ്ധതികളോട്‌ കോൺഗ്രസ്‌ പുലർത്തുന്ന നിഷേധാത്മക നിലപാട്‌ ചർച്ചചെയ്യാൻ ഇത്‌ അവസരം സൃഷ്ടിക്കുകയും ചെയ്‌തു. ഇതിനിടെയാണ്‌ നിലമ്പൂർ മണ്ഡലത്തിൽ വഴിക്കടവ്‌ പഞ്ചായത്തിലെ വെള്ളക്കട്ടയിൽ പത്താം ക്ലാസ്‌ വിദ്യാർഥി അനന്തു മൃഗവേട്ടക്കാർ സ്ഥാപിച്ച പന്നിക്കെണിയിൽനിന്ന്‌ വൈദ്യുതാഘാതമേറ്റ്‌ മരിച്ചത്‌. രണ്ട്‌ പേർക്ക്‌ പരിക്കേൽക്കുകയും ചെയ്‌തു. പ്രദേശത്തെ സജീവ കോൺഗ്രസ്‌ പ്രവർത്തകനും ക്രിമിനൽ കേസ്‌ പ്രതിയുമായ വിനീഷ്‌ ഇതുസംബന്ധിച്ച കേസിൽ അറസ്‌റ്റിലായിട്ടുണ്ട്‌. എന്നാൽ ഈ സംഭവത്തെ ‘സർക്കാർ സ്‌പോൺസേർഡ്‌ കൊലപാതകം’ എന്ന്‌ വിശേഷിപ്പിച്ച്‌ ഹീനമായ രാഷ്‌ട്രീയ മുതലെടുപ്പിനാണ്‌ യുഡിഎഫ്‌ നേതാക്കൾ ശ്രമിച്ചത്‌. വസ്‌തുതകളും തെളിവുകളും ഓരോന്നായി പുറത്തുവന്നതോടെ യുഡിഎഫിന്റെ രാഷ്‌ട്രീയക്കളി പൊളിഞ്ഞുവെങ്കിലും അവർ നടത്തിയ നാടകങ്ങൾ വലിയ ചോദ്യചിഹ്‌നമായി കേരളീയ മനഃസാക്ഷിക്ക്‌ മുന്നിൽ നിൽക്കുകയാണ്‌. കോൺഗ്രസുകാരനായ പ്രതി പൊലീസ്‌ കസ്‌റ്റഡിയിൽ ഇരിക്കവെയാണ്‌ യുഡിഎഫ്‌ നേതാക്കൾ നിലമ്പൂർ ടൗണിൽ അർധരാത്രി റോഡ്‌ ഉപരോധിച്ച്‌ കോലാഹലമുണ്ടാക്കിയത്‌. തെരഞ്ഞെടുപ്പ്‌ കാലത്ത്‌ ‘സുവർണാവസരം’ വീണു കിട്ടിയെന്ന രീതിയിലാണ്‌ അവർ പെരുമാറിയത്‌. അപകടത്തിൽപ്പെട്ടവരെ കാണാൻ ആശുപത്രിയിൽ എത്തിയ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവനെ തടഞ്ഞും യുഡിഎഫുകാർ പ്രകോപനത്തിന്‌ ശ്രമിച്ചു.


വനം–-വൈദ്യുതി വകുപ്പുകൾക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉയർത്തി വിദ്യാർഥിയുടെ ദാരുണമായ മരണത്തെ രാഷ്‌ട്രീയവൽക്കരിക്കാൻ യുഡിഎഫ്‌ ശ്രമിച്ചത്‌ അവരുടെ പഴയകാല ചെയ്‌തികളെ ഓർമിപ്പിക്കുന്നതായി. തിരുവനന്തപുരം നഗരത്തിൽ മഹിളാ കോൺഗ്രസ്‌ നേതാവിന്റെ വീടിനുനേരെ ഉണ്ടായ ആക്രമണം, പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിലെ കോൺഗ്രസ്‌ വനിതാ സ്ഥാനാർഥിയുടെ മുടി മുറിച്ച സംഭവം, യൂണിവേഴ്സിറ്റി കോളേജിലെ ചാപ്പ കുത്തൽ, എംഎൽഎയായിരുന്ന ശെൽവരാജിന്റെ വീടിന് തീയിടൽ എന്നീ കേസുകളിൽ അന്വേഷണം എത്തിച്ചേർന്നത്‌ ആരോപണം ഉന്നയിച്ചവരിൽതന്നെയാണ്‌. 2001ലെ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത്‌ പ്രചണ്ഡമായി പ്രചരിപ്പിച്ച നാദാപുരം തെരുവംപറമ്പ്‌ ബലാത്സംഗ കേസ്‌ കെട്ടുകഥയായിരുന്നെന്ന്‌ പിന്നീട്‌ തെളിഞ്ഞു. എ കെ ജി സെന്റർ ആക്രമണക്കേസിൽ കോൺഗ്രസ്‌ നടത്തിവന്ന കുപ്രചാരണം പ്രതിയെ പൊലീസ്‌ പിടികൂടിയതോടെ പൊളിഞ്ഞു. എൽഡിഎഫിനെതിരെ, പ്രത്യേകിച്ച്‌ സിപിഐ എമ്മിനെതിരെ വലതുപക്ഷം നടത്തിവരുന്ന നുണപ്രചാരണങ്ങളുടെ പട്ടിക എഴുതിയാൽ തീരുന്നതല്ല. 2021ൽ എൽഡിഎഫിന്‌ ജനങ്ങൾ തുടർഭരണം നൽകിയതോടെ അങ്കലാപ്പിലായ യുഡിഎഫ്‌ നട്ടാൽക്കുരുക്കാത്ത നുണകളാണ്‌ ഓരോ ദിവസവും പടച്ചുവിടുന്നത്‌. കെട്ടിച്ചമച്ച ആരോപണങ്ങൾ നീതിപീഠങ്ങൾക്കു മുന്നിൽ തകർന്നടിഞ്ഞ എത്രയോ ഉദാഹരണം. ആശയങ്ങളും നയങ്ങളും തമ്മിലുള്ള മത്സരമാണ്‌ രാഷ്‌ട്രീയത്തിലും തെരഞ്ഞെടുപ്പുകളിലും നടക്കേണ്ടത്‌.


സ്വന്തം നിലപാടുകളിൽ വിശ്വാസം ചോരുമ്പോഴാണ്‌ അസത്യപ്രചാരണത്തെ ആശ്രയിക്കേണ്ടിവരിക. കേരളത്തിലെ കോൺഗ്രസ്‌ നേതൃത്വം ദീർഘകാലമായി ആശയപരമായി അങ്ങേയറ്റം ദാരിദ്ര്യത്തിലാണ്‌. ജനക്ഷേമത്തിനായി ക്രിയാത്മക സമീപനം സ്വീകരിക്കാൻ അവർക്ക്‌ സാധിക്കുന്നില്ല. മറിച്ച്‌, വിദ്വേഷ–-അസത്യപ്രചാരണത്തിൽ സംഘപരിവാറിനെ മറികടക്കുന്ന വിധത്തിലാണ്‌ യുഡിഎഫ്‌ സംവിധാനം പ്രവർത്തിക്കുന്നത്‌. സങ്കുചിത രാഷ്‌ട്രീയനേട്ടം മാത്രം ലക്ഷ്യമിട്ടാണ്‌ ഏതു സംഭവത്തിലും യുഡിഎഫിന്റെ പ്രതികരണം. സംസ്ഥാനത്തിന്റെ ദീർഘകാല താൽപ്പര്യങ്ങൾക്ക്‌ ഹാനികരമായ ഈ നിലപാട്‌ തിരുത്താൻ തയ്യാറാകാത്തപക്ഷം ജനങ്ങൾ അവരെ പാഠംപഠിപ്പിക്കുമെന്ന്‌ മാത്രമേ പറയുന്നുള്ളൂ.



deshabhimani section

Related News

View More
0 comments
Sort by

Home