ട്രംപിനോടുള്ള വിധേയത്വം മോദി അവസാനിപ്പിക്കണം

trump and modi
വെബ് ഡെസ്ക്

Published on Feb 06, 2025, 12:00 AM | 2 min read


അമേരിക്ക നേരിടുന്ന ഗുരുതര രാഷ്‌ട്രീയ, സാമ്പത്തിക പ്രതിസന്ധികളുടെ പ്രതിഫലനമാണ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ ഓരോ നടപടിയിലും തെളിഞ്ഞുകാണുന്നത്‌. ട്രംപിന്റെ തീവ്ര വംശീയഭ്രാന്തും കച്ചവട ആർത്തിയും കിറുക്കൻ രീതികളും അതിന്‌ മറ്റൊരു പരിവേഷം നൽകുന്നുണ്ട്‌ എന്നതാണ്‌ യാഥാർഥ്യം. അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതും യൂറോപ്യൻ സഖ്യരാഷ്‌ട്രങ്ങൾക്കുപോലും സഹിക്കാനാകാത്തതരത്തിൽ വ്യാപാരയുദ്ധം മൂർച്ഛിപ്പിക്കുന്നതുമാണ്‌ കടുത്ത പ്രതിഷേധത്തിനിടയാക്കുന്ന പുതിയ നടപടികൾ. ഇതൊന്നും അപ്രതീക്ഷിതമല്ല. ആഭ്യന്തര പ്രതിസന്ധികളെ നേരിടാൻ ട്രംപും യുഎസിലെ തീവ്രവലതുപക്ഷവും കാലങ്ങളായി പറഞ്ഞുവരുന്ന കാര്യങ്ങളാണ്‌. എന്നിട്ടും നടപ്പാക്കപ്പെട്ടപ്പോൾ ആഗോളവിപണികൾ ഉലഞ്ഞു.


ഇന്ത്യപോലെ കടുത്ത തകർച്ച നേരിടുന്ന രാജ്യങ്ങളിലെ കറൻസികളും കമ്പോളങ്ങളുമാണ്‌ ഇതിന്റെ ആഘാതം ഏറ്റവും കടുപ്പത്തിലറിഞ്ഞത്‌. ട്രംപിന്റെ രണ്ടാം സർക്കാർ നാടുകടത്തിയ ആദ്യ ഇന്ത്യക്കാരുമായി യുഎസ്‌ സേനാവിമാനം ബുധനാഴ്‌ച പഞ്ചാബിലിറങ്ങി. ഏഴരലക്ഷം അനധികൃത ഇന്ത്യൻ കുടിയേറ്റക്കാർ അമേരിക്കയിലുണ്ടെന്നാണ്‌ 15 മാസം മുമ്പ്‌ ഇന്ത്യൻ വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട്‌ ചെയ്‌തത്‌. 18,000 ഇന്ത്യക്കാരാണ്‌ ഉടൻ പുറത്താക്കപ്പെടുമെന്ന ഭീഷണി നേരിടുന്നത്‌.


യൂറോപ്യൻ വെള്ളക്കാർ തദ്ദേശീയരെ വംശഹത്യ ചെയ്‌ത്‌ സ്വന്തമാക്കിയ അമേരിക്കയിൽനിന്ന്‌ ‘അനധികൃത’ കുടിയേറ്റക്കാരെ നാടുകടത്തുന്ന പരിപാടി പതിറ്റാണ്ടുകളായുണ്ട്‌. ട്രംപിന്റെ ഒന്നാംഭരണത്തിൽ 15 ലക്ഷംപേരെ പുറത്താക്കിയിരുന്നു. ബറാക്‌ ഒബാമയുടെ ഭരണകാലത്ത്‌ (2009–-2016) എട്ട്‌ വർഷത്തിനിടെ 50 ലക്ഷത്തിലധികമാളുകളെയാണ്‌ നാടുകടത്തിയത്‌. റിപ്പബ്ലിക്കൻ പാർടിക്കാരനായ ജോർജ്‌ ബുഷ്‌ ജൂനിയർ ഒരുകോടിയോളം പേരെയും മുൻഗാമി ബിൽ ക്ലിന്റൺ 1.2 കോടി ആളുകളെയും നാടുകടത്തിയെന്നാണ്‌ കണക്ക്‌. എന്നാൽ രാഷ്‌ട്രീയ താൽപ്പര്യത്തോടെ കൊട്ടും കുരവയുമായി സാധാരണ മനുഷ്യരെ പുറത്താക്കുന്നത്‌ ആദ്യമായി ട്രംപാണെന്നുമാത്രം. ട്രംപിന്റെ പൂർവികരെപ്പോലെ ‘അമേരിക്കൻ സ്വപ്നങ്ങളു’മായി കുടിയേറിയവരെ അൽപ്പംപോലും മനുഷ്യത്വമില്ലാതെ വിലങ്ങണിയിച്ചും സൗകര്യങ്ങളില്ലാത്ത സൈനികവിമാനങ്ങളിൽ കുത്തിനിറച്ചും മറ്റുമാണ്‌ ഇപ്പോഴത്തെ നാടുകടത്തൽ. ചില ലാറ്റിനമേരിക്കൻ രാജ്യങ്ങളിലേക്ക്‌ തിരിച്ചയച്ചവരെ വിലങ്ങണിയിച്ചത്‌ പ്രതിഷേധത്തിന്‌ ഇടയാക്കിയതിനാൽ ആ പ്രാകൃതരീതി നിർത്തിയിട്ടുണ്ട്‌.


ഒബാമ പ്രസിഡന്റായതിനെ തുടർന്ന്‌ അമേരിക്കയിലെ വെള്ളക്കാരിൽ ഗണ്യമായ വിഭാഗത്തിലുണ്ടായ ആശങ്കയിൽനിന്നാണ്‌ ജോർജ്‌ ബുഷിനെപ്പോലെ പരമ്പരാഗത റിപ്പബ്ലിക്കൻ നേതാക്കൾക്കുപോലും സ്വീകാര്യനല്ലാത്ത ട്രംപ്‌ ഒരു പ്രതിഭാസമായി ഉയർന്നുവന്നത്‌. കുടിയേറ്റക്കാരെ തടഞ്ഞില്ലെങ്കിൽ വെള്ളക്കാർ ന്യൂനപക്ഷമാകുമെന്ന ഭീതിപരത്തിയാണ്‌ ട്രംപ്‌ ജനപിന്തുണ നേടിയത്‌. സമാനമായി പല യൂറോപ്യൻ രാജ്യങ്ങളിലും കുടിയേറ്റവിരോധം ആയുധമാക്കി വർണവെറിയൻ വംശീയവാദികൾ ശക്തിപ്പെടുന്നതിനും ഇക്കാലം സാക്ഷിയായി.


ഒരു പരാജയത്തിനുശേഷം അധികാരത്തിൽ തിരിച്ചെത്തിയ ട്രംപ്‌ കുടിയേറ്റവിരോധവും വ്യാപാരയുദ്ധവും മുമ്പത്തെക്കാൾ തീവ്രമായി നടപ്പാക്കുകയാണ്‌ എന്നാണ്‌ ചുരുങ്ങിയ ദിവസങ്ങൾക്കകം തെളിയുന്നത്‌. മൂന്നുപതിറ്റാണ്ട്‌ മുമ്പ്‌ അന്നത്തെ അനുകൂല സാഹചര്യത്തിൽ അമേരിക്കയും കൂട്ടാളികളും അടിച്ചേൽപ്പിച്ച ലോകവ്യാപാര സംഘടനയുടെ ചട്ടങ്ങൾപോലും മാനിക്കാതെയാണ്‌ ട്രംപിന്റെ സ്വേച്ഛാപരമായ നടപടികൾ. ഇതിന്‌ തിരിച്ചടി നൽകാൻ ചൈന, കാനഡ, ഇടതുപക്ഷ സർക്കാരുകളുള്ള ലാറ്റിനമേരിക്കൻ രാജ്യങ്ങൾ തുടങ്ങിയവ നടപടികളാരംഭിച്ചത്‌ ശുഭസൂചന നൽകുന്നതാണ്‌. അമേരിക്കയുടെ ഏകപക്ഷീയതക്കെതിരെ മറ്റ്‌ രാജ്യങ്ങളെല്ലാം ഒന്നിക്കേണ്ട സാഹചര്യമാണ്‌ ഉരുത്തിരിയുന്നത്‌. ട്രംപിന്റെ കുടിയേറ്റവിരോധത്തേക്കാൾ, സ്വേച്ഛാപരമായ വ്യാപാരനയത്തെയാണ്‌ ലോകം ഒറ്റക്കെട്ടായി എതിർക്കേണ്ടത്‌.


ഈ സന്ദർഭത്തിലാണ്‌ അമേരിക്കയോട്‌ ഇന്ത്യ പുലർത്തുന്ന വിധേയത്വം വിമർശവിധേയമാകുന്നത്‌. ലോകത്തെ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാഷ്‌ട്രമാണ്‌ ഇന്ത്യ. ഈ ആയുധങ്ങളിൽ അമേരിക്കയിൽ നിന്നുള്ളതിന്റെ വിഹിതം സമീപകാലത്ത്‌ ഗണ്യമായി വർധിച്ചുവരികയാണ്‌. അമേരിക്കൻ ആയുധങ്ങൾ വാങ്ങിക്കൂട്ടി അവരുടെ സൈനികവ്യവസായ മേഖലയ്‌ക്ക്‌ വലിയ കരുത്ത്‌ നൽകുന്ന രാജ്യമായിട്ടും ഇന്ത്യക്ക്‌ അമേരിക്ക യൂറോപ്യൻ സഖ്യരാഷ്‌ട്രങ്ങൾക്കോ നാറ്റോ കൂട്ടാളികൾക്കോ നൽകുന്ന പരിഗണന നൽകുന്നില്ല. അമേരിക്കയിലുള്ള മൂന്നേകാൽ ലക്ഷത്തോളം ഇന്ത്യൻ വിദ്യാർഥികൾ യുഎസ്‌ സമ്പദ്‌വ്യവസ്ഥയിലേക്ക്‌ പ്രതിവർഷം 770 കോടി ഡോളറാണ്‌ സംഭാവന ചെയ്യുന്നത്‌. അമേരിക്കയിലേക്ക്‌ ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണവും വർധിക്കുകയാണ്‌. സ്‌റ്റെം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ശാസ്‌ത്ര–-സാങ്കേതികവിദ്യ–എൻജിനിയറിങ്–ഗണിതശാസ്‌ത്ര മേഖലകളിൽ അമേരിക്കൻ തൊഴിൽ സേനയിൽ നാലിലൊന്ന്‌ ഇന്ത്യയിൽ പഠിച്ച്‌ പോയവരാണ്‌. ഇത്തരത്തിൽ അമേരിക്കയോട്‌ നിവർന്നുനിന്ന്‌ വിലപേശാൻ അനുകൂല ഘടകങ്ങൾ ധാരാളം ഉണ്ടായിട്ടും മോദിസർക്കാർ പുലർത്തുന്ന വിധേയത്വം അപലപനീയമാണ്‌. അടുത്തയാഴ്‌ച ട്രംപിനെ കാണുമ്പോൾ ഇന്ത്യയുടെ താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബാധ്യസ്ഥനാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home