പൊതുജനാരോഗ്യ 
മികവിൽ വീണ്ടും മാതൃകയായി കേരളം

the kerala model
വെബ് ഡെസ്ക്

Published on Sep 08, 2025, 12:00 AM | 2 min read


പൊതുജനാരോഗ്യ രംഗത്ത് സുവർണനേട്ടവുമായി കേരളം വീണ്ടും ലോകത്തിന്റെ നെറുകയിൽ സ്ഥാനം പിടിച്ചിരിക്കുന്നു. കുറഞ്ഞ ശിശുമരണനിരക്കിൽ കേരളം അതിവികസിത രാജ്യമായ അമേരിക്കയെയും പിന്തള്ളിയിരിക്കുന്നു. അമേരിക്കയിൽ അടക്കം മിക്ക വികസിതരാജ്യങ്ങളിലും ആരോഗ്യരംഗം കൊള്ളലാഭം കൊയ്യുന്ന സ്വകാര്യ മേഖലയുടെ പിടിയിലാണ്. സർക്കാർ നിയന്ത്രണത്തിലുള്ള പൊതുജനാരോഗ്യ സംവിധാനത്തിലൂടെ, വികസിത രാജ്യങ്ങളെ വെല്ലുന്ന നേട്ടം ആരോഗ്യ സൂചികയിൽ കൈവരിച്ച കേരളം അതിനാൽ ലോകത്തിന് മാതൃകയാണ്.


സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റത്തിന്റെ 2023 ലെ സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് പ്രകാരം കേരളത്തിലെ ശരാശരി ശിശുമരണ നിരക്ക് അഞ്ചാണ്. ദേശീയ ശരാശരി 25 ആയിരിക്കെയാണ് എൽഡിഎഫ് സർക്കാരിനുകീഴിൽ കേരളം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ജനിക്കുന്ന ആയിരം കുഞ്ഞുങ്ങളിൽ 25 പേർ രാജ്യത്ത് മരിക്കുന്നു. കേരളത്തിൽ ആയിരത്തിൽ അഞ്ചുപേർ മാത്രവും. മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്‌ എന്നീ സംസ്ഥാനങ്ങൾ പ്രത്യേകമായെടുക്കുമ്പോൾ ശിശുമരണ നിരക്ക് 37 ആണ്.


അവിടങ്ങളിലൊക്കെയും നഗരപ്രദേശങ്ങളിലെ ശിശുമരണനിരക്കും ഗ്രാമപ്രദേശങ്ങളിലെ ശിശുമരണനിരക്കും തമ്മിൽ വലിയ അന്തരവുമുണ്ട്. സന്തുലിതവികസനം ഏറെക്കുറെ സാധ്യമായ കേരളത്തിലാകട്ടെ ഗ്രാമങ്ങളിലും നഗരങ്ങളിലും ശിശുമരണനിരക്ക് അഞ്ചുതന്നെ. ജനിച്ച് 28 ദിവസത്തിനുള്ളിൽ കുഞ്ഞുങ്ങൾ മരിക്കുന്ന നിരക്ക് കേരളത്തിൽ നാലിൽ താഴെ മാത്രമാണ്. കേരളത്തിൽ പ്രസവങ്ങൾ ഏതാണ്ട് പൂർണമായി ത്തന്നെ ആശുപത്രികളിലാണ് നടക്കുന്നത്, അതിൽ നല്ലൊരു ശതമാനം സർക്കാർ ആശുപത്രികളിലും. സർക്കാർ ആശുപത്രികളിലെ മികച്ച വൈദ്യസഹായത്തിന്റെയും പരിചരണത്തിന്റെയും പരിരക്ഷയുടെയും ഫലമാണ് ഈ മികച്ച നേട്ടം. ആ നേട്ടമാകട്ടെ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നതും.


28 ദിവസംവരെയുള്ള കുഞ്ഞുങ്ങളുടെ മരണനിരക്ക് ദേശീയതലത്തിൽ 18 ആണ് എന്നും ഇവിടെ ഓർക്കേണ്ടതുണ്ട്. മാതൃ–ശിശു സംരക്ഷണത്തിൽ കേരള സർക്കാർ പുലർത്തുന്ന അതീവജാഗ്രതയും പ്രാധാന്യവും ഈ കണക്കുകളിൽ വ്യക്തമായി നിഴലിക്കുന്നു.

ആരോഗ്യ സൂചികയിൽ കേരളത്തിന്റെ സ്ഥാനം വികസിത രാജ്യങ്ങൾക്കൊപ്പമോ അവയ്ക്ക് മുകളിലോ ആണ്. 2019– -20 മുതൽ നിതി ആയോഗിന്റെ ആരോഗ്യ സൂചികാ റാങ്കിങ്ങിൽ കേരളത്തിന്റെ സ്ഥാനം ഒന്നാമതാണ്. ആയുർദൈർഘ്യത്തിൽ ആഗോള ശരാശരി 73.5 ആയിരിക്കെ കേരളത്തിൽ ശരാശരി ആയുർദൈർഘ്യം 77 ആണ്.


പ്രസവത്തിൽ മരണപ്പെടുന്ന സ്ത്രീകളുടെ നിരക്ക് കേരളത്തിൽ ഒരു ലക്ഷത്തിൽ 46 മാത്രമാണ്. ദേശീയ ശരാശരിയാകട്ടെ 97 ഉം. മലപ്പുറം ജില്ലയിൽ കഴിഞ്ഞ ഏപ്രിലിൽ വീട്ടിൽ നടന്ന പ്രസവത്തിൽ മുപ്പത്തഞ്ചുകാരി മരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പു നടത്തിയ കാര്യക്ഷമമായ ഇടപെടൽ സർക്കാരിന്റെ ജാഗ്രതയുടെ വ്യക്തമായ ഉദാഹരണമാണ്. ജില്ലയിൽ വീട്ടിൽ നടക്കുന്ന പ്രസവങ്ങളുടെ എണ്ണം ആറുമാസംകൊണ്ട് കുത്തനെ കുറഞ്ഞത് അതിന്റെ ഫലപ്രാപ്തിയുടെ തെളിവും.


പൊതുജനാരോഗ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കേരളം അന്താരാഷ്ട്ര നിലവാരം പുലർത്തുന്നു. 2018 ൽ നിപാ പൊട്ടിപ്പുറപ്പെട്ട് 10 ദിവസത്തിനുള്ളിൽ നിയന്ത്രണ വിധേയമാക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞു. ഇന്ത്യയിലാദ്യം കോവിഡ് രോഗം റിപ്പോർട്ട് ചെയ്ത കേരളം മഹാമാരിയെ കൈകാര്യം ചെയ്യുന്നതിൽ ഏറ്റവും മുൻപന്തിയിൽ നിന്നു. സംസ്ഥാനത്തിന്റെ വികേന്ദ്രീകൃത പൊതുജനാരോഗ്യ സംവിധാനം ആരോഗ്യരംഗത്തെ മികവിന് അടിത്തറയായി നിലകൊള്ളുന്നു. ജനകീയാസൂത്രണത്തിലൂടെ ആരോഗ്യബജറ്റിന്റെ നല്ലൊരു പങ്ക് തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കായി നീക്കിവയ്‌ക്കപ്പെട്ടതോടെ സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ജനങ്ങളുടെ ആശ്രയ കേന്ദ്രങ്ങളായി. 2017 ൽ ആരംഭിച്ച ആർദ്രം പദ്ധതിയിലൂടെ 885 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ 709 ഉം കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർന്നു. 24 മണിക്കൂറും തുറന്നു പ്രവർത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങൾ മികച്ച സേവനത്തിലൂടെ പൊതുജനാരോഗ്യത്തിന്റെ പതാകവാഹകരായി.


5415 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ ആരോഗ്യ കേരളത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുന്നു. ഇന്ത്യയിലാദ്യമായി പാലിയേറ്റീവ് കെയർ പോളിസി നടപ്പാക്കിയ കേരളം പ്രായമായവർക്കും കിടപ്പുരോഗികൾക്കും ഭേദപ്പെടാത്ത അസുഖമുള്ളവർക്കും സാമൂഹിക പരിരക്ഷയും പരിചരണവും നൽകുന്നു.


കാര്യക്ഷമതയാർന്ന പൊതുജനാരോഗ്യ സംവിധാനത്തിനൊപ്പം ആരോഗ്യ വിദ്യാഭ്യാസരംഗത്തും സംസ്ഥാനം മുൻപന്തിയിൽ നിൽക്കുന്നു. ആരോഗ്യ സർവകലാശാലയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന 33 മെഡിക്കൽ കോളേജുകൾ പ്രതിവർഷം നാലായിരത്തിലേറെ ഡോക്ടർമാരെ സംഭാവന ചെയ്യുന്നു. ഏറ്റവും ഒടുവിലായി മെഡിക്കൽ കമീഷന്റെ അംഗീകാരം ലഭിച്ച വയനാട്, കാസർകോട് മെഡിക്കൽ കോളേജുകളിൽ വിദ്യാർഥി പ്രവേശനത്തിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിരിക്കുന്നു.


കഴുത്തറപ്പൻ മത്സരത്തിന്റെ ദയാദാക്ഷിണ്യത്തിന് ജനങ്ങളെ വിട്ടുകൊടുക്കാത്ത കരുതലുള്ള ഒരു സർക്കാരിന്റെ സാന്നിധ്യമാണ് ഈ മികവുകളൊക്കെയും സാധ്യമാക്കിയത്. പ്രതിബദ്ധതയും പ്രതിജ്ഞാബദ്ധതയും മുഖമുദ്രയാക്കിയ എൽഡിഎഫ്‌ സർക്കാരിനു കീഴിൽ നേട്ടങ്ങളേറെ കൈവരിച്ച ആരോഗ്യവകുപ്പ് അതിനാൽ അഭിനന്ദനം അർഹിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home