തൊഴിലവസരസൃഷ്ടിയിൽ കേരളം മാതൃക

കേരളത്തിലെ യുവാക്കൾക്ക് 1,28,402 തൊഴിലവസരങ്ങൾ ഉറപ്പാക്കിയ സ്കിൽ കേരള ഗ്ലോബൽ സമ്മിറ്റ് എൽഡിഎഫ് സർക്കാരിന്റെ കാര്യക്ഷമതയുടെയും ദീർഘവീക്ഷണത്തിന്റെയും ഉത്തമ ഉദാഹരണമായി. ആഗോള സാഹചര്യങ്ങൾ വിലയിരുത്തി വിദ്യാഭ്യാസത്തിലും നൈപുണ്യ വികസനത്തിലും കാലത്തിന് അനുസരിച്ച പരിഷ്‌കരണങ്ങളാണ് സർക്കാർ നടപ്പാക്കി വരുന്നത്. കഴിവും നൈപുണ്യവുമുള്ള ഉദ്യോഗാർഥികളുടെ ഒരു ഹബ്ബായി കേരളം വളർന്നു കൊണ്ടിരിക്കുന്നു. അക്കാര്യം ആഗോളതലത്തിലുള്ള തൊഴിൽ ദാതാക്കളെ അറിയിക്കുന്നതിനും തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിനും ആഗോളതലത്തിൽ തന്നെ ഉച്ചകോടിയും സംഘടിപ്പിച്ചിരിക്കുന്നു.
ശനിയാഴ്ച കൊച്ചിയിൽ സമാപിച്ച സ്കിൽ കേരള ഗ്ലോബൽ സമ്മിറ്റിൽ 445 തൊഴിലുടമകളുമായാണ് കരാർ ഒപ്പിട്ടതെന്നത് ഏറെ പ്രതീക്ഷ പകരുന്നു. ഇത്രയധികം വ്യവസായസ്ഥാപനങ്ങൾക്കും സംഘടനകൾക്കും തൊഴിൽ നൈപുണ്യ വികസനത്തിൽ കേരളം കൈവരിച്ച നേട്ടങ്ങൾ ബോധ്യമായിരിക്കുന്നു എന്നാണതിനർഥം. ഐടിഐ, പോളിടെക്നിക് ഡിപ്ലോമ, ബിടെക് ബിരുദം നേടിയവർക്കും ബിരുദധാരികൾക്കും ആരോഗ്യ മേഖലയിൽ യോഗ്യതയുള്ളവർക്കും തൊഴിലവസരങ്ങൾ ഉറപ്പായിട്ടുണ്ട്. കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലി (കെ ഡിസ്ക് )ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗ്ലോബൽ സമ്മിറ്റിന്റെ ലക്ഷ്യം അരലക്ഷം തൊഴിലുകൾ സൃഷ്ടിക്കുകയായിരുന്നു. എന്നാൽ ലക്ഷ്യത്തിന്റെ ഇരട്ടിയിലേറെ കൈവരിക്കാനായത് വിദ്യാഭ്യാസരംഗത്തും നൈപുണ്യ വികസനത്തിലും അവയെ തൊഴിലുമായി ബന്ധിപ്പിക്കുന്നതിലും ദീർഘദൃഷ്ടിയോടെ സർക്കാർ നടത്തിയ ഇടപെടലുകളുടെ വിജയവുമായി.
കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്, എയർ കാർഗോ ഫോറം ഇന്ത്യ, ഐസിടി അക്കാദമി, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി തുടങ്ങിയ പ്രമുഖ തൊഴിൽദാതാക്കളാണ് നിലവിൽ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത് വിജ്ഞാന കേരളം പദ്ധതി അധികൃതരുമായി ധാരണപത്രത്തിൽ ഒപ്പുവച്ചിട്ടുള്ളത്. കൂടുതൽ വ്യവസായ സ്ഥാപനങ്ങളെയും സംഘടനകളെയും ഇതിൽ അണിചേർക്കുന്നതിനുള്ള തുടർപ്രവർത്തനങ്ങൾക്കും ഉച്ചകോടി രൂപം നൽകിയിട്ടുണ്ട്. വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിൽ നവകേരളം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ചുവരുന്ന ദീർഘകാല പദ്ധതികൾ ലക്ഷ്യം കണ്ടുതുടങ്ങുന്നു എന്നത് ഓരോ കേരളീയനും ആഹ്ലാദം പകരുന്നു.
ടെക്നോപാർക്കും ഡിജിറ്റൽ സയൻസ് പാർക്കും ഡിജിറ്റൽ സർവകലാശാല തന്നെയും സ്ഥാപിച്ച് രാജ്യത്തിന് മാതൃകയായ കേരളം ശാസ്ത്ര സാങ്കേതിക രംഗത്തെ നവീന നേട്ടങ്ങളെ സംസ്ഥാനത്തിന്റെ സർവതോന്മുഖമായ വികസനത്തിനായി ഉപയോഗപ്പെടുത്തുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നു. തൊഴിലിൽ നൈപുണ്യ പരിശീലനം നൽകി തൊഴിൽ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച വിജ്ഞാന കേരളം ജനകീയ പദ്ധതി വിജ്ഞാനാധിഷ്ഠിത സമൂഹം എന്ന ലക്ഷ്യത്തിന് കൂടുതൽ വ്യക്തത നൽകിയിരിക്കുന്നു.
ആസൂത്രിതവും സംഘടിതവുമായ പ്രവർത്തനങ്ങളിലൂടെ കഴിവും നൈപുണ്യവുമുള്ള ഒരു വിദഗ്ധ തൊഴിൽ സമൂഹം സംസ്ഥാനത്ത് രൂപപ്പെട്ടു വരുന്നു. വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ഈ മുന്നേറ്റത്തിലെ ചവിട്ടുപടിയായി സ്കിൽ കേരള ഗ്ലോബൽ സമ്മിറ്റ് സംഘടിപ്പിക്കുന്നതും ഈ സാഹചര്യത്തിലാണ്. അതിന്റെ വിജയമാണ് കേരളത്തെ വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളുടെ ഹബ്ബാക്കി മാറ്റുമെന്ന് പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് ആത്മവിശ്വാസം നൽകിയത്. നൈപുണ്യ പരിശീലനത്തിലും തൊഴിലന്വേഷകർക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നതിലും തൊഴിൽ ലഭ്യമാക്കുന്നതിലും കേരളം രാജ്യത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയതും വർത്തമാനകാല ഇന്ത്യയുടെ സാമൂഹിക സാമ്പത്തിക സ്ഥിതി ഉദാഹരിച്ചുകൊണ്ടാണ്. തൊഴിലില്ലാത്തവരുടെയും തൊഴിൽ വൈദഗ്ധ്യമില്ലാത്തവരുടെയും എണ്ണം അനുദിനമെന്നോണം പെരുകുന്ന ഇന്ത്യക്ക് തൊഴിലിൽ നൈപുണ്യം നൽകുന്നതിലും തൊഴിൽ നൽകുന്നതിലും കേരളം മാതൃക കാട്ടിയിരിക്കുന്നു.









0 comments