ഗവർണർമാരുടെ അമിതാധികാരത്തിനേറ്റ പ്രഹരം

ഭരണഘടനയുടെ അന്തഃസത്ത പൂർണമായും ഉയർത്തിപ്പിടിച്ചുള്ള ചരിത്രപ്രധാനമായ വിധിയാണ് ചൊവ്വാഴ്‌ച സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. ജനാധിപത്യ ഭരണസംവിധാനങ്ങൾക്കും ഫെഡറലിസത്തിനും പ്രതീക്ഷയേകുന്ന ഈ വിധി ഭരണഘടനയെ ഒന്നുകൂടി വികസിപ്പിക്കുന്നതുമാണ്. ഭരണഘടനയിൽ പറഞ്ഞിരുന്ന കാര്യങ്ങളെ വ്യക്തമായ ഭാഷയിൽ നിർവചിച്ചിരിക്കുകയാണ്. അനിശ്ചിതകാലം ബില്ലിൽ അടയിരിക്കുന്ന ഗവർണർമാർക്ക് മൂക്കുകയറിടുകയാണ്. തമിഴ്നാട് നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ ആർ എൻ രവി അനിശ്ചിതമായി തടഞ്ഞുവച്ച കേസിലാണ് വിധിയെങ്കിലും ഇത് എല്ലാ ഗവർണർമാർക്കും ബാധകമാണ്. നിയമസഭ പാസാക്കുന്ന ബില്ലുകൾ അനന്തമായി പിടിച്ചുവയ്ക്കാൻ അധികാരമില്ലെന്ന് അസന്ദിഗ്‌ധമായി വ്യക്തമാക്കിയതോടൊപ്പം ബില്ലുകൾക്ക് അംഗീകാരം നൽകാൻ കാലാവധി നിശ്‌ചയിച്ചിരിക്കുകയാണ്. ബില്ലിൽ മൂന്നുമാസത്തിനകം തീരുമാനമെടുക്കണം. ഒന്നുകിൽ ബിൽ അംഗീകരിക്കുകയോ അല്ലെങ്കിൽ വ്യക്തമായ കാരണങ്ങളോടെ തിരിച്ചയക്കുകയോ വേണം. മൂന്നാമതായി രാഷ്ട്രപതിയുടെ അഭിപ്രായത്തിനായി അയക്കുക. ഇതിൽ ഏതായാലും മൂന്നുമാസത്തിനകം തീരുമാനമെടുക്കണം. തിരിച്ചയച്ച ബിൽ വീണ്ടും നിയമസഭ പാസാക്കിയാൽ ഒരു മാസത്തിനകം അംഗീകാരം നൽകണം. വീണ്ടും പാസാക്കിയ ബില്ലുകൾ രാഷ്ട്രപതിക്ക് അയക്കേണ്ടതില്ല.
ഭരണഘടന നിലവിൽ വന്നതുമുതൽ നിലനിൽക്കുന്ന അവ്യക്തതയാണ് ഈ വിധിയിലൂടെ കോടതി തീർപ്പാക്കിയിരിക്കുന്നത്. ബില്ലുകൾ ഒപ്പിടാൻ ഭരണഘടന നിശ്‌ചിതസമയം പറഞ്ഞിട്ടില്ലെന്ന വാദമാണ് മുൻ കേരള ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ ഉൾപ്പെടെയുള്ളവർ ഉയർത്തിയിരുന്നത്. സുപ്രീംകോടതി സമയപരിധി നിശ്‌ചയിച്ചതോടെ ഈ വാദം ഇനി നിലനിൽക്കില്ല. ജനാധിപത്യത്തെയും ഭരണഘടനയെയും ഉയർത്തിപ്പിടിക്കുന്ന വിധി എല്ലാ ഗവർണർമാർക്കുമുള്ള മുന്നറിയിപ്പാണ്. ഗവർണർ പ്രവർത്തിക്കേണ്ടത് തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിന്റെ ഉപദേശങ്ങൾക്കനുസരിച്ചായിരിക്കണമെന്നും അവർക്ക് ഭരണഘടന വീറ്റോ അധികാരം നൽകുന്നില്ലെന്നും കോടതി ആവർത്തിച്ചു. ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവച്ച തമിഴ്നാട് ഗവർണറുടെ നടപടി നിയമവിരുദ്ധവും തെറ്റായ കീഴ്‌വഴക്കമാണെന്നും പറഞ്ഞു. ജനങ്ങളുടെ ആവശ്യത്തിനും ക്ഷേമത്തിനുമായിട്ടാണ് തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ നിയമം കൊണ്ടുവരുന്നത്. അതിന് തടയിടുന്ന നിലപാട് ഭരണഘടനാവിരുദ്ധമാണ്. സംസ്ഥാനസർക്കാരിനെ തടയുകയല്ല ഗവർണറുടെ ചുമതലയെന്ന് ചൂണ്ടിക്കാട്ടിയ കോടതി തമിഴ്‌നാട്ടിൽ തടഞ്ഞുവച്ച പത്ത് ബില്ലിനും അംഗീകാരം നൽകി.
‘ഒരു ഭരണഘടന എത്ര നല്ലതായാലും അത് നടപ്പാക്കുന്നവർ ശരിയല്ലെങ്കിൽ മോശമാണെന്ന് തോന്നുമെന്ന’ ഡോ. ബി ആർ അംബേദ്കറുടെ വാക്കുകളും വിധിയിൽ ഉദ്ധരിച്ചു. ഇവിടെ ഭരണഘടനയുണ്ടെന്നും തോന്നുംപോലെ കാര്യങ്ങൾ നീക്കാൻ സാധ്യമല്ലെന്നും കോടതി വിധിക്കുമ്പോൾ ഇത് തമിഴ്‌നാട് ഗവർണർക്കുമാത്രം ഏറ്റ തിരിച്ചടിയല്ല. ഗവർണർമാരെ ഉപയോഗിച്ച് തങ്ങൾക്ക് കീഴിലല്ലാത്ത, തീട്ടൂരങ്ങൾ അനുസരിക്കാത്ത സംസ്ഥാന സർക്കാരുകളെ സാമ്പത്തികമായും ഭരണപരമായും ശ്വാസം മുട്ടിക്കാമെന്ന സംഘപരിവാർ അജൻഡയ്‌ക്കുള്ള തിരിച്ചടിയാണ്. ഇതിന്റെ ആഘാതം കേരളത്തിലെ പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കുംകൂടിയാണ്. ജനാധിപത്യവിരുദ്ധമായും ഭരണഘടനാവിരുദ്ധമായും പ്രവർത്തിച്ച മുൻ ഗവർണർ ആരിഫ് മൊഹമ്മദ് ഖാനെ മാധ്യമങ്ങളും പ്രതിപക്ഷവും തുടർച്ചയായി പ്രോത്സാഹിപ്പിക്കുകയായിരുന്നു. തമിഴ്നാട് ഗവർണർ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഫെഡറൽ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. ഗവർണർമാർ മന്ത്രിസഭയുടെ ഉപദേശത്തിനനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്ന് നേരത്തേതന്നെ പലവട്ടം വ്യക്തമാക്കിയതാണ്. നിയമനിർമാണസഭയുടെ അധികാരങ്ങൾ ഗവർണർമാർ കൈയടക്കുന്ന പ്രവണതയ്‌ക്കെതിരായ താക്കീതാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയകക്ഷികളുടെ കെെയാളുകളായോ ചട്ടുകങ്ങളായോ പ്രവർത്തിക്കുന്നു എന്നതാണ് എക്കാലത്തും ഗവർണർപദവിക്കെതിരെ ഉയർന്നിരുന്ന ഏറ്റവും വലിയ വിമർശം. അതിന്റെ നീചമായ പ്രവർത്തനങ്ങളാണ് മോദി ഭരണത്തിൽ പ്രതിപക്ഷ പാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് നേരിടേണ്ടി വന്നത്. ബില്ലുകളിൽ പിടിച്ചുവയ്‌ക്കാൻ അധികാരമില്ലെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 200ൽ പറഞ്ഞിരിക്കുന്ന ചട്ടക്കൂടിനുള്ളിൽ പ്രവർത്തിക്കണമെന്നുമാണ് ഇപ്പോൾ സുപ്രീംകോടതി പ്രഖ്യാപിച്ചത്. ഭരണഘടന നിർമാണസഭയിൽ ഗവർണറുടെ പദവിയെപ്പറ്റി നടന്ന ചർച്ചയുടെ അന്തഃസത്തയെ അടിസ്ഥാനമാക്കിയുള്ള വ്യാഖ്യാനമാണ് സുപ്രീംകോടതി നടത്തിയത്. സിപിഐ എമ്മും ഇടതുപക്ഷവും ഏറെക്കാലമായി ഉന്നയിച്ച കാര്യങ്ങളാണ് വിധിയിലുള്ളത്. രാഷ്ട്രപതിക്ക് ബില്ലുകൾ അയക്കുന്നതിനുള്ള വ്യക്തമായ മാനദണ്ഡങ്ങൾ നിർണയിക്കണമെന്നും ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്‌ട്രപതി പാലിക്കേണ്ട സമയപരിധി നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ട് കേരളം സമർപ്പിച്ച ഹർജിയും സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കേരളം ഉയർത്തിയ അത്തരം വിഷയങ്ങളുടെ പ്രസക്തിയും പ്രാധാന്യവുമാണ് ഈ വിധിയിലൂടെ ശരിവയ്‌ക്കുന്നത്.









0 comments