കുതിക്കട്ടെ ശാസ്‌ത്രവും ശാസ്‌ത്രാവബോധവും

Shubhanshu Shukla space mission
വെബ് ഡെസ്ക്

Published on Jul 16, 2025, 12:00 AM | 2 min read


ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയും സംഘവും പതിനെട്ടു ദിവസത്തെ ബഹിരാകാശനിലയ വാസത്തിനുശേഷം വിജയകരമായി മടങ്ങിയെത്തി. ശാസ്‌ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും കരുത്ത്‌ ഒരിക്കൽക്കൂടി തെളിയിച്ച യാത്രയും ദൗത്യവുമാണിത്‌. ശാസ്‌ത്രകുതുകികൾ മാത്രമല്ല സാധാരണ ആളുകൾപോലും ഉറ്റുനോക്കിയ യാത്രയായിരുന്നു ഇത്‌. കഴിഞ്ഞ മാസം 25ന്‌ ഫ്‌ളോറിഡയിലെ കെന്നഡി സ്‌പെയ്‌സ്‌ സെന്ററിൽനിന്നാണ്‌ ശുഭാംശുവും മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്‌സനും ടിബോർ കാപുവും (ഹംഗറി), സാവോസ് യു വിസ്‌നിവ്‌സ്‌കിയും (പോളണ്ട്‌) അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക്‌ യാത്ര തിരിച്ചത്‌. തൊട്ടടുത്ത ദിവസം അവർ നിലയത്തിൽ എത്തിച്ചേർന്നു. ആക്‌സിയം 4 ദൗത്യാംഗങ്ങളായിരുന്നു ഇവർ. തികച്ചും വാണിജ്യദൗത്യമെങ്കിലും വലിയ അനുഭവപാഠങ്ങളാണ്‌ സംഘാംഗങ്ങൾക്ക്‌ ലഭിച്ചതെന്ന്‌ പറയാം. പ്രത്യേകിച്ച്‌ ശുഭാംശുവിന്‌.


ഐഎസ്‌ആർഒയുടെ ഭാവി ബഹിരാകാശ പദ്ധതികൾക്ക്‌ വലിയ പാഠപുസ്‌തകമായി ഈ യാത്ര. നാല്‌ പതിറ്റാണ്ടിനുശേഷം ഒരു ഇന്ത്യക്കാരൻ ബഹിരാകാശത്ത്‌ എത്തുന്നത്‌ ആദ്യമാണ്‌. 1984 ഏപ്രിൽ മൂന്നിനാണ്‌ ഇതിനുമുമ്പ്‌ ഒരു ഇന്ത്യക്കാരൻ ബഹിരാകാശയാത്ര നടത്തിയത്‌. സോവിയറ്റ്‌ യൂണിയന്റെ സോയുസ്‌ ടി 11 പേടകത്തിൽ സ്‌ക്വാഡ്രൽ ലീഡർ രാകേഷ്‌ ശർമയാണ്‌ രണ്ട്‌ സോവിയറ്റ്‌ സഞ്ചാരികൾക്കൊപ്പം സല്യൂട്ട്‌ 7 എന്ന ബഹിരാകാശ നിലയത്തിലെത്തിയത്‌. അദ്ദേഹം എട്ട്‌ ദിവസം ഭൂമിയെ വലംവച്ചു. നാസയുടെ നേതൃത്വത്തിലുള്ള ബഹിരാകാശ നിലയത്തിൽ ആദ്യമായി എത്തുന്ന ഇന്ത്യക്കാരൻ, ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത്‌ കഴിഞ്ഞ ഇന്ത്യക്കാരൻ തുടങ്ങിയ ബഹുമതികൾ ഇനി ശുഭാംശുവിന്‌ സ്വന്തം. നിലയത്തിൽ 18 ദിവസം ചെലവഴിച്ചു. 320 തവണ ഭൂമിയെ വലംവച്ച്‌ നിരീക്ഷണം നടത്തി. വലിയ അനുഭവസമ്പത്താണ്‌ ഇതുവഴി ലഭിച്ചത്‌.


മിഷൻ പൈലറ്റ്‌ എന്ന നിലയിൽ ഡ്രാഗൺ പേടകത്തിനെ നിയന്ത്രിക്കാനും ഡോക്കിങ്ങിനും അൺഡോക്കിങ്ങിനും മുഖ്യപങ്ക്‌ വഹിക്കാൻ ശുഭാംശുവിന്‌ കഴിഞ്ഞു. ഇതുകൂടാതെ ബഹിരാകാശ നിലയത്തിലെ പ്രവർത്തനങ്ങൾ നേരിട്ട്‌ കണ്ട്‌ മനസ്സിലാക്കാനുമായി. ഗഗൻയാൻ ദൗത്യാംഗമാണ്‌ അദ്ദേഹം. സ്വന്തമായി വികസിപ്പിച്ച പേടകത്തിൽ രണ്ടു വർഷത്തിനുള്ളിൽ മൂന്നു പേരെ ബഹിരാകാശത്തേക്ക്‌ അയക്കുന്ന ഐഎസ്‌ആർഒ പദ്ധതിയാണിത്‌. ഇതിനു മുന്നോടിയായുള്ള പരിശീലന യാത്രയായാണ്‌ ആക്‌സിയം ദൗത്യത്തിൽ ഐഎസ്‌ആർഒ പങ്കാളിയായത്‌. ശുക്ലയുടെ യാത്ര ഇന്ത്യ ഹ്യൂമൻ സ്പെയ്‌സ് ഫ്‌ലൈറ്റ് ടെക്‌നോളജിയിൽ വലിയൊരു ചുവടുവയ്‌പാണ്‌. ബഹിരാകാശ വാഹനം, ലൈഫ് സപ്പോർട്ട് സംവിധാനങ്ങൾ, ആവശ്യമുള്ള സുരക്ഷാ സംവിധാനം എന്നിവയെപ്പറ്റിയെല്ലാം അടുത്തറിയാൻ ശുഭാംശുവിന്‌ കഴിഞ്ഞു. ബഹിരാകാശനിലയം സ്ഥാപിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്കും ഇത്‌ പാഠപുസ്‌തകമാണ്‌. 32 രാജ്യങ്ങളുടെ അറുപതോളം പരീക്ഷണങ്ങൾക്കാണ്‌ നിലയത്തിൽ ശുഭാംശുവടങ്ങുന്ന സംഘം നേതൃത്വം നൽകിയത്‌.


ഇവയിൽ ഏഴെണ്ണം ഐഎസ്‌ആർഒയുടേതാണ്‌. ബഹിരാകാശത്ത്‌ സീറോഗ്രാവിറ്റിയിൽ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ, ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങൾ തുടങ്ങിയവയെല്ലാം പഠനവിധേയമാക്കി. ആരോഗ്യം, ഭൗതികശാസ്ത്രം, സസ്യശാസ്‌ത്രം, സൂക്ഷ്‌മജീവി പ്രവർത്തനം എന്നിവയിലൊക്കെയുള്ള പരീക്ഷണ ഫലങ്ങൾ ഈ രംഗത്ത്‌ വലിയ വഴിത്തിരിവാകും എന്നാണ്‌ പ്രതീക്ഷ. ഭക്ഷ്യവിളകളുടെ വളർച്ചയിലും വിളവിലും മൈക്രോഗ്രാവിറ്റി സ്വാധീനം, വിത്തുകളിലുണ്ടാകുന്ന മാറ്റം, പാരാ മൈക്രോബയോട്ടസ് സൂക്ഷ്‌മജീവിയുടെ അതിജീവനം, പുനരുൽപ്പാദനം, മൈക്രോഗ്രാവിറ്റിയിൽ മനുഷ്യപേശികളുടെ പുനരുജ്ജീവനത്തിൽ മെറ്റബോളിക് സപ്ലിമെന്റുകളുടെ സ്വാധീനം, ഇലക്ട്രോണിക് ഡിസ്‌പ്ലേകളുമായുള്ള മനുഷ്യന്റെ ഇടപെടൽ, ബാക്ടീരിയയുടെയും മൈക്രോ ആൽഗകളുടെയും വളർച്ച ഇവയൊക്കെ പഠനവിധേയമാക്കി. ജലക്കരടി എന്നു വിളിക്കുന്ന സൂക്ഷ്‌മജീവി ബഹിരാകാശത്ത്‌ എങ്ങനെ പ്രതികരിക്കുന്നു എന്നതും പഠനവിഷയമായി. കേരള കാർഷിക സർവകലാശാല വികസിപ്പിച്ച വിത്തിനങ്ങളും പരീക്ഷണത്തിനായി നിലയത്തിലേക്ക് കൊണ്ടുപോയിരുന്നു. സാങ്കേതികവും ശാസ്‌ത്രീയവുമായ നിരവധി കാര്യങ്ങൾ രണ്ടര ആഴ്‌ചയ്‌ക്കുള്ളിൽ ശുഭാംശുവിനും സംഘത്തിനും ചെയ്യാനായി.


ശുഭാംശുവിന്റെ യാത്ര സമൂഹത്തിൽ ശാസ്‌ത്രാവബോധം വളർത്തുന്നതിൽ വലിയ പങ്കുവഹിക്കും എന്നതിൽ സംശയമില്ല. പ്രത്യേകിച്ച്‌ യുവതലമുറയ്‌ക്ക്‌. ബഹിരാകാശ ഗവേഷണരംഗത്തേക്ക്‌ പുതുതലമുറയെ ആകർഷിക്കാനും ഇത്‌ സഹായകമാകും. അതിനൊപ്പം മാനവരാശിയുടെ കൂട്ടായ്‌മയ്‌ക്ക്‌ ശക്തി പകരും. ശുഭാംശു ബഹിരാകാശ നിലയത്തിൽനിന്ന്‌ പറഞ്ഞത്‌ ശ്രദ്ധേയമാണ്‌.


""ഇവിടെനിന്ന്‌ നോക്കുമ്പോൾ കാണുന്നത്‌ അതിരുകളില്ലാത്ത ലോകം. രാജ്യങ്ങളില്ല, സംസ്ഥാനങ്ങളില്ല. തിളങ്ങുന്ന ഭൂമി മാത്രം. അതാണ്‌ നമ്മുടെ ഭൂമി. ഭൂമിയാണ്‌ നമ്മുടെ വീട്‌. അതിനകത്താണ്‌ നമ്മളെല്ലാവരും. എല്ലാവരും മനുഷ്യരാശിയുടെ ഭാഗം...''




deshabhimani section

Related News

View More
0 comments
Sort by

Home