അന്നം മുടക്കുന്ന കേന്ദ്ര അവഗണന

സംസ്ഥാനത്തെ മുൻഗണനേതര റേഷൻ കാർഡ് ഉടമകൾക്ക് ഓണക്കാലത്ത് അധികമായി അഞ്ചുകിലോ അരി വിതരണം ചെയ്യണമെന്ന ആവശ്യം കേന്ദ്ര സർക്കാർ നിഷ്കരുണം തള്ളിയിരിക്കുന്നു. പണം കൊടുത്ത് അരി വാങ്ങാൻ കഴിവുള്ളവരുടെ എണ്ണം കേരളത്തിൽ കൂടുതലാണെന്നാണ് കേന്ദ്രത്തിന്റെ ന്യായം. ആവശ്യമെങ്കിൽ അധികവില നൽകി വാങ്ങിക്കൊള്ളാനാണ് നിർദേശം. തികച്ചും ജനദ്രോഹപരമായ ഈ നിലപാടിനു പിന്നിൽ കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ രാഷ്ട്രീയമല്ലാതെ മറ്റൊന്നുമല്ല.
ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പായതോടെ കേരളത്തിലെ ജനങ്ങളിൽ 57 ശതമാനം പേർ റേഷൻ പരിധിക്ക് പുറത്തായ സ്ഥിതിയാണ്. മുൻഗണനാ വിഭാഗമായ മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്ക് മാത്രമേ ദേശീയ ഭക്ഷ്യ സുരക്ഷാനിയമ (എൻഎഫ്എസ്എ–-നാഷണൽ ഫുഡ് സേഫ്റ്റി ആക്ട് ) പ്രകാരമുള്ള ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നുള്ളൂ. ഇതിന് പുറമേ ലഭിക്കുന്ന പരിമിതമായ ടൈഡ് ഓവർ വിഹിതത്തിൽനിന്നാണ് മുൻഗണനേതര വിഭാഗങ്ങൾക്ക് സംസ്ഥാന സർക്കാർ റേഷൻ നൽകുന്നത്.
ഭക്ഷ്യകമ്മി സംസ്ഥാനമായ കേരളത്തിൽ ഓണം പോലെയുള്ള വിശേഷാവസരത്തിൽ പൊതുവിപണിയിൽ അരിവില കുതിച്ചുയരുന്നത് തടയാൻ മുൻഗണനേതര വിഭാഗങ്ങൾക്കും കഴിയുന്നത്ര അളവിൽ സൗജന്യനിരക്കിൽ അരി വിതരണം ചെയ്യേണ്ടതുണ്ട്.' കേന്ദ്ര ഭക്ഷ്യ വിതരണ മന്ത്രി പ്രഹ്ലാദ് ജോഷിയുമായുള്ള കൂടിക്കാഴ്ചയിൽ ഇക്കാര്യം ഉന്നയിച്ച ഭക്ഷ്യമന്ത്രി ജി ആർ അനിലിന് പക്ഷേ, ലഭിച്ച മറുപടി തികച്ചും നിഷേധാത്‌മകമായിരുന്നു.
കഴിഞ്ഞവർഷവും ഓണക്കാലത്ത് കേരളത്തിന് അധിക അരിവിഹിതം നൽകാനാകില്ലെന്ന നിലപാട് കേന്ദ്രം സ്വീകരിച്ചിരുന്നു. അധികസാമ്പത്തിക ഭാരം വകവയ്‌ക്കാതെ എല്ലാ വിഭാഗങ്ങൾക്കും സൗജന്യ നിരക്കിൽ അന്ന് അരി വിതരണം ചെയ്യാൻ എൽഡിഎഫ് സർക്കാർ നടപടിയെടുത്തു. വെള്ളയും നീലയും കാർഡ് ഉടമകളായ 52 ലക്ഷം കുടുംബങ്ങൾക്ക് കഴിഞ്ഞ വർഷം ഓണത്തിന് പത്ത് കിലോ അരിയാണ് നൽകിയത്. ഇക്കുറിയും ഒരാൾക്കുപോലും അരി നിഷേധിക്കില്ലെന്ന മന്ത്രി ജി ആർ അനിലിന്റെ പ്രഖ്യാപനം ആശ്വാസമാണ്.
രാജ്യമാകെ വിലക്കയറ്റത്തിൽ ദുരിതമനുഭവിക്കുമ്പോഴും പൊതുവിതരണ സമ്പ്രദായമാണ് സംസ്ഥാനത്ത് പൊതുവിപണിയിൽ വില പിടിച്ചു നിർത്തുന്നത്. സൗജന്യനിരക്കിൽ ഭക്ഷ്യധാന്യങ്ങൾ കൃത്യമായി വിതരണം ചെയ്യുന്നതിലൂടെ സാധാരണക്കാരുടെ വീട്ടുബജറ്റിന് ആശ്വാസമേകുകയും ചെയ്യുന്നു. എന്നാൽ, കേന്ദ്ര സർക്കാരിന്റെ സബ്സിഡി വിരുദ്ധ നിലപാടുകൾ പൊതുവിതരണ സമ്പ്രദായത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നതാണ്. സംസ്ഥാനം വിഭാവനം ചെയ്യുന്ന സാർവത്രിക റേഷൻ സംവിധാനത്തെ അട്ടിമറിക്കുന്നതാണ് കേന്ദ്ര നടപടികളിൽ പലതും. ഈ സാഹചര്യത്തിലും പൊതുവിതരണ സമ്പ്രദായം നിലനിർത്താൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ കേരളത്തിൽ കഴിഞ്ഞിട്ടുണ്ട്.
അരി അടക്കമുള്ള ധാന്യങ്ങളുടെ കയറ്റുമതിക്ക് കേന്ദ്ര സർക്കാർ മുൻഗണന നൽകുന്നു എന്ന റിപ്പോർട്ടുകൾ വരുന്നതിനിടെയാണ് കേരളത്തിന്റെ ന്യായമായ ആവശ്യത്തിനുനേരെ കണ്ണടയ്ക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ അരി കയറ്റുമതി ചെയ്യുന്ന രാജ്യമായ ഇന്ത്യയാണ് ആഗോള അരിവിപണിയുടെ 40 ശതമാനവും നിയന്ത്രിക്കുന്നത്. ആവശ്യത്തിന് അരി സ്റ്റോക്കില്ലാത്തതിനാലല്ല കേരളത്തിന് അധികവിഹിതം നിഷേധിച്ചത്. ജനങ്ങളുടെ നിലനിൽപ്പിനുള്ള ആവശ്യങ്ങൾ നിറവേറ്റുക എന്ന ഭരണഘടനാപരമായ ഉത്തരവാദിത്വവും കേന്ദ്ര സർക്കാർ സൗകര്യപൂർവം മറക്കുകയാണ്. കോർപറേറ്റ് അനുകൂലനയങ്ങളാൽ തകർന്ന സാമ്പത്തികസ്ഥിതി താങ്ങിനിർത്താൻ ജനങ്ങൾക്ക് അന്നം നിഷേധിച്ച് ധാന്യക്കയറ്റുമതിയിലൂടെ വരുമാനമുണ്ടാക്കാൻ ശ്രമിക്കുകയാണ് എൻഡിഎ സർക്കാർ. കേരളത്തിനുള്ള ഗോതമ്പിന്റെ വിഹിതം പുനഃസ്ഥാപിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. പഞ്ചസാര, മണ്ണെണ്ണ വിഹിതത്തിന്റെ കാര്യവും അങ്ങനെതന്നെ.
കേരളത്തിന്റെ പ്രധാന ഭക്ഷ്യവിഭവമായ അരിയുടെ വിലക്കയറ്റം ജനങ്ങളെയാകെ സാമ്പത്തികമായി ഉലയ്ക്കും. അതു ജനരോഷത്തിനിടയാക്കുകയും അവർ സംസ്ഥാന സർക്കാരിനെതിരെ തിരിയുകയും ചെയ്യും എന്ന കണക്കുകൂട്ടലിലാണ് എൻഡിഎ ഗവൺമെന്റിന്റെ ഈ ജനദ്രോഹനിലപാട് എന്ന് കരുതേണ്ടിയിരിക്കുന്നു. എന്നാലത് ജനകീയ ഗവൺമെന്റിനുമുന്നിൽ വിലപ്പോകില്ലെന്ന് കാലം തെളിയിച്ചു കഴിഞ്ഞതാണ്.
0 comments