മഴ കനക്കുന്നു ജാഗ്രത പാലിക്കാം

കൊടും വേനലിൽ പെട്ടെന്ന് വന്ന്, തിമിർത്ത് പെയ്ത് ഓടിപ്പോകുന്ന വേനൽമഴയ്ക്ക് വിരാമം. പ്രതീക്ഷിച്ചതിനേക്കാൾ നേരത്തേതന്നെ കാലവർഷമെത്തി. ഇനിയൊരു നാലുമാസം മഴക്കാലം. സാധാരണ ഗതിയിൽ നിർത്താതെ മഴ ഇരമ്പിപ്പെയ്യുന്ന നാളുകൾ. ഇപ്പോൾ പക്ഷേ, മഴയുടെ രൂപവും ഭാവവും എപ്പോൾ, എവിടെ വേണമെങ്കിലും അതിവേഗം മാറാം. ഒരു പ്രത്യേകസ്ഥലത്ത് ഏതാനും സമയം അതിതീവ്ര മഴ പെയ്യുന്ന സ്ഥിതി. കുറഞ്ഞ സമയത്തിൽ വലിയ മഴ. പെരുമ്പറ മുഴക്കുന്ന ഇടിയും ചൂഴ്‌ന്നടിക്കുന്ന കൊടുങ്കാറ്റും അകമ്പടിയായും ഉണ്ടാകുന്നുണ്ട്. അതായത്, എവിടെയും എന്തും എപ്പോഴും പ്രതീക്ഷിക്കാം.
അപ്പോൾ, എല്ലാ സ്ഥലത്തും പരമാവധി ജാഗ്രത പാലിക്കുകയും മുൻകരുതലുകൾ സ്വീകരിക്കുകയും വേണം. ആഗോളതാപനത്തെ തുടർന്നുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളാണ് മഴയുടെ രൂപഭാവങ്ങളിൽ ഇങ്ങനെ മാറ്റംവരാൻ കാരണമെന്ന് വിദഗ്ധർ പലവട്ടം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ കാലവർഷത്തിൽ, ശരാശരിയേക്കാൾ കൂടുതൽ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.
സാധാരണ ജൂൺ ഒന്നിനാണ് കേരളത്തിൽ കാലവർഷം എത്തുന്നത്. ഇക്കുറി എട്ടു ദിവസം മുന്നേ എത്തിയിരിക്കുന്നു. മെയ് 27ന് എത്തുമെന്നായിരുന്നു ആദ്യ പ്രവചനം. എന്നാൽ, 24ന് എത്തി. 2009ന് ശേഷം സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ മൺസൂൺ നേരത്തേ എത്തുന്നത് ഇത്തവണയാണ്. അന്ന് മെയ് 23ന് ആയിരുന്നു. കാലവർഷം വരുന്ന തീയതി 1975 മുതൽ പരിഗണിച്ചാൽ 1990ൽ ആണ് വളരെ നേരത്തേ എത്തിയത്. അക്കൊല്ലം മെയ് 13ന് ആയിരുന്നു വരവ്.
ഇത്തവണ കാലവർഷം പെയ്തിറങ്ങിയ ആദ്യനാളുകളിൽത്തന്നെ കെടുതികളുമുണ്ടായി. കാറ്റിലും മഴയിലുമുണ്ടായ അപകടങ്ങളിൽ ചിലയിടത്ത് മരണങ്ങളുമുണ്ടായി. കൊച്ചി പുറംകടലിൽ കപ്പൽ ചരിഞ്ഞതും പ്രതികൂല കാലാവസ്ഥമൂലമാണെന്നാണ് ആദ്യ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശക്തമായ കാറ്റിലും ചുഴിയിലുംപെട്ട് ശനിയാഴ്ച ചരിഞ്ഞ കപ്പൽ ഞായറാഴ്ച പൂർണമായും മുങ്ങി. കപ്പൽ ജീവനക്കാരെയെല്ലാം രക്ഷപ്പെടുത്താനായത് ആശ്വാസം.
മഴ ശക്തമായതിനെത്തുടർന്ന് വിവിധ ജില്ലകളിൽ സർക്കാർ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന് ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും നിർദേശം നൽകി. എവിടെയും ഏതു സാഹചര്യത്തെയും നേരിടുന്നതിന് എല്ലാ സുരക്ഷാ വിഭാഗങ്ങളെയും സജ്ജമാക്കിയിട്ടുമുണ്ട്. കൺട്രോൾ റൂമുകളും തുറന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ കൂടുതൽ സംഘത്തെ വിട്ടുതരണമെന്ന് മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കനത്ത മഴയുടെ സാഹചര്യം പ്രവചിച്ച് സർക്കാർ സംവിധാനങ്ങൾ നൽകുന്ന ജാഗ്രതാ നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കാൻ തയ്യാറാകണം. യാത്രക്കാർ, വാഹനമോടിക്കുന്നവർ, വിനോദസഞ്ചാരികൾ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയവരെല്ലാം പ്രത്യേകം ശ്രദ്ധിക്കണം. മഴക്കാലം പകർച്ചവ്യാധികളുടെയും കാലമാണ്. ഇക്കാര്യത്തിൽ ആവശ്യമായ മുൻകരുതൽ നടപടി സർക്കാർ നേരത്തേ സ്വീകരിച്ചിട്ടുണ്ട്. എങ്കിലും എല്ലാവരും വ്യക്തി, പരിസര ശുചിത്വം ഉറപ്പാക്കേണ്ടതുണ്ട്. വീടിന് സമീപത്തും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടക്കാൻ ഇടയാകരുത്.
നമ്മുടെ നിത്യജീവിതത്തിലെ പ്രധാന ആവശ്യങ്ങളായ ഭക്ഷണം, പാർപ്പിടം, വസ്ത്രം, യാത്ര, വിനോദം, സുരക്ഷ എന്നിവയെയൊക്കെ സ്വാധീനിക്കുന്ന ഒന്നാണ് കാലാവസ്ഥ. അപ്പോൾ, കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റിയും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും സമൂഹം നല്ലവണ്ണം അറിഞ്ഞിരിക്കണം. കേരളമാകട്ടെ ഭൂമിശാസ്ത്രപരമായി ഒട്ടേറെ പ്രത്യേകതകളുള്ള സംസ്ഥാനമാണ്. ഈ പ്രത്യേകതകളിൽ പലതും ജനജീവിതത്തെ ആഴത്തിൽ സ്വാധീനിക്കുന്നവയുമാണ്. അതുകൊണ്ടുതന്നെ മലനാട്ടിലും ഇടനാട്ടിലും തീരപ്രദേശത്തും ഒരുപോലെ ജാഗ്രത ആവശ്യമാണ്.









0 comments