ജനാധിപത്യം കാക്കാൻ പാർലമെന്റിൽ പ്രതിപക്ഷ പോരാട്ടം

കേന്ദ്ര സർക്കാരിന്റെ തെരഞ്ഞെടുപ്പ് അട്ടിമറി നീക്കങ്ങൾക്കെതിരായി പ്രതിപക്ഷ പാർടികളുടെ ഐക്യത്തോടെയുള്ള പ്രതിഷേധത്തിനും പോരാട്ടത്തിനുമാണ് രണ്ടാഴ്‌ചയായി ഇന്ത്യൻ പാർലമെന്റ് സാക്ഷ്യംവഹിച്ചത്. തിങ്കളാഴ്‌ച മുന്നൂറിലേറെ എംപിമാർ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഓഫീസിന് മുന്നിലേക്ക് നടത്തിയ മാർച്ചും പ്രതിപക്ഷ ഐക്യത്തിന്റെ പ്രതിഫലനമായി. രാജ്യതലസ്ഥാനത്ത് ഇത്രയധികം എംപിമാർ ഒന്നിച്ച് തെരുവിലിറങ്ങിയതും മാർച്ച് ചെയ്‌തു നീങ്ങിയതും അത്യപൂർവ കാഴ്‌ചയായി. പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനു പകരം ഡൽഹി പൊലീസിനെയും കേന്ദ്രസേനകളെയും വിന്യസിച്ച് എംപിമാരുടെ മാർച്ചിനെ അടിച്ചമർത്താനാണ് കേന്ദ്രസർക്കാർ ശ്രമിച്ചത്. പരമാവധി മുപ്പത് എംപിമാരെ മാത്രമേ കാണാൻ സാധിക്കൂവെന്ന ധിക്കാരനിലപാട് സ്വീകരിച്ച് തെരഞ്ഞെടുപ്പ് കമീഷനും സർക്കാരിന്റെ അടിച്ചമർത്തൽ നടപടിക്ക് ഒത്താശ ചെയ്‌തു.
ജനാധിപത്യത്തിൽ നിഷ്‌പക്ഷവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് അത്യന്താപേക്ഷിതമാണ്. അതിന്റെ വിശ്വാസ്യത നിലനിർത്തുന്നതിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനാണ് നിർണായക പങ്ക്. എന്നാൽ, സമീപകാലത്തായി കമീഷന്റെ പ്രവർത്തനരീതി പ്രതിപക്ഷ പാർടികളിലും പൊതുസമൂഹത്തിലും വലിയ സംശയങ്ങൾ സൃഷ്ടിക്കും വിധമാണ്. ഭരണഘടനാ സ്ഥാപനമായ കമീഷൻ കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരം പ്രവർത്തിക്കുന്ന ഏജൻസിയായി തരംതാഴ്‌ന്നുവെന്ന ഗുരുതരമായ ആരോപണമാണ് പ്രതിപക്ഷം ഉയർത്തുന്നത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പല സംസ്ഥാനങ്ങളിലും കമീഷൻ തയ്യാറാക്കിയ വോട്ടർപ്പട്ടികയിലെ ക്രമക്കേടുകൾ ഒന്നൊന്നായി പുറത്തുവരികയാണ്. മാസങ്ങൾക്കകം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ബിഹാറിലെ വോട്ടർപ്പട്ടികയുടെ തീവ്ര പുനഃപരിശോധനാ പ്രക്രിയയിലേക്ക് തിടുക്കത്തിൽ കമീഷൻ കടന്നതും ചോദ്യങ്ങൾ ഉയർത്തുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി പൗരത്വവുമായി ബന്ധിപ്പിച്ചുള്ള പുനഃപരിശോധനയുടെ ആവശ്യമെന്തെന്ന് കമീഷൻ വ്യക്തമാക്കുന്നില്ല. വലിയൊരു വിഭാഗം വോട്ടർമാർ പട്ടികയിൽനിന്ന് പുറത്താക്കപ്പെടുമെന്ന് ഇതിനോടകം ബോധ്യപ്പെട്ടിട്ടും പുനഃപരിശോധനാ നടപടികളുമായി കമീഷൻ വേഗത്തിൽ മുന്നോട്ടുനീങ്ങുകയാണ്.
വർഷകാല സമ്മേളനത്തിന്റെ തുടക്കംമുതൽ പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം ഇൗ വിഷയങ്ങൾ ശക്തമായി ഉന്നയിക്കുകയാണ്. സഭാനടപടികൾ നിർത്തിവച്ചുള്ള അടിയന്തര ചർച്ചയാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഇരുസഭകളും തുടർച്ചയായി സ്‌തംഭിച്ചിട്ടും തെരഞ്ഞെടുപ്പ് കമീഷനുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളിൽ ഒരു ചർച്ചയ്‌ക്കുമില്ലെന്ന പിടിവാശി സർക്കാർ തുടർന്നു. ഇതോടെയാണ് തെരഞ്ഞെടുപ്പ് കമീഷൻ ഓഫീസിലേക്ക് കൂട്ടായി മാർച്ച് ചെയ്യാൻ ‘ഇന്ത്യ കൂട്ടായ്‌മ’യിലെ കക്ഷികൾ തീരുമാനിച്ചത്. എന്നാൽ, പൊലീസിനെയും കേന്ദ്രസേനകളെയും വൻതോതിൽ വിന്യസിച്ച് പ്രതിപക്ഷ മാർച്ചും സർക്കാർ തടഞ്ഞു. എംപിമാരെ വലിച്ചിഴച്ച് കസ്‌റ്റഡിയിലെടുത്തു.
ലോക്‌സഭയിൽ കേവല ഭൂരിപക്ഷമില്ലാതെ അധികാരത്തിലെത്തിയിട്ടും കടുത്ത ഏകാധിപത്യ നിലപാടുകളുമായി തന്നെയാണ് മൂന്നാം മോദി സർക്കാരും മുന്നോട്ടുനീങ്ങുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു പാർലമെന്റ് സ്‌ട്രീറ്റിലെ പൊലീസ് അഴിഞ്ഞാട്ടം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഡൽഹി പൊലീസിനെ നിയന്ത്രിക്കുന്നത്. മുന്നൂറിലേറെ പ്രതിപക്ഷ എംപിമാരെ വഴിയിൽ തടഞ്ഞ് വലിച്ചിഴച്ചത് ആഭ്യന്തര മന്ത്രാലയത്തിൽനിന്നുള്ള നിർദേശപ്രകാരമെന്ന് വ്യക്തം. എന്നാൽ സർക്കാരിന്റെ അടിച്ചമർത്തൽ നിലപാടിനെതിരായി പ്രതിപക്ഷ നിരയിൽ അഭൂതപൂർവമായ ഐക്യമാണ് ഉടലെടുക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം ദുർബലപ്പെട്ട ‘ഇന്ത്യ കൂട്ടായ്‌മ’ പാർലമെന്റിലെ പ്രതിഷേധങ്ങളോടെ കൂടുതൽ സജീവമായി. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കും വിധം കോൺഗ്രസ് സ്വീകരിച്ച വഞ്ചനാപരമായ നിലപാടിൽ പ്രതിഷേധിച്ച് ‘ഇന്ത്യ കൂട്ടായ്‌മ’ ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച ആംആദ്‌മി പാർടിയും തെരഞ്ഞെടുപ്പ് അട്ടിമറി നീക്കങ്ങൾക്കെതിരായ പ്രതിഷേധങ്ങളിൽ സജീവ പങ്കാളികളായി.
പാർലമെന്റിലെ പ്രതിഷേധം വരുംദിവസങ്ങളിലും തുടരാനാണ് പ്രതിപക്ഷ പാർടികളുടെ തീരുമാനം. ഒപ്പം രാജ്യവ്യാപകമായ സമരപരിപാടികളിലേക്കും നീങ്ങും. തെരഞ്ഞെടുപ്പ് കമീഷന്റെ നിഷ്‌പക്ഷത ഉറപ്പുവരുത്താനും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത തിരിച്ചുപിടിക്കാനുമാണ് പ്രതിപക്ഷ പാർടികൾ കൂട്ടായി ശ്രമിക്കുന്നത്. രാജ്യമെങ്ങും വലിയ ബഹുജന പ്രക്ഷോഭം ഇതിനായി ഉയർത്തേണ്ടതുണ്ട്. തീവ്ര പുനഃപരിശോധനയെന്ന പേരിൽ ന്യൂനപക്ഷങ്ങളെയും പിന്നാക്ക ജനവിഭാഗങ്ങളെയും കൂട്ടമായി വോട്ടർപ്പട്ടികയിൽനിന്ന് നീക്കം ചെയ്യാനാണ് കേന്ദ്രസർക്കാർ പിന്തുണയോടെ തെരഞ്ഞെടുപ്പ് കമീഷൻ ഒരുങ്ങുന്നത്. എന്ത് വിലകൊടുത്തും ഇൗ നീക്കം തടയേണ്ടത് ജനാധിപത്യത്തിന്റെ നിലനിൽപ്പിന് അനിവാര്യമാണ്.









0 comments