ഓണം മധുരതരമാക്കാൻ സർക്കാർ

പ്രസന്നമായ ഓണക്കാലം കൺതുറന്നു. ചിങ്ങവെയിലിന്റെ അകമ്പടിയോടെ പ്രകൃതിയും ഒരുങ്ങി. കേരളത്തിൽ മാത്രമല്ല, മലയാളികൾ എവിടെയുണ്ടോ അവിടെയെല്ലാം ഓണമുണ്ട്. നന്മനിറഞ്ഞ കാലത്തിന്റെ ഓർമയാണ് ഓണം. ഒരുമയുടെയും സമത്വത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശം പകരുന്ന ഓണാഘോഷത്തിന് എന്നും പ്രസക്തിയേറെ. ഇൗ ഓണം മധുരതരമാക്കാനുള്ള എല്ലാ നടപടികളും സർക്കാർ ഇതിനകം സ്വീകരിച്ചു.
എവിടെയും സർക്കാരിന്റെ കരുതൽ, കൈത്താങ്ങ്. ഏവർക്കും സമൃദ്ധമായി ഓണം ആഘോഷിക്കാനുള്ള അവസരമൊരുക്കുകയാണ് പിണറായി സർക്കാർ. ഭരണസംവിധാനത്തിന്റെ പ്രഥമകടമ എല്ലാവർക്കും ക്ഷേമം ഉറപ്പാക്കലാണ്. കേരളത്തിന്റെ നന്മയും അതുതന്നെ. മുഴുവൻ കേരളീയർക്കും ക്ഷേമം ഉറപ്പാക്കിയുള്ള വികസനമാണ് എൽഡിഎഫ് സർക്കാർ നടപ്പാക്കുന്നത്. രാജ്യമാകെ വറുതിയിൽ നട്ടംതിരിയുമ്പോൾ സംസ്ഥാനസർക്കാർ വിലക്കയറ്റം പിടിച്ചുനിർത്താൻ പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തി, വിപണിയിൽ ഇടപെട്ടു. നികുതിവിഹിതം വെട്ടിക്കുറച്ചും വായ്‌പാപരിധി ചുരുക്കിയും കേന്ദ്രം സൃഷ്ടിക്കുന്ന പ്രതിസന്ധികൾ അതിജീവിച്ചാണ് ഇവിടെ കരുതലൊരുക്കുന്നത്.
ക്ലേശരഹിതമായി ഓണം ആഘോഷിക്കാൻ സംസ്ഥാനസർക്കാർ ചെലവിടുന്നത് 20,000 കോടിയിലേറെ രൂപയാണ്. 62 ലക്ഷംപേർക്ക് രണ്ടുഗഡു ക്ഷേമ പെൻഷൻ 3200 രൂപ, സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ബോണസ് 4500 രൂപ, ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്ത 3000 രൂപ, സർവീസ് പെൻഷൻകാരുടെ പ്രത്യേക ഉത്സവബത്ത 1250 രൂപ, ആശാ വര്‍ക്കര്‍മാരുടെ ഉത്സവബത്ത 1200ല്‍നിന്ന് 1450 രൂപയാക്കി–തുടങ്ങി ഓണത്തോടനുബന്ധിച്ച് ആശ്വാസമെത്തിയതിന്റെ പട്ടിക നീളുന്നു. അങ്കണവാടി ഹെല്‍പ്പര്‍മാര്‍ക്കും ആയമാര്‍ക്കും 1450 രൂപ, ബഡ്സ് സ്കൂള്‍ അധ്യാപകർ, ജീവനക്കാർ, പാലിയേറ്റീവ് കെയര്‍ നഴ്സുമാര്‍, സ്‌കൂൾ ഉച്ചഭക്ഷണ തൊഴിലാളികള്‍, പ്രേരക്‌മാര്‍, എസ്‌സി– എസ്‌ടി പ്രൊമോട്ടര്‍മാര്‍, ലൈഫ് ഗാര്‍ഡുകള്‍, ഹോം ഗാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും വ്യത്യസ്‌ത നിരക്കുകളിൽ ബത്ത വർധനയുണ്ട്.
1800 സഹകരണ ഓണച്ചന്തകൾക്ക് തുടക്കമിട്ടു. 13 ഇനം നിത്യോപയോഗസാധനം സബ്‌സിഡി നിരക്കിൽ ലഭിക്കും. കുടുംബശ്രീ 10,734 ഏക്കറിൽ പച്ചക്കറി– പൂ കൃഷിയിറക്കി. വ്യാപകമായി കൺസ്യൂമർഫെഡും കുടുംബശ്രീയും വിപണനമേളകൾ, ഓണച്ചന്തകൾ എന്നിവ തുടങ്ങി. 16 ത്രിവേണി സൂപ്പർമാർക്കറ്റിലും 154 സഹകരണസംഘത്തിലുമായി 170 കേന്ദ്രത്തിലാണ് ഓണച്ചന്ത. വൻ വിലക്കുറവിലാണ് ഇവിടെയെല്ലാം അവശ്യസാധനങ്ങൾ ലഭ്യമാക്കുന്നത്. ജില്ലാ താലൂക്ക് കേന്ദ്രങ്ങളിലെ സപ്ലൈകോ ഒൗട്ട്‌ലറ്റുകൾക്കുപുറമെ എല്ലാ നിയോജകമണ്ഡലങ്ങളിലും സഞ്ചരിക്കുന്ന ഓണച്ചന്തകളുമുണ്ട്. വിപണി ഇടപെടലിലൂടെ വെളിച്ചെണ്ണ വില കുറയ്‌ക്കാനായി. ഹാപ്പി അവേഴ്സ് എന്ന പേരിൽ സപ്ലൈകോ പ്രത്യേക വിലക്കുറവും പ്രഖ്യാപിച്ചിരുന്നു.
മഞ്ഞ കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമായി സർക്കാർ 15 സാധനങ്ങളടങ്ങിയ 6,03,291 സൗജന്യ ഭക്ഷ്യക്കിറ്റാണ് നൽകുന്നത്. കേന്ദ്ര– സംസ്ഥാന സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിലെ പെൻഷൻ ലഭിക്കുന്നവരൊഴികെ 60 വയസ്സിനു മുകളിലുള്ള 52,864 പട്ടികവർഗക്കാർക്ക് 1000 രൂപ വീതം നൽകും. ഉച്ചഭക്ഷണ പദ്ധതിയിലുള്ള എല്ലാ വിദ്യാർഥികൾക്കും നാല് കിലോ അരി വീതം വിതരണം ചെയ്യുന്നുണ്ട്. മുൻഗണനാ കാർഡുകാർക്ക് ഓണത്തിന് 8.30 രൂപയ്ക്ക് അരി അനുവദിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. അധികഅരി നൽകാൻ കഴിയില്ല എന്നായിരുന്നു മറുപടി. സ്വകാര്യ കമ്പനികൾക്ക് നൽകുന്ന ഉയർന്ന വിലയ്ക്ക് വാങ്ങാനായിരുന്നു നിർദേശം. ഓണാവശ്യത്തിന് 2.5 ലക്ഷം ടൺ ധാന്യങ്ങൾ സംസ്ഥാന സർക്കാർ സംഭരിച്ചിട്ടുണ്ട്. നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് കേന്ദ്രം 2601 കോടി കുടിശ്ശിക നൽകാനുണ്ട്. എന്നാലിതൊന്നും നോക്കാതെ ധനവകുപ്പ് 98 കോടി രൂപകൂടി അനുവദിച്ച് കർഷകർക്ക് പണം നൽകുകയാണ്.
ജനങ്ങളുടെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും കൃത്യമായി ഇടപെട്ടാണ് പിണറായി സർക്കാർ മുന്നോട്ടുപോകുന്നത്. അടിസ്ഥാനസൗകര്യ വികസനത്തിലും സർക്കാർ വലിയ മുന്നേറ്റമാണ് നടത്തുന്നത്. മാവേലിക്കാലമെന്ന സങ്കൽപ്പം പുനഃസൃഷ്‌ടിക്കാനുള്ള പരിശ്രമത്തിലാണ് സർക്കാർ. ഏതുകാലത്തും കരുതലോടെ സർക്കാർ ഒപ്പമുണ്ട്. ആ വികാരത്തിന് ഉൗർജം പകർന്ന് മലയാളികളും സർക്കാരിനൊപ്പമാണ്. സമാധാനത്തിന്റെയും സ്നേഹത്തിന്റെയും മതനിരപേക്ഷതയുടെയും അനുപമമായ സന്ദേശം പകർന്ന് നമുക്ക് ഓണത്തെ വരവേൽക്കാം.









0 comments