ക്രൂരതയുടെ ചൂളംവിളി

ഇന്ത്യൻ ദേശീയ ശരീരത്തിലെ നാഡീഞരമ്പുകളെന്നാണ് റെയിൽവേയ്‌ക്കുള്ള വിശേഷണം. സാധാരണക്കാർ ആശ്രയിക്കുന്ന ഗതാഗതസംവിധാനം. ചുരുങ്ങിയ ചെലവിൽ സുരക്ഷിതയാത്ര എന്ന വിശ്വാസത്തിലാണ് ഓരോ യാത്രയും. എന്നാൽ, മുൻഗണനകൾ മാറിയതോടെ മനുഷ്യജീവനുകൾ കൈയിൽവച്ചാണ് ട്രെയിനുകൾ ചൂളംവിളിച്ചോടുന്നത്. പരിഗണന ഉയർന്ന ക്ലാസ് യാത്രക്കാരോടു മാത്രമായി.
67,000 കിലോമീറ്റർ നീളത്തിൽ വ്യാപിച്ച ഇന്ത്യൻ റെയിൽവേയിൽ പ്രതിദിനം 2.3 കോടിപേർ യാത്രചെയ്യുന്നു. എന്നിട്ടും റെയിൽവേയുടെ സുരക്ഷാ സംവിധാനമാകെ അവഗണനയുടെ അപര്യാപ്തതകളിൽപ്പെട്ട് വലയുന്നു. ഡൽഹി സ്റ്റേഷനിലെ തിക്കിലും തിരക്കിലും 20 പേർ മരിച്ച ഏറ്റവും പുതിയ സംഭവം തെളിയിക്കുന്നതും അതുതന്നെ. ഏറെ സുരക്ഷവേണ്ട രാജ്യതലസ്ഥാനത്തെ സ്റ്റേഷനിലാണ് ദുരന്തമെന്നത് പ്രശ്‌നത്തെ കൂടുതൽ ഗൗരവമാക്കുന്നു. ഡൽഹി റെയിൽവേ സ്റ്റേഷനിലുണ്ടായത് അപകടമല്ല, അനാസ്ഥയും അലംഭാവവും വരുത്തിയ ദുരന്തമാണെന്ന് ഡൽഹി ഹൈക്കോടതി രൂക്ഷഭാഷയിലാണ് വിമർശിച്ചത്. അധികൃതരുടെ വീഴ്‌ചയാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) തന്നെ നൽകിയ റിപ്പോർട്ടിലും പറയുന്നുണ്ട്. കുംഭമേളയുടെ തിരക്ക് മുൻകൂട്ടിക്കണ്ട് വേണ്ടത്ര സുരക്ഷാസൈനികരെ നിയോഗിച്ചില്ല. സ്റ്റേഷനോ, ട്രെയിനുകൾക്കോ ഉൾക്കൊള്ളാൻ കഴിയുന്നതിലും കൂടുതൽ ടിക്കറ്റ് വിറ്റു. സാധാരണ വൈകിട്ട് ആറു മുതൽ എട്ടുവരെ 6000 ടിക്കറ്റ് വിൽക്കുന്ന സ്ഥാനത്ത് 9600 ലേറെ ടിക്കറ്റാണ് ദുരന്തദിവസം വിറ്റത്. ജീവന്റെ സുരക്ഷനോക്കാതെ കൂടുതൽ ലാഭമുണ്ടാക്കാനായിരുന്നു അവിടെയും ശ്രമം. നിന്നുതിരിയാൻ സ്ഥലമില്ലാത്ത പ്ലാറ്റ്‌ഫോമുകളിൽ ട്രെയിനുകളെത്തുന്നതിനെക്കുറിച്ച് തെറ്റായ അനൗൺസ്‌മെന്റ് കൂടിയായപ്പോൾ മേൽപ്പാലത്തിൽ തിക്കും തിരക്കും കൂടി. അവിടെ ദുരന്തം തുടങ്ങുകയായിരുന്നു. 20 വിലപ്പെട്ട ജീവനുകൾ ചവിട്ടിയരക്കപ്പെട്ടു.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. റെയിൽവേയിൽ അപകടങ്ങൾ തുടർക്കഥയാകുകയാണ്. 2023–- -24 ൽ മാത്രം 40 ട്രെയിൻ അപകടങ്ങളാണ് ഉണ്ടായത്. 313 യാത്രക്കാരും നാല് ജീവനക്കാരും മരിച്ചു. പത്ത് വർഷത്തിനിടെ 638 അപകടങ്ങളിൽ 719 യാത്രക്കാരും 29 ജീവനക്കാരും മരിച്ചതായും വിവരാവകാശരേഖ പറയുന്നു. ഇവിടെയാണ് മുൻഗണനകളിലെ മാറ്റവും സുരക്ഷാ അവഗണനയും ചർച്ചയാകേണ്ടത്. അനുവദിക്കപ്പെട്ട 14 ലക്ഷം തസ്‌തികകളിൽ 2.48 ലക്ഷവും നികത്താതെ കിടക്കുകയാണ്. ആകെ 1,20,000 ലോക്കോ പൈലറ്റുമാർ വേണ്ടതിൽ 20,000വും ഒഴിഞ്ഞുകിടക്കുന്നു. പാളങ്ങളുടെ സുരക്ഷ ഉറപ്പാക്കാനായി 2.5 ലക്ഷം ട്രാക്ക് മെയിന്റിനന്മാർ വേണ്ടതിൽ അരലക്ഷവും നികത്തപ്പെട്ടിട്ടില്ല. പുറംകരാർ കൊടുത്ത് നൈപുണ്യമില്ലാത്ത സാധാരണ തൊഴിലാളികളെവച്ചാണ് പാളങ്ങളുടെ അറ്റകുറ്റപ്പണിയടക്കം ചെയ്യുന്നത്. ആർപിഎഫ് പിരിച്ചുവിട്ട് സ്റ്റേഷനുകളുടെയും യാത്രക്കാരുടെയും സുരക്ഷ സ്വകാര്യ ഏജൻസിക്ക് കൈമാറണമെന്നാണ് റെയിൽവേ പരിഷ്‌കരണം സംബന്ധിച്ച ബിബേക് ദേബ്‌റോയ് കമ്മിറ്റി ശുപാർശ ചെയ്‌തിരിക്കുന്നത്. അതുകൊണ്ടുതന്നെ, ആർപിഎഫ് അംഗബലം കുറച്ചുകൊണ്ടുവരികയാണ്.
സി ആൻഡ് എജി റിപ്പോർട്ടിലെ ചില വസ്‌തുതകളും മുൻഗണന മാറ്റത്തിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. പാളങ്ങളുടെ നവീകരണത്തിന് ബജറ്റിൽ വകകൊള്ളിച്ച 58,459 കോടി രൂപയിൽ, 2020-–- 21 ധനവർഷത്തിൽ 671.92 കോടി മാത്രമാണ് ഉപയോഗിച്ചത്. സുരക്ഷ വർധിപ്പിക്കുന്നതിനായി സ്ഥാപിച്ച രാഷ്ട്രീയ റെയിൽസംരക്ഷ കോഷ് (ആർആർഎസ്‌കെ) നവീകരണത്തിന് പകരം ഫൂട്ട് മസാജർ, ഫർണിച്ചറുകൾ എന്നിവ പോലുള്ള അനാവശ്യകാര്യങ്ങൾക്കാണ് പണം ചെലവഴിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
കൂടാതെ വന്ദേഭാരത് പോലുള്ള ട്രെയിനുകളിൽ മാത്രമാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ലോക്കൽ പാസഞ്ചർ ട്രെയിനുകൾ പതുക്കെ അപ്രത്യക്ഷമാകുന്നു. ജനറൽ, നോൺ എസി കംപാർട്ട്‌മെന്റുകളിൽ സീറ്റുകൾ കുറയുന്നു. 2012 മുതൽ 2022 വരെ ജനറൽ സീറ്റുകൾ 50 ശതമാനത്തിൽനിന്ന് 43 ആയും നോൺ എസി സ്ലീപ്പർ കംപാർട്ട്മെന്റുകളിലെ സീറ്റ് 36 ശതമാനത്തിൽനിന്ന് 33 ആയും കുറച്ചു. അതേസമയം എസി കോച്ചുകളിലെ സീറ്റ് 15 ശതമാനത്തിൽനിന്ന് 24 ആയി വർധിച്ചു. യാത്രാനിരക്കുകൾ വിപണിയുടെ കൈകളിൽ വിടണമെന്ന ബിബേക് ദേബ്‌റോയ് ശുപാർശ പിൻപറ്റി ടിക്കറ്റുകൾ തത്‌കാലും പ്രീമിയം തത്‌ക്കാലുമാക്കി യാത്രക്കാരെ കൊള്ളയടിക്കുകയും ചെയ്യുന്നു. ചുരുക്കത്തിൽ മനുഷ്യന് ഒരു വിലയും കൽപ്പിക്കാതെ ലാഭംമാത്രം ലക്ഷ്യമിടുന്ന കൊള്ളസ്ഥാപനമായി റെയിൽവേയും മാറുകയാണ്.









0 comments