പോരാട്ടങ്ങളുടെ പുതിയ പുലരികൾ

തൊഴിലാളി വർഗത്തിന്റെ വിപ്ലവകരമായ സമരചൈതന്യം ശോണാഭ പകർന്ന അഞ്ചുനാളുകൾ. തൊഴിലാളി വർഗത്തിന്റെയും അതിന്റെ വിപ്ലവ പാർടിയുടെയും സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ നിലപാടുകൾ ജനതയ്ക്കാകെ പുതിയ ആവേശവും ഉത്തേജനവും നൽകിയ ചർച്ചകളും പ്രമേയങ്ങളും രാജ്യവും ലോകവും ശ്രദ്ധിച്ചു. ഇനി വരുന്നത് അഭൂതപൂർവമായ ശക്തിയും വ്യാപ്തിയുമുള്ള ജനമുന്നേറ്റങ്ങളുടെ കാലം. വർഗീയതയ്‌ക്കും നവഉദാര നയങ്ങൾക്കും ഹിന്ദുത്വ - കോർപറേറ്റ് കൂട്ടുകെട്ടിനുമെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച് സിപിഐ എം 24–--ാം പാർടി കോൺഗ്രസ് ഞായറാഴ്ച മധുരയിൽ സമാപിച്ചപ്പോൾ ആ മഹാസമ്മേളനത്തിന്റെ സന്ദേശം രാജ്യമെമ്പാടും മാറ്റൊലി കൊള്ളുകയാണ്. ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ വർഗീയമായി ചേരിതിരിക്കാനും ശത്രുക്കളാക്കാനുമുള്ള ഏതു നീക്കത്തെയും ചെറുത്തു തോൽപ്പിക്കുമെന്ന് പാർടി കോൺഗ്രസ് പ്രഖ്യാപിച്ചു. സിപിഐ എമ്മിനെ ഇന്ത്യൻ ജനതയുടെ ശക്തി സ്രോതസ്സായി, മഹാബലമായി മാറ്റും.
ഇടതുപക്ഷത്തിന്റെ, പ്രത്യേകിച്ച് സിപിഐ എമ്മിന്റെ സ്വതന്ത്ര ശേഷി വർധിപ്പിക്കും. നിർഭയമായ മനസ്സും ഉയർത്തിപ്പിടിച്ച ശിരസ്സുമായി മനുഷ്യർ ഏകോദര സഹോദരങ്ങളായി ജീവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ സ്വർഗഭൂമിയായി പുതിയൊരിന്ത്യ കെട്ടിപ്പടുക്കും. അതിനുള്ള കർമപരിപാടികളും പാർടി കോൺഗ്രസ് തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യയെ, ഇന്ത്യയെന്ന ആശയത്തെ, നമ്മുടെ ബഹുസ്വരതയെ സംരക്ഷിക്കാനുള്ള, ജനങ്ങളുടെ ജീവൽ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പോരാട്ടങ്ങൾക്ക് വിപുലമായ പരിപാടികളാണ് പാർടി കോൺഗ്രസ് ആവിഷ്കരിച്ചിട്ടുള്ളത്. ബിജെപിയുടെ നവഫാസിസ്റ്റ് നയങ്ങൾക്കെതിരെ മതനിരപേക്ഷ, ജനാധിപത്യ കക്ഷികളെ ഒരുമിച്ച് അണിനിരത്താൻ പാർടി മുന്നിൽ നിൽക്കും. കൃഷിക്കാർ, കർഷകത്തൊഴിലാളികൾ, ദരിദ്ര ജനവിഭാഗങ്ങൾ, സ്ത്രീകൾ, ദളിതർ, ആദിവാസികൾ, മതന്യൂനപക്ഷങ്ങൾ എന്നിവരുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കും. ജാതിമത ഭേദമന്യേ എല്ലാ വിഭാഗങ്ങളിലുംപെട്ട ജനങ്ങൾ നേരിടുന്ന ചൂഷണങ്ങളിൽനിന്നും അനീതികളിൽനിന്നും അവരെ മോചിപ്പിക്കാനുള്ള പോരാട്ടങ്ങൾ ശക്തിപ്പെടുത്തും.
ചരിത്രത്തിൽ വേരൂന്നി, വർത്തമാനകാല യാഥാർഥ്യങ്ങൾ ഇഴകീറി പരിശോധിച്ച് ജനാധിപത്യത്തിന്റെ ശരിയായ ഉള്ളടക്കത്തോടെ മുന്നേറിയ പാർടി കോൺഗ്രസ് ഒരു രാഷ്ട്രീയ പ്രസ്ഥാനം എങ്ങനെ പ്രവർത്തിക്കണമെന്നതിന്റെ മഹത്തായ മാതൃകയായി. സമൂഹത്തിന്റെയും വ്യക്തിയുടെയും ജീവിതത്തിന്റെ ഭൗതികവും സാംസ്കാരികവുമായ എല്ലാ വശങ്ങളേയും സ്പർശിക്കുന്നതായിരുന്നു ചർച്ചകൾ. മനുഷ്യ ജീവിതത്തിന്റെ ചക്രവാളങ്ങൾ അനുദിനം വികസിച്ചുകൊണ്ടിരിക്കുകയാണ്. ആധുനിക ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും മുന്നേറ്റം നിർമിതബുദ്ധിയിലും ബഹിരാകാശ യാത്രയിലുമെല്ലാം വിസ്മയങ്ങൾ സൃഷ്ടിക്കുകയാണ്. ഇക്കാര്യത്തിൽ ചൈനയടക്കമുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ മുന്നേറ്റം നമ്മുടെ രാജ്യത്ത് യുവജനങ്ങൾക്കിടയിൽ ചർച്ചയാകണം. സോഷ്യലിസമാണ് ബദൽ എന്ന മുദ്രാവാക്യത്തിന് വലിയ സ്വീകാര്യതയുണ്ടാക്കാൻ കഴിയണം. ഐക്യത്തോടെയും നിശ്ചയദാർഢ്യത്തോടെയും അജൻഡകൾ പൂർത്തിയാക്കി പാർടി കോൺഗ്രസ് സമാപനത്തിലേക്കെത്തിയപ്പോൾ മധുരയിലേക്ക് ഒഴുകിയെത്തിയ ജനങ്ങൾ പാർടിയുടെ മുന്നേറ്റത്തെ അടിവരയിട്ട് വെളിപ്പെടുത്തി.
ബ്രിട്ടീഷ് ഭരണത്തിന്റെയും നാട്ടു മാടമ്പിമാരുടെയും കിരാത വാഴ്ചകൾക്കെതിരെ എണ്ണമറ്റ പോരാട്ടങ്ങൾ നടന്ന തമിഴകത്തിന്റെ സമരച്ചൂട് ഏറ്റുവാങ്ങുന്നതായിരുന്നു സമാപന റാലിയും പൊതുസമ്മേളനവും. പാർടി കോൺഗ്രസ് 85 അംഗ കേന്ദ്ര കമ്മിറ്റിയെയും 18 അംഗ പൊളിറ്റ് ബ്യൂറോയെയും തെരഞ്ഞെടുത്തു. എം എ ബേബിയാണ് പുതിയ ജനറൽ സെക്രട്ടറി. കേന്ദ്ര കമ്മിറ്റിയിൽ കേരളത്തിൽനിന്ന് ടി പി രാമകൃഷ്‌ണൻ, പുത്തലത്ത് ദിനേശൻ, കെ എസ് സലീഖ എന്നിവർ പുതിയ അംഗങ്ങളായി. പ്രകാശ് കാരാട്ട് അവതരിപ്പിച്ച കരട് രാഷ്ടീയ പ്രമേയവും അവലോകന റിപ്പോർട്ടും ബി വി രാഘവ്‌ലു അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടും പാർടി കോൺഗ്രസിലെ സുപ്രധാന അജൻഡകളായിരുന്നു. മൂന്നും അംഗീകരിച്ച പാർടി കോൺഗ്രസ് ഭാവിയിലേക്കുള്ള കൃത്യവും വ്യക്തവുമായ നിലപാടുകൾ കൈക്കൊണ്ടു. തെരഞ്ഞെടുപ്പുകളിൽ ബിജെപി വിരുദ്ധ വോട്ടുകൾ പരമാവധി ഏകോപിപ്പിക്കുന്ന അടവുനയമായിരിക്കും സ്വീകരിക്കുക. ഓരോ സംസ്ഥാനത്തെയും സാഹചര്യം വ്യത്യസ്തമായതിനാൽ അതിനു യോജിച്ച നിലപാട് സ്വീകരിക്കാം. ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി സഖ്യം സാധ്യമാകില്ലെങ്കിലും ആവശ്യമായിടത്ത് സഹകരണമാകാം.
‘ഇന്ത്യ കൂട്ടായ്മ’ അംഗങ്ങളുമായി പാർലമെന്റിൽ സഹകരിക്കും. പുറത്ത് വിഷയാധിഷ്ഠിത സഹകരണം തുടരും. ബിജെപിയെ കരുത്തോടെ എതിർക്കുന്ന പ്രാദേശിക പാർടികളുമായി പാർടി സഹകരിക്കും. സിപിഐ എമ്മിന്റെ സ്വതന്ത്രശേഷി വർധിപ്പിക്കാനുള്ള പരിപാടികൾ ആവിഷ്കരിക്കും - കരട് രാഷ്ട്രീയ പ്രമേയത്തിൽ ഇക്കാര്യങ്ങൾ വിശദമായി പറഞ്ഞിട്ടുണ്ട്. പാർടി കോൺഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറുകൾ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയതായി എടുത്തു പറയേണ്ടതുണ്ട്. ഇതിൽ ഏറ്റവും പ്രധാനമായിരുന്നു ‘ഫെഡറലിസം ഇന്ത്യയുടെ കരുത്ത്' എന്ന സെമിനാർ. മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. എം സി സുധാകറും പങ്കെടുത്ത ഈ സെമിനാർ സംസ്ഥാനങ്ങൾക്കെതിരായ കേന്ദ്രസർക്കാരിന്റെ നീക്കങ്ങൾക്കെതിരെ ദൃഢമായ നിലപാട് പ്രഖ്യാപിക്കുന്നതായി.
ഗാസയിൽ ഇസ്രയേലിന്റെ വംശഹത്യ നേരിടുന്ന പലസ്തീൻ ജനതയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന പ്രമേയം സാർവദേശീയ തലത്തിൽത്തന്നെ സുപ്രധാനമായ ഒന്നാണ്. കമ്യൂണിസ്റ്റുകാരുടെ വിശ്വമാനവികബോധം ആവർത്തിച്ച് വ്യക്തമാക്കുന്നതായി ഈ പ്രമേയം. അങ്ങനെ ഏതർഥത്തിലും ചരിത്ര പ്രധാനമാണ് 24–--ാം പാർടി കോൺഗ്രസ്. അരിവാൾ ചുറ്റിക അടയാളമുള്ള ചെങ്കൊടി, ദേശീയവും സാർവദേശീയവുമായ, നിതാന്ത സുന്ദരമായ ചെങ്കൊടി ആകാശം മുട്ടുമാറ് ഉയർത്തിപ്പിടിക്കുമെന്ന് തന്നെയാണ് 24–--ാം പാർടി കോൺഗ്രസിന്റെ പ്രഖ്യാപനം. ഇന്ത്യൻ തൊഴിലാളി വർഗം രാജ്യത്തിന് വഴികാട്ടിയായി, ദിശാബോധം പകർന്ന് ജനതയെ നയിക്കാൻ മുന്നിലുണ്ടാകും. വർഗീയതയെ വേരോടെ പിഴുതെറിയുന്ന പുതിയ പോരാട്ടങ്ങളുടെ പുതിയ പുലരികൾക്കായി നമുക്ക് കാതോർക്കാം. ആ സമര പഥങ്ങളിൽ ഇന്ത്യൻ ജനത മുന്നേറുമെന്ന് പ്രതീക്ഷിക്കാം.









0 comments