ഇന്ത്യ 189-ന് പുറത്ത്: ദക്ഷിണാഫ്രിക്കയ്ക്കെതിരെ 30 റൺസ് ലീഡ്

കൊൽക്കത്ത: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തിന്റെ രണ്ടാംദിനം ഇന്ത്യ 189-ന് പുറത്തായി. രണ്ടാംദിനം തുടർന്ന കെ എൽ രാഹുലും (39) വാഷിങ്ടൺ സുന്ദറും (29) അർധസെഞ്ചുറി കൂട്ടുകെട്ടുയർത്തി മടങ്ങുകയായിരുന്നു. ഇന്നിങ്‌സിനിടെ രാഹുൽ ടെസ്റ്റിൽ 4,000 റൺസെന്ന നാഴികക്കല്ലും പിന്നിട്ടു. പിന്നാലെ ശുഭ്മാൻ ഗിൽ (4) റിട്ടയേഡ് ഹർട്ടായി മടങ്ങി. കഴുത്തിന് പരിക്കേറ്റതിനെത്തുടർന്ന് വെറും മൂന്ന് പന്തുകൾ മാത്രമാണ് ഗില്ലിന് നേരിടാനായത്. പിറകെ ഋഷഭ് പന്തും (27) ധ്രുവ് ജുറേലും (14) പുറത്തായതോടെ വിക്കറ്റ് നഷ്ടം അഞ്ചായി.
പിന്നീട് രവീന്ദ്ര ജഡേജയും (27) അക്ഷർ പട്ടേലും (16) കുൽദീപ് യാദവും (1) മുഹമ്മദ് സിറാജും (1) പുറത്തായതോടെ ഇന്ത്യയുടെ ഇന്നിങ്സ് അവസാനിച്ചു. ദക്ഷിണാഫ്രിക്കയ്ക്കായി സിമൺ ഹാർമർ നാലും മാർക്കോ ജാൻസൻ മൂന്നും വിക്കറ്റുകളും നേടി. ഓപ്പണർ യശസ്വി ജയ്സ്വാൾ (12) കഴിഞ്ഞദിവസം പുറത്തായിരുന്നു.62.2 ഓവറിൽ 189 റൺസ് നേടിയ ആതിഥേയർ 30 റൺസിന്റെ ലീഡ് നേടി.
39 റൺസ് നേടിയ കെഎൽ രാഹുലാണ് ടോപ് സ്കോറർ.പ്രോട്ടീസ് ബാറ്റർമാരിൽ എയ്ഡൻ മാർക്രം (31) മാത്രമാണ് ചെറിയ തോതിലെങ്കിലും ചെറുത്തുനിന്നത്. റിയാൻ റിക്കൽട്ടൺ (23), വിയാൻ മുൾഡർ (24), ടോണി ഡി സോർസി (24), ട്രിസ്റ്റൻ സ്റ്റബ്സ് (15), വിക്കറ്റ് കീപ്പർ കൈൽ വരെയ്ൻ (16) എന്നിവരും രണ്ടക്കം കടന്നു.
നേരത്തേ ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയ്ക്കു മുന്നിൽ തകർന്നടിഞ്ഞു. സ്പിൻ കൂട്ടവുമായിറങ്ങിയ ഇന്ത്യയ്ക്ക് പക്ഷേ, ജസ്പ്രീത് ബുംറയുടെ അഞ്ചുവിക്കറ്റുകളും മുഹമ്മദ് സിറാജിന്റെയും കുൽദീപ് യാദവിന്റെയും രണ്ടുവീതം വിക്കറ്റുകളുമാണ് തുണയായത്. അക്ഷർ പട്ടേൽ ഒരു വിക്കറ്റും നേടി. ബുംറ 14 ഓവറിൽ 27 റൺസ് വഴങ്ങിയാണ് അഞ്ചുവിക്കറ്റ് നേട്ടം കൈവരിച്ചത്.









0 comments