ബിഹാർ: തെരഞ്ഞെടുപ്പ് കമീഷനെ ദുരുപയോഗിച്ചു; കോൺഗ്രസ് സമീപനം ബിജെപിക്ക് അനുകൂലമായി- എം വി ഗോവിന്ദൻ

എം വി ഗോവിന്ദൻ
തിരുവനന്തപുരം: ബിഹാർ തെരഞ്ഞെടുപ്പ് പരാജയം മതനിരപേക്ഷശക്തികൾ ശരിയായ രീതിയിൽ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകണമെന്ന സൂചനയാണ് നൽകുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷനെ ദുരുപയോഗം ചെയ്തുകൊണ്ടാണ് വർഗീയ പ്രചരണങ്ങളും പണക്കൊഴുപ്പും ബിജെപി തെരഞ്ഞെടുപ്പിലുടനീളം നടത്തിയതെന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
60 ലക്ഷത്തോളം പേരുടെ വോട്ടവകാശമാണ് തെരഞ്ഞെടുപ്പ് കമീഷനെ ഉപയോഗിച്ച് വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്ഐആർ) എന്ന നിലയിൽ നീക്കം ചെയ്തത്. ഒരു കോടിയോളം വരുന്ന ബിഹാറുകാർക്ക് വോട്ട് ചെയ്യാനായില്ല. ഇവിഎം മെഷീൻപോലും ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ല എന്ന വിഷയവും ഉയർന്നുവന്നു. രാഷ്ട്രീയമായ അജണ്ട തെരഞ്ഞെടുപ്പ് കമീഷനിലൂടെ നടത്താനായി എന്നതിന്റെ പരസ്യപ്രഖ്യാപനമാണ് തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ അഭിസംബോധന. പെരുമാറ്റച്ചട്ടം നിലവിൽവന്നശേഷമാണ് 10,000 രൂപ വീതം ഒന്നരകോടിയോളം പേർക്ക് എൻഡിഎ സർക്കാർ എത്തിച്ചത്.
മതനിരപേക്ഷത സംരക്ഷിക്കാൻ വിശാലമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ കോൺഗ്രസ് തയ്യാറായില്ല എന്നതും ബിഹാർ തെരഞ്ഞെടുപ്പിലുണ്ടായ മറ്റൊരു പ്രധാന പ്രശ്നമായി. പ്രധാനകക്ഷിയെന്ന നിലയിൽ കോൺഗ്രസ് ഗൗരവപൂർവമായ സമീപനം സ്വീകരിച്ചിരുന്നുവെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു. ഇടതുപക്ഷം മത്സരിച്ചതുള്‍പ്പെടെ നിരവധി സീറ്റുകളിൽ കോൺഗ്രസ് വിമത സ്ഥാനാർഥികളെ നിർത്തി ബിജെപിക്ക് അനുകൂലമായ വിധിയുണ്ടാക്കി. വിശാലമായ ബിജെപി വിരുദ്ധ ഐക്യം രൂപപ്പെടുത്താൻ കോൺഗ്രസിനായില്ല. കോൺഗ്രസിലെ രണ്ടാംസ്ഥാനക്കാരനെന്ന് പറയുന്ന സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ബിഹാർ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലായിരുന്നു. കോൺഗ്രസ് നേതൃത്വം ഇക്കാര്യം ഗൗരവപൂർവം കാണണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.









0 comments