ആക്രമിച്ചത് സംരക്ഷിക്കേണ്ട കരങ്ങൾ തന്നെ; പാലത്തായി പീഡനക്കേസ്‌ നാൾവഴി

PALATHAYI PATHMARAJAN
വെബ് ഡെസ്ക്

Published on Nov 15, 2025, 03:42 PM | 2 min read

നീതിയെത്തിയത് ശിശുദിനത്തിൽ


തലശേരി: അധ്യാപകൻ പീഡിപ്പിച്ച പത്തുവയസുകാരിക്ക്‌ നീതിയെത്തിയത്‌ അഞ്ചുവർഷത്തിനുശേഷം ശിശുദിനത്തിൽ. പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനത്തിൽതന്നെ അധ്യാപകനെ തലശേരി പ്രത്യേക പോക്‌സോ കോടതി കുറ്റക്കാരനാണെന്ന്‌ വിധിച്ചു. ബലാത്സംഗം, 12 വയസിന്‌ താഴെയുള്ള പെൺകുട്ടിയെ തുടർച്ചയായി പീഡിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ്‌ ബിജെപി നേതാവ്‌ കടവത്തൂരിലെ കുറുങ്ങാട്ട്‌കുനിയിൽ കെ പത്മരാജനെതിരെ തെളിഞ്ഞത്‌. തുടർന്ന് പ്രതിക്ക് മരണം വരെ ജീവപര്യന്തമാണ് തലശേരി പോക്‌സോ പ്രത്യേക കോടതി ശിക്ഷവിധിച്ചത്.


അച്ഛനില്ലാത്ത നാലാംക്ലാസുകാരിയോട്‌ പൊറുക്കാനാകാത്ത ക്രൂരതയാണ്‌ അധ്യാപകനായ ബിജെപി നേതാവ്‌ പത്മരാജൻ ചെയ്‌തത്‌. അവധി ദിവസം എൽഎസ്‌എസ്‌ പരീക്ഷയ്‌ക്ക്‌ പ്രത്യേക ക്ലാസെടുക്കാമെന്ന്‌ പറഞ്ഞ്‌ സ്‌കൂളിലേക്ക്‌ വിളിച്ചുവരുത്തിയും പ്രവൃത്തി ദിവസം ശുചിമുറിയിൽവച്ചുമാണ്‌ പീഡിപ്പിച്ചത്‌. പുറത്തുപറഞ്ഞാൽ മാതാവിനെയടക്കം കൊലപ്പെടുത്തുമെന്നും ഭീഷണിയുണ്ടായി. സംരക്ഷിക്കാനും കുട്ടികളെ നേർവഴിക്ക്‌ നയിക്കാനും ബാധ്യതപ്പെട്ട അധ്യാപകനാണ്‌ വിദ്യാർഥിയെ ഒന്നിലേറെ തവണ പീഡിപ്പിച്ചത്‌.


കുട്ടി പറഞ്ഞ ദിവസങ്ങളിൽ താൻ സ്‌കൂളിലില്ലെന്നുള്ള വാദമാണ്‌ അധ്യാപകൻ തുടക്കം മുതൽ ഉയർത്തിയത്‌. വിചാരണയിൽ പക്ഷേ, ഇതിനുള്ള തെളിവ്‌ ഹാജരാക്കാനായില്ല. രാഷ്‌ട്രീയ നേതാവാണ്‌, നല്ലതുപോലെ വസ്‌ത്രം ധരിക്കുന്ന ബഹുമാന്യനായ വ്യക്തിയാണ്‌, അദ്ദേഹം ഇങ്ങനെയൊന്നും ചെയ്യില്ലെന്ന വാദവും ചിലകോണുകളിൽനിന്നുയർന്നു. ഇരയായ പെൺകുട്ടിയുടെ സ്വകാര്യഭാഗത്തുണ്ടായ മുറിവും ബ്ലീഡിങ്ങും അധ്യാപകന്റെ ഹീനകൃത്യത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നതാണ്‌.


പാലത്തായി പീഡനക്കേസ്‌ നാൾവഴി


  • 2020 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ബിജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റായ അധ്യാപകൻ കടവത്തൂർ മുണ്ടത്തോട്ടെ കുറുങ്ങാട്ട്‌കുനിയിൽ കെ പത്മരാജൻ നാലാംക്ലാസ്‌ വിദ്യാർഥിനിയെ പീഡിപ്പിച്ചു.

  • 2020 മാർച്ച് 16ന് തലശേരി ഡിവൈഎസ്പി കെ വി വേണുഗോപാലിന് മാതാവ്‌ പരാതി നൽകുന്നു.

  • മാർച്ച്‌ 17ന്‌ പാനൂർ പൊലീസ്‌ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത്‌ എസ്‌എച്ച്‌ഒ ശ്രീജിത്തിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

  • പ്രതിയെ പൊയിലൂർ വിളക്കോട്ടൂരിലെ ഒളിയിടത്തിൽനിന്ന്‌ ഏപ്രിൽ 15ന്‌ പകൽ മൂന്നിന്‌ ഇൻസ്‌പെക്ടർ ഫായിസ്‌ അറസ്‌റ്റ്‌ ചെയ്‌തു.

  • പെൺകുട്ടിയുടെ മാതാവിന്റെ ആവശ്യപ്രകാരം 2020 ഏപ്രിൽ 24ന്‌ സംസ്ഥാന പൊലീസ് മേധാവി അന്വേഷണം ക്രൈംബ്രാഞ്ചിന്‌ കൈമാറി.

  • ക്രൈംബ്രാഞ്ച്‌ എസ്‌പി കെ വി സന്തോഷ്‌കുമാർ, ഡിവൈഎസ്‌പി കെ കെ രാധാകൃഷ്‌ണൻ, കാസർകോട്‌ സിഐ മധുസൂദനൻനായർ, എസ്ഐ ഫിറോസ് എന്നിവരുൾപ്പെട്ട പ്രത്യേക സംഘം അന്വേഷണം തുടങ്ങി.

  • ജുവനൈൽ ജസ്‌റ്റിസ്‌ ആക്ട്‌ ചുമത്തി ജൂലൈ 14ന്‌ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചു

  • പ്രതിക്ക്‌ കോടതി ജാമ്യം അനുവദിച്ചു.

  • പബ്ലിക്‌ പ്രോസിക്യുട്ടർ ബി പി ശശീന്ദ്രന്റെ അപേക്ഷ പരിഗണിച്ച്‌ 2020 ജൂലൈ 22ന്‌ തലശേരി അഡീഷണൽ ജില്ലാസെഷൻസ്‌ (രണ്ട്‌) കോടതി തുടരന്വേഷണത്തിന്‌ ഉത്തരവിട്ടു.

  • ഐജി എസ്‌ ശ്രീജിത്ത്‌, മലപ്പുറം ക്രൈംബ്രാഞ്ച്‌ എസ്‌പി കെ വി സന്തോഷ്‌കുമാർ, നാർകോട്ടിക്‌സെൽ എഎസ്‌പി രേഷ്‌മ രമേഷ്‌ ഉൾപ്പെട്ട സംഘം അന്വേഷിക്കുന്നു.

  • ഐജി എസ് ശ്രീജിത്തിന്റെ ഫോൺ സംഭാഷണം വിവാദമായതോടെ പുതിയ സംഘത്തെ നിയോഗിക്കുന്നു.

  • ഹൈക്കോടതി ഉത്തരവ്‌ പ്രകാരം നവംബർ 11ന്‌ കോസ്റ്റൽ എഡിജിപി ഇ ജെ ജയരാജൻ, ഡിവൈഎസ്‌പി രത്നകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വഷണം ഏറ്റെടുത്തു.

  • 2021 മെയ്‌ അവസാനം പോക്‌സോ വകുപ്പുകൾ ചുമത്തി കുറ്റപത്രം സമർപ്പിച്ചു.

  • തലശേരി പോക്‌സോ സ്‌പെഷ്യൽ കോടതിയിൽ 2024 ഫെബ്രുവരി 23ന്‌ വിചാരണ ആരംഭിച്ചു.

  • 2025 ആഗസത്‌ 13വരെ വിചാരണ.

  • നവംബർ 14ന്‌ പ്രതി കുറ്റക്കാരനാണെന്ന്‌ കണ്ടെത്തി.

  • നവംബർ 15ന് ശിക്ഷാവിധി (മരണം വരെ ജീവപര്യന്തം).

അഞ്ച്‌ അന്വേഷണ സംഘം


കേരളം ഏറെ ചർച്ചചെയ്‌ത പാലത്തായി പീഡനകേസിൽ നാല്‌ പൊലീസ്‌ സംഘമാണ്‌ അന്വേഷിച്ചത്‌. ആദ്യം ലോക്കൽ പൊലീസും പിന്നീട്‌ ക്രൈംബ്രാഞ്ചിന്റെ രണ്ട്‌ സംഘങ്ങളും ഒടുവിൽ പ്രത്യേക സംഘവും കേസ്‌ അന്വേഷിച്ചാണ്‌ കുറ്റം തെളിയിച്ചത്‌. സർക്കാരും ആക്ഷൻകമ്മിറ്റിയും നീതിപീഠവും സത്യംതെളിയിക്കാൻ ഇരയായ പെൺകുട്ടിക്കൊപ്പംനിന്നു. ശാസ്‌ത്രീയതെളിവുകളിലൂടെയാണ്‌ കുറ്റം തെളിഞ്ഞത്‌.


3 ന്യായാധിപർ വാദം കേട്ട കേസ്‌


2024 ഫെബ്രുവരി 23നാണ്‌ കേസിന്റെ വിചാരണ ആരംഭിച്ചത്‌. 2025 ആഗസ്‌ത്‌ 13വരെ തുടർച്ചയായ വിചാരണയുണ്ടായി. മൂന്നു ജഡ്‌ജിമാർ വാദംകേട്ടു. പീഡനത്തിനിരയായ കുട്ടിയുടെ മൊഴി അഞ്ചുദിവസമാണ്‌ കോടതി രേഖപ്പെടുത്തിയത്‌. 40 സാക്ഷികളെ പ്രോസിക്യൂഷനും മൂന്നു സാക്ഷികളെ പ്രതിഭാഗവും വിസ്‌തരിച്ചു. 77 രേഖകളും 14 തൊണ്ടിമുതലുകളും ഹാജരാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home