ദേശീയപാത : വീഴ്ച പരിഹരിച്ച് മുന്നേറണം

നിർമാണം നടന്നുകൊണ്ടിരിക്കുന്ന ദേശീയപാത 66ന്റെ മലപ്പുറം കൂരിയാട് ഭാഗം ഇടിഞ്ഞത് നിർമാണക്കമ്പനിയുടെ ഗുരുതര വീഴ്ചമൂലമെന്ന് ദേശീയപാത അതോറിറ്റി നിയോഗിച്ച ഐഐടി വിദഗ്ധ സമിതി കണ്ടെത്തിയിരിക്കുന്നു. മണ്ണിന്റെ സവിശേഷ ഘടന അനുസരിച്ച് പാതയുടെ നിർമാണം രൂപകൽപ്പന ചെയ്യാത്തതാണ് തകർച്ചയ്ക്ക് കാരണമെന്നാണ് റിപ്പോർട്ട്. ഭൂമിയുടെ പ്രത്യേകതകൾ പരിഗണിച്ച് മണ്ണ് പരിശോധനയടക്കം നടത്തേണ്ടതായിരുന്നെങ്കിലും അതുണ്ടായില്ല, ഒപ്പം വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കുന്നതിലും പാളിച്ചയുണ്ടായി. ഡിസൈനിലും തകരാർ സംഭവിച്ചിട്ടുണ്ട്. പാർശ്വഭിത്തിയുടെ ഭാരം താങ്ങാനാകാതെ അടിത്തറ മണ്ണ് ഇളകിയാണ് കൂരിയാട്ട് മെയ് 19ന് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് അപകടമുണ്ടായതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
തകർന്ന ഭാഗം അവശിഷ്‌ടങ്ങൾ നീക്കി സ്വന്തം ചെലവിൽ കരാർ കമ്പനി പുനർനിർമിക്കണമെന്ന് ദേശീയപാത അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. കരാർ കമ്പനിയായ കെഎൻആർ കൺസ്ട്രക്‌ഷന് വിലക്ക് ഏർപ്പെടുത്താതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. രൂപകൽപ്പനയും സുരക്ഷയുമായി ബന്ധപ്പെട്ട കൺസൾട്ടന്റ് കമ്പനികൾക്കും കാരണം കാണിക്കൽ നോട്ടീസ് നൽകി. പിഴവ് സംഭവിച്ചതായി ദേശീയപാത അതോറിറ്റി പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്ക് മുമ്പാകെയും സമ്മതിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ അതോറിറ്റി ഉദ്യോഗസ്ഥരായ സൈറ്റ് എൻജിനിയറെ പിരിച്ചുവിടുകയും പ്രോജക്ട് ഡയറക്ടറെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.
പാത നിർമാണത്തിന്റെ ടെൻഡറിലടക്കം ഗുരുതര ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടാകാമെന്ന ഗൗരവമേറിയ സാഹചര്യത്തിലേക്കാണ് ഇതെല്ലാം വിരൽ ചൂണ്ടുന്നത്. നിർമാണത്തിലെ ക്രമക്കേടും പിഴവും കണ്ടെത്തുന്നതിന് ഹൈ പെർഫോമൻസ് ഓഡിറ്റ് നടത്താൻ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) നിർദേശിച്ചിട്ടുണ്ട്. പാതനിർമാണം പരിശോധിക്കാൻ മൂന്ന് വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്തി. ദേശീയപാത അതോറിറ്റി ചെയർമാനും കേരളത്തിലെത്തുന്നുണ്ട്.
കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ നാഴികക്കല്ലാകുന്ന ദേശീയപാത 66ന്റെ അന്തിമഘട്ട പണികൾ അതിവേഗം പുരോഗമിക്കെയാണ് ഏവരെയും ആശങ്കയിലാഴ്‌ത്തി മലപ്പുറം കൂരിയാട് ഭാഗത്ത് റോഡ് ഇടിഞ്ഞത്. 36 കിലോമീറ്റർ വരുന്ന രാമനാട്ടുകര–- വളാഞ്ചേരി റീച്ചിന്റെ നിർമാണം പൂർത്തിയാകാൻ 11 ദിവസം ബാക്കി നിൽക്കെയുണ്ടായ അപകടത്തെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാൻ പ്രതിപക്ഷവും ചില മാധ്യമങ്ങളും ശ്രമിച്ചു. പദ്ധതിയുടെ പിതൃത്വംചൊല്ലി അവകാശവാദം ഉയർത്താനുള്ള പ്രതിപക്ഷനേതാവിന്റെ ശ്രമം തികച്ചും അപഹാസ്യമായി. പരോക്ഷമായി സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുന്ന മുഖപ്രസംഗം എഴുതാൻവരെ ചില മാധ്യമങ്ങൾ മുതിർന്നു.
കന്യാകുമാരി–- പൻവേൽ ദേശീയപാത 66ന്റെ കേരളത്തിലൂടെ കടന്നുപോകുന്ന 643.295 കിലോമീറ്റർ ആറ് വരിയാക്കി നിർമിക്കുന്നത് 2016ലും 2021ലും അധികാരമേറ്റ എൽഡിഎഫ് സർക്കാരുകളുടെ ഇച്ഛാശക്തി ഒന്നുമാത്രമാണെന്ന് ഈ മാധ്യമങ്ങളും പ്രതിപക്ഷവും മറന്നാലും ജ
നങ്ങൾ മറക്കില്ല. അതിന് അടിത്തറ പാകിയതാകട്ടെ 2006ലെ എൽഡിഎഫ് സർക്കാരും. 2004–- -06 കാലത്ത് ഉമ്മൻചാണ്ടി സർക്കാർ 30 മീറ്ററാക്കി പരിമിതപ്പെടുത്തിയ ദേശീയപാത 45 മീറ്ററായി നിജപ്പെടുത്തി സ്ഥലം ഏറ്റെടുക്കാനുള്ള പാക്കേജ് അംഗീകരിച്ചത് തുടർന്നുവന്ന വി എസ് സർക്കാരാണ്. യുഡിഎഫ് ഭരണകാലത്ത് ദേശീയപാത അതോറിറ്റി കേരളത്തിലെ ഓഫീസുപോലും പൂട്ടിപ്പോയിരുന്നു. അന്ന് ഉപേക്ഷിച്ച പദ്ധതി പൊടിതട്ടിയെടുത്ത് 45 മീറ്ററിൽ ആറുവരി പാതയായി പണി പൂർത്തിയാക്കാനുള്ള ക്രിയാത്മക ശ്രമം തുടങ്ങിയത് ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ്. രാജ്യത്ത് ആദ്യമായി ദേശീയപാതയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതിന്റെ ചെലവിൽ 25 ശതമാനം കേരളം വഹിച്ചു. 5580.70 കോടി രൂപ ഇതിനായി സംസ്ഥാന സർക്കാർ ദേശീയപാത അതോറിറ്റിക്ക് കൈമാറി. നിർമാണം തുടങ്ങിയതുമുതൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ, കൃത്യമായ ഇടവേളകളിൽ നിർമാണ പുരോഗതി സംബന്ധിച്ച് ദേശീയപാത അതോറിറ്റിയുമായി ചർച്ച നടത്തി. കാസർകോട് തലപ്പാടിമുതൽ തിരുവനന്തപുരം മുക്കോലവരെ 19 റീച്ചായി തിരിച്ചിരിക്കുന്ന പാത നിർമാണത്തിൽ ഏഴ് റീച്ച് മുന്നേ പൂർത്തിയായി. നാലു റീച്ചുകൂടി പൂർത്തിയാകാനിരിക്കെയാണ് അപകടം.
സംസ്ഥാന സർക്കാരിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇടപെടലും സമ്മർദവും സംഭവത്തിൽ അടിയന്തര നടപടിക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തെയും ദേശീയപാത അതോറിറ്റിയെയും നിർബന്ധിതമാക്കി. വീഴ്ചകൾ പരിഹരിക്കാനുള്ള നടപടിയും പ്രഖ്യാപിച്ചു. ഈ വർഷം ഒടുവിലോടെ പൂർത്തിയാക്കാൻ ഉദ്ദേശിച്ച പദ്ധതി കാലതാമസം കൂടാതെ പൂർത്തീകരിക്കാനുള്ള ഇടപെടലും സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് സ്വീകരിച്ചു വരുന്നു. ആകെ നിർമാണത്തിന്റെ 80 ശതമാനത്തിലേറെ പൂർത്തിയായ ദേശീയപാത 66ന് മേൽ പതിച്ച ആശങ്കയുടെ നിഴൽ ഇതോടെ അകന്നിരിക്കുന്നു. തിരുവനന്തപുരംമുതൽ കൊച്ചിവരെ മൂന്നു മണിക്കൂറിലും കാസർകോടുവരെ ഒമ്പത് മണിക്കൂറിലും എത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ദേശീയപാത 66 കേരളത്തിന് രണ്ടാം പിണറായി സർക്കാരിന്റെ സമ്മാനമായിരിക്കും.









0 comments