പാതയിൽ കുടുക്കുന്ന ദേശീയപാത അതോറിറ്റി

വില്യം ഷേക്സ്പിയറുടെ നാടകത്തിലെ കഥാപാത്രമായ ഷൈലോക്കിനെപ്പോലും നാണിപ്പിക്കുന്ന വിധമാണ് ദേശീയപാത അതോറിറ്റി അധികൃതരുടെയും നിര്‍മാണക്കരാറുകാരുടെയും നിലപാടുകൾ. ദേശീയപാതകള്‍ ഗതാഗതയോഗ്യമല്ലെങ്കിലും ടോള്‍ പിരിവ് നിര്‍ബാധം തുടരണമെന്നാണ് അവരുടെ വാദം. പിരിവുനിര്‍ത്താന്‍ കോടതി പറഞ്ഞിട്ടും നിയമങ്ങൾക്കും കോടതികൾക്കും അതീതരാണ് തങ്ങൾ എന്ന ധാര്‍ഷ്ട്യത്തോടെയുള്ള പെരുമാറ്റമാണ് കുറെ ദിവസങ്ങളായി നാട് കാണുന്നത്.
പിരിവില്ലെങ്കില്‍ റോഡ് നന്നാക്കുകയുമില്ലത്രെ. പിരിച്ചതിന്റെ കണക്കുപോലും പുറത്തുവിടാന്‍ തയ്യാറാകാതിരുന്നപ്പോള്‍ വിവരാവകാശരേഖ പ്രകാരമാണ് ഇരട്ടിയിലേറെ പിരിച്ചതിന്റെ കണക്കുകള്‍ ലഭ്യമായത്. മനുഷ്യജീവന് ഇവർ ഒരു വിലയും കൽപ്പിക്കുന്നില്ല. ഏതു വിധത്തിലും ജനങ്ങളെ പിഴിയുകയെന്ന ഒറ്റലക്ഷ്യംമാത്രം. ഇൗ ലക്ഷ്യത്തോടെയാണ്, ടോൾ പിരിവ് നിർത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെ ഇരുകൂട്ടരും സുപ്രീംകോടതിയെ സമീപിച്ചത്. ടോൾ പിരിക്കരുതെന്ന് സുപ്രീംകോടതിയും ആവശ്യപ്പെട്ടതിനെത്തുടർന്ന് ഇടപ്പള്ളി മണ്ണുത്തി റീച്ചിൽ പാലിയേക്കരയിൽ പിരിവ് തൽക്കാലം നിർത്തിയിട്ടുണ്ട്. എന്നാൽ, വാഹനങ്ങൾ തടസ്സമില്ലാതെ കടന്നുപോകാൻ ഇനിയും കാര്യമായ സംവിധാനമായിട്ടില്ല.
സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനത്തിൽ ഏറെ അഭിമാനിക്കാവുന്ന വികസന പദ്ധതികളില്‍ ഒന്നാണ് അരൂര്‍മുതൽ മണ്ണുത്തി വഴി വാളയാർവരെയുള്ള ദേശീയപാത വികസനം. സംസ്ഥാനത്തെ തെക്ക്, വടക്ക് മേഖലകളെ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള പ്രധാന പാത കൂടിയാണ് ഇത്. ഇന്ന് ഈ പാതയെ ജനങ്ങൾ ഏറെ ഭയത്തോടെയാണ് കാണുന്നത്. മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കും ഏതു നിമിഷവും ജീവന്‍ അപകടത്തിലാകുന്നതിന് ഇടയാക്കുന്ന കുഴികളും നിറഞ്ഞ് വാളയാര്‍– ഇടപ്പള്ളി പാതയിലെ യാത്ര പേടിസ്വപ്നമായി മാറിയിരിക്കുന്നു. ദിവസേന ആയിരക്കണക്കിന് യാത്രക്കാർ അനുഭവിക്കേണ്ടി വരുന്ന സമാനതകളില്ലാത്ത ദുരിതത്തിന് ദേശീയപാത അധികൃതരുടെയും കരാറുകാരുടെയും അനാസ്ഥയും ഉത്തരവാദിത്വമില്ലായ്‌മയുമാണ് കാരണം. അടിപ്പാത നിർമിക്കാൻ ദേശീയപാത അടച്ചുകെട്ടുമ്പോൾ ഗതാഗതക്കുരിക്കില്ലാതെ വാഹനങ്ങൾക്ക് കടന്നുപോകാൻ സർവീസ് റോഡുകൾ സുഗമമാക്കണമായിരുന്നു. അതുണ്ടായില്ല.
ദുരിതം നിസ്സഹായതയോടെ അനുഭവിച്ച് കടന്നുപോയ എത്രയോപേരുടെ ജീവനുകൾ ഇതിനകം നഷ്ടമായി. പ്രശ്നത്തിന് പരിഹാരം കാണേണ്ട കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ദേശീയപാത അധികൃതർ ഒന്നും കണ്ടില്ലെന്ന് നടിച്ചു. നിര്‍മാണ ചെലവിന്റെ രണ്ടും മൂന്നും ഇരട്ടിയോളം തുക ടോളായി ജനങ്ങളില്‍നിന്ന് ഈടാക്കിയിട്ടും മതിയാകാതെ വീണ്ടും ഊറ്റുന്നു. പാലിയേക്കരയില്‍ ടോള്‍ പിരിവ് തുടങ്ങിയിട്ട് വര്‍ഷം 11 കഴിഞ്ഞു. ഇതിനകം പിരിച്ചെടുത്തത് 1600 കോടിയിലേറെ രൂപ. ഇടപ്പള്ളി– മണ്ണുത്തി പാതയുടെ നിര്‍മാണത്തിന് ചെലവായത് 700 കോടി രൂപ. ഇനിയും പിരിച്ചത് പോരായെന്നാണ് വാദം. എന്നിട്ടും എവിടെയും നിര്‍മാണം നേരാംവണ്ണം പൂര്‍ത്തിയാക്കിയിട്ടുമില്ല. മാസം ശരാശരി 14 കോടിയാണ് വരുമാനം. പാലിയേക്കര കൂടാതെ കുതിരാന്‍ കഴിഞ്ഞ് പന്നിയങ്കരയിലും ടോള്‍ പിരിക്കുന്നു. ഈ മേഖലയിലും മൂന്നിടത്ത് അടിപ്പാത നിര്‍മാണത്തിന് റോഡ് പൊളിച്ചിട്ടുണ്ട്. വടക്കഞ്ചേരി മേഖലയില്‍ റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തശേഷം രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ അതേ പാത പൊളിക്കുന്നതും പതിവ് കാഴ്ച.
നിലവില്‍ അങ്കമാലിമുതല്‍ വാളയാര്‍വരെ ഏഴിടത്താണ് അടിപ്പാത നിര്‍മാണത്തിന് റോഡ് പൊളിച്ചത്. സര്‍വീസ് റോഡുകളിലാകട്ടെ നിറയെ കുഴികളും. മഴകൂടി പെയ്താല്‍ യാത്ര മുടങ്ങിയതുതന്നെ. ഗതാഗതക്കുരുക്ക് 12 മുതല്‍ 17 മണിക്കൂര്‍വരെ നീളുന്നതും എല്ലാ മാധ്യമങ്ങളും അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തതാണ്. ഇതേ പാതയില്‍ 13 അടിപ്പാതകൂടി ഇനിയും നിര്‍മിക്കുമെന്ന വാര്‍ത്തയും വന്നു കഴിഞ്ഞു. അതായത് അടുത്ത കാലത്തൊന്നും പ്രശ്നപരിഹാരമുണ്ടാകില്ലെന്ന് ഉറപ്പിക്കാം. ദേശീയപാത അതോറിറ്റിയുടെ ദീര്‍ഘവീക്ഷണമില്ലാത്ത നിര്‍മാണപ്രവൃത്തികളുടെ പരിണതഫലമാണ് നാട് അനുഭവിക്കുന്നത്. എവിടെയെല്ലാം അപകടത്തിന് സാധ്യതയുണ്ടെന്ന പഠനംപോലും നടത്താതെയാണ് നിര്‍മാണം എന്നു വേണം മനസ്സിലാക്കാന്‍. നിരവധി മേഖലയില്‍ ഇപ്പോള്‍ ബ്ലാക്ക് സ്പോട്ട് (അപകട സാധ്യത ഏറെയുള്ള പ്രദേശം) കണ്ടെത്തിയത്രെ. ഇനി ആ മേഖലയിലും പൊളിക്കേണ്ടി വരും.
തീരെ നിവൃത്തികെട്ടാണ് ജനം കോടതിയെ സമീപിച്ചത്. സര്‍വീസ് റോഡുകള്‍ ഗതാഗതയോഗ്യമാക്കാന്‍ ഹൈക്കോടതി നാലാഴ്ച സമയം അനുവദിച്ചിട്ടും അതോറിറ്റിയും കമ്പനിയും അത് ചെയ്യാതെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. അവിടെയും ഉത്തരവ് പ്രതികൂലമായി. പക്ഷേ, ഇനിയും ഫലപ്രദമായ നടപടിയുണ്ടാകുന്നില്ല. പണ്ട് ഈ പാതയില്‍ കുതിരാനായിരുന്നു വാഹനയാത്രക്കാരുടെ പേടിസ്വപ്നം.
മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്ക് രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പതിവായിരുന്നു. എൽഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ് കുതിരാന്‍ മേഖലയില്‍ തുരങ്കനിര്‍മാണത്തിന് കൂടുതല്‍ സ്ഥലം അനുവദിച്ചതും നിര്‍മാണം പെട്ടെന്ന് തീര്‍ക്കാന്‍ അധികൃതരില്‍ സമ്മര്‍ദം ചെലുത്തിയതും. കുതിരാൻ പ്രതിസന്ധി ഒഴിഞ്ഞപ്പോഴാണ് ദേശീയപാത അതോറിറ്റിതന്നെ അടിപ്പാത നിർമാണത്തിന്റെ പേരിൽ യാത്ര ദുരിതമാക്കിയത്.
അശാസ്ത്രീയ നിര്‍മാണത്തിനും അധിക ടോള്‍ പിരിവിനുമെതിരെ പാലിയേക്കരയിലും പന്നിയങ്കരയിലും എല്‍ഡിഎഫും ഡിവൈഎഫ്ഐയുമടക്കം നിരവധി തവണ സമരം നടത്തിയിട്ടുണ്ട്. എന്നിട്ടും ടോള്‍ നിരക്ക് ഇനിയും കൂട്ടണമെന്നാണ് കരാര്‍ കമ്പനിക്കാരുടെ വാദം. പന്നിയങ്കരയില്‍ ടോള്‍ പിരിവ് ഇപ്പോഴും തുടരുന്നു. ദേശീയപാത അതോറിറ്റിയുടെയും കരാര്‍ കമ്പനിക്കാരുടെയും നിലപാടിനെതിരെ ശക്തമായ ജനകീയ പ്രതിരോധംതന്നെ പോംവഴി.









0 comments